മാലിക് അംബർ: മുഗളന്മാരെ ഭീതിയിലാഴ്ത്തിയ ആഫ്രിക്കൻ അടിമ
1548-ൽ തെക്കൻ എത്യോപ്യയിലെ ഖംബത മേഖലയിലാണ് മാലിക് അംബർ എന്ന പേരിൽ അറിയപ്പെടുന്ന 'ചാപ്പു' ജനിക്കുന്നത്. മാതാപിതാക്കൾ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചത് കാരണം അദ്ദേഹം അടിമക്കച്ചവടക്കാരുടെ കൈകളിൽ അകപ്പെട്ടു. പലരും അദ്ദേഹത്തെ വാങ്ങുകയും വിൽക്കുകയും ചെയ്ത്, അവസാനം അദ്ദേഹം ബഗ്ദാദിലുള്ള ഒരു പ്രമുഖ വ്യാപാരിയുടെ കൈകളിലെത്തി. അദ്ദേഹത്തിന് 'അംബർ' എന്ന പേര് നൽകിയത് ആ വ്യാപാരിയായിരുന്നു. അംബർ എന്നാൽ അറബിയിൽ തവിട്ട് രത്നം എന്നാണ് അർത്ഥമാക്കുന്നത്. അദ്ദേഹത്തിന് ആവശ്യമായ വിദ്യാഭ്യാസം നൽകിയതും ഇസ്‍ലാം ആശ്ലേഷിക്കാൻ കാരണക്കാരനായതും ഇദ്ദേഹമാണ്.
1570 കളുടെ തുടക്കത്തിൽ ഡെക്കാനിൽ എത്തിയ അംബറിനെ ചെങ്കിസ് ഖാനാണ് വാങ്ങിയത്. ചെങ്കിസ് ഖാൻ അന്ന് അഹമ്മദ്‌നഗർ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയാണെങ്കിലും പണ്ട് ഒരു അടിമയായിരുന്നു. അദ്ദേഹം അംബറിന് സൈനിക, ഭരണ കാര്യങ്ങളിൽ വ്യക്തമായ ഉപദേശ നിർദ്ദേശങ്ങൾ നൽകി. 1580-ൽ ചെങ്കിസ് ഖാന്റെ മരണത്തോടെ അംബർ സ്വതന്ത്രനായി. അടുത്ത 20 വർഷക്കാലം അദ്ദേഹം ഡെക്കാനിൽ കൂലിപ്പണി ചെയ്താണ് ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്. നേതാവ് എന്നർത്ഥമുള്ള 'മാലിക്' എന്ന സ്ഥാനപ്പേര് അംബറിന് ലഭിച്ചത് ഈ കാലയളവിലാണ്.
1595-ൽ മാലിക് അഹ്മദ് നഗറിലേക്ക് മടങ്ങുകയും മറ്റൊരു ഹബ്ഷി പ്രഭുവിന് കീഴിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ അഹ്മദ് നഗറിലേക്ക് ഒരു സുപ്രധാന സൈനിക പര്യവേഷണം ആരംഭിച്ചത് ഇതേ കാലയളവിലായിരുന്നു. ആദ്യ സൈനിക മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ സൈന്യത്തിൽ 150-ൽ താഴെ കുതിരപ്പടയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു വർഷത്തിനുള്ളിൽ 3,000 യോദ്ധാക്കളും 1600-ഓടെ 7,000 സൈനികരുമുള്ള ഒരു സൈനിക വ്യൂഹമായി ഇത് വർധിച്ചു.
മറാത്തികളോട് ഐക്യപ്പെട്ട് മുഗളന്മാരോട് ദശാബ്ദങ്ങളോളം മാലിക് പോരാടി. അക്കാലത്ത് മുഗൾ സൈന്യത്തിന്മേൽ ഗറില്ലാ യുദ്ധമുറകൾ അഴിച്ചുവിട്ടതിന്റെ പേരിൽ അദ്ദേഹം ലോകമാകെ അറിയപ്പെട്ടിരുന്നു. അദ്ദേഹത്തെ തോൽപ്പിക്കാൻ ആഫ്റ്റർ ജനറലിനെ ഡൽഹിയിൽ നിന്ന് ദക്ഷിണേന്ത്യൻ ഭാഗത്തേക്ക് അയച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്ന് പ്രശസ്ത ചരിത്രകാരനായ ഈറ്റൺ പറയുന്നു.
1610-ൽ അഹ്മദ്‌നഗർ കോട്ടയിൽ നിന്ന് മുഗളന്മാരെ പുറത്താക്കിയ അദ്ദേഹം ഔറംഗബാദ് പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ചു. മറാത്തികൾ ഉൾപ്പെടെ 2 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന നഗരം ഒടുവിൽ ഒരു മഹാനഗരമായി മാറി. ഔറംഗബാദിലെയും അതിന്റെ പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന ജലസംഭരണികളും കനാലുകളും നിർമ്മിച്ചത് നഗരത്തിന്റെ പ്രധാന സവിശേഷതയായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
മറാത്തികൾ അധിവസിച്ചിരുന്നത് അക്കാലത്തെ കൂടുതൽ ഫലഭൂയിഷ്ടമായ ഭൂമിയിലായിരുന്നു. അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങൾ കാരണം കലയുടെയും സംസ്കാരത്തിന്റെയും പ്രാധാന്യം വർദ്ധിക്കുകയും ജനങ്ങൾ അതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു. ഡസൻ കണക്കിന് പുതിയ കൊട്ടാരങ്ങളും പള്ളികളും അടിസ്ഥാന സൗകര്യങ്ങളും അദ്ദേഹം നിർമ്മിച്ചു.
ഏകദേശം 1615-ൽ അഹ്മദ്‌നഗറിനും മുഗൾ സാമ്രാജ്യത്തിനും ഇടയിൽ ശത്രുത വീണ്ടും ഉടലെടുത്തു. ഡെക്കാണിലെ ഗറില്ലാ യുദ്ധത്തിന്റെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്ന അംബർ ശത്രുവിനെ തന്റെ പ്രദേശത്തേക്ക് ആകർഷിക്കുകയും തുടർന്ന് മറാത്തി കുതിരപ്പടയാളികളുമായി അവരുടെ സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തു. വലിയ സന്നാഹങ്ങളോടെയെത്തിയ മുഗൾ സൈന്യത്തിന് ഡെക്കാൻ ദേശത്ത് വിജയം വരിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് മാലിക് അംബർ രണ്ട് ദശാബ്ദക്കാലം മുഗൾ വ്യാപനത്തെ ഫലപ്രദമായി തടഞ്ഞു നിറുത്തി. അക്കാരണത്താൽ മുഗൾ ചക്രവർത്തിയായ ജഹാംഗീർ അംബറിനെ തന്റെ മുഖ്യ ശത്രുവായി കണക്കാക്കി.
1624-ലെ ഭത്‍വടി യുദ്ധത്തിൽ ഘോരമായ സംഘർഷം ഉണ്ടായി. മുഗൾ ബിജാപൂർ സഖ്യസൈന്യം ഭത്‍വടിയിൽ എത്തി. വെള്ളപ്പൊക്കത്തിന് കാരണമായ അടുത്തുള്ള തടാകത്തിന്റെ അണക്കെട്ട് നശിപ്പിച്ച അംബർ സഖ്യകക്ഷികളുടെ കുതിരപ്പട തന്റെ ക്യാമ്പിലേക്ക് വരുന്നത് തടയുകയും ചെയ്തു. അംബറിന്റെ സൈന്യം ശത്രുക്കളുടെ പാളയത്തിൽ രാത്രി ആക്രമണങ്ങൾ നടത്തി. ഒടുവിൽ ശത്രുവിനെ പിൻവാങ്ങാൻ നിർബന്ധിതരാക്കി. അങ്ങനെ മാലിക്കിന്റെ സൈന്യം ആ യുദ്ധത്തിൽ വിജയക്കൊടി നാട്ടി. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാന നേട്ടമായാണ് കണക്കാക്കാറുള്ളത്.
1626-ൽ 78 വയസ്സ് പ്രായമുള്ളപ്പോഴാണ് മാലിക് അംബർ അന്തരിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ജഹാംഗീർ ചക്രവർത്തിയുടെ ഡയറി എഴുത്തുകാരനായ മുതമിദ് ഖാൻ ഒരു കുറിപ്പ് എഴുതി. അതിങ്ങനെ വായിക്കാം, 'യുദ്ധത്തിലും ആജ്ഞയിലും ന്യായമായ വിധിയിലും ഭരണത്തിലും അദ്ദേഹത്തിന് തുല്യനായി ആരുമുണ്ടായിരുന്നില്ല. ഒരു അബ്സീനിയൻ അടിമ ഇത്രയും നേട്ടങ്ങൾ കൈവരിച്ച മറ്റൊരു സംഭവവും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല'.
Leave A Comment