ഇസ്റാഈലിന് കടിഞ്ഞാണിട്ടേ മതിയാവൂ: അറബ്-ഇസ്‍ലാമിക് ഉച്ചകോടി

ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ചക്കെത്തിയ ഹമാസ് സംഘത്തിന് നേരെ ഇസ്റാഈല്‍ നടത്തിയ മനുഷ്യത്വരഹിതമായ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ ചേര്‍ന്ന അറബ്-ഇസ്‍ലാമിക് ഉച്ചകോടി സമാപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയ അക്രമണത്തില്‍ അംഗരാജ്യങ്ങളെല്ലാം ഖത്തറിനുള്ള പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും അറബ്-ഇസ്‍ലാമിക് രാജ്യങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് തറപ്പിച്ച് പറയുകയും ചെയ്തു. ആഗോളതലത്തിലുള്ള വിചാരണയില്ലായ്മയാണ് ഇസ്‍റാഈലിനെ അതിന്റെ ക്രൂരതകള്‍ തുടരാന്‍ ഊര്‍ജ്ജം നല്കുന്നതെന്നും അത് പ്രാദേശിക-ആഗോള സുരക്ഷക്ക് തന്നെ ഭീഷണിയാണെന്നും ഉച്ചകോടി അഭിപ്രായപ്പെട്ടു. മധ്യസ്ഥശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കുന്ന ഖത്തര്‍, ഈജിപ്ത്, അമേരിക്ക തുടങ്ങിയ രാഷ്ട്രങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും നല്കുകയും അവരുടെ ശ്രമങ്ങളെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു. അംഗരാജ്യങ്ങളെല്ലാം ചേര്‍ന്ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലെ മറ്റു പ്രധാനഭാഗങ്ങള്‍ ഇവയാണ്. 

1. ഇസ്‍റാഈല്‍ നടത്തി വരുന്ന വംശഹത്യയും ഭക്ഷണവും വെള്ളവും ചികില്‍സയും നിഷേധിക്കുന്ന ഉപരോധവും പ്രദേശത്തെ സമാധാനത്തിന് കനത്ത വെല്ലുവിളിയാണ്.

2. ഖത്തറിനെയും മറ്റേത് അറബ്-മുസ്‍ലിം രാജ്യത്തെയും വീണ്ടും അക്രമിച്ചേക്കാം എന്ന് ആവര്‍ത്തിച്ച് പറയുന്ന ഇസ്റാഈലിന്റെ ധാര്‍ഷ്ട്യത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു, അത്തരം അക്രമണം തടയാന്‍ ആവശ്യമായത് ലോകസമൂഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

3. പ്രാദേശിക സുരക്ഷക്കും സഹകരണത്തിനും വേണ്ടി അറബ് ലീഗ് പുറത്തിറക്കിയ സംയുക്ത പദ്ധതിയെ സ്വാഗതം ചെയ്യുകയും അത് നടപ്പിലാക്കാന്‍ ആവശ്യമായത് ചെയ്യാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും ആവശ്യപ്പെടുന്നു. അറബ് ഭൂമിയുടെ മേല്‍ ഇസ്റാഈല്‍ നടത്തിയ എല്ലാ അധിനിവേശങ്ങളും അവസാനിപ്പിക്കണമെന്നും 1967 ജൂണ്‍ നാലിലുള്ള അതിര്‍ത്തികള്‍ പ്രകാരം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എത്രയും വേഗം നിലവില്‍ വരുകയും പ്രദേശം ആണവായുധ വിമുക്തമാവുകയും ചെയ്യേണ്ടതുണ്ട്. 

4. ഫലസ്തീന്‍ ജനതയെ കുടിയൊഴിപ്പിക്കാനുള്ള ഇസ്റാഈലിന്റെ എല്ലാ ശ്രമങ്ങളെയും ശക്തമായി അപലപിക്കുകയും അവ എത്രയും വേഗം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്ന മുറക്ക് ഗസ്സയെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ എല്ലാവരും സാധ്യമാവും വിധം പങ്കാളികളാവേണ്ടതുണ്ട്.

5. ഇറാന്‍, ലബനാന്‍, സിറിയ അടക്കമുള്ള രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലും ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളുടെ മേലും ഇസ്റാഈല്‍ നടത്തുന്ന മനുഷ്യത്വരഹിതമായ അക്രമണങ്ങള്‍ അവസാനിപ്പിക്കാനും അവരുടെ ക്രൂരകൃത്യങ്ങള്‍ക്ക് വിചാരണചെയ്ത് കുറ്റം ചുമത്താനും ആഗോളഇടപെടലുകള്‍ അത്യന്താപേക്ഷിതമാണ്, അല്ലാത്ത പക്ഷം, അത് കനത്ത പ്രത്യാഘാതങ്ങളുണ്ടാക്ക് വഴിവെക്കും.

6. ഐക്യരാഷ്ട്ര സഭയുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന ഇസ്റാഈല്‍, സഭയില്‍ തുടരുന്നത് ഉചിതമല്ല. ഇസ്റാഈലിന്റെ അംഗത്വം പിന്‍വലിക്കാന്‍ അംഗരാഷ്ട്രങ്ങള്‍ നീക്കം നടത്തേണ്ടിയിരിക്കുന്നു.

7. ന്യൂയോര്‍ക് പ്രഖ്യാപനം എന്ന പേരില്‍ ഐക്യരാഷ്ട്രസഭ മുന്നോട്ട് വെച്ച, ദ്വിരാഷ്ടരപരിഹാര നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. 1967 ജൂണ്‍ നാല് പ്രകാരമുള്ള അതിര്‍ത്തികളോടെ, കിഴക്കന്‍ ഖുദ്സ് തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം എത്രയും വേഗം നിലവില്‍ വരേണ്ടതുണ്ട്. ഇതിനായി, ഫ്രാന്‍സിന്റെയും സൗദി അറേബ്യയുടെയും നേതൃത്വത്തില്‍ സെപ്റ്റംബര്‍ 22ന് ന്യൂയോര്‍കില്‍ നടക്കാനിരിക്കുന്ന ദ്വിരാഷ്ട്രപരിഹാര സമ്മേളനത്തെ യോഗം സ്വാഗതം ചെയ്യുന്നു.

8. 2013 മാര്‍ച്ച് 31ന്, ഫലസ്തീന്‍ നേതാവ് മഹ്മൂദ് അബ്ബാസും ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും ചേര്‍ന്ന് അംഗീകരിച്ച് ഒപ്പ് വെച്ച, ഖുദ്സിലെ മുഴുവന്‍ വിശുദ്ധ സ്ഥലങ്ങളെയും കുറിച്ചുള്ള ധാരണാപത്രത്തിന് യോഗം പൂര്‍ണ്ണ പിന്തുണ നല്കുന്നു. അത് പ്രകാരം, ഒരു ലക്ഷത്തിനാല്പത്തിനാലായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മസ്ജിദുല്‍അഖ്സയും ഖുദ്സും അടങ്ങുന്ന മുഴുവന്‍ പ്രദേശവും മുസ്‍ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട ആരാധനാസ്ഥലമായിരിക്കും. അതിന്റെ പൂര്‍ണ്ണമായ നിയന്ത്രണം ജോര്‍ദ്ദാന്‍ മതകാര്യമന്ത്രാലയത്തിനായിരിക്കും.

9. ഫലസ്തീന്‍ പ്രശ്നവും ഫലസ്തീനികള്‍ നേരിടുന്ന അവകാശ ലംഘനങ്ങളും മാറ്റി വെച്ച്, പ്രദേശത്ത് ഒരിക്കലും സമാധാനം സാധ്യമല്ല. മറിച്ച്, അറബ് രാഷ്ട്ര മൂല്യങ്ങളും ആഗോള നിയമങ്ങളും മുറുകെ പിടിച്ചേ അത് സാധ്യമാവൂ. ആയതിനാല്‍, ഇസ്റാഈലിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കാന്‍, കൃത്യമായ സമയം നിശ്ചയിച്ച് സത്വര നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിനോട് ആവശ്യപ്പെടുന്നു.

10. 2024 നവംബര്‍ 21ന്, യുദ്ധ കുറ്റവാളികള്‍ക്കെതിരെ അന്തര്‍ദേശീയ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടും നിയമനടപടികളും നടപ്പിലാക്കാന്‍ അംഗരാജ്യങ്ങളെല്ലാം ആവശ്യമായ എല്ലാ ശ്രമങ്ങളും നീക്കങ്ങളും നടത്തേണ്ടതാണ്. ഗസ്സയിലെ വംശഹത്യ തടയുന്നതിനും അതിന് കാരണക്കാരാവയവരെ ശിക്ഷിക്കുന്നതിനും, 2024 ജനുവരി 26ന് ആഗോള നീതിന്യായ കോടതി പുറപ്പെടുവിച്ച വിധി പ്രകാരം ഇസ്റാഈല്‍ ആ വിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിയമപരവും നയതന്ത്രപരവുമായ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അംഗരാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നു.

മേല്‍പറഞ്ഞ വിധം ശക്തമായ ആവശ്യങ്ങളോടെയാണ് ഉച്ചകോടി സമാപിച്ചത്. പ്രസ്താവനയില്‍ പറയപ്പെട്ട, 1967ലെ അതിര്‍ത്തികള്‍ പ്രകാരമുള്ള ദ്വിരാഷ്ട്രപരിഹാരത്തെ ടുണീഷ്യയും ഇറാഖും അംഗീകരിച്ചില്ല. ഇസ്റാഈലിനെ ഒരു രാഷ്ട്രമായി ഒരിക്കലും അംഗീകരിക്കേണ്ടതില്ലെന്നും ഫലസ്തീന്‍ ഭൂമിയിലെ പൂര്‍ണ്ണാവകാശം ഫലസ്തീനികള്‍ക്ക് മാത്രമാണെന്നുമുള്ള, കാലങ്ങളായുള്ള അവരുടെ നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ച് നില്ക്കുന്നതായും അവര്‍ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter