നബി വചനങ്ങളിലെ ജവാമിഉൽ കലിം

സർവ്വ സൃഷ്ടികളേക്കാൾ ശ്രേഷ്ഠനായ മുഹമ്മദ്‌ നബി(സ്വ)യെ മറ്റു പ്രവാചകന്മാരിൽ നിന്നും വിഭിന്നമായി അല്ലാഹു ആറ് സവിശേഷതകൾ നൽകി അനുഗ്രഹിച്ചിട്ടുണ്ട്. ഈ സവിശേഷതകളെ നബി(സ്വ) തന്നെ വിവരിക്കുന്നുണ്ട്, “മറ്റു നബിമാരേക്കാൾ 6 കാര്യങ്ങൾ കൊണ്ട് എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു, എനിക്ക് ജവാമിഉൽ കലിം നൽകപ്പെട്ടിരിക്കുന്നു, ശത്രുക്കളിൽ എന്നെക്കുറിച്ച് ഭയം സൃഷ്ടിച്ച് സഹായിക്കപ്പെട്ടിരിക്കുന്നു. എനിക്ക് ഗനീമത്തുകൾ അനുവദനീയമാക്കപ്പെട്ടിരിക്കുന്നു. ഭൂമി മുഴുവന്‍ ശുദ്ധവും നിസ്കരിക്കാന്‍ പര്യപ്തവുമാക്കിയിരുന്നു, എന്റെ നിയോഗമാവട്ടെ സർവ്വ സൃഷ്ടിക്കളിലേക്കുമാണ്. എന്റെ നിയോഗത്തോടെ പ്രവാചകന്മാരുടെ നിര അവസാനിക്കുകയും ചെയ്തു". 

സുദീർഘവും വിശാലവുമായ അർത്ഥ തലങ്ങളെ ഹ്രസ്വമായ വാക്കുകളിൽ അവതരിപ്പിക്കുന്നതിനാണ് ജവാമിഉൽ കലിം എന്ന് പറയപ്പെടുന്നത്. ഇത് നബി (സ) യുടെ ഒരു മുഅ്ജിസത് ആയാണ് എണ്ണപ്പെടുന്നത്. ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ അംറുബ് നുൽ ആസ് (റ) പറയുന്നു, ഒരു ദിവസം നബി (സ) ഞങ്ങളിലേക്ക് യാത്ര പറയുന്നോരാളെപ്പോലെ കടന്നു വന്നു. എന്നിട്ട് പറഞ്ഞു, 'ഞാൻ നിരക്ഷരനായ പ്രവാചകൻ മുഹമ്മദാണ്, (മൂന്ന് പ്രാവശ്യം ഇതാവർത്തിച്ചു), എനിക്ക് ശേഷം ഒരു നബി വരാനില്ല, വാക്കുകളുടെ ആദ്യാന്ത്യങ്ങളും ജവാമിഉൽ കലിമും എനിക്ക് നല്കപ്പെട്ടിരിക്കുന്നു'. 

നബി തിരുമേനിയുടെ നിരവധി ഹദീസുകൾ ഇത്തരുണത്തിൽ ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയ പ്രപഞ്ചം ഉൾകൊള്ളുന്നവയാണ്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസിൽ സുഫ്‍യാൻ അൽ സഖഫി എന്ന സ്വഹാബിക്ക് നബി(സ്വ) നൽകിയ ഉത്തരം ജവാമിഉൽ കലിമിന്റെ ഉത്തമോദാഹരണമായി കണക്കാക്കാം. അദ്ദേഹം നബി (സ്വ)യോട് ചോദിച്ചു, 'മറ്റൊരാളാടും ഇനി ചോദിക്കേണ്ടി വരാത്ത രീതിയിൽ എനിക്ക് ഇസ്‌ലാമിനെക്കുറിച്ച് പറഞ്ഞു തരാമോ റസൂലേ? നബി (സ്വ) പ്രതിവചിച്ചു, ഖുൽ ആമൻതു ബില്ലാഹി സുമ്മ ഇസ്തഖിം. 

മറ്റൊരാളോടും ഇനി ചോദിക്കേണ്ടാത്ത വിധം സമഗ്രമായ ഒരുത്തരം വേണമെന്ന് അഭ്യർത്ഥിച്ചിട്ടും നബി കരീം (സ്വ) ആകെ അഞ്ച് വാക്കുകൾ ആണ്‌ മറുപടിയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ വാക്കുകളുടെ ആശയം സമുദ്ര സമാനമാണ്; നീ പറയുക (ഖുൽ), അല്ലാഹുവിൽ ഞാൻ വിശ്വസിച്ചു (ആമൻതു ബില്ലാഹി), പിന്നെ ഋജുവായ മാർഗ്ഗത്തിൽ ജീവിക്കുക (സുമ്മ ഇസ്തഖിം) എന്നീ അഞ്ച് വാക്കുകളിൽ ഇസ്‌ലാമിക വിശ്വാസത്തിന്റെ മൂന്ന് ഘടകങ്ങളെയും നബി (സ) ഉൾപ്പെടുത്തിയതായി കാണാം. അല്ലാഹുവിൽ വിശ്വസിക്കുക എന്നത് ഹൃദയത്തിൽ കൊണ്ട് വരേണ്ട വിശ്വാസ കാര്യങ്ങളെയും അത് പറയുക എന്നത് നാവു കൊണ്ടുള്ള പ്രവൃത്തികളെയും സത്യ മാർഗത്തിൽ ജീവിക്കുക എന്നത് ശരീരം കൊണ്ട് ചെയ്യേണ്ട പ്രവർത്തനങ്ങളെയുമാണ് അർത്ഥമാക്കുന്നത്. വിശ്വാസം, വാക്കുകൾ പ്രവൃത്തികൾ എന്നിവയിലെല്ലാം നന്മ സ്വീകരിക്കാനും തിന്മയിൽ നിന്ന് വിട്ടു നിൽക്കാനും ഈ നബി വചനം നമ്മെ ഉൽബുദ്ധരാക്കുന്നു. 

വിശ്വാസ കാര്യങ്ങളെ ആദ്യവും ശരീരം കൊണ്ടുള്ള പ്രവൃത്തികളെ പിന്നീടും (സുമ്മ എന്ന വാക്ക് പിന്നീട് ചെയ്യുക എന്നാണ്‌ അർത്ഥം) പറഞ്ഞത് വഴി വിശ്വാസം ഹൃദയത്തിൽ ഉറപ്പിച്ച് നാവ് കൊണ്ട് ഉച്ചരിച്ചതിന് ശേഷം ചെയ്യുന്ന പ്രവൃത്തികൾക്ക് മാത്രമേ ഇസ്‌ലാമിൽ പ്രാധാന്യമുള്ളൂവെന്നും വിശ്വാസമില്ലാതെയുള്ള നന്മകൾക്ക്  അല്ലാഹുവിങ്കൽ യാതൊരു സ്ഥാനവുമില്ലെന്നും കൂടി ഹദീസിൽ നിന്ന് ഗ്രഹിക്കാനാവും. സമാനമായ അർത്ഥ തലത്തിലുള്ള പരിശുദ്ധ ഖുർആനിലെ ഒരു ആയത്തും നമുക്ക് കാണാം. ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുകയും പിന്നീട്‌ ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക്‌ യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല (അഹ്ഖാഫ് 13). 

ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ തമീം ബിൻ ഔസ് ദാരിയിൽ നിന്ന് നിവേദനം ചെയ്ത ഗുണകാംക്ഷയെകുറിച്ചുള്ള ഹദീസ് ജവാമിഉൽ കലിമിന്റെ സുന്ദരമായ ഉദാഹരണമാണ്. സ്വാഹാബികളോടായി നബി (സ്വ) പറഞ്ഞു, ദീൻ ഗുണകാംക്ഷയാണ്, ഞങ്ങൾ ചോദിച്ചു, 'ആരോടൊക്കെ? റസൂൽ (സ്വ) പറഞ്ഞു, അല്ലാഹുവിനോട്, അവന്റെ റസൂലിനോട്, മുസ്‌ലിം നേതൃത്വത്തോട്, അവരിലെ സാധാരണക്കാരോടും“. 

മുകളിൽ പ്രസ്താവിച്ച ഹദീസ് പോലെ ഇസ്‌ലാമിലെ മുഴുവൻ കാര്യങ്ങളെയും ഉൾകൊള്ളിക്കുന്നുണ്ട് ആറ് വാക്കുകൾ അടങ്ങിയ ഈ ഹദീസ്. ഏറ്റവും പ്രധാനപ്പെട്ട 42 ഹദീസുകൾ സമാഹരിച്ച് ഇമാം നവവി (റ) രചിച്ച മത്‍നുൽ അർബഈനിൽ ഈ ഹദീസ് ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. മത്നുൽ അർബഈന്  താൻ രചിച്ച ശറഹിൽ ഇബ്നു ദഖീഖിൽ ഈദ് (റ) ഈ ഹദീസിന്റെ വിശദീകരണത്തിൽ ഖതാബിയെ ഉദ്ധരിക്കുന്നുണ്ട്, അദ്ദേഹം പറയുന്നു,

'അല്ലാഹുവിനോടുള്ള ഗുണകാംക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവനിൽ വിശ്വസിക്കലും ആരാധനയിൽ പങ്കുകാരെ ചേർക്കാതിരിക്കലും അവൻ കൽപ്പിച്ചത് അനുസരിക്കലും വിരോധിച്ചതിൽ നിന്ന് വിട്ടുനിൽക്കലും അവനിൽ സ്നേഹിക്കലും അതേ കാരണത്താൽ ദേഷ്യം വെക്കലും അവൻ ചെയ്ത് തന്ന അനുഗ്രഹങ്ങളിൽ നന്ദി ചെയ്യലുമാണ്. ഖുർആനിനോടുള്ള ഗുണകാംക്ഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഖുർആൻ അല്ലാഹുവിന്റെ കലാം ആണെന്നും അതുപോലൊന്ന് കൊണ്ടുവരാൻ ഒരു സൃഷ്ടിക്കും സാധ്യമല്ലെന്നും വിശ്വസിക്കലും ശരിയായ രീതിയിൽ അത് പാരായണം ചെയ്യലും ആ നിയമങ്ങൾ അനുസരിച്ച് ജീവിക്കലും അതിലെ അത്ഭുതങ്ങളെ കുറിച്ച് ചിന്തിക്കലും അതിന്റെ ആശയങ്ങളിലേക്ക് ആളുകളെ ക്ഷണിക്കലുമാണ്. അല്ലാഹുവിന്റെ റസൂലിനോടുള്ള ഗുണകാംക്ഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത് സത്യസന്ദേശത്തിലും നബി തങ്ങൾ  കൽപ്പിച്ചതിലും വിശ്വസിക്കലാണ്. ജീവിച്ചിരുന്നപ്പോഴും ശേഷവും നബിയെ സഹായിക്കുക, നബിയുടെ ശത്രുക്കളോട് ശത്രുത പുലർത്തുക, സഹായികളോട് സ്നേഹം പുലർത്തുക, നബിയുടെ മഹത്വം വാഴ്ത്തുക, നബി തങ്ങൾ ജീവിച്ചു കാണിച്ച മാർഗം സ്വജീവിതത്തിൽ പുലർത്തുക, അത് മറ്റുള്ളവരിലേക്ക് പ്രബോധനം ചെയ്യുക, സമാർഗ്ഗത്തെക്കുറിച്ച് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക, അത് അറിയുന്നവരെ ബഹുമാനിക്കുക, നബിയുടെ സ്വഭാവ വിശേഷണങ്ങൾ അനുകരിക്കുക, നബിയുടെ അഹ്‍ലു ബൈത്തിനെയും സ്വഹാബിമാരെയും ഇഷ്ടപ്പെടുക, അവരോട് ശത്രുത പുലർത്തുന്നവരെ വെറുക്കുക എന്നിവയെല്ലാം ഈ ഗുണക്ഷയുടെ ഭാഗമായി വരുന്നതാണ്. 

മുസ്‌ലിം നേതൃത്വത്തോടുള്ള ഗുണകാംക്ഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്, സത്യ മാർഗത്തിൽ അവരെ അനുസരിക്കലും അതേ മാർഗ്ഗത്തിൽ മുന്നോട്ടുപോകാൻ അവരെ ഓർമ്മിപ്പിക്കലും അവരെ അനുസരിക്കാൻ ആളുകളെ പ്രേരിപ്പിക്കലും അവരോടൊപ്പം യുദ്ധം ചെയ്യലും അവർക്ക് നന്മ വരാൻ ദുആ ചെയ്യലുമാണ്. അവസാനമായുള്ളത് മുസ്‌ലിം പൊതു ജനങ്ങളോടുള്ള ഗുണകാംക്ഷയാണ്. ഐഹികവും പാരത്രികവുമായ നന്മയിലേക്ക് അവരെ നയിക്കൽ, അതിനവരെ സഹായിക്കൽ, അവരുടെ രഹസ്യങ്ങൾ മറച്ചു വെക്കൽ, അവരെ തൊട്ട് ബുദ്ധിമുട്ടുകൾ അകറ്റിനിർത്തൽ, അവർക്ക് ഉപകാരം ചെയ്തു നൽകൽ, നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മകളെ തൊട്ട് നിരോധിക്കുകയും ചെയ്യൽ, അവരുടെ സമ്പത്തും അഭിമാനവും സംരക്ഷിക്കൽ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ കടന്നുവരുന്നതാണ്. ഈ ഗുണകാംക്ഷ ഒരു ഫർള് കിഫായയാണ്. അത് വേണ്ട വിധം ഒരാൾ ചെയ്താൽ മറ്റുള്ളവർ ഉത്തരവാദിത്തത്തിൽ നിന്ന് മോചിതരാകും. 

കുറഞ്ഞ വാക്കുകൾ വഴി വിശാലർത്ഥം നൽകുന്ന ഹദീസിന് ഉദാഹരണമാണ്‌ അബൂഹുറൈറ (റ) ൽ നിന്ന് ഇമാം തിർമിദി (റ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസ്, നബി (സ്വ) പറഞ്ഞു, "ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്ന് മാറി നിൽക്കൽ ഒരു വ്യക്തിയുടെ ഇസ്‌ലാമിന് ചാരുത നൽകുന്ന കാര്യത്തിൽ പെട്ടതാണ്". ഇസ്‌ലാമിന്റെ അടിക്കല്ലുകളെന്നു വിശേഷിപ്പിച്ച നാല് ഹദീസുകളിലൊന്നായി ഇമാം നവവി (റ) ഈ ഹദീസിനെ ഉൾപ്പെടുത്തുന്നുണ്ട്. മത്‍നുൽ അർബാഈന് താൻ രചിച്ച ശറഹായ കിതാബ് ഫത്ഹുൽ മുബീനിൽ ഇമാം ഇബ്ൻ ഹജർ അൽ ഹൈതമി റ പറയുന്നു, 'ഈ ഹദീസ് ഇസ്‌ലാമിന്റെ നാലിൽ ഒന്നാണെന്നാണ് ഇമാം അബൂ ദാവൂദ് (റ) പറയുന്നത്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഇത് ഇസ്‌ലാമിന്റെ നേർ പകുതിയാണ്, അല്ല ഇസ്‌ലാം മുഴുവനും ഇതിൽ ഉൾകൊള്ളുന്നുണ്ട്. ഒരാളുടെ ഐഹിക ലോകത്തെ ആവശ്യം എന്നത് കൊണ്ടുദ്ദേശിക്കുന്നത് വിശപ്പിന് ഭക്ഷണവും ദാഹമകറ്റാൻ പാനീയവും ശരീരം മറക്കാൻ വസ്ത്രവും ചാരിത്ര്യ ശുദ്ധിക്കായി വിവാഹവുമാണ്. പാരത്രിക ലോകത്തെ ആവശ്യം എന്നത് കൊണ്ടർത്ഥമാക്കുന്നതാകട്ടെ ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളും ആറ് ഈമാൻ കാര്യങ്ങളും അല്ലാഹു നമ്മെ കാണുന്നുണ്ടെന്ന ബോധ്യത്തിൽ കർമ്മങ്ങൾ ചെയ്യുന്നതിന്റെ ഹൃദയ ശുദ്ദിയെ സൂചിപ്പിക്കുന്ന ഇഹ്‌സാനുമാണ്. ഇതല്ലാത്ത മറ്റു കാര്യങ്ങളൊക്കെ ഉപേക്ഷിക്കുന്നത് വഴി ഒരു മുസ്‌ലിം സകല ആപത്തുകളിൽ നിന്നും ശറുകളിൽ നിന്നും രക്ഷ നേടും. തർക്കങ്ങൾ, സ്ഥാനമാനത്തിനും പ്രശംസക്കും അമിത സമ്പത്തിനും വേണ്ടിയുള്ള അലച്ചിൽ എന്നിവയിൽ നിന്നെല്ലാം അകലം പാലിക്കാൻ അവന് സാധിക്കും. കാരണം അവയെല്ലാം അമൂല്യമായ സമയത്തെ പാഴാക്കിക്കളയുന്നതാണ്. 

ഇതേ ഗണത്തിൽ പെട്ട മറ്റൊന്നാണ് ഇബ്ൻ ഉമർ (റ) ൽ നിന്നും ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന ഹദീസ്. ഇബ്ൻ ഉമർ (റ) പറയുന്നു, നബി (സ്വ) എന്റെ ചുമലിൽ പിടിച്ച് കൊണ്ട് പറഞ്ഞു, 'ഇഹലോകത്ത് നീ ഒരു വിദേശിയെയോ ഒരു വഴിയാത്രക്കാരനെപ്പോലെയോ ആണ്‌  വർത്തിക്കേണ്ടത്'. സകല നന്മകളെയും ഉൾകൊള്ളിക്കുന്ന ഹദീസാണിതെന്നാണ് അൽ മജാലിസു സ്സനിയ്യാ എന്ന തന്റെ ഗ്രന്ഥത്തിൽ അഹ്മദ് ഫശ്നി ഇതേക്കുറിച്ചു പറഞ്ഞത്. സകല നന്മകളും ഉപദേശങ്ങളും സാരംശങ്ങളും ഈ ഹദീസിൽ ഉൾക്കൊണ്ടിട്ടുണ്ടെന്നാണ് ഇബ്ൻ ഹജർ അൽ ഹൈതമി (റ) പ്രസ്താവിച്ചിട്ടുള്ളത്. ഫത്ഹുൽ ബാരിയിൽ ഇബ്ൻ ഹജർ അസ്ഖ‌ലാനി (റ) പറയുന്നു, ഹദീസിൽ നബി (സ്വ) സത്യമാർഗത്തിൽ പ്രവേശിച്ചവരെ ആദ്യം വിദേശിയോട് ഉപമിച്ചു. ഒരു നാട്ടിൽ സ്ഥിരതാമസമാക്കാത്ത വ്യക്തിക്ക് ആ നാട്ടിൽ സ്ഥിര വീടുണ്ടാകില്ല. വിദേശി എന്ന് പറഞ്ഞതിന് തൊട്ട് ശേഷം അല്ലെങ്കിൽ വഴി യാത്രക്കാരൻ എന്ന് കൂടി കൂട്ടിച്ചേർത്തതിന് കാരണം വിദേശിയാണെങ്കിലും ഒരാൾക്ക് മറു നാട്ടിൽ ഒരു താമസസ്ഥലം ഉണ്ടായേക്കാം എന്നാൽ വഴി യാത്രക്കാരന് അതുണ്ടാവില്ല, വഴി നിറയെ പ്രതിസന്ധികളും കൊള്ളക്കാരുമുണ്ടാകും. അതിനാൽ ഒരു നിമിഷം പോലും അയാൾ ആ നാട്ടിൽ താമസിക്കില്ല. ഈ രണ്ട് ഉപമകൾ കൊണ്ട്  ഒരു സത്യവിശ്വാസി ഇഹലോകത്ത് എങ്ങനെ ജീവിക്കണം എന്നത് തന്റെ അനുയായികൾക്ക് വരച്ചുകാട്ടാൻ നബി കരീം (സ്വ) ക്ക് സാധിച്ചു.

ജവാമിഉൽ കലിം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ‌ നന്മ തിന്മയെക്കുറിച്ച് ഇമാം മുസ്‌ലിം നുവാസ് ബിൻ സംആൻ അൽ അൻസാരി യിൽ നിന്നു റിപ്പോർട്ട്‌ ചെയ്ത ഹദീസ്. ഞാൻ നബി (സ്വ) യോട് ചോദിച്ചു, 'എന്താണ് നന്മയും തിന്മയും? നബി (സ്വ) പറഞ്ഞു, നന്മ എന്നാൽ സൽസ്വഭാവമാണ്, അതേസമയം നിനക്ക് മനസ്സാക്ഷിക്കുത്ത് സൃഷ്ടിക്കുന്ന  കാര്യത്തെയാണ് തിന്മ എന്ന് പറയുന്നത്. ആളുകൾ അത് അറിയുന്നത് നീ വെറുക്കുകയും ചെയ്യും. ഇവിടെ നന്മ എന്ന അർത്ഥം വരുന്ന ‘ബിർ‘ എന്ന വാക്കിൽ കുടുംബ ബന്ധം പുലർത്തൽ, ദയ, നല്ല പെരുമാറ്റം, ഉൽകൃഷ്ടമായ സഹവാസം എന്നിവയെല്ലാം ഉൾപ്പെടുമെന്ന പണ്ഡിതരുടെ അഭിപ്രായം ഇമാം നവവി ശറഹ് സ്വഹീഹ് മുസ്‌ലിമിൽ ഉദ്ധരിക്കുന്നുണ്ട്. ഇമാം ഇബ്നു ഹജർ അൽ ഹൈതമി മത്നുൽ അർബഈന് താൻ രചിച്ച ശറഹായ ഫത്ൽഹു മുബീനിൽ പറയുന്നു, "ഈ ഹദീസ് നബി (സ്വ) യുടെ ജവാമിഉൽകലിമിന്റെ ഉദാഹരണങ്ങളിൽ പെട്ടതാണ്. കാരണം ബിറ് എന്ന വാക്ക് സർവ്വ നല്ല കാര്യങ്ങളെയും നന്മയാർന്ന പ്രവർത്തനങ്ങളെയും ഉൾക്കൊള്ളിക്കുന്നതാണ്. ഇഥ്മ് എന്ന വാക്കിന്റെ ഉള്ളടക്കമാവട്ടെ സർവ്വ തിന്മകളും മോശമായ  പ്രവർത്തനങ്ങളുമാണ്. ഇക്കാരണം കൊണ്ടാണ് നബി കരീം (സ്വ) ഇരു വാക്കുകളെയും നേർ വപരീതമായി ഉപയോഗിച്ചത്. 

ഇബ്ൻ ഹജർ അൽ അസഖലാനി (റ) യുടെ ബുലൂഗുല്‍മറാം എന്ന ഗ്രന്ഥത്തിന് ശറഹായി താൻ രചിച്ച സുബുലുസ്സലാമിൽ സൻആനി(റ) പറയുന്നു, ഒരു കാര്യം ചെയ്യുന്നതിൽ അല്ലാഹുവിൽ നിന്നോ സൃഷ്ടികളിൽ നിന്നോയുള്ള ആക്ഷേപം ഹൃദയത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും മനസ്സിൽ സമാധാനം ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അത് തിന്മയായി മാറുന്നു. ‌'നിനക്ക് സംശയമുള്ളതിനെ ഒഴിവാക്കി സംശയമില്ലാത്തതിനെ തെരെഞ്ഞെടുക്കുക' എന്ന ഇതേ അർത്ഥത്തിൽ തന്നെ വരുന്ന മറ്റൊരു ഹദീസ് അദ്ദേഹം ഇവിടെ കൂട്ടിച്ചേർക്കുന്നുണ്ട്. 

സമാനർത്ഥമുള്ള വാബിസ (റ) ൽ നിന്ന് ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ അല്പം കൂടി വിശദീകരണം നൽകുന്നുണ്ട് പുണ്യ നബി (സ്വ). നന്മ തിന്മകളിൽ നിന്ന് ഒന്നും മനസ്സിലാവാതെ പോകരുതെന്ന നിർബന്ധ ബുദ്ധിയുമായി പ്രവാചകരെ സമീപിച്ച വാബിസ (റ) നോട് നബി തന്റെ അരികിലേക്ക് ഇരിക്കാൻ പറഞ്ഞു, തന്റെ കാൽമുട്ടുകൾ അദ്ദേഹത്തോട് ചേർത്ത് വെച്ച് "നിങ്ങളാണോ നന്മ തിന്മയെ കുറിച്ച് അന്വേഷിക്കുന്നയാൾ? എന്ന് ചോദിച്ചുകൊണ്ട് തന്റെ 3 വിരലുകൾ കൊണ്ട് എന്റെ നെഞ്ചിൽ വരച്ചുകൊണ്ടു പറഞ്ഞു, 'നിന്റെ ഹൃദയത്തോട് ആദ്യം അന്വേഷിക്കുക, കാരണം നന്മ ഹൃദയത്തിന് ശാന്തി നൽകുന്നതാണ്. തിന്മയാവട്ടെ ഹൃദയത്തെ അസ്വസ്ഥപ്പെടുത്തുന്നതും, ആരൊക്കെ അനുകൂലമായി നിന്നോട് പറഞ്ഞാലും'. 

പരിശുദ്ധ ഇസ്‌ലാം പ്രോത്സാഹിപ്പിച്ച നന്മകളെയും നിരാകരിച്ച സർവ്വ തിന്മകളെയും പറയാൻ തുനിഞ്ഞാൽ ആ സംഭാഷണം ഏറെ നീണ്ടു പോകും. പുണ്യ നബിയുടെ 23 വർഷത്തെ സ്വഹാബികളോടൊത്തുള്ള സഹവാസം തന്നെ നന്മ തിന്മകളെ തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുകയായിരുന്നല്ലോ. എന്നാൽ നന്മ തിന്മകളെ കുറഞ്ഞ വാക്കുകളിലാണ് മേൽ പ്രസ്താവിക്കപ്പെട്ട ഹദീസുകളിൽ അവതരിപ്പിച്ചിട്ടുള്ളത്.

മേല്‍ ഉദാഹരണങ്ങളിലെല്ലാം കാണുന്നത് പോലെ, കുറഞ്ഞ വാക്കുകൾ കൊണ്ട് കൃത്യമായും സമഗ്രമായും മറുപടി പറയാൻ നബി(സ്വ)ക്ക് സാധിച്ചത് ജവാമിഉൽ കലിം എന്ന വിശിഷ്ടമായ മുഅജിസത്ത് കൊണ്ടാണ്. ആ പദസമുച്ചയങ്ങളുടെ വിശദീകരണങ്ങളും അര്‍ത്ഥവ്യാപ്തി അറിയിക്കുന്ന വ്യാഖ്യാന വൈവിധ്യങ്ങളും ഇന്നും മുസ്‍ലിം ലോകത്ത് തുടരുക തന്നെയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter