ആധുനിക തുർക്കി: രൂപീകരണത്തിലെ സ്ത്രീ സാന്നിധ്യങ്ങള്‍

ആധുനിക തുർക്കി രാഷ്ട്രത്തിന്റെ രൂപീകരണത്തിൽ സൈനികർ, പത്രപ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരൊക്കെയും കൃത്യമായ പങ്ക് വഹിച്ചിട്ടുള്ളത് പോലെ പ്രഗത്ഭരായ ഒട്ടനേകം സ്ത്രീകളും തങ്ങളുടേതായ നിർണായക പങ്കുകൾ വഹിച്ചിട്ടുണ്ട്. മാത്രമല്ല അവരുടെ പ്രവർത്തനങ്ങൾ ഇന്ന് നമുക്ക്  തുർക്കിയെ കുറിച്ചുള്ള ലഭ്യമായിട്ടുള്ള പല വിവരങ്ങളും ലഭിക്കാൻ സഹായകമായി വർത്തിച്ചിട്ടുണ്ടെന്നതും സത്യമാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം സഖ്യകക്ഷികൾ രാജ്യത്തെ കൈവശപ്പെടുത്തിയത് പിന്നാലെ, ആ ബന്ധനത്തിൽ നിന്നും മോചനം ലഭിക്കുന്നതിന് വേണ്ടി നാലു വർഷത്തെ പോരാട്ട യുദ്ധങ്ങളിലായിരുന്നു തുർക്കിയെന്ന രാജ്യം. ചരിത്രത്താളുകളിൽ തുർക്കി രാഷ്ട്രത്തെ രൂപപ്പെടുത്താൻ സഹായിച്ച പ്രമുഖ സ്ത്രീകളെ നമുക്ക് പരിചയപ്പെടാം. 

നെസിഹേ മുഹിത്തിൻ 

സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളിൽ എക്കാലത്തും മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് നെസിഹെ മൂഹിത്തിൻ. 1934ൽ തുർക്കി വനിതകൾക്ക്   വോട്ടവകാശം അനുവദിച്ചത് മുസ്തഫ കമാൽ അതാ തുർക്ക് ആയിരുന്നുവെങ്കിലും അതിന് രണ്ടുവർഷം മുമ്പ് തന്നെ ആ അവകാശം നേടിയെടുക്കാൻ കഠിനമായി പോരാടിയ സ്ത്രീയായിരുന്നു നെസിഹേ മുഹിതിൻ. 1923ൽ തുർക്കി റിപ്പബ്ലിക്കിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയായ ടർക്കിഷ് വിമൻസ് യൂണിയൻ രൂപീകരിച്ച് സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്തുകയും സ്ത്രീകൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുകയും അതിലൂടെ കുടുംബത്തിലും സമൂഹത്തിലുമുള്ള അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കാനായി പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു.

പക്ഷെ, വലിയ പുരോഗമന വാദിയായിരുന്ന മുസ്തഫ കമാൽ അതാ തുർക്ക് അതിനെ അംഗീകരിച്ചില്ല, എന്ന് മാത്രമല്ല  പാർട്ടിയെ ഔദ്യോഗികമാക്കാനുള്ള നെസിഹേയുടെ അപേക്ഷ സ്ത്രീകൾക്ക് ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവകാശമില്ലെന്ന വാദം ഉയർത്തി നിരസിക്കുകയും ചെയ്തു. അത്കൊണ്ട് തന്നെ തന്റെ പാർട്ടിയിൽ നിന്നും രാഷ്ട്രീയ പരാമർശങ്ങൾ മെല്ലെ ഒഴിവാക്കുകയും വീണ്ടും അത്തരത്തിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തു.  ഔദ്യോഗികമായി തീർന്നുവെന്ന പ്രഖ്യാപനം വന്നതോടെ കോൺഫറൻസുകളും കോഴ്സുകളും സംഘടിപ്പിക്കുന്നത് മുതൽ വിവിധ തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളെ എത്തിക്കുന്നത് വരെയുള്ള സ്ത്രീ ശാക്തീകരണ പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങുകയും ചെയ്തു. പക്ഷെ രാഷ്ട്രീയത്തിൽ സമ്മർദ്ദം ചെലുത്തി  തന്റെ യൂണിയനെ രാഷ്ട്രീയ പാർട്ടിയാക്കി മാറ്റാൻ ശ്രമിക്കുന്നതിനിടെ യൂണിയനിൽ നിന്ന് പുറത്താക്കപ്പെടണമെന്നുള്ള പ്രചരണം പരക്കെ മുഴങ്ങുകയും തൽഫലം തുടർ അന്വേഷണങ്ങൾക്കൊടുവിൽ നെസിഹേ മുഹീത്തിന് നിയമ നടപടികൾ നേരിടേണ്ടി വരുകയും ചെയ്തുവെന്നാണ് ചരിത്രം.

ഹാലിദെ എഡിബ് അടിവാർ 

തുർക്കിയിലെ അറിയപ്പെട്ട എഴുത്തുകാരിയും പത്രപ്രവർത്തകയും സ്റ്റാഫ് സർജനുമായിരുന്നു ഹാലിദെ എഡിബ് അടിവാർ. തുർക്കിയിൽ ഇപ്പോഴും വ്യാപകമായി അവരുടെ നോവലുകള്‍ വായിക്കപ്പെടുന്നുവെങ്കിലും തുർക്കി രൂപീകൃതമായ കാലഘട്ടത്തിലെ കൃതികൾ കാര്യമായി സമൂഹത്തിൽ അറിയപ്പെട്ടിട്ടില്ല. 1950ൽ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ സ്ത്രീകളുടെ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആദ്യത്തെ ഫെമിനിസ്റ്റ് സംഘടനയായ women's improvement association സ്ഥാപിച്ചത് അവരായിരുന്നു. ബ്രിട്ടീഷ് ഫ്രണ്ട്‌സ് ഓഫ് ടർക്കിഷ് സൊസൈറ്റിയുമായി യോജിച്ചുള്ള പ്രവർത്തന രീതിയായിരുന്നതിനാൽ തന്നെ ഇംഗ്ലീഷ് അറിയാവുന്ന ആർക്കും അസോസിയേഷനിൽ ചേരാം എന്നതായിരുന്നു നിലപാട്. 

1919 തുർക്കി സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട സമയത്ത് അടിവാർ സ്വന്തം രാജ്യത്തെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തുർക്കി ഇന്റലിജൻസിന്റെ രഹസ്യ സംഘടനയായ കാരക്കോൾ സെമിയേറ്റിയിൽ ചേരുകയും അധിനിവേശത്തിനെതിരെ പോരാടുന്ന ഗ്രൂപ്പുകൾക്ക് ആയുധങ്ങൾ എത്തിക്കുന്നതിന് സഹായം നൽകുകയും ചെയ്തു. അങ്ങനെ 1920ൽ രാജ്യത്തുടനീളമുള്ള പൗരന്മാർക്ക് വാർത്തകൾ അയക്കുക എന്ന ലക്ഷ്യത്തോടെ പത്രപ്രവർത്തകനായ യൂനുസ് നാദി അബലിയോഗ്ളൂവുമായി ചേർന്ന് ഒരു സർക്കാർ വാർത്ത ഏജൻസി തന്നെ സ്ഥാപിച്ചു. ഏജൻസി എഴുതിയ ലേഖനങ്ങൾ എല്ലാ ടെലിഗ്രാം ഓഫീസുകളിലേക്കും അയക്കുമെന്നും ടെലഗ്രാം ഓഫീസുകൾ ഇല്ലാത്തിടത്ത് വാർത്തകൾ പള്ളികളിൽ പ്രദർശിപ്പിക്കും എന്നും അവർ പ്രഖ്യാപിച്ചു.

ഈ വാർത്തകൾ എഴുതുന്നതിനോടൊപ്പം തന്നെ റെഡ് ക്രസന്റിന്റെ നേഴ്സ് ആയി അടിവാർ ജോലി ചെയ്യുകയും ചെയ്തിരുന്നു. എല്ലാ പ്രയത്നങ്ങൾക്കും ഒടുവിൽ 1921ൽ 'കോർപറൽ' എന്ന ആദ്യത്തെ സൈനിക പദവി നേടി. എന്നാൽ പിന്നീടുണ്ടായ ചില രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളോട് വ്യക്തിപരമായി പൊരുത്തപ്പെടാൻ കഴിയാതെ അടിവാറും ഭർത്താവും തുർക്കി വിട്ട് ബ്രിട്ടണിലേക്ക് പോയി. അവിടെ അതാ തുർക്കിനെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും വിമർശിച്ചുകൊണ്ട് അവർ സംസാരിച്ചുകൊണ്ടിരുന്നു. 

1938ൽ അതാതുർക്കിന്റെ മരണശേഷമാണ് അവർ തുർക്കിയിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് ഒരു സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുകയും 1950ൽ ഇസ്മിർ പ്രവിശ്യയുടെ എംപിയായി കുറച്ചുകാലം സേവനമനുഷ്ഠിക്കുകയും ശേഷം വീണ്ടും യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുകയും ചെയ്തു. 1964 ൽ തന്റെ എഴുപത്തി ഒമ്പതാമത്തെ വയസ്സിൽ അടിവാർ മരണപ്പെട്ടു.

കോർപറൽ നെസഹത്ത് (നെസഹത്ത് ഒൻബാസി)

ടർക്കിഷ് റിപ്പബ്ലിക്കിന് അടിത്തറ  പാകുന്നതിന് വേണ്ടി പ്രയത്നിച്ച എല്ലാ സ്ത്രീകളും  പ്രായപൂർത്തിയായവരായിരുന്നില്ല. നെസഹത്ത് ഒൻബാസിയെ പോലെയുള്ള ചെറിയ പെൺകുട്ടികളും അവരിൽ ഉൾപ്പെട്ടിരുന്നു. ക്ഷയരോഗം ബാധിച്ച് അമ്മയെ നഷ്ടപ്പെട്ട നെസഹത്തിനെ   പിതാവ്    കമാൻഡർ  ഹാഫിസ് ഹാലിത്ത് ആണ് വളർത്തിയത്. വീടും പരിസരവും തുടർച്ചയായ പട്ടാള റെയ്ഡുകൾക്കും ട്രാപ്പുകൾക്കും ഇരയായിരുന്നത് കൊണ്ട് തന്നെ കുതിരപ്പുറത്ത് കയറാനും തോക്ക് ഉപയോഗിക്കാനും നെസഹത്തിനെ പിതാവ് പരിശീലിപ്പിച്ചിരുന്നു. 1920ൽ തുർക്കിയിൽ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊണ്ടപ്പോൾ നെസഹത്ത് സൈനിക യൂണിഫോം ധരിച്ച് പതിനൊന്നാം വയസ്സിൽ തന്റെ പിതാവിനൊപ്പം പോരാട്ടങ്ങളിൽ മുൻനിരയിൽ തന്നെ നിലകൊണ്ടു. മാസങ്ങൾക്ക് ശേഷം  ആക്രമണത്തിൽ ശത്രുക്കൾക്ക് മേൽകൈ ലഭിച്ചതോടെ നിരവധി തുർക്കി സൈനികർ പലായനം ചെയ്യാൻ തുടങ്ങി. എന്നാൽ "ഞാനെന്റെ പിതാവിന് ഒപ്പം മരിക്കാൻ പോകുന്നു, നിങ്ങൾ എവിടെ പോകുന്നു?" എന്ന് തടഞ്ഞുനിർത്തി കൊണ്ടുള്ള നെസഹത്തിന്റെ ചോദ്യത്തിനു മുന്നിൽ ഉത്തരം നൽകാൻ കഴിയാതെ സൈനികർ ക്യാമ്പിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. തുടർ ആക്രമണത്തിന്റെ ഫലം തുർക്കികൾക്ക്അനുകൂലമായിരുന്നില്ലെങ്കിലും ഗ്രീക്ക് മുന്നേറ്റം തടയാൻ കഴിഞ്ഞു. ഇതോടെ നെസഹത്ത് ഒൻബാസിന് കോർപറൽ പദവി ലഭിക്കുകയും ചെയ്തു.

ഒരിക്കൽ  അതാ തുർക്ക് ഒൻബാസിയുടെ  റെജിമെന്റ് സന്ദർശിച്ചപ്പോൾ 'നീയെന്തിനാണ്  അവിടെ ഉണ്ടായിരുന്നതെ"ന്ന ചോദ്യത്തിന്' 'ഞാൻ പട്ടാളക്കാരുടെ കോട്ടയാണ്.  അവർ പിന്തിരിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെന്നെ അവരുടെ ശത്രുവായിട്ട് കാണേണ്ടി വരുമെന്ന്' ധൈര്യമായി മറുപടി നൽകിയ നെസഹത്തിന്റെ ആ വാക്കുകൾ തന്നെ മതി അവരെ മനസ്സിലാക്കാൻ. അതുകൊണ്ടുതന്നെ റജിമെന്റിലെ സൈനികർ 'ജോൻ ഓഫ് ആർക്' എന്ന വിളിപ്പേരിലായിരുന്നു ഒൻബാസിയെ അഭിസംബോധന ചെയ്തിരുന്നത്.

1921ൽ നെസഹത്ത് 'മെഡൽ ഓഫ് ഇൻഡിപെൻഡൻസ്' നേടിയ ആദ്യ വ്യക്തിയായി മാറി. ഈ നിർദ്ദേശം പാർലമെന്റിൽ വെച്ചപ്പോൾ ഒരു കുട്ടിക്ക് ഇത്തരം ഒരു ബഹുമതി നൽകുന്നത് തെറ്റാണെന്നും പകരം അവൾക്ക് വിവാഹത്തിനുള്ള മഹ്റോ ബ്രിഗേഡിയർ പദവിയോ നൽകണമെന്നും ചിലർ ശുപാർശ ചെയ്തു. അവസാനം മെഡൽ നൽകാനുള്ള തീരുമാനത്തിന് അംഗീകാരം ലഭിച്ചെങ്കിലും അവളുടെ മരണത്തിന് ഏകദേശം 20 വർഷങ്ങൾക്കു ശേഷം 2013ൽ അവരുടെ ചെറു മകൾ ഗിസൻ ഉനാൽഡിക്കാണ് മെഡൽ നൽകിയത്. 1994ൽ നെസഹത്ത്‌ അസുഖ ബാധിതയാവുകയും  അങ്കാറയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും അവിടെ വെച്ച് മരണപ്പെടുകയും ചെയ്തു.

ഡോ സഫിയ അലി 

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയാണ്  ഡോക്ടർ സഫിയെ അലി. ആദ്യകാലത്ത്‌ തുർക്കിയിൽ മെഡിക്കൽ പഠനത്തിനുള്ള അവസരം ലഭ്യമല്ലാതിരുന്നതിനാൽ ഒന്നാം ലോകമഹായുദ്ധകാലത്ത് അവർ ജർമ്മനിയിലെ വുർസ്ബർഗ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പഠനത്തിന് ചേരുകയും 1921ൽ അവിടെ നിന്ന് ബിരുദം  നേടിയതോടെ ഔദ്യോഗികമായി തുർക്കിയിലെ ആദ്യത്തെ വനിത ഡോക്ടറായി മാറുകയും ചെയ്തു.  ഡോ. സഫിയെയുടെ ശസ്ത്രക്രിയകളിൽ  ആദ്യമാദ്യം ആരും തന്നെ വിശ്വാസം അർപ്പിച്ചിരുന്നില്ല. ചികിത്സ തേടിയെത്തിയവർ തന്നെ  സെഫിയെ അലി ഒരു സ്ത്രീ ആയതിനാൽ ഫീസ്  പൂർണമായും നൽകാനും തയ്യാറായിരുന്നില്ല. എന്നാൽ അത്തരം ആവശ്യങ്ങളെ അവർ എതിർക്കുകയും തന്റെ വേതനം പുരുഷന്മാർക്ക് ലഭിക്കുന്നതിനോട് തുല്യമായിരിക്കണമെന്ന് നിബന്ധന വെക്കുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കേ ഫീസിൽ ഇളവ് നൽകുകയുള്ളൂ എന്ന് വ്യക്തമാക്കുകയും ചെയ്തു.

സ്വന്തമായി ശസ്ത്രക്രിയ നടത്തുന്നതിന്  പുറമെ റെഡ് ക്രസന്റിന്റെ  ആഭിമുഖ്യത്തിൽ ചെറിയ കുട്ടികൾക്കായി ഒരു ശസ്ത്രക്രിയ സ്ഥാപനവും അവർ തുറന്നു.  പഞ്ചസാര, മൈദ, പാൽപ്പൊടി തുടങ്ങിയ ഭക്ഷണപ്പൊതികൾ പലപ്പോഴും അവർ വിതരണം ചെയ്യുകയും പോഷകാഹാരം കുറവുള്ള കുട്ടികൾക്ക് കൃത്യമായ ഭക്ഷണക്രമം നിശ്ചയിച്ച് നൽകുകയും എല്ലാ ആഴ്ചയും അവരുടെ തൂക്കം നോക്കുകയും ചെയ്തിരുന്നു. മാത്രമല്ല അത്തരം കുട്ടികൾക്ക് പലപ്പോഴും ഭക്ഷണം വരെ സൗജന്യമായി നൽകുകയും ചെയ്തിരുന്നു. 

1925 ൽ സുട് ഡാംലസി എന്ന സന്നദ്ധ സംഘടനയുടെ നേതാവായതോടെ സ്ത്രീകളുടെയും കുട്ടികളുടെയും കേന്ദ്രമായി അതിനെ മാറ്റിയെടുത്തു.  കുട്ടികൾക്ക് വാക്സിനുകളും പാലും ഭക്ഷണവും യഥേഷ്ടം നൽകുന്നതിന് സംഘടനയെ കൂട്ടുപിടിച്ചു. സ്ത്രീകളെയും കുട്ടികളെയും കൂടുതൽ പഠിപ്പിക്കുന്നതിനായി ഒരു ചെറിയ മ്യൂസിയം അവർ ഉണ്ടാക്കുകയും അവിടെ നിരവധി വിഷയങ്ങളിൽ ഫോട്ടോഗ്രാഫുകൾ, സ്ഥിതിവിവര കണക്കുകൾ, ഗ്രാഫിക്സ് എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. എന്നാൽ സെഫിയയുടെ വിജയം അവരുടെ പുരുഷ സഹപ്രവർത്തകർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും തൽഫലമായി 1927ൽ സുട് ഡാംലസിയിലെ തന്റെ സ്ഥാനം ഡോ സെഫിയെ അലി രാജിവെക്കുകയും ചെയ്തു.

എന്നാൽ അവർ പോയതോടെ അവരുടെ സ്ത്രീ രോഗികൾ വളരെ അസ്വസ്ഥരായി മാറുകയും  അതുമൂലം പകരക്കാരായെത്തിയ പുരുഷ ഡോക്ടറുടെ വീടിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയും ചെയ്തു. സഫിയെ തന്നെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന ആരോപണം ഉയർന്നപ്പോൾ, ഒരു സ്ത്രീയുടെ വിജയം അംഗീകരിക്കാൻ കഴിയാത്ത പുരുഷന്മാരാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നായിരുന്നു അവരുടെ മറുപടി.  തുടർന്നും ഡോ. സെഫിയെ മെഡിസിൻ പരിശീലിക്കുന്നത് തുടരുകയും തുർക്കിയിലെ വനിതാ യൂണിയനിൽ ചേരുകയും ചെയ്തു. അവിടെ അവർ ഒരു ഹെൽത്ത്‌ കമ്മിറ്റിക്ക് രൂപം നൽകുകയും വേശ്യാവൃത്തിയിലേക്ക് നിർബന്ധിതരായി കടന്നു ചെല്ലുന്ന പെൺകുട്ടികൾക്കായി ഒരു റീഹാബിലിറ്റേഷൻ ഹോസ്റ്റൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തു.  അവസാനം കാൻസർ രോഗത്തിന് കീഴടങ്ങിയതോടെ 1952ൽ  അമ്പത്തിയെട്ടാമത്തെ വയസ്സിൽ അവര്‍ മരണപ്പെടുകയാണുണ്ടായത്.

സബീഹാ റിഫാത്ത് 

തുർക്കിയിലെ ആദ്യകാല റിപ്പബ്ലിക്കിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു സബീഹ റിഫാത്ത്. 1927ൽ ഇസ്താംബൂളിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയായ ഹയർ എഞ്ചിനീയർ സ്കൂളിൽ എഞ്ചിനീയറിംഗ് ഫാക്കൽറ്റിയായ ആദ്യത്തെ രണ്ട് വിദ്യാർത്ഥിനികളിൽ ഒരാളായിരുന്നു റിഫാത്ത്. യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനികൾക്ക് അഡ്മിഷൻ എടുക്കാമെന്ന് വാർത്ത വന്നയുടൻ തന്നെ റിഫാത്ത് ആവശ്യമായ രേഖകൾ ശേഖരിച്ച് രജിസ്റ്റർ ചെയ്തെങ്കിലും  മിഡിൽ സ്കൂൾ വരെ മാത്രം പഠിച്ചിട്ടുള്ള അവർ പരീക്ഷ എഴുതരുതെന്ന യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്റെ ഓർഡർ തടസ്സം സൃഷ്ടിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ അവർ പരീക്ഷയെഴുതുകയും വിജയം കൈവരിക്കുകയുമാണുണ്ടായത്. ആറ് വർഷത്തെ പഠനത്തിന് ശേഷം തുർക്കിയിലെ ആദ്യത്തെ വനിത സിവിൽ എൻജിനീയറെന്ന ബഹുമതിയോടെ ബിരുദം കരസ്ഥമാക്കുകയും ചെയ്തു.

ബിരുദം നേടി മൂന്നു വർഷത്തിനുശേഷം തുർക്കിയിൽ പാലം നിർമ്മിക്കുന്ന ആദ്യത്തെ വനിത എൻജിനീയറായി റിഫാത്ത്‌ മാറി.  ഇന്ന് അതൊരു വലിയ അത്ഭുതമായി തോന്നുന്നില്ലെങ്കിലും  ജോലി ലഭിക്കാൻ അവർക്ക് വളരെയധികം തടസ്സങ്ങളും പ്രതിസന്ധികളും തരണം ചെയ്യേണ്ടതായി വന്നിട്ടുണ്ട്.  അങ്കാറക്ക് പുറത്താണ് പാലം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ തന്നെ ആളൊഴിഞ്ഞ  സ്ഥലത്ത് ഒരു സ്ത്രീയെ നിയമിക്കുന്നതിനെതിരെ ഹെഡ് എഞ്ചിനീയർ രംഗത്ത് വന്നെങ്കിലും തന്റെ ജോലിയിൽ നിന്നും സബീഹാ റിഫാത്ത് പിന്മാറാൻ കൂട്ടാക്കിയില്ല. അത്തരത്തിൽ ഒരുപാട് തടസ്സങ്ങൾ മറികടന്നാണ് അത്തരമൊരു ജോലി ചെയ്ത്‌ തീർത്തതെന്നുള്ളത് കൊണ്ട് തന്നെ ഈ പാലം ഇന്നും 'പെൺകുട്ടികളുടെ പാലം' എന്ന പേരിലാണ് അറിയപ്പെടുന്നത്‌ .

1945 ൽ റിഫാത്ത് അങ്കാറയിലെ അത്താതുർക്കിന്റെ ശവകുടീരത്തിന്റെ ഹെഡ് സൂപ്പർവൈസിങ് എഞ്ചിനീയറായി നിയമിക്കപ്പെട്ടുവെന്നത് അവരുടെ ജോലിയെ രാഷ്ട്രം എത്രമാത്രം ബഹുമാനിച്ചിരുന്നു എന്നതിന്റെ തെളിവാണ്. എൻജിനീയറിങ്ങിന് പുറമേ ഫെനർബാഷ് സ്പോർട്സ് ക്ലബ്ബിനായി വോളിബോൾ കളിക്കുകയും 1929 ൽ ടീമിനെ ഇസ്തംബൂൾ ചാമ്പ്യന്മാരാകാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട് സബീഹാ. 2003 ൽ ഈജിയൻ നഗരമായ ഇസ്മിറിൽ വെച്ചായിരുന്നു അവരുടെ മരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter