റബീഅ് - ഹൃദയ വസന്തം ലാഖോം സലാം: ഉത്തരേന്ത്യന്‍ മുസ്‍ലിംകളില്‍ തിരുപ്രണയം പകർന്ന കാവ്യം
തിരുപ്രണയത്തിന്റെ ആഴവും പരപ്പും മുസ്‍ലിം ലോകത്തിന്റെ ഭാഗമാണ്. അവിടെ ചിന്തകളും പ്രവർത്തനങ്ങളുമെല്ലാം ഏക ബിന്ദുവിൽ കേന്ദ്രീകൃതമായിരിക്കും. അവ കവിതകളിലൂടെ പ്രകടിപ്പിക്കുന്ന കവികൾ അവയിലൂടെ ആഷിഖായി അവരിലലിയും. അത്തരം അനേകം രചനകൾ സംഭാവന ചെയ്ത സൂഫി പണ്ഡിതനാണ് അഅ്‍ലാ ഹസ്റത്ത് എന്ന പേരിൽ വിശ്രുതനായ ഇമാം അഹ്മദ് റസാ ഖാൻ ബറേൽവി (ക്രി.1850-1921). അദ്ദേഹം രചിച്ച പ്രസിദ്ധ പ്രവാചകാനുരാഗ കാവ്യമാണ് ലാഖോം സലാം.
ഉത്തരേന്ത്യൻ മുസ്‍ലിം ജനതയുടെ ആദർശ സംസ്കാര സന്നിവേശണത്തിൽ നിസ്തുലമായ പങ്കാണ് മഹാനവര്‍കള്‍ വഹിച്ചത്. വഹാബി ചിന്തകൾ സജീവമായിരുന്ന സമൂഹത്തിന്റെ ഗതിയെ യഥാർത്ഥ പാതയിലേക്ക് നയിക്കാനും ഉദ്ബോധനം നടത്താനും അദ്ദേഹത്തിനായി. പ്രവാചക സ്നേഹത്തിലൂടെ ആത്മീയ ലോകത്തേക്ക് കാലെടുത്തു വച്ച അഅ്‍ലാ ഹസ്റത്ത് ഇന്നും ഉത്തരേന്ത്യൻ മുസ്‍ലിം ജനതയുടെ ആത്മീയ ഗുരുവാണ്. അനിതര സാധാരണ സർഗാത്മകതയും വേറിട്ട ശൈലിയും കൈവശമുണ്ടായിരുന്ന മഹാനവർകൾ ഭാഷാ ശാസ്ത്രം, കർമ ശാസ്ത്രം, നിദാന ശാസ്ത്രം, ചരിത്രം, ഖണ്ഡനം തുടങ്ങി നിഖില മേഖലകളിൽ ഗ്രന്ഥരചന നടത്തുകയും ചെയ്തു.
171 വരികളാണ് ഈ കാവ്യത്തിനുള്ളത്. ആരംഭം തന്നെ കാരുണ്യത്തിന്റെ ജീവാത്മാവിന് ലക്ഷോപലക്ഷം സലാം, സന്മാർഗത്തിന്റെ കെടാവിളക്കിനു ലക്ഷോപലക്ഷം സലാം എന്നാണ്. അതുപോലെ ഖുർആനിൽ നബിയെ വിശേഷിപ്പിച്ച 'ലോകർക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല' തുടങ്ങി കാരുണ്യത്തിന്റെ ആശയ ധാതുക്കളാണ് റസാഖാൻ ഇതിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.
റസൂൽ ഇരുഹറമിന്റെയും രാജാവും സ്വർഗത്തിന്റെ നേതാവും പാപികളുടെ ശുപാർശകനുമാണെന്ന് പറഞ്ഞു തുടങ്ങുന്ന കവിത പിന്നീട് മുഅ്ജിസത്തുകളിലൂടെ വികസിക്കുകയാണ്. ആദ്യ വർണനയിൽ തന്നെ ഇസ്രാഉം മിഅ്റാജുമാണ് വിവരിക്കുന്നത്. അതാണല്ലോ മുഅ്ജിസത്തുകളിൽ പ്രശസ്തം.
ഭാവനയുടെ ഒഴുക്കോടൊപ്പം ആഖ്യാന ശൈലിയുടെ അലങ്കാരമാണ് ലാഖോം സലാമിനെ ഇതര കാവ്യ പ്രകീർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. കൂടാതെ പ്രവാചക സ്നേഹത്തിന്റെ തീവ്രത ജനമനസ്സുകളിൽ സൃഷ്ടിക്കാൻ പ്രമാണബദ്ധമായ വിവരണം കൂടി അനിവാര്യമാണെന്ന് മനസ്സിലാക്കിയ അഅ്‍ലാ ഹസ്റത്ത് നവീന വാദികളുടെ തിരുസ്നേഹമെന്ന വികല വാദത്തിന്റെ മുനയൊടിക്കുന്നുണ്ട്.
തിരുനബി (സ്വ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളെല്ലാം തന്നെ കവിതയുടെ കോർവയിലൂടെ നമുക്ക് കാണാൻ സാധിക്കും. ദിവ്യ സന്ദേശത്തിന്റെ ആദ്യനാളുകളിൽ വിറപൂണ്ട നബി(സ്വ)യെ ഖദീജ ബീവി(റ) പുതപ്പിട്ടു മൂടിയതും ചന്ദ്രൻ പിളർന്നതും അന്ത്യനാളിലെ ശുപാർശയും അതിൽ പെടും. ഒരു വ്യക്തിയെ സ്നേഹിക്കപ്പെടാൻ എന്തൊക്കെ ഗുണങ്ങളുടെ സാന്നിധ്യം ആവശ്യമാണോ അതൊക്കെയും പ്രവാചകനിൽ ഒത്തിണങ്ങിയിട്ടുണ്ട്. അവയൊക്കെ നബിവർണനയിലൂടെ കവി വിശദീകരിക്കുന്നത് കവിതക്കു ഭംഗിയേകുന്നു. അവിടുത്തെ ആകാരവടിവും അംഗലാവണ്യവും ഏതോരാളെയും അതിശയിപ്പിക്കുമെന്നും റോസാപൂവിന്റെ ദളങ്ങൾ പോലെ പരിമളം പരത്തുന്ന ചുണ്ടുകൾ, പ്രസന്നമായ മുഖം, നീളമുള്ള കറുത്ത കൺപീലികൾ, വളഞ്ഞു നീണ്ട പുരികം, ആകർഷണീയമായ സംസാരം, നിവർന്ന ശരീരഘടന എന്നിങ്ങനെയുള്ള വ്യക്തി സൗന്ദര്യത്തിന്റെ സർവ്വതലങ്ങളെയും സ്പർശിച്ചു കൊണ്ടുള്ളതാണ് അഅ്‍ലാ ഹസ്റത്തിന്റെ ലാഖോം സലാം.
അല്ലാഹുവിനു നബിയോടുള്ള സ്നേഹത്തിന്റെ മൂർത്തീ ഭാവത്തെ വളരെ മാർദവത്തോടെ വിവരിക്കുന്ന കവിയുടെ രചന പ്രണയിനിയുടെ മനം കവരുന്നതാണ്. അവിടുത്തെ പ്രാർത്ഥനയും ആഗ്രഹങ്ങളും നിറവേറ്റപ്പെട്ടിട്ടുണ്ടെന്ന സലക്ഷ്യ സമർത്ഥനമാണ് ഇത്തരം വരികളിലൂടെ സൂചിപ്പിക്കുന്നത്. വിരലുകൾക്കിടയിലും മഹത്വമുണ്ട് എന്റെ ഹബീബിന് എന്ന പ്രസ്താവന കുളിരണിയിക്കുന്നതാണ്. എന്റെ ഹബീബ് സർവരുടെയും പ്രണയനായകനും അഖിലരുടെയും രക്ഷകനുമാണ്. നബി(സ്വ) പിറന്ന മണ്ണിനെ പരാമർശിച്ചു പോലും അല്ലാഹു ഖുർആനിൽ സത്യം ചെയ്യുന്നുണ്ടെന്ന കവി വചനം സൂക്ഷ്മമായ തിരുജീവിതത്തിന്റെ നിഖില മേഖലകളെ അനാവരണം ചെയ്യുന്നുണ്ട്. ആ ജീവിതത്തിന്റെ ജനനം പോലും അമാനുഷികമായ കാര്യങ്ങളുടെ നടുവിലായിരുന്നുവെന്ന് ചരിത്രം. അവ ഏറെ ഉദ്വേഗത്തോടെ വരികളിലൂടെ കോറിയിടാൻ അദ്ദേഹത്തിനായി.
കാവ്യഹൃദയത്തിലെ സ്നേഹനൊമ്പരങ്ങൾ വരികളിലൂടെ ലോകത്തേക്ക് ഭൂജാതനാകുമ്പോൾ അവിടെ പ്രണയത്തിന്റെ മാലാഖമാർ നൃത്തം ചെയ്യാൻ തുടങ്ങും. അത് ആലപിക്കുന്നവരുടെ കവിളുകൾ ചുകപ്പിന്റെ ലാവണ്യം തുടിക്കുമ്പോൾ തിരുനബി എല്ലാവരുടെയും ശുപാർശകനും നേതാവുമായിത്തീരുന്നു. നിറഞ്ഞുപൊങ്ങുന്ന അടക്കാനാവാത്ത പ്രണയത്തിന്റെ പ്രക്ഷുബ്ധത ഓരോ വരികളിലും കാണാവുന്നതാണ്. അവസാന ഭാഗത്തായി കവി സർവസ്വഹാബികളെയും പ്രവാചക പത്നിമാരെയും മക്കളെയും അഹ്‍ലുബൈത്തിനെയും മഹാന്മാരായ മദ്ഹബിന്റെ ഇമാമുമാരെയും പൂർവസൂരികളായ മഹത്തുക്കളെയും ഉൾപെടുത്തുകയും അവർക്കുവേണ്ടി പ്രാർത്ഥന നടത്തുകയും ചെയ്യുന്നുണ്ട്. എല്ലാം നബിയിലർപ്പിച്ച് അന്ത്യനാളിലെ ശുപാർശ സാധ്യമാകണമെന്ന ആശയിലൂടെ പ്രണയകാവ്യം ഉപസംഹരിക്കുകയാണ് അഅ്‍ലാ ഹസ്റത്ത് റസാഖാൻ.
Leave A Comment