നൂരി പക്ദിൽ, മൂന്ന് ഹറമുകളെയും പ്രണയിച്ച കവി

ജനിച്ചതും വളര്‍ന്നതുമെല്ലാം തുര്‍ക്കിയിലായിരുന്നുവെങ്കിലും ഫലസ്തീന് വേണ്ടി ധാരാളമെഴുതിയ കവിയായിരുന്നു നൂരി പക്ദില്‍. ജറൂസലേമിന്റെ കവി എന്ന് ആദരവുകളോടെ അദ്ദേഹം വിളിക്കപ്പെട്ടതും അത് കൊണ്ട് തന്നെ. അദ്ദേഹത്തെ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1934-ൽ തുർക്കിയിലെ മെഡിറ്ററേനിയൻ മേഖലയിലെ കഹ്‌റമൻമാരാഷ് എന്ന നഗരത്തിലാണ് നൂരി പക്ദിൽ ജനിച്ചത്. ചെറുപ്രായത്തിൽ നൂരിയെ സ്‌കൂളിൽ അയക്കുന്നതിനോട് പിതാവ് എമിൻ അഫന്ദിക്ക് യോജിപ്പില്ലായിരുന്നു. പക്ഷെ, വിദ്യാഭ്യാസത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്ന നൂരി, പാഠങ്ങള്‍ സ്വയം പഠിച്ചെടുത്ത് നേരിട്ട് പരീക്ഷ എഴുതി വിജയിച്ചു.  ശേഷം, അമ്മാവന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് സെക്കൻഡറി സ്കൂളിലും അത് കഴിഞ്ഞ് ഇസ്താംബുൾ സർവകലാശാലയിലെ ലോ സ്കൂളിൽ ചേര്‍ന്ന് പഠിക്കുകയും ചെയ്തു. നിയമത്തില്‍ ബിരുദം നേടിയ ഒരു വർഷത്തെ ഇന്റേൺഷിപ്പിന് ശേഷം അഭിഭാഷകന്റെ യോഗ്യത നേടി. 1973 വരെ സ്റ്റേറ്റ് പ്ലാനിംഗ് ഓർഗനൈസേഷനിൽ പ്രവർത്തിക്കുകയും ശേഷം വ്യവസായ മന്ത്രാലയത്തിൽ ജോലി ചെയ്യുകയും ചെയ്തു. 

ഒരു എഴുത്തുകാരനും കവിയും ആകണമെന്നായിരുന്നു ചെറുപ്പം മുതലേ നൂരിയുടെ ആഗ്രഹം. അത് കൊണ്ട് തന്നെ, പുസ്തക വായനയും എഴുത്തും അദ്ദേഹം എപ്പോഴും കൂടെ കൊണ്ട് നടന്നു. പഴയ ഓട്ടോമൻ ലിപിയിൽ എഴുതിയ പുസ്തകങ്ങൾ വായിക്കാനായിരുന്നു അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്. ഹൈസ്കൂൾ കാലഘട്ടത്തിൽ തന്നെ അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും പ്രാദേശിക പത്രത്തിൽ പ്രസിദ്ധീകരിച്ചു വന്നു. അധികം താമസിയാതെ അദ്ദേഹം ഇസ്താംബൂളിലെ ഒരു മാസികയുടെ കലാ പംക്തിയുടെ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. സ്വന്തമായി ഒരു കവിതാ മാസിക പ്രസിദ്ധീകരിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. 1954-ൽ അദ്ദേഹവും സഹപാഠികളും ചേർന്ന് 'ഹാംലെ' (ചലനം) എന്ന പേരിൽ സ്വന്തമായി ഒരു മാസിക തുടങ്ങി. തുർക്കി കവിയായ നെസിപ് ഫാസിൽ ആയിരുന്നു അദ്ദേഹത്തിന്റെ മാതൃകാപുരുഷന്‍.

1969-ൽ അദ്ദേഹം 'എഡെബിയാത്ത് ഡെർഗിസി' (ജേണൽ ഓഫ് ലിറ്ററേച്ചർ) പ്രസിദ്ധീകരിക്കാൻ തുടങ്ങി. അതോടൊപ്പം, സ്വന്തമായി എഴുതിയ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും നടക്കുന്നുണ്ടായിരുന്നു. പാശ്ചാത്യ ലോകത്തെയും ഇസ്‍ലാമിക ലോകത്തെയും താരതമ്യം ചെയ്യുന്ന 'പാശ്ചാത്യ കുറിപ്പുകൾ' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ പുസ്തകം. 18 പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടത്. 

നൂരി പക്ദിലും സുഹൃത്തുക്കളും സെവൻ ബ്യൂട്ടിഫുൾ മെന്‍ എന്ന പേരിൽ പ്രശസ്തരായി. അവരുടെ കഥയെ അടിസ്ഥാനമാക്കി തുർക്കിഷ് ടെലിവിഷന്‍ ഒരു നാടകം നിർമ്മിച്ചു. യെഡി ഗുസെൽ ആദം (ഏഴു നല്ല മനുഷ്യർ) എന്നായിരുന്നു നാടകത്തിന്റെ പേര് തന്നെ. 

Read More: മഹ്മൂദ് ദർവീശ്: ഫലസ്തീൻ പ്രതിരോധത്തിന്റെ വന്‍മതില്‍ തീര്‍ത്ത കവി

ജറുസലേമിന്റെ കവി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജറൂസലം നഗരത്തോടും അതിന്റെ ചരിത്രത്തോടുമുള്ള അടങ്ങാത്ത സ്നേഹവും അത് പ്രകടമാവുന്ന കവിതകളുമായിരുന്നു ഇതിന് കാരണം. ഒരിക്കൽ അദ്ദേഹം എഴുതി: 
“എന്റെ ഹൃദയത്തിന്റെ പകുതി മക്കയും ബാക്കി മദീനയുമാണ്. അതിന്മേൽ ഒരു പച്ചപ്പായി ജെറുസലേമും വളര്‍ന്നുനില്‍ക്കുന്നു.” അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിത 'അമ്മമാരും ജറുസലേമും' എന്നതാണ്.

Read More: മുളഫർ അൽ നവാബ്: വിപ്ലവകാരിയായ അറബ് കവി

തന്റെ കവിതകളിലൂടെ തലമുറകളോളം നീണ്ടുനില്‍ക്കുന്ന സ്വാധീനം ബാക്കിവെച്ച്, 2019ൽ മഹാനായ ആ കവി ഈ ലോകത്തോട് വിട പറഞ്ഞു.  അദ്ദേഹത്തിന്റെ മനോഹരമായ വാക്കുകളും വരികളും ഇന്നും ജീവിക്കുകയും പലര്‍ക്കും ജീവന്‍ പകരുയും ചെയ്തു കൊണ്ടേയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter