ബീഗം ഹസ്രത്ത് മഹൽ : ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യ സമര സേനാനിയായ വനിത

1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്‌ക്കെതിരായ ഇന്ത്യയുടെ പ്രഥമ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നൽകിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായിരുന്നു "അവധിലെ ബീഗം" എന്നറിയപ്പെടുന്ന ബീഗം ഹസ്രത്ത് മഹൽ. ധീരയായിരുന്ന അവർ അവധിലെ ഏക പ്രധാന വനിതാ നേതാവായിരുന്നു. ചരിത്രത്തിന്റെ താളുകളിൽ തന്റെ നിസ്തുലമായ പോരാട്ടവീര്യത്തിലൂടെ പ്രമുഖ സ്ഥാനം അവർ അടയാളപ്പെടുത്തി. ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടും ഒരിക്കലും ബ്രിട്ടീഷുകാർക്ക് മുമ്പിൽ അവർ കീഴടങ്ങിയില്ല. മാത്രമല്ല നേപ്പാളിൽ പ്രവാസ ജീവിതം അനുഷ്ഠിക്കുന്നതിനിടയില്‍ പോലും ബ്രിട്ടീഷ് ഭരണത്തെ ചെറുത്തുതോൽപ്പിക്കാനായിരുന്നു അവര്‍ ശ്രമിച്ചത്.

1820-കളിൽ, ഉത്തർപ്രദേശിലെ ഒരു ദരിദ്ര സയ്യിദ് കുടുംബത്തിലായിരുന്നു അവരുടെ ജനനം. മുഹമ്മദി ഖാനം എന്നായിരുന്നു യഥാര്‍ത്ഥ പേര്. ദാരിദ്ര്യം കാരണം മാതാപിതാക്കൾ അവരെ ചെറുപ്പത്തില്‍ തന്നെ രാജാവിന്റെ ഏജന്റുമാർക്ക് നല്കുകയായിരുന്നു. രാജകീയ ഹറമിൽ അവിടത്തെ സേവകയായാണ് പ്രവേശിച്ചതെങ്കിലും അതിവേഗം ഉന്നതസ്ഥാനത്തെത്തുകയും ഒരു പാരിയായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു. അതിനാൽ പിൽക്കാലത്ത് അവർ "മഹെക് പരി" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. തുടർന്ന് അവധ് രാജാവായ വാജിദ് അലി ഷായുടെ ഭാര്യാപഥത്തിലെത്തിയ അവര്‍ പിൽക്കാലത്ത് ബീഗം എന്ന പേരിലറിയപ്പെടുകയായിരുന്നു. ആ ബന്ധത്തില്‍ പിറന്ന ബിർജിസ് ഖാദിർ ആയിരുന്നു അവധിന്റെ അടുത്ത അധികാരാവകാശി. അതോടെ ഹസ്രത്ത് മഹൽ എന്ന പേരിലായിരുന്നു അവര്‍ പിന്നീട് അറിയപ്പെട്ടത്.

1856-ൽ, ഈസ്റ്റ് ഇന്ത്യാ കമ്പനി അവധ് സംസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നവാബിനെ കീഴടങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. ബീഗം ഹസ്രത്ത് മഹലിന്റെ എതിർപ്പിനെ വകവെക്കാതെ നവാബ് ആ കൽപന അനുസരിക്കുകയും അതോടെ, ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ കൽക്കത്തയിലേക്ക് നാടുകടത്തുകയും ചെയ്തു. പക്ഷെ, കടുത്ത ബ്രിട്ടീഷ് വിരോധിയായ ഹസ്റത് മഹല്‍ ബ്രിട്ടീഷുകാര്‍ക്ക് കീഴടങ്ങാൻ വിസമ്മതിക്കുകയും അവധിന്റെ നിയന്ത്രണം സ്വയം വീണ്ടെടുക്കാൻ തീരുമാനിക്കുകയും ചെയ്തു.

1857ലെ ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യസമരമായ ശിപായി ലഹള ആരംഭിച്ചപ്പോൾ, അവധിലെ ഭരണം നിയന്ത്രിച്ചിരുന്ന ബീഗം, തന്റെ മകൻ ബിര്‍ജിസിനെ വാലിയിലെ രാജകുമാരനാക്കി പ്രഖ്യാപിച്ചു. ലഖ്‌നൗവിൽ തന്റെ മകനോടൊപ്പം കമ്പനിയുമായി സായുധ പോരാട്ടത്തിൽ ഏർപ്പെട്ടപ്പോൾ അവധ് സംസ്ഥാനത്തിന്റെ കാര്യങ്ങളുടെ ചുമതലകൾ മുഴുവനും അവരാണ് നോക്കിയിരുന്നത്.

പ്രധാന രണ്ട് കാര്യങ്ങളായിരുന്നു ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചത്. മസ്ജിദുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതും, റോഡുകൾ നിർമ്മിക്കാൻ വേണ്ടി പന്നികളുടെയും പശുക്കളുടെയും അസ്ഥികളുള്ള പുതിയ വെടിമരുന്നുകള്‍ ഉപയോഗിച്ചതുമായിരുന്നു അവ. ബീഗം ഹസ്രത്ത് മഹൽ അവധിലെ ഗ്രാമീണ ജനതയോട് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ അഭ്യർത്ഥിക്കുകയും തന്നോടൊപ്പം ചേരാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. തന്റെ മുഴുവൻ സമ്പത്തും അവര്‍ അതനായി ചെലവഴിച്ചു. വിശ്വസ്തതയോടെ തന്നെ അനുഗമിക്കുന്നവര്‍ക്കെല്ലാം അവര്‍ തന്റെ സമ്പത്ത് വാരിക്കോരി നല്കി.

അവരുടെ പിന്തുണയോടെ തന്റെ സൈന്യത്തെ വിജയത്തിലേക്ക് നയിക്കുകയും ലഖ്‌നൗ വീണ്ടും പിടിച്ചെടുക്കുകയും ചെയ്തു. റാണി ലക്ഷ്മി ബായി, ഭക്ത് ഖാൻ, മൗലവി അബ്ദുല്ലാഹ് തുടങ്ങിയ ധീരഹൃദയരോടൊപ്പം യുദ്ധക്കളത്തിലിറങ്ങി, അവരും സ്വാതന്ത്ര്യസമരത്തിന്റെ സേനാനായകരില്‍ ഇടം നേടി. നാനാ സാഹിബുമായി അടുത്ത് പ്രവർത്തിച്ച അവർ ഷാജഹാൻപൂരിലെ ആക്രമണ സമയത്ത് ഫൈസാബാദിലെ മൗലവിയെ സഹായിക്കാനും മുന്നോട്ട് വന്നു.

1857 ജൂലൈ 5-ന് ലഖ്‌നൗവിൽ വിജയകരമായി അവർ ഇന്ത്യൻ ഭരണം പുനഃസ്ഥാപിക്കുകയും സിംഹാസനം തന്റെ 14 വയസ്സുള്ള മകന് കൈമാറുകയും ചെയ്തു. 1858 മാർച്ച് 16-ന് ബ്രിട്ടീഷ് സൈന്യത്തിന്റെ തീവ്ര ആക്രമണത്തെ തുടർന്ന് ബീഗം ഹസ്രത്ത് മഹലിന് ലഖ്‌നൗവിലും അവധിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും നിയന്ത്രണം നഷ്ടപ്പെട്ടു. പരാജയമുറപ്പിച്ച അവർ സൈന്യത്തോടൊപ്പം തല്‍ക്കാലം പിൻവാങ്ങുകയും മറ്റ് സ്ഥലങ്ങളിൽ വീണ്ടും സൈനികരെ സംഘടിപ്പിച്ച് ആക്രമണങ്ങള്‍ നടത്താനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്തു.

1859 അവസാനത്തോടെ തെറായിയിലെ ഹ്രസ്വമായ താമസത്തിന് ശേഷം അവർക്ക് നേപ്പാളിലേക്ക് കുടിയേറേണ്ടി വന്നു. അവിടെ പ്രധാനമന്ത്രി ജങ് ബഹാദൂർ അഭയം നിഷേധിച്ചെങ്കിലും പിന്നീട് ബ്രിട്ടീഷ് ഗവൺമെന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ വകവയ്ക്കാതെ അവരെ താമസിക്കാൻ അനുവദിച്ചു.

ബ്രിട്ടീഷുകാർ അവർക്ക് അവധിലേക്ക് മടങ്ങാനും അവരുടെ കീഴിൽ ജോലി ചെയ്യാനും ധാരാളം സമ്പത്ത് വാഗ്ദാനം ചെയ്തു. പക്ഷേ അവർ അത് നിരസിക്കുകയും അവസാന ശ്വാസം വരെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്തുനിൽക്കുകയും ചെയ്തു. 59-ആം വയസ്സിൽ 1879 ഏപ്രിൽ 7-ന് നേപ്പാളിലെ കാഠ്മണ്ഡുവിൽ വെച്ചാണ് അവര്‍ അന്തരിച്ചത്. 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അവരുടെ പങ്ക് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ കൊത്തിവെച്ചായിരുന്നു ആ വേര്‍പാട്.

അവരുടെ മരണശേഷം 1887-ൽ വിക്ടോറിയ രാജ്ഞിയുടെ ജൂബിലി വേളയിൽ ബ്രിട്ടീഷ് സർക്കാർ ബിർജീസ് ഖാദറിന് മാപ്പുനൽകുകയും അദ്ദേഹത്തെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയും ചെയ്തു. കാഠ്മണ്ഡുവിലെ സെൻട്രൽ പാർക്കിൽ ജുമാ മസ്ജിദിന് സമീപമാണ് ബീഗം ഹസ്രത്ത് മഹലിന്റെ അന്ത്യവിശ്രമസ്ഥലം സ്ഥിതി ചെയ്യുന്നത്. ജുമാ മസ്ജിദ് കമ്മിറ്റിയാണ് ഇത് പരിപാലിക്കുന്നത്.

1962 ആഗസ്റ്റ് 15-ന് 1857-ലെ ആദ്യ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മാതൃകാപരമായ പങ്കുവഹിച്ചതിന് ലഖ്‌നൗവിലെ ഹസ്രത്ഗഞ്ചിലെ പഴയ വിക്ടോറിയ പാർക്കിൽ വെച്ച് ബീഗം ഹസ്രത്ത് മഹലിന് മരണാനന്തര അംഗീകാരങ്ങൾ നൽകി ആദരിച്ചു. പാർക്കിനടുത്ത് നാല് മാർബിൾ ഫലകങ്ങൾ അടങ്ങുന്ന ഒരു മാർബിൾ സ്മാരകവും നിർമ്മിച്ചു. അവധ് രാജകുടുംബത്തിന്റെ അങ്കിയുള്ള വൃത്താകൃതിയിലുള്ള പിച്ചള ഫലകങ്ങൾ അടങ്ങുന്നതായിരുന്നു ആ സ്മാരകം. 

1984 മെയ് 10-ന് ഇന്ത്യാ ഗവൺമെന്റ് ബീഗം ഹസ്രത്ത് മഹലിന്റെ ബഹുമാനാർത്ഥം ഒരു സ്മരണികാ സ്റ്റാമ്പ് പുറത്തിറക്കി. ന്യൂനപക്ഷകാര്യ മന്ത്രാലയം ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട മെറിറ്റോറിയസ് പെൺകുട്ടികൾക്കായി ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ് ആരംഭിച്ചു. മൗലാന ആസാദ് എജ്യുക്കേഷൻ ഫൗണ്ടേഷൻ വഴിയാണ് ഈ സ്കോളർഷിപ്പ് നടപ്പിലാക്കുന്നത്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിനെതിരെ ഏകയായി പോരാടിയ ബീഗം ഹസ്രത്ത് മഹൽ എല്ലാവർക്കും ഒരു പ്രചോദനമാണ്. അക്കാലത്തെ ഏറ്റവും വലിയ വക്താക്കളിൽ ഒരാളായ അവർ അസമത്വത്തിനും അനീതിക്കുമെതിരെയാണ് ശബ്ദമുയർത്തിയത്. മതസഹിഷ്ണുതയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി അവരിന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter