റബീഅ് - ഹൃദയ വസന്തം 11. ഇടപഴകിയവര്‍ക്കെല്ലാം നല്ലത് മാത്രമേ പറയാനുള്ളൂ..
തീര്‍ച്ചയായും താങ്കള്‍ അതിമഹത്തായ സ്വാഭാവഗുണത്തിന്മേലാണ്, സൂറതുല്‍ ഖലമിലെ നാലാം സൂക്തം പ്രവാചകരുടെ സ്വഭാവ ഗുണത്തെ പ്രകീര്‍ത്തിക്കുന്നതാണ്. പ്രപഞ്ചനാഥന്റെ സാക്ഷ്യപത്രമാണ് ഇത്. പ്രവാചകരോട് സഹവസിച്ചവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നതും ഇത് തന്നെയാണ്.
പ്രവാചകത്വത്തിന് മുമ്പ് തന്നെ, സത്യസന്ധന്‍ എന്ന് അര്‍ത്ഥം വരുന്ന അല്‍അമീന്‍ എന്ന പേരിലായിരുന്നു നാട്ടുകാര്‍ക്കിടയില്‍ അവിടുന്ന് അറിയപ്പെട്ടിരുന്നത്. പ്രധാന പ്രശ്നങ്ങളിലെല്ലാം പരിഹാരത്തിനായി അവര്‍ ആ സന്നിധിയിലെത്തിയതും അത് കൊണ്ട് തന്നെ. നാല്‍പത് വര്‍ഷം അത്തരത്തില്‍ സത്യസന്ധമായി ജീവിച്ച ഒരു വ്യക്തി, പ്രപഞ്ച സ്രഷ്ടാവിന്റെ പേരില്‍ കളവ് പറയില്ലെന്നത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യമാവും.
പ്രവാചകത്വത്തിന് ശേഷവും, ഏകനായ അല്ലാഹു മാത്രമാണ് ആരാധ്യനെന്നും ഞാന്‍ അവന്റെ ദൂതനാണെന്നുമുള്ള വാദത്തെ മാത്രമാണ് പ്രതിയോഗികള്‍ പോലും കളവാക്കിയത്. പ്രവാചകരുടെ മറ്റു വാക്കുകളെയും പ്രവൃത്തികളെയും ഇടപാടുകളെയും അപ്പോഴും അവര്‍ അംഗീകരിക്കുന്നുമുണ്ടായിരുന്നു. പ്രവാചകരെ കുറിച്ച് നജാശി രാജാവ് ചോദിച്ച വേളയില്‍, അദ്ദേഹം സത്യസന്ധനാണ്, തെറ്റൊന്നും ചെയ്തതായി ഞങ്ങള്‍ക്കറിയില്ല എന്നത് അവരുടെ നേതാവ് സമ്മതിച്ചത് അതിന്റെ സാക്ഷ്യമാണ്.
ഇനി കൂടെ നിന്നവരുടെ പ്രതികരണങ്ങള്‍ നോക്കാം. വെളിപാടുണ്ടായി ഭയചകിതനായി വീട്ടിലെത്തി പുതപ്പിട്ട് കിടന്ന വേളയില്‍, പ്രിയ പത്നി ഖദീജ (റ) ആശ്വസിപ്പിക്കുന്നത്, സമൂഹത്തിന് ഇത്രമാത്രം ഉപകാരം ചെയ്യുന്ന, ബാധ്യതകളെല്ലാം യഥാവിധി നിറവേറ്റുന്ന താങ്കളെ അല്ലാഹു ഒരിക്കലും ജനങ്ങള്‍ക്കിടയില്‍ മാനം കെടുത്തുകയില്ലെന്ന് പറഞ്ഞായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തന്നെ അടുത്തറിഞ്ഞ, സങ്കടത്തിലും സന്തോഷത്തിലുമെല്ലാം കൂടെ നിന്ന, തന്റെ നല്ല പാതിയുടെ സാക്ഷ്യപത്രമായിരുന്നു അത്. അവിടുത്തെ സ്വഭാവം വിശുദ്ധ ഖുര്‍ആന്‍ തന്നെയായിരുന്നു എന്ന് പറയുന്നത് മറ്റൊരു പത്നി ആഇശ(റ)യാണ്. ആ പത്നീപഥത്തില്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം വന്ന പലരും സഹതാപം പ്രകടിപ്പിച്ചെങ്കിലും അവര്‍ക്ക് ആ പതിയെകുറിച്ച് നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
പ്രവാചകരുടെ അനുയായികളോരോരുത്തരും ആ നായകനെ കുറിച്ച് പറഞ്ഞത്, ഒരു തികഞ്ഞ മാതൃകാപുരുഷനാണെന്നതിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ മാത്രമായിരുന്നു. തന്നെയാണ് പ്രവാചകര്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്നായിരുന്നു അവരില്‍ ഓരോരുത്തരും കരുതിയിരുന്നത്. ഏറ്റവും നല്ല അധ്യാപകന്‍, ഏറ്റവും നല്ല ആതിഥേയന്‍, ഏറ്റവും നല്ല സൈനികകമാന്ഡര്‍, ഏറ്റവും നല്ല പിതാവ്, ഏറ്റവും നല്ല പിതാമഹന്‍, ഇങ്ങനെ നീണ്ട് നീണ്ട് പോവുന്നു ആ വര്‍ണ്ണനകള്‍. ജീവിതത്തിന്റെ ഏതെല്ലാം മേഖലകളാണോ അവിടുന്ന് സ്പര്‍ശിച്ചത് അവിടെയെല്ലാം സുകൃതപൂര്‍ണ്ണവും സുഗന്ധ പൂരിതവുമായ കൈയ്യൊപ്പുകള്‍ മാത്രം. ആലോചിക്കും തോറും അല്‍ഭുതാവഹം തന്നെയായിരുന്നു ആ സമ്പൂര്‍ണ്ണ വ്യക്തിത്വവും ജീവിതവും. അറിയാം നമുക്കാ വ്യക്തിത്വത്തെ... സ്നേഹിക്കാം ആ പ്രവാചകരെ...
Leave A Comment