ജർമനിയിലെ ഇസ്‍ലാമും മുസ്‍ലിംകളും
യൂറോപ്പിന്റെ മധ്യഭാഗത്തായി ഫ്രാൻസിന്റെയും പോളണ്ടിന്റെയും സ്വിറ്റ്സർലണ്ടിന്റേയും ബെൽജിയത്തിന്റെയും മധ്യത്തിലായി ഏകദേശം 357,590 ചതുരശ്ര കിലോമീറ്റര്‍ വിശാലതയുള്ള രാജ്യമാണ് ജർമനി. ജനസംഖ്യയിൽ 19-ാം സ്ഥാനത്ത് നില്ക്കുന്ന ജർമനിയിൽ ഇസ്‍ലാം ഏറ്റവും വലിയ ന്യൂനപക്ഷ മതമാണ്.
കുടിയേറ്റമാണ് ജർമനിയിലെ ഇസ്‍ലാമിക വളർച്ചയുടെ പ്രധാന ഘടകം. റോമൻ കത്തോലിക്ക മത വിഭാഗങ്ങളാണ് ജർമനിയിലെ ഭൂരിപക്ഷ മതം. ജർമനിയിലെ മിക്ക മുസ്‍ലിംകളുടെയും വേരുകള്‍ തുര്‍കിയിലാണ് ചെന്നെത്തുന്നത്. ബെർലിൻ പോലെയുള്ള ജർമനിയുടെ പശ്ചിമ ഭാഗത്താണ് കൂടതലും മുസ്‍ലിംകള്‍ താമസിക്കുന്നത്. ജർമനിയിലെ ചില ഗ്രാമീണ പ്രദേശങ്ങളായ ഹെസ്സെ, ബാഡൻ വെർട്ടൻബെർഗ്, ബാവാരിയ, നോർത്ത് റെയ്ൻ വെസ്റ്റെഫാലിയ പോലെയുള്ളവയാണ് മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍. 75% ശതമാനം സുന്നികളും 7% ശിയാക്കളുമാണ്.
1960 മുതൽ 1970 വരെയുള്ള കാലഘട്ടത്തിൽ പലായനം മൂലം ജനസംഖ്യയിൽ വലിയ വർധനവുണ്ടായി. അതിൽ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. അഫ്‌ഗാൻ, ഇറാൻ, ഇറാഖ് പോലോത്ത രാജ്യങ്ങളില്‍നിന്ന് കുടിയേറിയവരാണ് ഇവരിലധികവും. 2000 മുതൽ 2016 വരെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിൽ നിന്നും വന്‍തോതില്‍ കുടിയേറ്റമുണ്ടായി. 2014 ലെ ഒരു സർവ്വേ പ്രകാരം ഒരു ലക്ഷത്തോളം പേര്‍ മതപരിവര്‍ത്തനത്തിലൂടെ ഇസ്‍ലാം സ്വീകരിച്ചവരാണ്.
2020 ൽ നടന്ന മറ്റൊരു സർവേ പ്രകാരം ജർമ്മനിയിൽ 5.3 ദശലക്ഷം മുതൽ 5.6 ദശലക്ഷം വരെ മുസ്‍ലിംകള്‍ ഉണ്ടെന്നാണ് കണക്ക്. എന്നാൽ 2024 ൽ നടന്ന മറ്റൊരു സർവേ പ്രകാരം, ജർമ്മനിയിൽ എത്ര മുസ്‍ലിംകൾ താമസിക്കുന്നുണ്ടെന്നും അവർ എവിടെയൊക്കെയാണ് താമസിക്കുന്നതെന്നും കണ്ടെത്താൻ സാധികാത്ത വിധം കുടിയേറ്റക്കാരുടെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്.
18-ആം നൂറ്റാണ്ടിൽ ജർമനിയും ഉസ്മാനി സാമ്രാജ്യവും തമ്മിലെ നയതന്ത്ര സൈനിക സാമ്പത്തിക ബന്ധങ്ങളുടെ ഭാഗമായാണ് മുസ്‍ലിംകൾ ആദ്യമായി ജർമനിയിലേക്ക് കുടിയേറുന്നത്. പിന്നീട് ഉസ്മാനി സാമ്രാജ്യവും ജർമ്മനിയും കൈകോർത്തുകൊണ്ട് പല യുദ്ധ മുന്നേറ്റങ്ങളും നടത്തി. 18- ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്രഷ്യയിലെ ഭരണാധികാരിയായിരുന്ന ഫെഡ്രിക്ക് വില്യം ഒന്നാമന്റെ ആജ്ഞ പ്രകാരം ഇരുപത് മുസ്‍ലിം സൈനികർ രാജ്യത്തിന്ന് സേവനമനുഷ്ഠിച്ചു. 1745 ൽ ഫ്രഡറിക്ക് വില്യം രണ്ടാമന്റെ കീഴിലായി ഒരു വലിയ മുസ്‍ലിം യൂണിറ്റും സ്ഥാപിച്ചു. ജർമനിയിലേക്ക് കുടിയേറിപ്പാർത്ത അൽബേനിയ, ബോസ്നിയ വംശജരായിരുന്നു കൂടുതലും ഈ യൂണിറ്റിലുണ്ടായിരുന്നത്. പല ഇസ്‍ലാമിക മുന്നേറ്റങ്ങളും അതുപോലെ പല രാജ്യ പ്രവർത്തനങ്ങളും ഈ യൂണിറ്റ് മുഖേന നടന്നിട്ടുണ്ട്.
1798 ലാണ് ഒരു മുസ്‍ലിം ശ്മശാനം ഔദ്യോഗികമായി നിർമ്മിക്കപ്പെടുന്നത്. 1866 ൽ മറവ് ചെയ്യല്‍ നിര്‍ത്തലാക്കിയ ഈ ശ്മശാനം ഇന്നും നിലനിൽക്കുന്നുണ്ട്. അക്കാലത്തു തന്നെ ജൊഹാൻ വോൾഫാങ്, ഗോത്തെ പോലോത്ത പല ക്രിസ്ത്യൻ തത്വചിന്തകരും, സ്വൂഫീ കവിതകളില്‍ ആകൃഷ്ടരായി ഇസ്‍ലാമിന്റെ ഭംഗിയെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. കുറെ പേർ ഇസ്‍ലാമിലേക്ക് കടന്ന് വരാന്‍ ഇതും കാരണമായിട്ടുണ്ട്. അതുപോലെ കൊളോണിയൽ ഭരണത്തിനെതിരെ മുസ്‍ലിംകൾ ഒട്ടനവധി കലാപങ്ങളും പ്രതിഷേധങ്ങളും നടത്തി. അവയിൽ പെട്ടതാണ് അധാമാവ ക്യാമ്പെയ്ൻ, മാജിമാജി കലാപം, അഭുശിരി കലാപം തുടങ്ങിയവ.
2017 ൽ ജർമ്മനിയിൽ മുസ്‌ലിംകൾക്കെതിരെ പല ഘട്ടങ്ങളിലായി 950ഓളം തവണ ആക്രമണങ്ങളുണ്ടായെന്നാണ് കണക്ക്. വീടുകളുടെ ചുവരിൽ നാസി ചിഹ്നം വരച്ചുകൊണ്ടും, ശിരോവസ്ത്രം ധരിച്ച മുസ്‍ലിം സ്ത്രീകളെ നിത്യേന ഉപദ്രവിച്ചുകൊണ്ടുമാണ് ആക്രമണമുണ്ടായത്. രാജ്യത്ത് വളര്‍ന്ന് വരുന്ന ഇസ്‍ലാമോഫോബിയ തന്നെയാണ് ഇതിനും കാരണം. മുസ്‌ലിംകൾക്കെതിരെ പല ഇസ്‍ലാം വിരുദ്ധ സംഘടനകളും ആക്രമണങ്ങളും നടത്തുന്നുണ്ട്. ബാങ്ക് വിളിയും അതുപോലെ സര്‍വ്വകലാശാലകളിലും മറ്റും ബുർഖ ധരിക്കുന്നതും വിലക്കിയത് ഇവരുടെ പ്രചാരണങ്ങളുടെ ഭാഗമായിരുന്നു. അതേ സമയം, നോർത്ത് റൈൻ വെസ്റ്റ് ഫലിയ പോലോത്ത പല സംസ്ഥാനങ്ങളും, ഇത്തരം നിയമങ്ങള്‍ ജര്‍മ്മന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്ന് പറഞ്ഞ് മാറ്റിവെച്ചിട്ടുമുണ്ട്. ചിലയിടങ്ങളിലെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തന്നെ ഇസ്‍ലാമിക മത വിജ്ഞാനങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
About the author:
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ അണ്ടര്‍ ഗ്വാജ്വേറ്റ് സ്ഥാപനമായ പട്ടാമ്പി നൂറുൽ ഹിദായ ഇസ്‍ലാമിക് അക്കാദമി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍



Leave A Comment