നെതർലാൻഡ്‌സിലെ ഇസ്‍ലാം

വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് നെതർലാൻഡ്‌സ്. ഹോളണ്ട് എന്ന പേരിലും ഈ രാജ്യം അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ സ്പെയിൻ ഭരിച്ചിരുന്ന ഹബ്സ്ബർഗ് ഭരണകൂടത്തിനെതിരെയുള്ള നീണ്ട പോരാട്ടങ്ങൾക്കൊടുവിലാണ് നെതർലാൻഡ്‌സ് സ്വതന്ത്രമാവുന്നത്. ആംസ്റ്റർഡാമാണ് രാജ്യത്തിന്റെ തലസ്ഥാനം. 16,169 ചതുരശ്ര മൈലിൽ പതിനെട്ട് മില്യൺ ജനങ്ങൾ അധിവസിക്കുന്ന രാജ്യം, ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിൽ മുപ്പത്തിമൂന്നാമതാണ്. നെതർലാൻഡ്‌സിലെ ജനങ്ങളിൽ പകുതിയിലേറെയും ഒരു മതത്തെയും പിന്തുടരുന്നില്ല. മുപ്പത്തിയൊന്ന് ശതമാനം ജനസംഖ്യയുള്ള ക്രിസ്ത്യാനികളാണ് നെതർലാൻഡ്‌സിലെ മതഭൂരിപക്ഷം.

 

നെതർലാൻഡ്‌സിലെ പതിനെട്ട് മില്യൺ വരുന്ന ജനസംഖ്യയിൽ, മുസ്‍ലിംകൾ ഒരു മില്യനോളം വരും. 1971ൽ ഉണ്ടായിരുന്നതിന്റെ പത്തൊമ്പതിരട്ടിയാണ് ഇത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പള്ളികളും ഇസ്‍ലാമിക കലാലയങ്ങളും നിലവിൽ വന്നതോടെ നെതർലാൻഡ്‌സിലെ ഇസ്‍ലാമികന്തരീക്ഷം ഒരു പൊതുസവിശേഷതയായി മാറി. ഒരു സമുദായത്തിന്റെയും മതകീയ കാര്യങ്ങളിൽ ഡച്ച് ഗവണ്മെന്റ് ഇടപെടുന്നില്ലെന്ന് മാത്രമല്ല, രാജ്യത്തെ വ്യത്യസ്ത ന്യൂനപക്ഷങ്ങളെ ഡച്ച് സമൂഹത്തിലേക്ക് കൂട്ടിച്ചേർക്കാനും അവർ ശ്രമിക്കുന്നു. ജനാധിപത്യപരമായ കാര്യങ്ങളിൽ അവർ പങ്കുചേരാനും വംശീയമായ പ്രവണതകൾ ഇല്ലാതാക്കാനുമാണ് ഈ ഒരു സമീപനം. ഇസ്‍ലാമിക രാജ്യമായ സിറിയയിൽ യുദ്ധം ആരംഭിച്ചത് മുതൽ അഭയാർത്ഥികൾ യൂറോപ്പിലേക്ക് കൂട്ടമായി പലായനം ചെയ്തതോടെ, നെതർലാൻഡ്‌സിലെ മുസ്‍ലിംകളുടെ സംഖ്യ ക്രമാനുഗതമായി വളർന്നുകൊണ്ടിരിക്കുകയാണ്.

 

ഡച്ച് സാമ്രാജ്യത്തിന് കീഴിലെ ഭൂരിഭാഗം ജനങ്ങളും മുസ്‍ലിംകളായിരുന്നെങ്കിലും - 1949 വരെ അതിന്റെ അതിർത്തിയിൽ മുസ്‍ലിം ഇന്തോനേഷ്യയും ഉൾപ്പെട്ടിരുന്നു. ഡച്ച് കോളനിയായിരുന്ന സുരിനാമിലും ഇന്ത്യൻ വംശജരായ മുസ്‍ലിം സമൂഹമുണ്ടായിരുന്നു. 1960കളിൽ നെതർലാൻഡ്‌സിലെ മനുഷ്യശക്തിയിൽ (manpower) കുറവുണ്ടാവുകയും സമ്പദ്ഘടന ഉത്തേജിപ്പിക്കാനായി അതിർത്തിക്ക് പുറത്ത് നിന്ന് വിദേശ ജോലിക്കാരെ അന്വേഷിക്കേണ്ടതായും വന്നു. ഇക്കാരണത്താൽ മെഡിറ്ററേനിയൻ രാജ്യങ്ങളായ തുർക്കിയിലും മൊറോക്കോയിലും നിന്ന് നെതർലാൻഡ്‌സിലേക്ക് ജനപ്രവാഹമുണ്ടായി. വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യുന്നത് 1974ൽ നെതർലാൻഡ്‌സ് അവസാനിപ്പിച്ചെങ്കിലും, ഈ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്താതിരിക്കുകയും പല വിദേശജോലിക്കാരും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും തുടങ്ങി. 1975ൽ സ്വതന്ത്രമാവുന്നതിന് മുൻപ് ഡച്ച് കോളനിയായിരുന്ന സുരിനാമിൽ നിന്നും നെതർലാൻഡ്‌സിലേക്ക് കുടിയേറ്റപ്രവാഹമുണ്ടാവുന്നുണ്ട്. കുടിയേറിപ്പാർത്തവരിൽ അധികവും മുസ്‌ലിംകളായിരുന്നു.

 

നിലവിൽ ഡച്ച് ജനസംഖ്യയുടെ ആറ് ശതമാനം മുസ്‍ലിംകളാണ്. മൂന്ന് ലക്ഷത്തി അമ്പതിനായിരത്തോളം വരുന്ന തുർക്കുകളാണ് മുസ്‍ലിംകൾക്കിടയിലെ ഭൂരിപക്ഷം. മൂന്ന് ലക്ഷം ജനസംഖ്യയുള്ള മൊറോക്കൻ സമൂഹമാണ് രണ്ടാമത്. അറുപതിനായിരത്തോളം വരുന്ന സുരിനാമികളാണ് മൂന്നാമതായി വരുന്നത്. ഇവർക്ക് പുറമെ ഇറാൻ, ഇറാഖ്, സൊമാലിയ, എത്യോപ്യ, ഈജിപ്ത്, അഫ്‌ഗാനിസ്ഥാൻ, സോവിയറ്റ് യൂണിയൻ, ബോസ്നിയ എന്നീ രാജ്യങ്ങളിൽ നിന്ന് നെതർലാൻഡ്‌സിലേക്ക് അഭയാർഥികളായി വന്ന മുസ്‍ലിംകളുമുണ്ട്. 1971ൽ നെതർലാൻഡ്‌സിൽ വെറും 54,000 മുസ്‍ലിംകളേ ഉണ്ടായിരുന്നുള്ളു. 1975ൽ 1,08,000 ആയി  ഇത് വർധിച്ചു. 1980ൽ 2,25,000 ഉള്ളത് 1997 ആയപ്പോഴേക്കും 5,73,000 എത്തിയിട്ടുണ്ടായിരുന്നു. ഇന്ന് നെതർലാൻഡ്‌സിലെ മുസ്‍ലിം ജനസംഖ്യ പത്ത് ലക്ഷത്തിൽ എത്തിനിൽക്കുന്നു.

 

ഡച്ച് ഭരണഘടനയുടെ ഒന്നാം വകുപ്പ് നെതർലാൻഡ്‌സിലെ ഓരോ പൗരനും തുല്യ അവകാശങ്ങൾ അനുഭവിക്കണമെന്ന് നിഷ്കർഷിക്കുകയും മതത്തിന്റെയോ വിശ്വാസത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ ലിംഗത്തിന്റെയോ പേരിലുള്ള ഏതൊരു വിവേചനത്തെയും വിലക്കുകയും ചെയ്യുന്നു. പക്ഷെ ഈ അവകാശങ്ങളോട് കൂടെ, നിർബന്ധിത വിദ്യാഭ്യാസവും നികുതി അടക്കലും പോലോത്ത, അതിനോട് ചേർന്നുവരുന്ന ഉത്തരവാദിത്തങ്ങളുമുണ്ട്. ഇതിനർത്ഥം പതിനാറ് വയസ്സുവരെ എല്ലാ കുട്ടികളും, താമസക്കാരുടെ (പൗരത്വം ഇല്ലാത്തവർ) കുട്ടികളുൾപ്പടെ, സ്കൂളിൽ പോകണം എന്നതാണ്. ഡച്ച് പൗരത്വം എടുത്തവർക്ക് ഡച്ചിൽ ജനിച്ച ഒരാളുടേതുപോലെ വോട്ട് ചെയ്യാനുള്ള അവകാശവും ദേശീയതലത്തിലെ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവുമുണ്ട്. ഗ്രാമീണതലത്തിൽ മത്സരിക്കാൻ  താമസക്കാർക്കും അവകാശമുണ്ട്.

 

നെതർലാൻഡ്‌സിൽ വൈയക്തിക തലത്തിലും സാമൂഹിക തലത്തിലും പൂർണ്ണമായ മത സ്വാതന്ത്ര്യമുണ്ട്. ഗവണ്മെന്റ് മത സംഘടനകളുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുമ്പോൾ, മത സംഘടനകൾ രാഷ്ട്രത്തിന്റെ കാര്യങ്ങളിലും ഇടപെടാതിരിക്കുന്നു. ഇന്ന് നെതെർലാൻഡ്സിൽ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത മുസ്‍ലിം വിഭാഗങ്ങളുടെ കീഴിലായി അറുന്നൂളോളം പള്ളികളുണ്ട്. പല പട്ടണങ്ങളിലും നഗരങ്ങളിലും മുസ്‍ലിം ശ്‌മശാനങ്ങളും കാണാൻ സാധിക്കും. 1980കൾ വരെ പള്ളികളും ചർച്ചുകളും പണിയാൻ ഡച്ച് ഗവണ്മെന്റ് ധനസഹായം നൽകിയിരുന്നു. എന്നാൽ മതത്തെ രാഷ്ട്രത്തിൽ നിന്ന് വേർതിരിക്കുക എന്ന ആശയത്തോട് ഇത് യോജിക്കുന്നില്ലെന്ന് തീരുമാനിക്കപ്പെട്ടപ്പോൾ മതങ്ങൾക്കുള്ള ധനസഹായം നിര്‍ത്തലാക്കപ്പെടുകയായിരുന്നു.

 

സ്വകാര്യമേഖലകളിലും മുസ്‍ലിംകൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. റമദാനിലെ നോമ്പുകാലത്ത് തങ്ങൾക്ക് യോജിച്ച ജോലി സമയം (flexible hours) തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മുസ്‍ലിംകൾക്കുണ്ട്. ചില സംരംഭങ്ങൾ മുസ്‍ലിം ജോലിക്കാർക്കായി പ്രത്യേക പ്രാർത്ഥനാ സ്ഥലങ്ങളും ഒരുക്കികൊടുക്കുന്നു. നെതർലാൻഡ്‌സിലെ അനവധി ഹോസ്പിറ്റലുകളിൽ സുന്നത്ത് (circumcision) നിർവഹിക്കപെടുന്നുണ്ട്. യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും സ്കൂളുകളിലും മുസ്‍ലിം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഒരു പൊതു കാഴ്ചയായി മാറിയിരിക്കുന്നു. അറവുശാലകളെ സംബന്ധിച്ചിടത്തോളം, മറ്റുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പതിവ് പോലെ നെതർലാൻഡ്‌സ് ഗവണ്മെന്റും ഇസ്‍ലാമിക ശരീഅത്ത് അനുസരിച്ച് മൃഗങ്ങളെ അറുക്കാനായി പ്രത്യേക അറവുശാലകൾ തയ്യാറാക്കിയിട്ടുണ്ട്.

 

നെതർലാൻഡ്‌സിലെ മതകീയ വിദ്യാലയങ്ങളിൽ ക്രമാതീതമായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം ഇസ്‍ലാമിക പ്രാഥമിക വിദ്യാലയങ്ങളുടെ കണക്ക് നൂറിലെത്തും. അതേ സമയം രാജ്യത്ത്, 1800-ഓളം പ്രാട്ടസ്റ്റന്റുകളുടയും കത്തോലിക്കരുടെയും പ്രാഥമിക വിദ്യാലയങ്ങളുമുണ്ട്. നെതർലാൻഡ്‌സിലെ മതവിശ്വാസികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടും മതകീയ വിദ്യാലയങ്ങളുടെ വളർച്ച വളരെ ശ്രദ്ധേയമാണ്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter