കാപ്പിൽ ഉമർ മുസ്ലിയാര്‍: മതവിജ്ഞാനത്തിന് ഉഴിഞ്ഞിട്ട ജീവിതം

അധ്യാപനവും അധ്യയനവുമായി മതവിജ്ഞാനരംഗത്ത് മാത്രം സമയം ചെലവഴിച്ച മഹാനായിരുന്നു കാപ്പിൽ ഉമർ മുസ്‍ലിയാർ. 1937 ജൂലൈ 4ന് കുഞ്ഞിമുഹമ്മദ് ഹാജി-ഫാത്വിമ ദമ്പതികളുടെ പുത്രനായിട്ടാണ് ജനനം. കെ. എം. മുഹമ്മദ് മുസ്‍ലിയാരുടെ കാപ്പ് ദർസ്, കെ. പി. മുഹമ്മദ് മുസ്‍ലിയാരുടെ കൂരാട് ദർസ്, കെ. സി. ജമാലുദ്ദീൻ മുസ്‍ലിയാരുടെ കരുവാരക്കുണ്ടിലെയും പയ്യനാട്ടെയും ദർസുകൾ, ഒ.കെ ഉസ്താദിന്റെ ചാലിയം ദർസ് എന്നിവകളാണ് ആ പണ്ഡിത ശ്രേഷ്ഠനെ വാര്‍ത്തെടുത്തത്.

പഠന ശേഷം ദര്‍സ് രംഗത്തേക്ക് തിരിഞ്ഞ ഉമര്‍ മുസ്‍ലിയാര്‍ അനേകം സ്ഥലങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. ചെമ്പ്രശ്ശേരി(13 വർഷം), എ ആർ നഗറിലെ ചെങ്ങാനി (നാലര വർഷം), ആലത്തൂർപടി (ഒരു വർഷം), കോടങ്ങാട് (10 വർഷം), ദേശമംഗലം എം.ഐ.സി (നാലരവർഷം), പൊട്ടച്ചിറ അൻവരിയ്യ (15 വർഷം), വാണിയംകുളം ജാമിഅഃ റഹീമിയ്യ (മൂന്നുമാസം) എന്നിവിടങ്ങളിലെല്ലാം ആ വിജ്ഞാനപ്രസാരണം നടന്നിട്ടുണ്ട്. 

ഇൽമുൽ മൻതിഖും ഇൽമുൽ ഹിസാബും പുഷ്പം പോലെ കൈകകാര്യം ചെയ്ത ജ്ഞാനലോകത്തെ വിസ്മയം തന്നെയായിരുന്നു ശൈഖുനാ ഉമര്‍ മുസ്‍ലിയാര്‍. പ്രസ്തുത വിഷയങ്ങളെല്ലാം സരസവും സരളവുമായി പകർന്നു കൊടുക്കാനും അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. രിസാലയിൽ ശൈഖുനക്കുള്ള അവഗാഹം അംഗീകരിക്കപ്പെട്ടതാണ്. 'രിസാല ഉമർ മുസ്‍ലിയാർ' എന്ന് പോലും പണ്ഡിതര്‍ക്കിടയില്‍ ആ ഗ്രന്ഥം അറിയപ്പെട്ടിരുന്നു. കർമ്മശാസ്ത്രം, തർക്കശാസ്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ശൈഖുനക്കുണ്ടായിരുന്ന പാണ്ഡിത്യം തന്നെയാണ് ശൈഖുനയെ ഇതരരിൽ നിന്നും വ്യത്യസ്തരാക്കിയത്.

സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് കൂടെയുള്ളവരോട് പേടിയാവുന്നു എന്ന് പറഞ്ഞ വേളയില്‍ അവര്‍ കൗൺസിലിംഗ് ഡോക്ടറെ വിളിച്ചുവരുത്തി. ഡോക്ടർ ചോദിച്ചു: പേടിയാണോ? പേടി ഇല്ലാത്തവർ ആരാണ് ഉള്ളത് എന്നായിരുന്നു ഉസ്താദിന്റെ പ്രതിവചനം. വീണ്ടും ഡോക്ടർ ചോദിച്ചു, മരിക്കുന്നതിൽ പേടിയുണ്ടോ? എന്ന്. മരിക്കുന്നതിൽ പേടിച്ചിട്ട് എന്ത് കാര്യം? അത് അതിന്റെ സമയത്ത് നടക്കുമല്ലോ എന്ന് ഉസ്താദും. എങ്കില്‍ പിന്നെ എന്താണ് പ്രശ്നമെന്ന് ചോദിച്ച ഡോക്ടറോട് ഉസ്താദ് പറഞ്ഞത് ഇതായിരുന്നു. ഇവിടെ എനിക്കുചുറ്റും എന്നെ സഹായിക്കാൻ പലരുമുണ്ട്. ഞാൻ മരിച്ചാൽ ഖബറിൽ കൂടെയാരാണുണ്ടാവുക. ഡോക്ടറടക്കം കേട്ട് നിന്നവരെല്ലാം അല്‍ഭുതപ്പെട്ടുപോയി.

പാണ്ഡിത്യത്തിന്റെ ആകാശഗരിമയിലും വിനയത്തിന്റെ ഭൂമി തൊട്ട് തന്നെയായിരുന്നു അദ്ദേഹം നടന്നുനീങ്ങിയത്. സൂക്ഷ്മതയുടെ പര്യായമായിരുന്ന ശൈഖുന തന്റെ പ്രിയമകളുടെ ഭർത്താവിനോട് പറഞ്ഞ ഉപദേശങ്ങളിലൊന്ന് ഇങ്ങനെ കുറിക്കാം, ഞാൻ എന്റെ മകളെ ഇന്നേവരെ ഹലാലേ ഭക്ഷിപ്പിച്ചിട്ടുള്ളൂ, അത് നീയും ശ്രദ്ധിക്കണം.

മരിക്കും മുമ്പ് താന്‍ സേവനം ചെയ്ത അൻവരയ്യ അറബിക് കോളേജിലേക്ക് അമ്പതിനായിരം രൂപ സംഭാവന ചെയ്തു. കാരണം അന്വേഷിച്ചപ്പോള്‍, ഞാന്‍ അവിടുന്ന് ശമ്പളം പറ്റിയിട്ടുണ്ട്, ചിലപ്പോഴെങ്കിലും എനിക്ക് അതിനോട് നീതി പുലര്‍ത്താന്‍ കഴിയാതെ വന്നിട്ടുണ്ടാവാം. അത് കൊണ്ട്, അതിന്റെ പേരില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെടരുതെന്നായിരുന്നു ഉസ്താദിന്റെ മറുപടി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം, മലപ്പുറം-പാലക്കാട് ജില്ലാ മുശാവറ അംഗം, പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ, സമസ്ത പെരിന്തൽമണ്ണ താലൂക്ക് ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ അവിടുന്ന് അലങ്കരിച്ചവയാണ്. ഒരിക്കൽ ബുഖാരി ക്ലാസിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞെത്ര, ഞാൻ ചൊവ്വാഴ്ച്ചയായിരിക്കും മരിക്കുക. ആ വാക്കുകൾ അന്വർത്ഥമാക്കുന്നതായിരുന്നു ആ മരണവും. 

2017 ഒക്ടോബർ 02 ന്റെ (1439 മുഹറം) അസ്തമയ ശേഷം, ചൊവ്വാഴ്ച പ്രവേശിച്ച ശേഷമായിരുന്നു അത്. കാപ്പിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹത്തോടൊപ്പം സ്വര്‍ഗ്ഗലോകത്ത് സമ്മേളിക്കാന്‍ നാഥന്‍ നമുക്കും ഭാഗ്യം നല്കട്ടെ, ആമീന്‍.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter