കേരളീയ ദർസ് സംവിധാനം: ചരിത്രവും വര്‍ത്തമാനവും  ഭാഗം രണ്ട്- മഖ്ദൂമുകള്‍ വരുത്തിയ പരിഷ്കരണങ്ങള്‍

 പതിനഞ്ചാം നൂറ്റാണ്ടിലാണ് മഖ്ദൂമി ഉണർവ് കേരളം ദർശിച്ചത്. ഫഖ്റുദ്ധീൻ അബൂബക്കർ കാലിക്കൂത്തിയുടെ (റ)ശിക്ഷണത്തിനു ശേഷം സൈനുദ്ദീൻ മഖ്ദൂം പോയത് ഈജിപ്തിലെ അൽ അസ്ഹറിലേക്കായിരുന്നു. അറബി വ്യാകരണത്തിലും കർമശാസ്ത്രത്തിലും ചരിത്രത്തിലും കുതുകിയായിരുന്ന മഖ്ദൂം ഒന്നാമൻ ഈജിപ്തിലെ പഠനശേഷം സിറിയ, ഇറാഖ്, ഹിജാസ് തുടങ്ങി ഒട്ടനവധി അറേബ്യൻ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് പൊന്നാനിയിൽ തിരിച്ചെത്തി. പിന്നീട് കേരളം സാക്ഷിയായത് ലോകോത്തര വിദ്യാഭ്യാസ വിപ്ലവത്തിനായിരുന്നു. 

തികഞ്ഞ കെട്ടുറപ്പോടെ വ്യവസ്ഥാപിതവും കണിശവുമായ ഒരു ദർസ് സംവിധാനം തന്നെ അദ്ദേഹം  സ്ഥാപിച്ചു. അദ്ദേഹത്തിന്റെ വിദേശ ജ്ഞാനം പള്ളിദർസുകളുടെ നവീകരണത്തിന് വഴിവച്ചു. പ്രത്യേകിച്ച് അന്നത്തെ മുസ്‍ലിം ജനവിഭാഗങ്ങൾക്കിടയിൽ കർമശാസ്ത്ര രാഹിത്യം നന്നേ കൂടുതലായിരുന്നു. ഇസ്‍ലാമിലെ സക്കാത്തിനെ കുറിച്ചുള്ള അന്നേവരെയുള്ള കേരള മുസ്‍ലിം കാഴ്ചപ്പാട് എങ്ങനെയായിരുന്നു എന്ന് മഖ്ദൂം രണ്ടാമന്റെ(റ)തുഹ്ഫത്തുൽ മുജാഹിദീനിൽ കാണാം. ഈ വൈജ്ഞാനിക ദൗർബല്യത്തെ മറികടക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട് മഖ്ദൂം ഒന്നാമൻ ചെയ്തത്. അതിനെ തുടർന്ന് പൊന്നാനിയിലെ പൗരപ്രമുഖരും മഖ്ദും തങ്ങളും കൂടിയാലോചിച്ച് പൊന്നാനി വലിയ ജുമഅത്ത് പള്ളിക്ക് രൂപം നൽകി. ജുമഅത്ത് പള്ളി നിർമാണത്തിനുശേഷം വളരെ വ്യവസ്ഥാപിതമായ ദർസ് സംവിധാനവും മഖ്ദൂം തങ്ങൾ കൊണ്ടുവന്നു. പൊന്നാനി എന്ന പ്രദേശം ചരിത്രത്തിൽ ഇടം പിടിക്കാൻ തന്നെ കാരണം മഖ്ദൂം തങ്ങളുടെ പ്രവർത്തനങ്ങളും ഈ വൈജ്ഞാനിക മുന്നേറ്റങ്ങളുമായിരുന്നു. 

ആദ്യകാല ദർസ് സംവിധാനങ്ങളുടെ വലിയ പ്രത്യേകതയായിരുന്നു മതഭൗതിക വിദ്യാഭ്യാസ വേർതിരിവിന്റെ രാഹിത്യം. അതുകൊണ്ടുതന്നെ ഖുർആനിനും ഹദീസിനും ഒപ്പം ഗോളശാസ്ത്രവും ഗണിതശാസ്ത്രവും അവിടെ പഠിപ്പിക്കപ്പെട്ടു.  പൊന്നാനിയിലെ ഏറ്റവും വലിയ ദർസി പരിഷ്കരണമായ വിളക്കത്തിരിക്കൽ സമ്പ്രദായം നടപ്പാക്കിയത് മഖ്ദൂം ഒന്നാമനായിരുന്നു. ഇന്നും പൊന്നാനിയിൽ ആ വിളക്ക് കാണാം.  ഇതിനിടയിൽ ഫിഖ്ഹിലും ഹദീസിലും ഖുർആൻ വ്യാഖ്യാനത്തിലും ഒട്ടനവധി രചനകൾ അദ്ദേഹം നടത്തി. മുർഷിദുത്തുല്ലാബ്, സിറാജുൽ ഖുലൂബ്, ഇർഷാദുൽ ഖാസിദീൻ തുടങ്ങിയ രചനകൾ അതിൽ പ്രധാനപ്പെട്ടതാണ്.  അദ്ദേഹത്തിന്റെ ജീവിതകാലത്ത് കൊളോണിയലിസത്തിന്റെ ക്രൂരതകൾ നാട്ടിലെങ്ങും ശക്തമായിരുന്നു. അതിനെ തുടർന്ന് തഹ്‍രീളുഅഹ്‍ലില്‍ ഈമാനി അലാ ജിഹാദി അബദതിസ്സിൽബാൻ എന്ന മഹത്തരമായ ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചു. ഇത് യഥാർത്ഥത്തിൽ കൊളോണിയലിസത്തിനെതിരെയുള്ള അടിയായിരുന്നു. അത്തരത്തിൽ വലിയൊരു വൈജ്ഞാനിക വിപ്ലവത്തിന് നാന്ദി കുറിച്ച് എഡി 1522ല്‍ മഖ്ദൂം അല്‍കബീർ ഈ ലോകത്തോട് വിട പറഞ്ഞു.

Read More: കേരളീയ ദർസ് സംവിധാനം: ചരിത്രവും വര്‍ത്തമാനവും ഭാംഗ ഒന്ന്- ആദ്യ കാല കേരളീയ മാതൃകകൾ

മഖ്ദൂം ഒന്നാമന് ശേഷം അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടത് തന്റെ പേരമകനായിരുന്ന സൈനുദ്ദീൻ മഖ്ദൂം രണ്ടാമനാണ്. തന്റെ പിതാമഹനോട് പൂർണാർത്ഥത്തിൽ വിധേയത്വം കാണിച്ചിരുന്ന അദ്ദേഹം യഥാർത്ഥത്തിൽ മഖ്ദൂം ഒന്നാമന്റെ രണ്ടാം ജന്മം ആണെന്ന് വരെ പറയാറുണ്ട്. കാരണം തന്റെ പിതാമഹൻ ബാക്കിവെച്ചത് പൂർണ്ണമാക്കി അതിന്റെ പരകോടിയിൽ എത്തിച്ചത് മഖ്ദൂം രണ്ടാമനായിരുന്നു. പിതാമഹനെ പോലെ തന്നെ മഖ്ദൂം രണ്ടാമനും(റ) വിദേശത്തുനിന്ന് ഉപരിപഠനം പൂർത്തിയാക്കി. പ്രസിദ്ധ കർമ്മ ശാസ്ത്ര ഗ്രന്ഥം തുഹ്ഫത്തുൽ മുഹ്‍താജിന്റെ കർത്താവ് ഇബ്നു ഹജറുൽ ഹൈത്തമി അദ്ദേഹത്തിന്റെ വന്ദ്യ ഗുരുവായിരുന്നു. 

മഖ്ദൂം രണ്ടാമന്റെ കാലം വരെ ലോകത്താകമാനം തുഹ്ഫത്തുൽ മുഹ്താജായിരുന്നു, ശാഫിഈ കർമശാസ്ത്ര രംഗത്തെ അവലംബ ഗ്രന്ഥം. എന്നാൽ ഭാഷാപരമായ ബുദ്ധിമുട്ടും ദൈര്‍ഘ്യവും കാരണം സാധാരണ പണ്ഡിതര്‍ക്ക് വരെ തുഹ്ഫ അപ്രാപ്യമായിരുന്നു. വളരെ ഉയർന്ന അറബി ഭാഷ- കർമ്മ ശാസ്ത്ര പണ്ഡിതർക്ക് മാത്രമേ അത് വേണ്ടവിധം ഉൾക്കൊള്ളാനോ മനസ്സിലാക്കാനോ കഴിഞ്ഞിരുന്നത്. അതിനാൽ തുഹ്ഫയുടെ സംക്ഷിപ്തം എന്നോണമാണ് മഖ്ദൂം രണ്ടാമൻ ഫത്ഹുൽ മുഈൻ രചിക്കുന്നത്. ഇത് കേരളീയ ദർസ് സംവിധാനത്തിൽ വലിയ ഓളങ്ങൾ സൃഷ്ടിച്ചു. ഫത്ഹുൽ മുഈൻ അദ്ദേഹം തന്റെ സിലബസിൽ കൊണ്ടുവന്നു. പിൽക്കാലത്ത് കേരളത്തിലെ മറ്റ് അനേകം ദർസുകളും പിന്നീട് വന്ന മതകലാലയങ്ങളും ഇതിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. യഥാർത്ഥത്തിൽ കേരളീയ മുസ്‍ലിമിനെ പ്രതിനിധാനം ചെയ്യുന്ന ഗ്രന്ഥമാണ് ഫത്ഹുൽ മുഈൻ എന്ന് വേണം പറയാന്‍.  കേരളീയ സാഹചര്യങ്ങളും പശ്ചാത്തലങ്ങളും ആണ് അതിലെ ഉദാഹരണങ്ങൾ എന്നത് തന്നെ കാരണം.

ഇക്കാലം വരെയുള്ള വൈജ്ഞാനിക ട്രെൻഡ് എന്നുള്ളത് ഓരോ വിഷയങ്ങളുടെ പഠനങ്ങൾക്കും ഓരോ ഉസ്താദുമാരെ കണ്ടെത്തി അവിടങ്ങളിലേക്ക് യാത്ര ചെയ്ത് വിജ്ഞാനം സ്വീകരിക്കുന്ന രീതിയാണ്. മഖ്ദൂമി ദർസ് സംവിധാനം വന്നതിൽ പിന്നെയായിരുന്നു ഇതിനൊരു അവസാനം കുറിക്കപ്പെട്ടത്.  അവിടെ സകല വിജ്ഞാനീയങ്ങളും പഠിപ്പിക്കപ്പെട്ടു. അതിനാൽ തന്നെ ദർസിന്റെ വ്യാപ്തിയും വർദ്ധിച്ചു. ഇതിനോടകം ഇന്തോനേഷ്യ, മലേഷ്യ, മാലിദ്വീപ്, യമന്‍, സുമാത്ര, ജാവ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും പഠിതാക്കൾ പൊന്നാനിയെ തേടിയെത്തി തുടങ്ങി. അങ്ങനെ പൊന്നാനി കേരളത്തിന്റെ വിജ്ഞാന സിരാ കേന്ദ്രമായി പരിവർത്തിച്ചു. വിദ്യാർത്ഥികൾക്ക് ദർസ് ഓതിക്കൊടുക്കുന്ന ഒരു മുദരിസ് എന്നതിനപ്പുറത്ത് സമൂഹത്തിന്റെയും വ്യക്തികളുടെയും സ്പന്ദനം അറിഞ്ഞ മഹാ മനീഷിയായിരുന്നു മഖ്ദൂം രണ്ടാമൻ. അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രസരണകാലം വൈദേശിക ആധിപത്യത്തിന്റെയും കൊളോണിയൽ വൽക്കരണത്തിന്റെയും പാരമ്യതയിലെത്തിയ കാലമായിരുന്നു. അതിനാൽ തന്നെ വൈദേശികാധിപത്യത്തെ ജാതിമതഭേദമന്യേ ചെറുക്കേണ്ട ഉത്തരവാദിത്വവും ഒരു ജ്ഞാനി എന്ന നിലയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെ തുടർന്നാണ് കേരളീയ ചരിത്രത്തെ അതേപടി എഴുതിവെച്ച തുഹഫ്തുൽ മുജാഹിദീൻ അദ്ദേഹം രചിക്കുന്നത്. നാല് ഭാഗങ്ങളിലായി രചിക്കപ്പെട്ട ആ മഹാഗ്രന്ഥം ആന്റി കൊളോണിയലിസത്തെ ജനങ്ങൾക്കിടയിൽ സന്നിവേശിപ്പിച്ച രചനയായിരുന്നു.

ഇത്തരത്തിൽ പള്ളികളിലെ ഉസ്താദുമാർക്ക് സമൂഹത്തിൽ ഒട്ടനവധി കാര്യങ്ങൾ ചെയ്തുതീർക്കാൻ ഉണ്ട് എന്ന് കൂടെ പഠിപ്പിച്ച ഒരു മഹത് വ്യക്തിയായിരുന്നു അദ്ദേഹം. കേരളീയ  ദർസി സംരംഭങ്ങൾക്ക് ഊടും പാവും നൽകിയത് അദ്ദേഹമായിരുന്നു. ആ രീതിയാണ് ഇന്നും പള്ളി ദർസുകൾ സ്വീകരിച്ചു പോരുന്നത്. അദ്ദേഹം ഉണ്ടാക്കിവെച്ച വൈജ്ഞാനിക ദർശനം കേരളത്തിലുടനീളം വ്യാപിച്ചു. പിന്നീട്  അതിന്റെ വെളിച്ചത്തിലാണ് ഇക്കാലം വരെയും ദർസ് സംവിധാനങ്ങൾ നിലനിന്നു പോരുന്നത്. ഹിജ്റ 900 മുതൽ 1400 വരെ അഥവാ ക്രിസ്തബ്ദം 1494 മുതൽ 1979 വരെ കേരളത്തിൽ പള്ളിദർസുകൾ ഉണ്ടാക്കിയെടുത്ത സ്വാധീനം ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്.

പിൽക്കാല ദർസുകൾ, ഒരവലോകനം

മഖ്ദൂമി ദർസ് സംവിധാനത്തിനു ശേഷമാണ് കേരളത്തിൽ വലിയതോതിൽ ദർസ് നവോത്ഥാനം പ്രചാരം നേടുന്നത്. ജുമുഅത്ത് പള്ളിയായി ഗണിക്കപ്പെടുന്നവയിലെല്ലാം പാണ്ഡിത്യം ഉള്ള ഒരു മുദരിസിനെ ഉസ്താദായി നിയമിക്കുകയും ദർസ് സമ്പ്രദായം ആരംഭിക്കുകയും ചെയ്യുന്ന ഒരു ട്രെൻഡിലേക്ക് മുസ്‍ലിം സമൂഹം വഴിമാറി. 

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ താന്മേൽ പള്ളിദർസ് അതിനെ തുടർന്നുണ്ടായതാണ്. 1908-ൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് മുദരിസാവുകയും അവിടെ പരിഷ്കരണങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. പിന്നീട് ഹികമിയ്യ ജുമഅത്ത് പള്ളിയും ചങ്കരത്ത് സുന്നി മസ്ജിദും ചാലിയം ജുമഅത്ത് പള്ളിയും എല്ലാം കേരളീയ ദർസ് സമ്പ്രദായത്തിന്റെ മുഖങ്ങളായി മാറുന്നുണ്ട്. പ്രത്യേകിച്ച് തിരൂരങ്ങാടി വലിയ ജുമഅത്ത് പള്ളി. മാലിക് ദീനാറിന്റെയും സംഘത്തിന്റെയും ശ്രമഫലമായി ആദ്യഘട്ട പള്ളിക്കൂട നിർമ്മാണം പൂർത്തിയായശേഷം പ്രബോധന പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി നിർമ്മിക്കപ്പെട്ട പള്ളിയാണ് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി എന്ന് പറയപ്പെടാറുണ്ട്. ഹിജ്റ 83 ൽ സ്ഥാപിതമായ ഈ പള്ളിയെ കുറിച്ച് ഇബ്നു ബത്തൂത്ത തന്റെ സഞ്ചാര കൃതിയിൽ രേഖപ്പെടുത്തിയതായി കാണാം. പിന്നീട് ഓമച്ചപ്പുഴ പള്ളിദർസും ചെമ്മാട് ജുമഅത്ത് പള്ളിയും പൊന്മള പള്ളിയും എല്ലാം കേരളീയ ദർസി പാരമ്പര്യത്തിന്റെ മകുട ചിത്രങ്ങളായി ദർശിക്കപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter