കേരളീയ ദർസ് സംവിധാനം: ചരിത്രവും വര്‍ത്തമാനവും  ഭാഗം മൂന്ന്- ദർസ്, ഓത്തുപള്ളി സംവിധാനം; ഒരു ഭൗതിക അവലോകനം

ആദ്യകാലങ്ങളിൽ തന്നെ ദർസുകൾ ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിന്റെയും കോളേജ് തല വിദ്യാഭ്യാസത്തിന്റെയും ധർമ്മമാണ് നടത്തി പോന്നിരുന്നത്. സാധാരണയായി ജുമഅത്ത് പള്ളികളിലെ രണ്ടാമത്തെ നിലയാണ് ദർസിനു വേണ്ടിയും വിദ്യാർത്ഥികൾക്കുള്ള താമസത്തിനു വേണ്ടിയും ഉപയോഗിക്കാറുള്ളത്. ഒന്നോ ഒന്നിൽ കൂടുതലോ ഉസ്താദുമാർ ഓരോ ദർസിലും ഉണ്ടാകും. ഉസ്താദിന്റെ മുമ്പിൽ പടിഞ്ഞിരുന്ന് കിതാബുകൾ ഓതുന്ന രീതിയാണ് വിദ്യാർത്ഥികൾ പിന്തുടരുക. പുതിയ വിദ്യാർത്ഥികൾക്ക് മുതിർന്ന വിദ്യാർത്ഥികൾ ക്ലാസ് എടുത്തു കൊടുക്കുന്ന രീതിയും ഇവിടെ അവലംബിക്കാറുണ്ട്. പകൽ ദർസ് കഴിഞ്ഞാൽ മഗ്‍രിബ് നിസ്കാരശേഷം വിദ്യാര്‍ത്ഥികള്‍ വട്ടം കൂടി പഠിക്കുന്ന രീതിയും ഇവിടെ കാണാൻ സാധിക്കും. ഇത് ഒന്നാം ദർസ് എന്നും ഇഷാഇന് ശേഷമുള്ള പഠന സമയം രണ്ടാം ദർസ് എന്നുമാണ് വിളിക്കപ്പെടാറുള്ളത്. ദർസിൽ ചേർന്ന ആദ്യകാലങ്ങളിൽ പത്തുകിതാബ് എന്നറിയപ്പെടുന്ന അൽ മുതഫരിദുൽ ഉലൂഹിയ എന്ന കിതാബ് ആണ് പഠിപ്പിക്കപ്പെടുക. ഈ കിതാബിൽ വ്യാകരണം, കർമ്മശാസ്ത്രം, വിശ്വാസം, ചരിത്രം, ഖുർആൻ, ഹദീസ് തുടങ്ങി പ്രാരംഭത്തിൽ ഒരു വിദ്യാർത്ഥി അറിഞ്ഞിരിക്കേണ്ട എല്ലാ പാഠ്യഭാഗങ്ങളും ഉൾപ്പെടും. ശേഷം ഉസ്താദിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പുതിയ കിതാബുകൾ ഓതി പഠിക്കുന്ന രീതിയാണ് പിന്തുടരുക.

ഓത്തുപള്ളി

കേരളത്തിൽ ഇസ്‍ലാമിന്റെ ആവിർഭാവകാലത്ത് ദർസ് സംവിധാനങ്ങൾ ഏറെ പ്രചാരം നേടാത്ത സാഹചര്യത്തിൽ തന്നെ മത വിദ്യാഭ്യാസം നൽകപ്പെട്ടിരുന്നു.  ഇതിനായി ഉപയോഗിച്ചിരുന്ന വിദ്യാ കേന്ദ്രങ്ങളായിരുന്നു ഓത്തുപള്ളികൾ. പ്രധാനമായും വായിച്ചോത്ത് സമ്പ്രദായമാണ് ഓത്തുപള്ളികളിൽ തുടർന്നു പോന്നിരുന്നത്. ഇത് ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമായിരുന്നു. പള്ളികളിലെ ചെരിവുകളിൽ ആണ് പലപ്പോഴും ഓത്തുപള്ളികൾ ഉണ്ടാകാറുള്ളത്. പള്ളിയിലെ മൊല്ലാക്ക,  ദർസിലെ ഫത്ഹുൽ മുഈൻ എങ്കിലും പൂർണമായി ഓതിയ വിദ്യാർത്ഥി എന്നിവരൊക്കെ അധ്യാപകരായി ഉണ്ടാകും. സാധാരണക്കാരെ ഉദ്ദേശിച്ചുകൊണ്ടുള്ള ദീനി വിജ്ഞാന സംരംഭമാണിത്. സാധാരണക്കാർക്ക് മതവിധികള്‍ പറഞ്ഞുകൊടുക്കുക, ഇസ്‍ലാമിക മൂല്യങ്ങൾ പഠിപ്പിച്ചു കൊടുക്കുക, അവരുടെ സംശയങ്ങൾ ദൂരീകരിക്കുക ഇവയെല്ലാം ആണ് ഓത്തുപള്ളികളുടെ ധർമ്മങ്ങൾ. ഇസ്‍ലാമിന്റെ ആഗമനത്തോളം തന്നെ ഈ സംവിധാനത്തിനും പഴക്കമുണ്ട്.

Read More: കേരളീയ ദർസ് സംവിധാനം: ചരിത്രവും വര്‍ത്തമാനവും ഭാംഗ ഒന്ന്- ആദ്യ കാല കേരളീയ മാതൃകകൾ

മണ്ണിന്റെ ഒരു തറയില്‍, ചുറ്റും മറയില്ലാതെ, അഞ്ചാറു കാലുകളിൽ കെട്ടിയുണ്ടാക്കിയ ഒരു മേല്‍ക്കൂര മാത്രമുള്ള കൂടാരമായിരിക്കും ഓത്തുപള്ളികൾ. അവിടെ പക്ഷേ, ഏതാനും കല്ലുകളും പലകകളും ഉണ്ടാകും. രണ്ട് കല്ലുകൾ പരസ്പര പൂരകമായി വച്ച് അതിന് മുകളിൽ പലക വെച്ച് ഡസ്ക് ആയി ഉപയോഗിക്കും. ചെറിയ വിദ്യാർഥികളെ പോലെ തന്നെ മുതിർന്ന ആളുകളും പഠന ആവശ്യാർത്ഥം ഓത്തുപള്ളികളിൽ വരാറുണ്ട്. പലപ്പോഴായി പത്ത് കിതാബുകള്‍ ഇവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. നമ്മൾ ഇന്ന് കാണുന്ന മദ്‍റസ സംവിധാനം ഓത്തുപള്ളികൾ പരിണമിച്ചുണ്ടായതാണെന്ന് പറയപ്പെടുന്നു.

കേരളീയ സാംസ്കാരിക തലങ്ങളിലെ ദർസി സ്വാധീനങ്ങൾ

ചേരമാൻ പെരുമാളിന്റെ ഇസ്‍ലാമാശ്ലേഷണത്തോടെയാണ് കേരളത്തിൽ ഇസ്‍ലാമിന്റെ മുന്നേറ്റം സാധ്യമാകുന്നത് എന്ന് മഖ്ദും രണ്ടാമന്റെ തുഹ്ഫത്തുൽ മുജാഹിദീനിൽ കാണാം. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ കേരളം ഏറെക്കുറെ പോർച്ചുഗീസിന്റെയും ഫ്രാൻസിന്റെയും ബ്രിട്ടീഷുകാരുടെയും വൈദേശിക ആധിപത്യത്തിന് കീഴിലായിരുന്നു. മാത്രമല്ല ജന്മി കുടിയാൻ പ്രക്ഷോഭങ്ങളും ഹിന്ദു മതത്തിനകത്തെ ജാതിവ്യവസ്ഥയും ഹൈന്ദവ സഹോദരങ്ങളെ വല്ലാതെ വീർപ്പുമുട്ടിച്ചിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് ഇസ്‍ലാം കടന്നുവരുന്നതും സാമൂതിരിയെ പോലുള്ള നാട്ടുരാജാക്കന്മാരുടെ പിന്തുണയോടെ പള്ളികളും ദർസുകളും സ്ഥാപിക്കപ്പെടുന്നതും. ഹിന്ദുമത വിശ്വാസികളേക്കാൾ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ആപേക്ഷികമായി മുസ്‍ലിം വിഭാഗത്തിന് കൂടുതലായിരുന്നു. മാത്രമല്ല ദയാദാനം പോലെയുള്ള ഇസ്‍ലാമിലെ സാമ്പത്തിക വൽക്കരണവും പുതു മുസ്‍ലിംകൾക്കുള്ള സക്കാത്ത് വിഹിതവും എല്ലാം ഹൈന്ദവ സഹോദരന്മാരെ ഹഠാദാകർഷിക്കുകയും ഈ കാലയളവിൽ വലിയ തോതിലുള്ള മതപരിവർത്തനം ഉണ്ടാവുകയും ചെയ്തു. പുതു മുസ്‍ലിംകൾ ആയതുകൊണ്ട് തന്നെ ഇസ്‍ലാമിക വിധികളും നിയമ രീതികളും അവർക്ക് നിശ്ചയമില്ലായിരുന്നു. ഒരർത്ഥത്തിൽ ഓത്തുപള്ളികളുടെയും ദർസ് സംവിധാനങ്ങളുടെയും വ്യാപനത്തിന്റെ കാരണം ഈ ഇസ്‍ലാമിക വിജ്ഞാനത്തിന്റെ അപര്യാപ്തതയായിരുന്നു എന്ന് പറയാം. മഖ്ദൂം രണ്ടാമന്റെ തുഹഫ്തൽ മുജാഹിദീനിൽ സക്കാത്ത് സംബന്ധിച്ച വിവരങ്ങളിൽ എത്രമാത്രം അറിവില്ലാത്തവരാണ് കേരള മുസ്‍ലിംകൾ എന്ന് വ്യക്തമാകുന്നുണ്ട്.

ഈ സാമൂഹിക രാഷ്ട്രീയ ചുറ്റുപാട് മുസ്‍ലിംകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു. എന്നാൽ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‍ലാമിനെ പ്രതിനിധീകരിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. കൂട്ടത്തിൽ ഇതര രാജ്യങ്ങളിൽ ഉണ്ടായിരുന്നത് പോലുള്ള വിജ്ഞാനം കർമ്മ ശാസ്ത്രത്തിലും മറ്റും ആദ്യകാലത്ത് കേരളത്തിന് ഉണ്ടായിരുന്നതുമില്ല. അതിന് പരിഹാരം വരുന്നത് നടേ പറഞ്ഞത് പ്രകാരം മഖ്ദൂമി കുടുംബത്തിന്റെ വരവോടെയാണ്. പതിനഞ്ചാം നൂറ്റാണ്ടിലെ കേരളീയ ജനതയുടെ വൈദേശികവും ആഭ്യന്തരവുമായ സ്വത്വ പ്രതിസന്ധി ഇസ്‍ലാമിലേക്കും ആത്മീയതയിലേക്കും വഴിവെച്ചതായി ചരിത്രത്തിൽ കാണാം. ഇങ്ങനെ വലിയൊരു സമുദായം മുസ്‍ലിം ഐഡന്റിറ്റിയിൽ ഉണ്ടായതിൽ പിന്നെ ഗ്രാമാന്തരങ്ങളിൽ ഒരു ജുമഅത്ത് പള്ളിയുടെ എങ്കിലും ആവശ്യകത വർദ്ധിച്ചു. ദീനി വിദ്യാഭ്യാസത്തിന് ഏറെ വേരോട്ടം ലഭിച്ച സന്ദർഭത്തിൽ പുതു മുസ്‍ലിംകളും അല്ലാത്തവരും തങ്ങളുടെ മക്കളെ ദർസിൽ തുടർപഠനത്തിന് അയക്കുകയും ചെയ്തു. ഇതാണ് കേരളീയ സാമൂഹിക സാംസ്കാരിക രംഗത്ത് ദർസ് സംവിധാനം ഇത്രയധികം തലയെടുപ്പോടെ നിൽക്കാൻ കാരണം.

Read More: കേരളീയ ദർസ് സംവിധാനം: ചരിത്രവും വര്‍ത്തമാനവും ഭാഗം രണ്ട്- മഖ്ദൂമുകള്‍ വരുത്തിയ പരിഷ്കരണങ്ങള്‍

ആധുനിക കാലത്തും കേരളത്തിൽ പാരമ്പര്യാധിഷ്ഠിതമായ ദർസ് സംവിധാനം നിലനിൽക്കുന്നുണ്ട്. നവീകരണങ്ങൾ ഒരർത്ഥത്തിൽ നന്നെ കുറവാണെന്ന് പറയാം. ഒരുകാലത്ത് കേരളത്തിലെ മുസ്‍ലിം ഉമ്മത്തിന്റെ മുഖമായിരുന്ന ദർസ് സംവിധാനം പല കാരണങ്ങൾ കൊണ്ട് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്ര സജീവത ഉണ്ടാക്കുന്നില്ല. അത് ഒരുപക്ഷേ മത ഭൗതിക സ്ഥാപനങ്ങളുടെ കടന്നുവരവാകാം, അല്ലെങ്കിൽ ദർസി വിദ്യാഭ്യാസത്തോടുള്ള പൊതുബോധം വ്യത്യാസപ്പെട്ടതുകൊണ്ടാകാം. എന്നിരുന്നാലും ദർസ് സംവിധാനത്തിൽ നവീകരണങ്ങളും പരിഷ്കരണങ്ങളും അത്യാവശ്യമാണ്. എങ്കിലേ ഏതൊരു സംവിധാനത്തെയും പോലും അതിനും പിടിച്ച് നില്ക്കാനാവൂ. തിരുനബി (സ്വ)തങ്ങളുടെ മാതൃകയാണെന്നത് കൊണ്ട് തന്നെ അത് നിലനിന്നേ പറ്റൂ. നബി(സ്വ) തന്റെ അനുചരന്മാർക്ക് ദീനി വെളിച്ചം കൊടുത്തത് ഈ മാർഗം ഉപയോഗിച്ചായിരുന്നുവല്ലോ. അത് കൊണ്ട് തന്നെ, പരിഷ്കരണങ്ങളും അതേക്കുറിച്ചുള്ള ക്രിയാത്മക ചിന്തകളും ഈ രംഗത്ത് ഇനിയും ഉയർന്നു വരേണ്ടതുണ്ട്. നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ.

References:
1. മഖ്ദൂമും പൊന്നാനിയും (ഡോ. ഹുസൈന്‍ രണ്ടത്താണി)
2. ഓര്‍മ്മക്കുറിപ്പുകള്‍ (കെ. മൊയ്തു മൗലവി)
3. പ്രബോധനം സ്‌പെഷല്‍ പതിപ്പ് (1998)
4. ഇസ്‌ലാമിക വിജ്ഞാനകോശം, വാള്യം 8, 9
5)മലബാര്‍ മാന്വല്‍ വില്ല്യം ലോഗണ്‍
6) ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍: ജീവിതം, ദര്‍ശനം
7) ദര്‍സുകള്‍ എന്തിന് പ്രചരിപ്പിക്കണം ഡോ. എന്‍. കെ മുസ്തഫാ കമാല്‍ പാഷ
8) തുഹ്ഫത്തുൽ മുജാഹിദീൻ: മഖ്ദൂം രണ്ടാമൻ (റ)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter