മക്കത്ത് പോണോരേ... കഅ്ബയിലേക്കുള്ള ഖാഫിലകള്‍
വിശുദ്ധ കഅ്ബയെക്കുറിച്ചുള്ള ആശിഖുകളുടെ ആവിഷ്കാരങ്ങൾ നിരവധിയാണ്. എഴുതിയവരും പാടിയവരും പറഞ്ഞവരുമെല്ലാം ഹൃദയം കൊണ്ടാണ് അത് ചെയ്തിട്ടുള്ളത് എന്നതാണ് അതിന്റെ സവിശേഷത. പാട്ടുകളായും കവിതകളായും ഹൃദയം തൊടുന്ന അനുഭവങ്ങളായും അങ്ങനെ പലതും പലതും. ഖവ്വാലികളും നഅ്തുകളും സാധ്യമാക്കുന്ന അനുഭൂതി അതിന്റെ ഭാഗമാണ്. സാബ്‍രി ബ്രദേഴ്സ് താജ് ദാരെ ഹറം പാടുമ്പോൾ ആശിഖുകൾ തങ്ങളറിയാതെ ആ പുണ്യമണ്ണിലെത്തുന്നത് അതുകൊണ്ടാണ്. ശൈഖ് സഅ്ദി ശീറാസിയുടെ ബലഗൽ ഉലാ ബി കമാലിഹീ എന്ന വരികൾ പാടുമ്പോൾ നബി തങ്ങളെ കൺമുന്നിൽ കാണുന്ന പ്രതീതി ലഭിക്കുന്നതും അതുകൊണ്ട് തന്നെ. അഹ്‌മദ് റസാ ഖാന്റെ മുസ്തഫാ ജാനെ റഹ്‌മത്ത് പെ ലാഖോം സലാം ഇന്നും ഇന്ത്യൻ മുസ്‍ലിംകളുടെ മുഴുവൻ പ്രവാചക പ്രണയത്തിന്റെ പ്രതീകങ്ങളിലൊന്നുപോലെയായി മാറിയതും അതിന്റെ ഭാഗംതന്നെ.
പുസ്തകങ്ങളായും പലതും കഅ്ബയെയും മദീനത്തുന്നബിയെയും ആവിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജാഹിലിയ്യാ കാലം മുതൽക്ക് ഇന്നുവരെയുള്ള കവികളിൽ പലരും അതിൽ പെടുന്നു. കഅ്ബയും ത്വവാഫും ഹജറുൽ അസ്‌വദും സഫാമർവാ സഅ്‌യുമെല്ലാം അവരുടെ രചനകളിൽ പലവിധ പ്രതീകങ്ങളായി കടന്നുവരുന്നു. നിസാമിയുടെ ലൈലാ മജ്നുവിലും ഫരീദുദ്ദീൻ അത്താറിന്റെ മൻത്വിഖുത്ത്വൈറിലുമടക്കം അത്തരം പ്രതീകങ്ങൾ കാണാം.
കഅ്ബയെക്കുറിച്ചുള്ള അനുഭവം, യാത്രാ വിവരണം എന്നയർഥത്തിൽ സജീവമായ രചനകളുണ്ടായത് പിന്നീടാണ്. മൈക്കൽ വൂൾഫിന്റെ ഹാജിയും ക്രിസ്റ്റീന ബെക്കറിന്റെ ഫ്രം എം ടിവി ടു മക്കയും അസദിന്റെ റോഡ് ടു മക്കയുമെല്ലാം ആ അർഥത്തിൽ മക്കയുടെ അനുഭൂതി പകർന്നുതരുന്ന രചനകളാണ്. മൈക്കൽ വൂൾഫ് തന്നെ എഡിറ്റ് ചെയ്ത One Thousand Roads to Mecca എന്ന മക്കാ അനുഭവങ്ങളുടെ സമാഹരവും ഇതേ അനുഭവം പകരുന്ന മറ്റൊരു സമുന്നത രചനയാണ്. മദീനയുടെ ആത്മാവു തേടുന്ന അലി മിയാന്റെ അത്ത്വരീഖ് ഇലൽമദീനയും അത്തരത്തിലൊരു ശ്രമമാണ്. പ്രവാചക പ്രണയകാവ്യങ്ങളുടെ വലിയ അർഥത്തിലുള്ള പ്രചാരകനായ, എന്നാൽ മദീനയിൽ പോകാൻ അവസരമൊക്കാത്ത ഇഖ്ബാലിന്റെ മനോവ്യഥ അടക്കം ഇതിൽ പ്രമേയമാവുന്നുണ്ട്.
ഇത്തരത്തിൽ, പ്രവാചകന്റെ മണ്ണിന്റെ അനുഭൂതി അനുഭവവേദ്യമാക്കുന്ന, മലയാളത്തിൽ എഴുതപ്പെട്ട കൊച്ചു പുസ്തകമാണ് ഷഹ്‌ല പെരുമാളിന്റെ കഅ്ബയിലേക്കുള്ള ഖാഫിലകൾ. പലപ്പോഴായി എഴുതിയ കുറിപ്പുകളുടെ സമാഹാരം. ഒറ്റവാക്കിൽ ഹൃദ്യം, മനോഹരം എന്ന് പറയാം. ഹിജ്റയുടെ വഴിയിലൂടെയും ബദ്റിലൂടെയും ഉഹ്ദിലൂടെയും പുസ്തകത്തോടൊപ്പം ഹൃദയംകൊണ്ട് സഞ്ചരിക്കാൻ വായനക്കാരെ പ്രാപ്തരാക്കുന്ന, കഅ്ബയുടെ സൗന്ദര്യവും സുരക്ഷിതത്വവും അത്രമേൽ മനോഹരമായി കുറിച്ചിടുന്ന സുന്ദരമായ ആഖ്യാനമാണ് എന്നതാണ് പുസ്തകത്തിന്റെ സവിശേഷത.
ഗ്രന്ഥകാരിയുടെ ഭാഷയിൽ പറഞ്ഞാൽ, എത്രയാവിഷ്‌കരിച്ചാലാണ് കഅ്ബയുടെ സൗന്ദര്യവും കഅ്ബ നൽകുന്ന സുരക്ഷിതത്വവും പറഞ്ഞുതീരുക. ഏത് ഭാഷയിലും വാക്കുകൾ പോരാതെ വരുന്ന, കണ്ണീർ മാത്രം അനുയോജ്യമാകുന്ന വികാര മുഹൂർത്തം കൂടിയാണ് കഅ്ബ കാണൽ. ആദ്യമായി കാണുന്നവർക്ക് തടയാനാകാതെ എല്ലാ കണ്ണുകളും സന്തോഷാധിക്യത്താൽ തുളുമ്പിപ്പോകും അപ്പോൾ. കപ്പലോ വിമാനമോ കടലിലിട്ട പാലമോ കയറിയെൻ കിനാക്കൾ യാത്ര പോവും, കഅ്ബയെന്ന വീട്ടിലെത്തി, കദനമൊക്കെയും നിരത്തി, ഖൽബ് പറിച്ചെന്റെ റബ്ബിനേകും എന്ന കവിവാക്യത്തിൽ കഅ്ബയെ കാണാൻ തുടിക്കുന്ന വിശ്വാസി ഹൃദയങ്ങളുടെ എല്ലാ പ്രകടനങ്ങളുമുണ്ട്. നമ്മൾ എല്ലാം മറന്ന് നമ്മളാവുന്ന വീടാണ് കഅ്ബയെന്ന രീതിയിൽ അത്രമേൽ മനോഹരമായി എഴുത്തുകാരി ആ വരികളെ വിശദീകരിക്കുന്നു.
മനോഹരമായ ഒത്തിരി മക്കാ കാഴ്ചകൾ ഈ കൊച്ചുപുസ്തകത്തിലുണ്ട്. ധൃതിയിൽ പള്ളിയിലേക്കു പോയപ്പോൾ മുസ്വല്ല എടുക്കാൻ മറന്നുപോയ ഒരു വേളയിൽ സുജൂദിലെത്തും മുമ്പേ നെറ്റിക്കു താഴെ മുസ്വല്ല വിരിച്ചുകൊടുത്ത ഉമ്മ, കഅ്ബ മുന്നിൽ കണ്ട് ഖുർആൻ ഓതിയോതി ഇരിക്കുന്ന നേരത്ത് തൊണ്ട വരണ്ടിട്ടും സ്ഥലം നഷ്ടപ്പെടുമെന്നോർത്ത് എഴുന്നേറ്റ് പോവാൻ മടിച്ചിരുന്നപ്പോൾ ഒരത്ഭുതം പോലെ സംസവുമായി മുന്നിലെത്തിച്ചേർന്ന സഹോദരി, ത്വവാഫിനിടെ ക്ഷീണം കാരണം വീണുപോവുമെന്നായപ്പോൾ ത്വവാഫ് കഴിയുംവരെ സുരക്ഷിത കവചമൊരുക്കിയ പേരറിയാത്ത സഹോദരൻ. ഹിറാ ഗുഹ ആവേശപൂർവം നടന്നുകയറുന്ന എൺപതിനോടടുത്തു പ്രായമുള്ള വല്ലിമ്മ. ഇങ്ങനെയെന്തെല്ലാം അത്ഭുതങ്ങളാണ് അല്ലാഹു ഒരുക്കിവച്ചിരിക്കുന്നത്. തന്റെ അതിഥികളുടെ ആവശ്യങ്ങൾ അത്രമേൽ മനസ്സിലാക്കി യഥാസമയം നടപ്പിലാക്കിക്കൊടുക്കുന്നത് അവന്റെ കാരുണ്യത്തിന്റെ പ്രകടനമല്ലെങ്കിൽ മറ്റെന്താണ്.
നബിതങ്ങളും സ്വഹാബികളും നടക്കുകയും ഇരിക്കുകയുമൊക്കെ ചെയ്ത, വിശുദ്ധ ഖുർആൻ അവതരിച്ച സ്വർഗീയ വഴികളിലൂടെയാണല്ലോ തങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഹൃദയം കൊണ്ട് തിരിച്ചറിയുമ്പോൾ ഒരാൾ അനുഭവിക്കുന്ന ചാരിതാർഥ്യവും ആനന്ദവും വാക്കുകള്‍ക്ക് അതീതമാണ്. നബി തങ്ങൾ ഹിജ്റ പോയ അതേ വഴിയിലൂടെ മദീന ലക്ഷ്യമാക്കി പോവുമ്പോൾ, ഹിജ്റയുടെ ഓരോ നിമിഷങ്ങളെയും അതിമനോഹരമായി ഗ്രന്ഥകാരി ചീന്തോദ്ദീപകമായ രീതിയിൽ വിവരിച്ചിരിക്കുന്നു.
സിയാറത്തിനു വേണ്ടി അനുവദിക്കപ്പെട്ടിട്ടുള്ള സമയത്ത്, യാ ഹാജ്ജ, തആലീ സിയാറ എന്ന് ഒരു വനിത ഉദ്യോഗസ്ഥ വന്നു വിളിച്ച് ആദ്യമായി കൺനിറയെ പുണ്യ റൗള കാണുമ്പോഴുള്ള അനുഭൂതിയെ അവർ ഇപ്രകാരം കുറിക്കുന്നു: ഒടുക്കം, കണ്ണുനീർത്തുള്ളികളുടെ മറകൊണ്ടു മാത്രം കാണാനാകുന്ന ആ കാഴ്ചക്കരികിൽ ഞങ്ങളെത്തി. ഞാനെന്റെ സ്വന്തം കണ്ണുകൊണ്ട് തിരുനബിയെ കണ്ടു! സന്തോഷവും സങ്കടവും ഒരുപോലെ നിറഞ്ഞ ശബ്ദത്താൽ അവിടുത്തോട് സലാം പറഞ്ഞു. റൗളാ ശരീഫിൽ നിസ്കരിച്ചു! റസൂലിന്റെ ചാരത്തുതന്നെ ഉറങ്ങുന്ന ഭാഗ്യവാന്മാരായ അബൂബക്ർ സിദ്ദീഖി(റ)നോടും ഉമറി(റ)നോടും സലാം പറഞ്ഞു. നബി തങ്ങൾ ജീവിച്ച മണ്ണിനെ, ജീവിച്ച കാലത്തെ, അനുഭവങ്ങളെ ഇന്നും അത്രമേൽ അനുഭവിപ്പിക്കുന്നുണ്ടത്രെ മദീനയിലെ ഓരോ നിമിഷങ്ങളും ഇടങ്ങളും.
വളരെ കുറഞ്ഞ പേജുകളിൽ കഅ്ബയെയും മദീനത്തുന്നബിയെയും വായനക്കാർക്ക് അനുഭവിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് പുസ്തകത്തിന്റെ സൗന്ദര്യം. ഹൃദയംകൊണ്ടു മാത്രമേ ആർക്കും വായിച്ചുതീർക്കാൻ സാധിക്കൂ. മക്കം കണ്ടവരെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന, കാണാത്തവരെ അത്രമേൽ ഭ്രമിപ്പിക്കുന്ന ആഖ്യാനം. 48 പേജുകളുള്ള പുസ്തകത്തിന് 75 രൂപയാണ് വില. ഐ.പി.എച്ചാണ് പ്രസാധകർ



Leave A Comment