അല്ലാഹുവിനോട് സ്നേഹമോ ഭയമോ?

'ഞാൻ നിന്നെ ആരാധിക്കുന്നതു നരകഭയം കൊണ്ടെങ്കിൽ 
കെടാത്ത നരകത്തീയിലേക്കെന്നെയെറിയൂ,
ഞാൻ നിന്നെ ആരാധിക്കുന്നതു സ്വർഗ്ഗേച്ഛ കൊണ്ടെങ്കിൽ
സ്വർഗ്ഗത്തിന്റെ വാതിലെനിക്കു കൊട്ടിയടയ്ക്കൂ.
നീയൊന്നു മാത്രമാണെന്റെയാരാധനയ്ക്കുന്നമെങ്കിൽ
നിഷേധിക്കരുതേ എനിക്കു നിന്റെ നിത്യസൗന്ദര്യം.' 

പ്രമുഖ സൂഫി കവയത്രി റാബിഅത്തുൽ അദവിയ്യയുടെ വരികളാണിത്. 

'നാഥാ നിൻറെ നരകത്തിന്റെ ചൂട് എന്റെ തൊലിക്ക് സഹിക്കാനോ എല്ലുകൾക്ക് നേരിടാനോ കഴിയില്ല അതിനാൽ നീ എന്നെ നരകത്തിൽ പ്രവേശിപ്പിക്കരുതേ' എന്ന് അല്ലാഹുവിനോട് കേണു കരയുന്ന ഒരു ആബിദിനെ കണ്ട സൂഫി പൊട്ടിച്ചിരിച്ചു.

സൂഫി പറഞ്ഞു: നിന്റെ വാക്കുകൾ കേട്ടാലറിയാം നരകത്തെ പേടിച്ചാണ് നിൻറെ കരച്ചിലെന്ന്. എനിക്ക് നരകം പേടിയില്ല. കാരുണ്യവാനായ രക്ഷിതാവ് ഉള്ളപ്പോൾ എന്തിനവന്റെ നരകം ഭയക്കുന്നു. തെറ്റുകൾ പൊറുക്കുന്ന, പശ്ചാതാപം സ്വീകരിക്കുന്ന, ദയാലുവായ രക്ഷിതാവുണ്ടായിട്ട് നിങ്ങൾ അവന്റെ നരകമാണോ ഭയക്കുന്നത്. നിങ്ങൾ അല്ലാഹുവിനെ ഭയക്കുന്നില്ലേ? ഞാൻ അല്ലാഹുവിനെ ഭയപ്പെടുന്നു, അവന്റെ നരകത്തെയല്ല. നീ എന്നോട് എന്തിന് അനുസരണക്കേട് കാണിച്ചു? എന്ന  അല്ലാഹുവിൻറെ ചോദ്യമാണ് എനിക്ക് ഭയം. എന്റെ ഹബീബിന്  ഞാൻ നരകത്തിൽ കിടക്കുന്നതാണ്  ഇഷ്ടമെങ്കിൽ ഹബീബിന്റെ  ഇഷ്ടമാണ് എൻറെയും ഇഷ്ടം. ഞാനൊരു രഹസ്യം പറയട്ടെ, എൻറെ റബ്ബ് എന്നെ നരകത്തിലിടുകയില്ല. കാരണം ഞാൻ എൻറെ റബ്ബിനെ ആരാധിച്ചത് സ്നേഹിച്ചും പ്രണയിച്ചുമാണ്, നീ ചെയ്യുന്ന പോലെ നരകം ഭയന്നോ സ്വർഗ്ഗം ആഗ്രഹിച്ചോ അല്ല. കുടുംബത്തിന് വെളിച്ചം തേടി പോയ മൂസ നബി (അ) നുബുവ്വത്തിന്റെ പ്രകാശം കൊണ്ടുവന്നത് പോലെ, അല്ലാഹുവിൻറെ സൗന്ദര്യം കാണാൻ ചെന്ന ഞാൻ അവന്റെ സ്നേഹ വലയത്തിൽ പെട്ട് ഭ്രാന്തനായി.'

നാമൊക്കെ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് നരകത്തെയും അതില്‍ എറിയപ്പെടുന്നതിനെയുമല്ലേ. പരമകാരുണികനായ അല്ലാഹുവിനെ പ്രണയിക്കാനാവാത്തത് കൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നത്. സ്നേഹനിധിയായ ഒരു ഉമ്മ തന്റെ കുഞ്ഞിനെ ഒരിക്കലും തീയിലേക്ക് എടുത്തെറിയില്ലെന്ന് നമുക്കൊക്കെ അറിയാം. ആ ഉമ്മയേക്കാള്‍ എത്രയോ മടങ്ങ് കാരുണ്യം കാണിക്കുന്ന, തന്റെ കാരുണ്യത്തിന്റെ തൊണ്ണൂറ്റിഒമ്പത് ശതമാനവും പരലോകത്തേക്കായി മാറ്റി വെച്ച അല്ലാഹു, ആ കരുണാകടാക്ഷങ്ങളുടെ കെട്ടഴിക്കുമ്പോള്‍ പിന്നെയെങ്ങനെയാണ് തന്റെ അടിമകളെ നരകത്തിലെറിയുക. അത് കൊണ്ട് തന്നെ, നരകത്തെയും നരകാഗ്നിയെയും പേടിക്കുന്നതിന് പകരം, സ്വര്‍ഗ്ഗത്തെയും അതിലെ സുഖങ്ങളെയും ആഗ്രഹിക്കുന്നതിന് പകരം, നമുക്ക് അല്ലാഹുവിനെ പ്രണയിക്കാം. എങ്കില്‍, എന്തേ ഞാന്‍ പറഞ്ഞതിന് വിരുദ്ധമായി നീ ചെയ്തുവെന്ന അവന്‍ ചോദിക്കുമല്ലോ എന്നത് തന്നെ നമ്മെ അലോസരപ്പെടുത്തും. എന്നെയോര്‍ക്കാതെ പല നിമിഷങ്ങളും നിനക്ക് കടന്നുപോയില്ലേ എന്ന അവന്റെ ചോദ്യം നമുക്ക് സഹിക്കാനാവാതെ വരും. അത്തരം ചിന്തകളില്‍നിന്നുണ്ടാവുന്ന ആരാധനകള്‍ക്ക് വല്ലാത്ത മാധുര്യവും രുചിയുമായിരിക്കും.

അറിവിനെയും അവബോധത്തെയും തുടര്‍ന്നാണ് സ്നേഹമുണ്ടാവുക. അല്ലാഹുവിനെ അറിയുംതോറും സ്നേഹം മനസ്സിൽ രൂഢമൂലമാകും. “സത്യവിശ്വാസികള്‍ അല്ലാഹുവിനോട് തീവ്രമായ സ്നേഹമുള്ളവരത്രേ” (വിശുദ്ധ ഖുർആൻ  2 - 165).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter