ഇസ്‍ലാമിക നാഗരികത: പതനവും ഉയിര്‍ത്തെഴുന്നേല്‍പ്പും
ഒരുകാലത്ത് ലോകത്തിന്റെ സാംസ്‌കാരിക, ശാസ്‌ത്രീയ വളര്‍ച്ചയുടെ നിര്‍ണ്ണായക സ്രോതസ്സായിരുന്നു ഇസ്‌ലാമിക ജനസമൂഹം. ആറാം നൂറ്റാണ്ടില്‍ മക്കയില്‍ നിന്ന് ഉത്ഭവിച്ച് പിന്നീട് ഇതര സംസ്‌കാരങ്ങളിലേക്ക് വ്യാപിക്കുകയും അതുവഴി അവരുടെ വിജ്ഞാനീയങ്ങളെ സ്വസംസ്‌കാരവുമായി ലയിപ്പിക്കാന്‍ സാധിക്കുകയും ചെയ്‌തുവെന്നതാണ് അതിനു പിന്നിലെ കാരണം. പ്രബുദ്ധ വ്യക്തിത്വങ്ങളുടെയും വിജ്ഞാന കേന്ദ്രങ്ങളുടെയും നീണ്ട ശൃംഖലകള്‍ തത്‌ഫലമായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെ അകത്തളത്തില്‍ രൂപപ്പെടുകയുണ്ടായി. എന്നാല്‍ അത്തരമൊരു മഹനീയ സംസ്‌കാരം ഇന്ന് വെറും ചരിത്രമായി അവശേഷിക്കുന്നുവെന്നത് ഖേദകരമാണ്. അതിനെ പതനത്തിലേക്ക് വഴി നടത്തുന്നത് ഒരര്‍ത്ഥത്തില്‍ മുസ്‌ലിം സമൂഹം ചരിത്രത്തോട് കാണിക്കുന്ന നീതികേടായി വിലയിരുത്തപ്പെടേണ്ടതുണ്ട്.
ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് ശേഷം ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ വന്‍കരകള്‍ താണ്ടാന്‍ ഇസ്‌ലാമിക സന്ദേശങ്ങള്‍ക്ക് സാധിച്ചിരുന്നു. അറേബ്യന്‍ സമൂഹത്തിനുണ്ടായിരുന്ന വാണിജ്യ, വ്യാപാര ബന്ധങ്ങളും ഇസ്‌ലാമിക ഖിലാഫത്തുകള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന പ്രതിഭാ സമ്പന്നരായ നേതൃത്വങ്ങളും അതിനു പിന്നിലെ അനിഷേധ്യ ഘടകങ്ങളായി മാറി. മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ പശ്ചിമേഷ്യന്‍ ദേശങ്ങള്‍ വഴി സ്‌പെയിനിലേക്കും വ്യാപിച്ച ഇസ്‌ലാമിന് വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ അവസരമുണ്ടായി. ഈ ഭൂപ്രദേശങ്ങളൊക്കെയും ഗ്രീക്ക്, കാല്‍ഡിയന്‍, പേര്‍ഷ്യന്‍ സംസ്‌കാരങ്ങളുടെ കേന്ദ്ര സ്ഥാനങ്ങളായിരുന്നു. ഇവിടെ നിന്നും ലഭിച്ച ജ്ഞാന സ്രോതസ്സുകളുടെ പൗരാണികമായ സങ്കലനമാണ് പിന്നീട് ഇസ്‌ലാമിക നാഗരികതയായി രൂപം പ്രാപിച്ചത്.
അബ്ബാസിയ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രണ്ട് നൂറ്റാണ്ടുകളോളം നിലനിന്ന പരിഭാഷാ മുന്നേറ്റങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടമായിരുന്നു. ഇതിന്റെ ഭാഗമായി മുസ്‌ലിം തത്വചിന്തകനായിരുന്ന അബൂറൈഹാന്‍ അല്‍കിന്‍ദിയുടെയും നെസ്‌റ്റോറിയന്‍ ക്രൈസ്‌തവ പണ്ഡിതനായിരുന്ന ഹുനൈന്‍ ബിന്‍ഇസ്‌ഹാഖിന്റെയും കീഴില്‍ വലിയൊരു വിദ്യാഭ്യാസ സമൂഹം തന്നെ രൂപപ്പെടുകയുണ്ടായി. മുന്നേറ്റത്തിന്റെ തീക്ഷ്‌ണത വര്‍ദ്ധിച്ചതോട് കൂടി അബ്ബാസികളുടെ തലസ്ഥാനമായിരുന്ന ബഗ്‌ദാദ് എന്ന ചരിത്ര നഗരത്തിന്റെ പ്രാതിനിധ്യം അധികരിക്കുകയും അവിടേക്കുള്ള പ്രതിഭകളുടെ കുത്തൊഴുക്ക് ആരംഭിക്കുകയും ചെയ്‌തു. ആധുനിക ലോകത്ത് സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പല ഗണിത സിദ്ധാന്തങ്ങളുടെയും പിതാവായി വാഴ്‌ത്തപ്പെടുന്ന മൂസാ അല്‍ഖവാരിസ്‌മിയടക്കം പലരും ബഗ്‌ദാദ് ലോകത്തിന് സമര്‍പ്പിച്ച സംഭാവനകളാണ്.
ഗ്രീക്ക്, ഇന്ത്യന്‍, പേര്‍ഷ്യന്‍ ശാസ്‌ത്രങ്ങളുടെ കേന്ദ്രമായിരുന്ന ജുന്ദിശാപൂര്‍, മധ്യേഷ്യന്‍ വിദ്യാഭ്യാസ സംസ്‌കാരത്തിന്റെ പ്രഭവ കേന്ദ്രമായിരുന്ന ഖുറാസാന്‍, ആധുനിക ഈജിപ്‌തിലെ ബഹുമുഖ നഗരങ്ങളായ കെയ്‌റോ, അലക്‌സാന്‍ട്രിയ എന്നീ നഗരങ്ങളെല്ലാം മുസ്‌ലിം നാഗരികതയുടെ ഭാഗമായി വളര്‍ന്നു വന്നു. അതിന് പുറമെ, പടിഞ്ഞാറന്‍ ആഫ്രിക്കയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയിരുന്ന ടിംബുക്‌തു എന്ന നഗരവും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറം ജലക്ഷാമവും കടുത്ത പ്രകൃതിനാശങ്ങളും കാരണം ആ നഗരം ജനരഹിതമായെങ്കിലും ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഇന്നും അതിന്റെ അവശേഷിപ്പുകള്‍ കാണാവുന്നതാണ്.
ഇത്തരം വിജ്ഞാന സ്രോതസ്സുകളില്‍ നിന്ന് വളര്‍ന്നു വന്നത് പ്രതിഭാ സമ്പന്നരായ അനേകം ശാസ്‌ത്രജ്ഞരും ചിന്തകന്മാരുമായിരുന്നു. അന്ന് നിലവിലുണ്ടായിരുന്ന നിഖില മേഖലകളിലും അവര്‍ക്ക് കയ്യൊപ്പ് ചാര്‍ത്താനായി. കുരിശുയുദ്ധങ്ങളടങ്ങുന്ന ചരിത്രത്തില്‍ ചിരപ്രതിഷ്‌ഠ നേടിയ വിനാശകരമായ സംഭവ വികാസങ്ങള്‍ക്ക് വേദിയായിട്ടു പോലും മുസ്‌ലിം ലോകത്തിലെ ജ്ഞാന പ്രസരണങ്ങള്‍ സജീവമായി തന്നെ നിലനിന്നു. മതകാര്യങ്ങളിലും ഭൗതിക ശാസ്‌ത്ര വിഷയങ്ങളിലും അവര്‍ ഒരുപോലെ ശ്രദ്ധാലുക്കളായിരുന്നു. ഇത് കൊണ്ട് തന്നെയാവാം മതത്തിന്റെ വേലികള്‍ക്കപ്പുറം ചിന്തിക്കാതിരുന്ന ഒരു സമൂഹത്തില്‍ നിന്ന് അല്‍ബിറൂനി, ഇബ്‌നുല്‍ നഫീസ്, അല്‍റാസി എന്നിവരടങ്ങുന്ന മധ്യകാലഘട്ടത്തിലെ ഭൗതിക ശാസ്‌ത്രജ്ഞരുടെ വലിയൊരു നിര തന്നെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്.
സര്‍വ്വ മേഖലകളിലും സജീവമായ രചനകളുടെ സാന്നിദ്ധ്യം ഇസ്‌ലാമിക സംസ്‌കാരത്തിനകത്ത് നിലനിന്നിരുന്നു. 1258ല്‍ ഹുലാക്കു ഖാന്റെ നേതൃത്വത്തില്‍ മംഗോളിയ രാജവംശം ബഗ്‌ദാദ് നഗരത്തില്‍ പ്രവേശിച്ചതോട് കൂടി തകര്‍ന്നടിഞ്ഞത് ലൈബ്രറി സമുച്ഛയങ്ങളും അവയിലടങ്ങിയിരുന്ന അമൂല്യമായ പുസ്‌തക ശേഖരങ്ങളുമായിരുന്നു. അന്ന് മരണത്തിന് കീഴടങ്ങിയ ആയിരക്കണക്കിന് വരുന്ന പ്രതിഭാശാലികളുടെ വിസ്‌മൃതി മാത്രമായിരുന്നു ഹുലാക്കു ഖാന്‍ ചരിത്രത്തിന് സമ്മാനിച്ചത്. അതോടൊപ്പം അവരുടെ വിശ്വരചനകളും അപ്രത്യക്ഷമായി. തുടരാക്രമണങ്ങളെ അതിജീവിച്ച ഏതാനും ചില പുസ്‌തകങ്ങള്‍ക്ക് തന്നെ വലിയ സ്വാധീനങ്ങളുണ്ടാക്കാന്‍ സാധിച്ചുവെങ്കില്‍ ആ സംസ്‌കാരത്തിന്റെ സജീവതയെയാണ് അത് അടയാളപ്പെടുത്തുന്നത്.
പതനത്തിന്റെ തുടക്കം
കുരിശ് യുദ്ധങ്ങളുടെ അനന്തരമായി യൂറോപ്പില്‍ അരങ്ങേറിയ മുസ്‌ലിം വിരുദ്ധതയെ കുറിച്ച് മുഹമ്മദ് അസദ് തന്റെ റോഡ് ടു മക്കയെന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രൈസ്‌തവ സഭകളുടെ കടന്നുകയറ്റത്തിന് സാക്ഷിയായതോടു കൂടിയാണ് ഒരു പക്ഷേ മറ്റേതു സമൂഹങ്ങളെയും പോലെ മുസ്‌ലിം പാരമ്പര്യത്തിനും മങ്ങലേല്‍ക്കുന്നത്. 1492 ല്‍ മുസ്‌ലിം സ്‌പെയിനിന് അന്ത്യം കുറിക്കപ്പെട്ടതിന്റെ പിന്നില്‍ അന്ന് നിലനിന്നിരുന്ന ക്രൈസ്‌തവ സഭാ രാഷ്ട്രീയത്തിന്റെ സ്വാധീനം നിര്‍ണ്ണായകമായിരുന്നു. പിന്നീട് നടന്ന വംശീയ വെറിക്ക് പിന്നിലും കുരിശു യുദ്ധത്തിന്റെ പ്രതികാര സ്വരമായിരുന്നു ഉയര്‍ന്നു കേട്ടത്. ഇതര മത സാന്നിധ്യത്തെ വിജയകരമായി തുടച്ചു നീക്കാന്‍ സഭയ്‌ക്ക് സാധിച്ചെങ്കിലും യൂറോപ്പിലെ ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്ന മതവിരുദ്ധതയെ ചെറുക്കുന്ന കാര്യത്തില്‍ അവര്‍ പരാജയപ്പെട്ടു എന്നതാണ് സത്യം. ഈ പരാജയമാണ് ലോകത്തിന്റെ സ്ഥിതി വിശേഷങ്ങളെ വിപരീത ദിശയിലേക്ക് കൊണ്ടെത്തിച്ചത് എന്നു പറയാതെ വയ്യ.
പതിനേഴാം നൂറ്റാണ്ടിലാരംഭിച്ച യൂറോപ്യന്‍ ജ്ഞാനോദയത്തിന് പിന്നിലെ പ്രേരണ വിശദമായി അന്വേഷിച്ചാല്‍ സഭാ വിരുദ്ധത തന്നെയായിരുന്നു. പിന്നീട് ലോകത്തിന് മേലുള്ള യൂറോപ്പിന്റെ ആദര്‍ശ മേല്‍ക്കോയ്‌മ സ്ഥാപിച്ചെടുക്കാനുള്ള നീണ്ട പരിശ്രമങ്ങള്‍ക്ക് അരങ്ങുണര്‍ന്നു. വിജ്ഞാന സ്രോതസ്സുകളുടെ പാശ്ചാത്യവത്‌കരണം മാത്രമായിരുന്നു ഇത്തരമൊരു ലക്ഷ്യ പൂര്‍ത്തീകരണത്തിന്റെ മാര്‍ഗമായി യൂറോപിന് മുമ്പിലുണ്ടായിരുന്നത്. അതിന്റെ ഭാഗമായി ഇസ്‌ലാമിക പാരമ്പര്യത്തെ മൂടിവെക്കാനുള്ള നാനോന്മുഖ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും മധ്യകാലഘട്ടത്തിലെ മുസ്‌ലിം മുന്നേറ്റങ്ങളുടെ പ്രസക്തിയെ തന്ത്രപരമായി ചോദ്യം ചെയ്യാനും യൂറോപ്യന്‍ ആധുനികതയ്‌ക്ക് സാധിച്ചു. ഇതാണ് ഒരു കാലഘട്ടത്തിലെ പ്രശോഭിത സംസ്‌കാരത്തിന്റെ അസ്‌തമയത്തിന് പിന്നിലെ മുഖ്യകാരണമെന്നു തന്നെ വിലയിരുത്താം.
ഇസ്‌ലാമിക സംസ്‌കാരത്തിനേറ്റ പ്രഹരത്തിന്റെ പേരില്‍ യൂറോപിനെ മാത്രം പ്രതി ചേര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ഇരുപതാം നൂറ്റാണ്ടോട് കൂടി ശക്തി പ്രാപിച്ച ഈജിപ്‌ഷ്യന്‍, ഗള്‍ഫ് സലഫിസത്തെ പലപ്പോഴും യൂറോപ്യന്‍ ചിന്താകേന്ദ്രങ്ങള്‍ കാപിറ്റലിസ്റ്റ് താത്‌പര്യങ്ങള്‍ക്കുള്ള മാധ്യമങ്ങളായി ഉപയോഗപ്പെടുത്തിയെന്നത് തിരിച്ചറിയാന്‍ വൈകിപ്പോയതാണ് യൂറോപിന്റെ മേല്‍ക്കോയ്‌മ ഇരട്ടിക്കുന്നതിനും ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രസക്തി കുറയാനും കാരണമായത്. മുസ്‌ലിം ലോകം ആധുനികതയുമായി ഇടപഴകുന്നതിലുണ്ടായ പാളിച്ചയായി ഇതിനെ മനസ്സിലാക്കാം. അവ പിന്നീട് നയിക്കാവുന്ന രാഷ്ട്രീയ സങ്കീര്‍ണ്ണതകളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നുവെങ്കില്‍ തീരാനഷ്ടങ്ങളുടെ കഥ മുസ്‌ലിം സമൂഹത്തിന് പറയേണ്ടി വരില്ലായിരുന്നു.
അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയടക്കം ലോകരാഷ്ട്രങ്ങള്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് മുസ്‌ലിം ലോകത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. എന്നാല്‍, കാലങ്ങള്‍ക്ക് ശേഷം ആഭ്യന്തര കലഹങ്ങള്‍ക്കും യുദ്ധകോലാഹളങ്ങള്‍ക്കും തുടക്കം കുറിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ലോകശ്രദ്ധ നേടുന്ന രീതിയില്‍ പ്രതികരണങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നത്. അതിനുമുമ്പ് തന്നെ തീവ്രവാദവും അസംസ്‌കാരവും ഇസ്‌ലാമിന് മുകളില്‍ ചാര്‍ത്തിവെക്കുന്നതില്‍ പാശ്ചാത്യ ശക്തികള്‍ വിജയിച്ചു കഴിഞ്ഞിരുന്നു. പശ്ചിമേഷ്യയിലെ അറബ് രാഷ്ട്രീയത്തിന്റെ ദൗര്‍ബല്യം മണത്തറിഞ്ഞ സയോണിസ്‌റ്റ് ശക്തികള്‍ വാഗ്‌ദത്ത ഭൂമിയെന്ന വാദവുമായി രംഗത്തെത്തി. കാലങ്ങളായി ഫലസ്‌തീനില്‍ അധിവസിച്ച് പോരുന്ന വലിയൊരു ജനവിഭാഗത്തിന്റെ അവകാശ ധ്വംസനം നടന്നിട്ടും തീവ്രവാദികളെന്ന് ചാപ്പ കുത്തപ്പെട്ടതിന്റെ പേരില്‍ അപലപിക്കാന്‍ പോലും ലോക രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നില്ലെന്നു മാത്രമല്ല, ഇന്ത്യയടക്കം രാഷ്ട്രങ്ങള്‍ ഇസ്‌റാഈലിന് അനുകൂലമായി നിലകൊള്ളുകയും ചെയ്‌തു.
തീവ്രവാദീ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച
ധ്രുവീകരണ രാഷ്ട്രീയത്തിനിടയില്‍ ഞെരിഞ്ഞമരുന്ന ഒരു സമൂഹത്തിന്റെ സ്വാഭാവിക പ്രതികരണമായാണ് ഇസ്‌ലാമിനകത്ത് ത്രീവവാദി സംഘടനകള്‍ രൂപം കൊള്ളുന്നത്. ദാഇശ്, ഹിസ്‌ബുള്ള , താലിബാന്‍ അടക്കമുള്ള തീവ്രവാദ സംഘടനകളെ സൃഷ്ടിച്ചെടുത്തത് വൈദേശിക ശക്തികളുടെ ഇടപെടലുകളാണെന്നിരിക്കെ, അവയെ മുഴുവന്‍ ഇസ്‌ലാമിന്റെ ഉല്‍പന്നങ്ങളായി ചിത്രീകരിക്കുന്നതിനു പിന്നില്‍ നിഗൂഢ രാഷ്ട്രീയമുണ്ട്. അമേരിക്കയിലെ ട്രേഡ് സെന്റര്‍ അക്രമണമാണ് ഇത്തരമൊരു വാദത്തിന്റെ അവലംബം. എന്നാല്‍ മുസ്‌ലിം ലോകം ഒന്നടങ്കം അപലപിച്ച തീര്‍ത്തും അനിസ്‌ലാമികമായ ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി മുസ്‌ലിം ലോകത്തെ അവഗണിക്കുന്നത് ലോകത്തിലെ കുത്തകവല്‍കൃത രാഷ്ട്രീയത്തെ തുറന്ന് കാട്ടുന്നു.
അച്ചടി മാധ്യമങ്ങളും മറ്റും പ്രചരിപ്പിച്ച ഇത്തരം വാദങ്ങളെ അറിഞ്ഞോ അറിയാതെയോ സ്വീകരിക്കാന്‍ തയ്യാറായതോടെ മുസ്‌ലിം സമുദായത്തിന് സ്വന്തം പൗരാണികതയില്‍ വിശ്വാസമില്ലാതെയായി. പിന്നീട് മുസ്‌ലിം സമുദായത്തെ പിടികൂടിയത് ഭയത്തോടെ മാത്രമേ ജീവിതം സാധ്യമുള്ളൂ എന്ന ആശയമാണ്. ഓരോ യുദ്ധ കാഹളങ്ങള്‍ മുഴങ്ങുമ്പോഴും സ്വദൗര്‍ബല്യത്തെയും നിസ്സഹായതയെയും അവര്‍ ലോകത്തിന് മുമ്പില്‍ തുറന്ന് പറയാന്‍ ശ്രമിച്ചു. ഇതിനെ പല രാഷ്ട്രങ്ങളും ചൂഷണം ചെയ്‌തുവെന്നു തന്നെ വിശ്വസിക്കാം.
ലോക ജനസംഖ്യയുടെ ഇരുപത് ശതമാനത്തോളം വരുന്ന ഇസ്‌ലാം മതവിശ്വാസികള്‍ക്കുള്ളില്‍ രൂപം കൊണ്ട ഉള്‍ഭയമാണ് പിന്നീട് സംസ്‌കാരത്തകര്‍ച്ചയായി പരിണമിച്ചതെന്നത് വാസ്‌തവമാണ്. ഒരുപക്ഷേ സാമ്രാജ്യ ശക്തികളെ നേരിടുന്നതില്‍ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മുന്‍ഗാമികളെ പോലെ തന്നെ നാഗരികതയുടെ കേന്ദ്ര ബിന്ദുവായി നവകാല മുസ്‌ലിം ലോകം വാഴ്‌ത്തപ്പെടുമായിരുന്നു. യൂറോപ്യന്‍ ചിന്താധാരകള്‍ ലോക സാഹചര്യങ്ങളെ അതിജയിച്ചുവെന്നിരിക്കെ അതിനെ ദൂരെ നിന്ന് മാത്രം നോക്കിനിന്ന ഒരു സമുദായത്തിന് ഒരുപക്ഷെ വീണ്ടെടുക്കല്‍ ശ്രമകരമായി അനുഭവപ്പെടാവുന്ന വിധത്തില്‍ അമൂല്യമായ പലതും നഷ്ടപ്പെട്ടിട്ടുണ്ട്. അവയെ തിരിച്ച് കൊണ്ട് വന്നാല്‍ മാത്രമേ ബഹുസ്വരതയുടെ ലോകത്ത് സഹിഷ്‌ണുതയെ ആധാരമാക്കി ആശയ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാന്‍ മുസ്‌ലിംകള്‍ക്ക് സാധിക്കുകയുള്ളൂ.
പൂര്‍ണ്ണമായി അസ്‌തമിച്ചുവെന്ന് സ്വസംസ്‌കാരത്തെ വിലയിരുത്തുന്നതിന് പകരം നവകാല സാഹചര്യങ്ങള്‍ക്കുതകുന്ന രീതിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. അതിനായി നിസ്സഹായതയേയും ഇരകളാണെന്ന ബോധത്തെയും കുറിച്ച് ചിന്തിക്കുന്നതിന് പകരം നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന നാഗരികതയുടെ വീണ്ടെടുപ്പ് മുസ്‌ലിം ലോകത്തിന്റെ ലക്ഷ്യമായി മാറേണ്ടതുണ്ട്. ആന്തരികമായ ഐക്യം തന്നെയാണ് അതിന്റെ പ്രഥമവും പരമപ്രധാനവുമായ സ്രോതസ്സ്. മത കാര്യങ്ങളില്‍ വിഘടിച്ച് നില്‍ക്കുന്ന മുസ്‌ലിം സംഘടനകള്‍ പരസ്‌പര സൗഹൃദ വലയങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പാശ്ചാത്യ സമൂഹം ചെയ്‌തത് പോലെ മേല്‍ക്കോയ്‌മ നേടുന്നതോ മറ്റോ ലക്ഷ്യമായി കണക്കാക്കുന്നതിനെയല്ല, കാലാന്തരങ്ങളില്‍ വിസ്‌മൃതി പൂണ്ട സ്വത്വബോധത്തിലേക്കുള്ള തിരിഞ്ഞു നടത്തത്തെയായിരിക്കണം ആ മുന്നേറ്റം പ്രതിനിധാനം ചെയ്യേണ്ടത്.
അത്തരത്തില്‍, തികഞ്ഞ മൂല്യബോധവും ദൈവഭയവുമുള്ള മുസ്‍ലിം ഭരണാധികാരികള്‍ ഒന്നിച്ച് ചേര്‍ന്ന് ശക്തമായ രാഷ്ട്രീയശക്തിയായി തിരിച്ചുവരുന്നതിലൂടെ മാത്രമേ, സമാധാനപൂര്‍ണ്ണമായ ഒരു ലോകത്തിന്റെ പുനസൃഷ്ടി സാധ്യമാവൂ. അവിടെ എല്ലാ മതക്കാരും സ്വതന്ത്രരും സംതൃപ്തരുമായിരിക്കും. എല്ലാവര്‍ക്കും അവരുടേതായ ബാധ്യതകള്‍ക്കൊപ്പം ചോദിക്കുക പോലും ചെയ്യാതെ തന്നെ ലഭ്യമാവുന്ന അവകാശങ്ങളുമുണ്ടാവും. പ്രവാചകര്‍ (സ്വ) തുടക്കം കുറിച്ച് ഖലീഫമാരിലൂടെയും നൂറുദ്ദീന്‍ സങ്കി, സ്വലാഹുദ്ദീന്‍ അയ്യൂബി അടക്കമുള്ള യഥാര്‍ത്ഥ മുസ്‍ലിം ഭരണാധികാരികളിലൂടെ തുടര്‍ന്ന് തുര്‍കി ഖിലാഫതിന്റെ സുമോഹന നാളുകള്‍ വരെ ചരിത്രത്തില്‍ നമുക്ക് കാണാനായ ആ മൂല്യാധിഷ്ഠിത ശക്തിയാണ് തിരിച്ച് വരേണ്ടത്. എങ്കില്‍ ലോകം സമാധാനപൂര്‍ണ്ണമായ ഒരു പൂവാടിയായി മാറും, തീര്‍ച്ച.
▬▬▬▬▬▬▬▬▬▬▬▬
For daily updates join Islamonweb Whatsapp Group:
Leave A Comment