മുല്ലപ്പൂ വിപ്ലവം, പരാജയമാണെന്ന് വീണ്ടും തെളിയുന്നുവോ

മുല്ലപ്പൂ വിപ്ലവം മധ്യേഷ്യക്ക് ഉപകാരമാണോ ഉപദ്രവമാണോ വരുത്തിവെച്ചതെന്നത്    വർഷങ്ങളായിട്ട് ചർച്ചകൾക്ക് ഇടയായികൊണ്ടിരിക്കുന്ന വിഷയമാണ്. ഇതിനിടയിലാണ് മുല്ലപ്പൂ വിപ്ലവത്തിന്റെ പ്രഭവ കേന്ദ്രവും വിപ്ലവത്തിനു ശേഷം ജനാധിപത്യ ഭരണ രീതിയിലേക്ക് പരിവർത്തിക്കപ്പെട്ടതുമായ തുണീഷ്യയിൽ അസ്വരാസ്യങ്ങളുടെ പുകച്ചുരുളുകൾ ഉയരുന്നത്. തുണീഷ്യയിലെ ഈ അരക്ഷിതാവസ്ഥയും കാനഡയുടെ ഇസ്‍ലാമോഫോബിയാ വിരുദ്ധ ഉപദേശകയും ഇസ്രായേലിന്റെ പുതിയ പൗരത്വ നിയമ ഭേദഗതിയുമാണ് ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോകത്തെ പ്രധാന സംഭവങ്ങൾ എന്ന് പറയാം.

സമരകലുഷിതമാവുന്ന തുണീഷ്യ
തുണീഷ്യയും ജനാധിപത്യവും ഒരിക്കൽ കൂടി ചർച്ചകളിൽ നിറയുകയാണ്. മുല്ലപ്പൂ വിപ്ലവത്തോടെ ജനാധിപത്യത്തിന്റെ പ്രതീക്ഷാകിരണങ്ങളെ വരവേറ്റ തുണീഷ്യൻ ജനത, ജനാധിപത്യ ധ്വംസനത്തിന്റെ പുതിയ അധ്യായങ്ങളില്‍ കിടന്ന് നിസ്സഹായരായിരിക്കുകയാണ്. ജനാധിപത്യ പാതയുടെ യഥാർത്ഥ മാർഗദർശിയെന്ന റോളിൽ തുണീഷ്യൻ രാഷ്ട്രീയത്തിൽ അവതരിച്ചു നേതൃത്വം കയ്യിലെടുത്ത ഖൈസ് സയീദ് പക്ഷേ തുണീഷ്യൻ ജനാധിപത്യ പ്രയാണ പാതയിൽ കല്ലും മുള്ളും വിതറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 

പ്രധാനമന്ത്രിയെയും പാർലമെന്റിനെയും ഏകപക്ഷീയമായി പിരിച്ചുവിട്ട 202l -ലെ അട്ടിമറിയോടെ തുടങ്ങുന്നു ഖൈസ് സയീദിന്റെ പൊതുജന പിന്തുണാതകർച്ച. അഴിമതിയും സാമ്പത്തിക ഞെരുക്കവുമടക്കം തുണീഷ്യയനുഭവിക്കുന്ന അടിയന്തര പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്നോണമായിരുന്നു അട്ടിമറിയെ സാധൂകരിക്കാൻ ഖൈസ് സയീദ് കൊണ്ടുവന്ന ന്യായീകരണം. എന്നാൽ അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും സുരക്ഷാ ഭീതികളുടെ കാർമേഘങ്ങളും തൂണീഷ്യക്കുമേൽ അതിഭീകരമായി ഇരുണ്ടു കൂടുക മാത്രമാണ് ചെയ്തത്. പരിഷ്കരിച്ച ഭരണഘടനയാകട്ടെ വ്യാപക വിമരശനങ്ങൾക്ക് ഇടയാവുകയും ചെയ്തു.

അട്ടിമറിക്കു ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പിൽ വിജയം ലഭിച്ചത് ഖൈസിനാണെങ്കിലും ഇതിന്റെ മറുപുറം പരിശോധിക്കുകയാണെങ്കിൽ കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാവും. പൗരാവകാശ സംഘടനകളും പ്രതിപക്ഷവും ഒന്നടങ്കം ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ കേവലം പതിനൊന്ന് ശതമാനം പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. ഖൈസിനെതിരെയുള്ള വ്യാപക സമരാഹ്വാനങ്ങളുമായി പ്രതിപക്ഷവും ഇതര സംഘടനകളും മുന്നേറുകയാണ്. ഫെബ്രുവരി പകുതിയോടെ തുടങ്ങി ഭരണകൂടത്തിന്റെ വ്യാപക അറസ്റ്റുകൾക്കിടയിലും ഇന്നും ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന തുണീഷ്യൻ ജനറൽ ലേബർ യൂണിയന്റെ സമരം തന്നെയാണ് ഈ ആഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത്.

കാനഡയും ഇസ്‍ലാമോഫോബിയക്കെതിരെയുള്ള യുദ്ധവും

ഇസ്‍ലാമോഫോബിയ്ക്കും മുസ്‍ലിംകൾക്കുമെതിരെയുള്ള വിദ്വേഷാക്രമണങ്ങൾക്ക് പേരുകേട്ട രാജ്യമാണ് കാനഡ. ജോലിയാവശ്യാർത്ഥവും പഠനാർത്ഥവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറുന്നവറുടെ പ്രിയ ഇടങ്ങളിൽ ഒന്നായ കാനഡ വംശീയാധിക്ഷേപങ്ങളിലും വിവേചനങ്ങളിലും മുന്നിലാണ്. വർധിച്ചു വരുന്ന ഇസ്‍ലാമോഫോബിയക്കും വംശീയ വിവേചനങ്ങൾക്കും തടയിടാനെന്നോണമാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇസ്‍ലാമോഫോബിയാ വിരുദ്ധ ഉപദേശകൻ എന്ന പുതിയ തസ്തിക ഉണ്ടാക്കുന്നതും യാതൊരു വിധത്തിലുള്ള വംശീയതയെയും കാനഡ പ്രോത്സാഹിപ്പിക്കില്ലെന്ന സന്ദേശം നൽകുന്നതും.

മാധ്യമ പ്രവർത്തകയും സജീവ മനുഷ്യാവകാശ പ്രവർത്തകയുമായ അമീറ എൽഗവാബിയാണ് ജനുവരി അവസാനം ആദ്യ ആന്റി ഇസ്‍ലാമോഫോബിക്ക് ഉപദേശകയായി നിയമിക്കപ്പെട്ടിട്ടുളളത്. അമീറ എൽഗവാബിയുടെ നിയമനത്തിനു പിന്നാലെ തന്നെ, കാനഡയിലെ ക്യുബെക്ക് സ്റ്റേറ്റ് അവരുടെ രാജി ആവശ്യപ്പെട്ട് മുന്നോട്ടുവരികയുണ്ടായി. പൊതു ഇടങ്ങളിലെ ജോലികളിൽ മത വസ്ത്രങ്ങൾ നിരോധിക്കുന്ന ക്യുബെക്ക് സർക്കാറിന്റെ ബില്ലിനെതിരെയുള്ള ട്വീറ്റിൽ ഒരു അഭിപ്രായ സർവേയെ മുൻനിർത്തി ക്യുബക്കുകാർ അധികവും മുസ്‍ലിം വിരുദ്ധത വെച്ചു പുലർത്തുന്നവരാണെന്ന അമീറ എൽഗവാബി മുമ്പ് നടത്തിയ പ്രസ്താവനയുടെ പേരിലായിരുന്നു രാജിയാവശ്യം. ഇതിൽ അമീറ പിന്നീട് മാപ്പ് പറയുകയുമുണ്ടായി.

ഇസ്രായേലി നിയമം ഉന്നമിടുന്നത്

പലസ്തീൻ ജനതക്കു മേൽ സയണിസ്റ്റ് കരങ്ങൾ ആക്രമണങ്ങളുടെയും നിയമങ്ങളുടെയും  രൂപത്തിൽ അനുദിനം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. പലസ്തീൻ അതോറിറ്റിയിൽ നിന്നോ ഇതര പലസ്തീൻ അനുകൂല സംഘങ്ങളിൽ നിന്നോ ഫണ്ട് സ്വീകരിക്കുന്നവർക്ക് നാടുകടത്തലും പൗരത്വം റദ്ദാക്കലുമടക്കമുള്ള ശിക്ഷകളടങ്ങിയിട്ടുള്ള പൗരത്വ നിയമ ഭേദഗതി ഇസ്രായേലി നെസറ്റ് ഫെബ്രുവരി പതിനഞ്ചിന് പാസ്സാക്കിയിരിക്കുകയാണ്.

ഇസ്രായേൽ അധീന കിഴക്കൻ പലസ്തീനിലെ പൗരന്മാരും ഇസ്രായേലി പൗരരായ പലസ്തീനികളുമാകും ഈ നിയമത്തിന്റെ ഇരകളായി നാടുകടത്തലും ശിക്ഷകളും എറ്റുവാങ്ങാൻ പോകുന്നതെന്നാണ് യാഥാർത്ഥ്യം. അതേ സമയം, ഏറ്റവും വലിയ തീവ്രവാദികളും ഭീകരാശയക്കാരുമായ സയണിസ്റ്റ് തീവ്രവാദികളും ഫലസ്തീനിൽ ആക്രമണങ്ങൾക്ക് മുൻകയ്യെടുക്കുന്ന മറ്റു ഇസ്രായേൽ തീവ്ര സംഘങ്ങളും ഈ നിയമത്തിന്റെ പരിധിയിലോ സമാനമായ നിയമങ്ങളിലോ ഉൾകൊള്ളുന്നില്ല എന്നതാണ് മറ്റൊരു വശം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter