ഒരു ദർവീശിന്റെ ഡയറിക്കുറിപ്പുകൾ-32 ഹാഗിയ സോഫിയ കഥ പറയുമ്പോൾ

യാ റബ്ബ്! ദിലേ മുസ്‍ലിം കോ വോ സിന്ദാ തമന്നാ ദേ
ജോ ഖൽബ് കോ ഗർമാ ദേ, ജോ റൂഹ് കോ തട്പാ ദേ

(നാഥാ, മുസ്‍ലിമിന്റെ ഹൃദയത്തിൽ തീക്ഷ്ണമായ ആഗ്രഹം നിറയ്ക്കേണമേ, അത് അവന്റെ ഹൃദയത്തെ ജ്വലിപ്പിക്കട്ടേ.. അവന്റെ ആത്മാവിനെ ഉണർത്തട്ടേ..)

ഹാഗിയ സോഫിയയുടെ മിനാരങ്ങളെ സ്വപ്നം കണ്ട് നടക്കുമ്പോൾ എന്റെ മനസ്സിൽ തത്തിക്കളിച്ചത്, അല്ലാമാ ഇഖ്ബാലിന്റെ ഈ വരികളായിരുന്നു. ആ അടങ്ങാത്ത അഭിനിവേശം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന ആളുകൾ സമൂഹത്തിൽ ശേഷിക്കുന്നുവെന്നതിന്റെ ജീവിക്കുന്ന തെളിവാണല്ലോ ഹഗിയാ സോഫിയയും അതിന്റെ തിരിച്ച് വരവും.

ബായസീദും സുലൈമാനും മിഅ്മാർ സിനാനും കയറിയിറങ്ങിയ ഹഗിയാ സോഫിയ ഉറുദുഗാന്റെ കൈകളിലൂടെ വീണ്ടും നഷ്ടപ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ്. ആ വിവരം അറിഞ്ഞത് മുതൽ തുടങ്ങിയതാണ്, പ്രതാപപൂർണ്ണമായ ചരിത്രത്തിന് സാക്ഷ്യം വഹിച്ച ആ മിനാരങ്ങളൊന്ന് കാണണമെന്ന ആഗ്രഹം. ആ പള്ളിയിൽ കയറി രണ്ട് റക്അത് നിസ്കരിച്ച് ഇഅ്തികാഫിന്റെ നിയ്യതുമായി അല്പനേരം ഇരിക്കണമെന്നത്, ആ മിഹ്റാബും ചുവരുകളും   മിനാരങ്ങളും നിർത്താതെ പറഞ്ഞുകൊണ്ടേയിരിക്കുന്ന കഥകൾക്ക് കാതോർക്കണമെന്നത്. ആ സ്വപ്നം ഇന്ന് പൂവണിയുകയാണ്, അതിനായുള്ള യാത്രയിലാണ് ഞാൻ ഇന്ന്.

സുബ്ഹി നിസ്കാരത്തിന് ശേഷം സാധാരണ പോലെ സൂറത്തുൽ ഫത്ഹ് ഓതി ഞാൻ യാത്ര തുടങ്ങി. ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിലെ കുംകപൈയുടെ അയൽദേശങ്ങളിലൂടെയും വർണ്ണപ്പകിട്ടാർന്ന വീടുകൾ നിറഞ്ഞ കുത്തനെയുള്ള തെരുവുകളിലൂടെയും എന്റെ സഞ്ചാരം തുടർന്നു. മർമറയുടെ കടൽ കാഴ്ച്ചകളിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഇസ്താംബൂളും അതിലേക്കുള്ള വഴിയോര കാഴ്ചകളും. ഉച്ചഭക്ഷണം കഴിച്ച് ഹഗിയാസോഫിയയിൽ കയറാമെന്ന കരുതിയ ഞാൻ അതിനായി തൊട്ടടുത്ത് കണ്ട ഒരു ഭക്ഷണഷാലയിൽ പ്രവേശിച്ചു. മുന്തിരി ഇലയിൽ ചോറ് നിറച്ചുണ്ടാക്കിയ ഉസ്മാനികളുടെ പ്രത്യേക വിഭവമായ ഡോൾമയും അറബികളുടെ ഇഷ്ട ഇനമായ ഹമ്മുസും കഴിച്ച് ഞാൻ യാത്ര തുടർന്നു. 

ദൂരെനിന്ന് തന്നെ ഹഗിയാസോഫിയയുടെ മിനാരങ്ങൾ എന്റെ കണ്ണിലുടക്കി. തന്നെ കാണാനെത്തുന്ന സഞ്ചാരികളെ അത് അഭിമാനത്തോടെ മാടിവിളിക്കുന്നതായി എനിക്ക് തോന്നി. സമീപമെത്തിയ ഞാൻ അല്പനേരം ആ കെട്ടിടത്തെ ഇമവെട്ടാതെ നോക്കിനിന്നു. ചരിത്രത്തിന്റെ നിംനോന്നതങ്ങൾ താണ്ടി, പ്രതാപത്തിന്റെ പ്രതീകമായി വീണ്ടും അത് സൂര്യപ്രകാശത്തിൽ കുളിച്ച് ജ്വലിച്ച് നിൽക്കുകയാണ്. അഭിമാനബോധം കൊണ്ട് ഒരു വേള എന്റെ രോമകൂപങ്ങളെല്ലാം എണീറ്റ് നിന്നുപോയി. തുർകിയുടെയും ഖിലാഫത്തിന്റെയുമെല്ലാം ആ നല്ല നാളുകൾ എന്റെ മനസ്സിലൂടെ ഒരു ഫ്ലാഷ് ബാക് പോലെ മിന്നിമറഞ്ഞു.

ഉച്ച തിരിഞ്ഞ സമയമായിരുന്നെങ്കിലും പള്ളിയുടെ പ്രധാന അകത്തളമായ ഗ്രാൻഡ് ഹാൾ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. വിവിധ ഭാഷക്കാരും ദേശക്കാരും ആ കൂട്ടത്തിലുണ്ടായിരുന്നു. അവരെല്ലാം ആ നിർമ്മിതിയുടെ ഓരോ മുക്കും മൂലയും തലോടിയും അവയോട് കിന്നാരം പറഞ്ഞും നീങ്ങുകയായിരുന്നു. ചിലർ ആത്മനിർവൃതിയിൽ സുജൂദിലാണ്. മറ്റു ചിലർ മുസ്വല്ല വിരിച്ച് ഖുർആൻ പാരായണത്തിലും മറ്റു ചിലർ ആ ചുവരുകളെ ശ്രദ്ധിച്ച് കേൾക്കുന്ന പോലെ അർത്ഥ ഗർഭമായ നിശബ്ദ ഭജനത്തിലാണ്. ഇഅ്തികാഫിന്റെ നിയ്യത്ത് വെച്ച് അകത്ത് കയറിയ ഞാൻ രണ്ടു റകഅ്ത്ത് സുന്നത്ത് നിസ്കരിച്ചു. ശേഷം ചുവരുകളിലും മേൽക്കൂരകളിലും ശ്രദ്ധയോടെ നോക്കി, അവയിൽ കുടികൊള്ളുന്ന ചരിത്രങ്ങളോരോന്നും ഒപ്പിയെടുത്തു. സ്വർണ്ണവർണ്ണം അല്പം പോലും മങ്ങിയിട്ടില്ലാത്ത മൊസൈക്കുകൾ, ആത്മാഭിമാനത്തോടെ തല ഉയർത്തി നില്ക്കുന്ന കൽത്തൂണുകൾ, സദാ പ്രകാശം പരത്തുന്ന വിളക്കുകൾ, വലിയ കറുത്ത തകിടുകൾ എന്നിവയാൽ പള്ളി ഏറെ ആകർഷണീയമാണ്. അല്ലാഹു, മുഹമ്മദ് നബി, നാല് ഖലീഫമാർ എന്നിവരുടെ പേരുകൾ ഉയരത്തിലുള്ള തകിടുകളിൽ കൊത്തിവെച്ചിരിക്കുന്നു. മുകളിലത്തെ ഹാളുകൾ അറ്റകുറ്റ പണികൾക്കായി അടച്ചിരുന്നതിനാൽ അങ്ങോട്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. 

പള്ളിക്കകത്തിരുന്ന് ഞാനാ കഥ കേട്ടു, അഭിമാനത്തോടെ ഹഗിയാ സോഫിയ ലോകത്തോട് ഒന്നടങ്കം ആ കഥ പറയുകയാണ്, സാമ്രാജ്യങ്ങളുടെ  ഗതിവിഗതികള്‍ക്ക് സാക്ഷ്യം വഹിച്ച നൂറ്റാണ്ടുകളുടെ കഥ.

ഞാൻ ഹാഗിയ സോഫിയ. എന്റെ പേരിനർത്ഥം വിശുദ്ധ ജ്ഞാനം എന്നാണ്. 532 ഫെബ്രുവരി 23-ന്, ഒരു ക്രിസ്ത്യൻ പള്ളി ഭൂകമ്പത്തിൽ തകർന്നതിന്റെ ഏതാനും ആഴ്ചകൾക്കുശേഷം, ജസ്റ്റീനിയൻ ഒന്നാമനാണ് എന്റെ നിർമ്മാണം തുടങ്ങിയത്. ട്രാൽസിലെ ഗണിതശാസ്ത്രജ്ഞൻ ആന്തീമിയസ്, മിലേട്ടസിലെ എഞ്ചിനീയർ ഇസിഡോർ എന്നിവരായിരുന്നു എനിക്ക് രൂപം നല്കിയത്. നിർമ്മാണം ആരംഭിച്ച് 5 വർഷവും 10 മാസവും കഴിഞ്ഞ് 537 ഡിസംബർ 27 ന് ജസ്റ്റീനിയനും പാത്രിയാർക്കീസ് മെനാസും ആരാധകര്‍ക്കായി എന്റെ വാതിലുകള്‍ തുറന്ന് കൊടുത്തു. കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കേറ്റിന്റെ ആസ്ഥാനവും കിരീടധാരണം പോലുള്ള ബൈസന്റൈൻ സാമ്രാജ്യത്വ ചടങ്ങുകളുടെ പ്രധാന കേന്ദ്രവുമായിരുന്നു അന്ന് ഞാന്‍. കൊലകളും ചൂതാട്ടവും കള്ളും മദ്യപാനവുമെല്ലാം അന്ന് എന്റെ അകത്തളത്തിൽ സജീവമായിരുന്നു. എല്ലാം സങ്കടത്തോടെ നോക്കിനില്ക്കാനേ എനിക്ക് സാധിച്ചിരുന്നുള്ളൂ.
ശേഷം ഹെരാക്ലിയസ് ചക്രവർത്തിയും (610-641) ലിയോ ദി ഇസൗറിയൻ ചക്രവർത്തിയും (726), ഐറീൻ ചക്രവർത്തിയും (797-802) എല്ലാം അധികാരത്തില്‍ മാറിമാറി വരുന്നത് ഞാന്‍ കണ്ട് നിന്നു. അവരില്‍ പലരും പല നിലയിലാണ് എന്നെ സമീപിച്ചത്. 859-ലെ ഒരു വലിയ തീപിടുത്തത്തിൽ എനിക്ക്  കേടുപാടുകൾ സംഭവിക്കുകയും 869 ജനുവരി 8-ന് ഉണ്ടായ ഭൂകമ്പത്തിൽ ഗോപുരങ്ങളിൽ ഒന്ന് തകര്‍ന്ന് വീഴുകയും ചെയ്തു. ശേഷം ബേസിൽ ഒന്നാമൻ ചക്രവർത്തിയാണ്, കമാനങ്ങളുടെയും നിലവറകളുടെയും അറ്റകുറ്റപ്പണികൾക്ക് ഉത്തരവിട്ടത്. 

കിഴക്കൻ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ഓർത്തഡക്സ് വിഭാഗത്തിന്റെ ആസ്ഥാന നഗരിയുമായ കോൺസ്റ്റാന്റിനോപ്പിളിലെ റോമൻ കത്തോലിക്കക്കാർക്കെതിരെ 1182 ഏപ്രിലിൽ നഗരത്തിലെ പൗരസ്ത്യ ഓർത്തഡോക്സ് ജനത നടത്തിയ വലിയ തോതിലുള്ള കൂട്ടക്കൊലകളും വംശഹത്യയും കണ്ട് ഞാന്‍ ഏറെ കരഞ്ഞിട്ടുണ്ട്, അതിലേറെ, ഒരേ മതക്കാര്‍ തമ്മില്‍ നടത്തുന്ന ഈ ആക്രമണങ്ങള്‍ കണ്ട് ലജജിച്ചിട്ടുമുണ്ട്. ആ കലാപത്തില്‍ ശേഷിച്ചവരെല്ലാം, ഇനി മേലില്‍ ക്രിസ്ത്യന്‍ ഭരണം വേണ്ടെന്നും സല്‍ജൂഖ് തുര്‍കികളാണ് നല്ലവരെന്നും വിധിയെഴുതിയതും അത് കൊണ്ട് തന്നെയായിരുന്നു. സത്യം പറഞ്ഞാല്‍, പലരും അത് തുറന്ന് പറയുന്നത് കേട്ട് എനിക്ക് വല്ലാത്ത സന്തോഷം തോന്നി. 

1453 മെയ് 29, ആ ദിവസം എനിക്കൊരിക്കലും മറക്കാനാവില്ല. കോൺസ്റ്റാന്റിനോപ്പിൾ സുൽത്താൻ മുഹമ്മദ് ഫാത്തിഹിന്റെ കീഴിലായത് അന്നായിരുന്നു. നീതിമാനായ ആ ഭരണാധികാരി കടന്നുവരുന്നത് കണ്ട എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. എന്റെ ഉടമസ്ഥാവകാശമുള്ളത് കൊണ്ട് തന്നെ, ക്രിസ്തുദേവന്റെ പ്രത്യേക സഹായമുണ്ടാവുമെന്നും ഒരിക്കലും പരാജയപ്പെടില്ലെന്നുമായിരുന്നു ക്രിസ്ത്യന്‍ സഹോദരങ്ങളുടെ വിശ്വാസം. പക്ഷെ, അല്ലാഹുവിന്റെ പ്രവാചകനായ ഈസാ നബിക്ക് അവരുടെ ഈ അനീതികള്‍ക്കൊന്നും കൂട്ടുനില്‍ക്കാനാവില്ലെന്ന് നമുക്ക് നന്നായി അറിയുന്നതാണല്ലോ. വിജയശ്രീലാളിതനായി കടന്നുവന്ന സുല്‍താന്‍ ഫാതിഹ്, അത് വരെ ബൈസാന്റ്യൻ ചക്രവർത്തിമാരുടെ സ്വകാര്യ സ്വത്തായിരുന്ന എന്നെ വിലക്കു വാങ്ങി. ഓർത്തഡോക്സ് മതാധ്യക്ഷന്മാരുമായി ചർച്ചകൾ ചെയ്തതിനു ശേഷമായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തത്. അതോടെ ഞാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തായി മാറി. എനിക്ക് വല്ലാത്ത അഭിമാനബോധം തോന്നിയ സന്ദര്‍ഭമായിരുന്നു അത്. അതോടെ അദ്ദേഹം നേരെവന്ന്, എന്റെ അകത്തളത്തില്‍ പ്രവേശിച്ച് വെള്ളിയാഴ്ച ജുമുഅ നിസ്കാരവും ഖുത്ബയും നടത്തി ഒരു പുതുയുഗത്തിന് തുടക്കം കുറിച്ചു. മിമ്പറില്‍നിന്നും മിനാരങ്ങളില്‍നിന്നും ലാഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന മന്ത്രധ്വനികള്‍ ഉയര്‍ന്നപ്പോള്‍, എന്റെ രോമങ്ങളെല്ലാം എണീറ്റ് നിന്നു, മുഅദ്ദിനോടൊപ്പം ഞാനും ആ വരികള്‍ ഏറ്റു ചെല്ലി. എന്റെ ജന്മം തന്നെ സഫലമായത് അന്നായിരുന്നു എന്ന് വേണം പറയാന്‍.1453 ജൂൺ 1-നായിരുന്നു ആ ആദ്യ ജുമുഅ നിസ്കാരം. തുര്‍കി തലപ്പാവ് ധരിച്ച സുല്‍താന്‍ ഫാതിഹിന്റെ കടന്നുവരവും സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകള്‍ സജലങ്ങളായതും ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

പിന്നീട് വന്ന ബാ യസീദ് രണ്ടാമനും ( 1481–1512) സുൽത്താൻ സുലൈമാൻ ദി മാഗ്നിഫിസെന്റും (1520-1566) സലീം രണ്ടാമനുമെല്ലാം (1566-1574) എന്നെ വേണ്ടവിധം സ്നേഹലാളനകളോടെ തന്നെ പരിപാലിച്ചു. സുല്‍താന്‍ സലീം രണ്ടാമന്‍ എന്റെ രൂപത്തിലും ഭാവത്തിലും ഒട്ടേറെ പരിഷ്കരണങ്ങള്‍ വരുത്തി. ലോകം കണ്ടിട്ടുള്ളതിൽ മികച്ച എഞ്ചിനീയറായിരുന്ന ഓട്ടോമൻ ആർക്കിടെക്റ്റ് മിഅ്മാർ സിനാൻ ആയിരുന്നു അതിന് നേതൃത്വം നല്കിയത്. ചരിത്രപരമായ ബൈസന്റൈൻ ഘടനയെ ശക്തിപ്പെടുത്തുന്നതിനു പുറമേ, എന്റെ പടിഞ്ഞാറേ അറ്റത്ത് സിനാൻ രണ്ട് വലിയ മിനാരങ്ങൾ നിർമ്മിച്ചു. കൂടാതെ, താഴികക്കുടത്തിന്റെ മുകളിൽ സുവർണ ചന്ദ്രക്കല സ്ഥാപിക്കുകയും കെട്ടിടത്തിന് ചുറ്റും 35 അർഷിൻ (ഏകദേശം 24 മീറ്റർ) വീതിയുള്ള സ്ഥലം പള്ളിയുടെ മുറ്റമാക്കുകയും ചെയ്തു.

1717-ൽ സുൽത്താൻ അഹമ്മദ് മൂന്നാമന്റെ (1703-1730) ഭരണത്തിൻ കീഴിലും ഏറെ നവീകരണങ്ങളുണ്ടായി. സുൽത്താൻ മഹ്മൂദ് ഒന്നാമൻ 1739-ൽ കെട്ടിടം പുനഃസ്ഥാപിക്കാൻ ഉത്തരവിടുകയും മദ്രസ്ര (ഖുർആൻ പഠിപ്പിക്കുന്ന സ്കൂൾ), ഇമാറേറ് (പാവങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള സൂപ്പ് അടുക്കള), ലൈബ്രറി എന്നിവ കൂട്ടിച്ചേർക്കുകയും 1740-ൽ അദ്ദേഹം ഒരു ശാദിർവാൻ (ഒരു തരം നീരുറവയാണ്, ഇത് സാധാരണയായി പള്ളി അങ്കണത്തിലോ, യാത്ര സത്രങ്ങൾ, ഖാൻഖാഹുകൾ, മദ്രസകൾ എന്നിവയുടെ പ്രവേശന കവാടത്തിനടുത്തോ നിർമ്മിക്കപ്പെടുന്നു) നിർമിക്കുകയും ചെയ്തു. അതോടെ വൈജ്ഞാനിക വളര്‍ച്ചക്ക് കൂടി ഞാന്‍ വേദിയായി എന്ന് പറയാം.

ശേഷം സുൽത്താൻ അബ്ദുൾ മജീദ് ഒന്നാമന്റെ (1823-1861) കാലത്ത് ഏറെ നവീകരിക്കപ്പെട്ടു. 1847-നും 1849-നും ഇടയിൽ എണ്ണൂറോളം തൊഴിലാളികളെ നിയോഗിച്ച്, സ്വിസ്-ഇറ്റാലിയൻ വാസ്തുശില്പി സഹോദരന്മാരായ ഗാസ്പേർ, ഗ്യൂസെപ്പെ ഫോസാറ്റി എന്നിവരുടെ മേൽനോട്ടത്തിൽ ഏറെ പണികള്‍ ചെയ്തു. ആ സഹോദരന്മാർ താഴികക്കുടം ഒരു ഇരുമ്പ് ചങ്ങല കൊണ്ട് ഉറപ്പിക്കുകയും നിലവറകൾ ബലപ്പെടുത്തുകയും തൂണുകൾ നേരെയാക്കുകയും കെട്ടിടത്തിന്റെ പുറംഭാഗത്തിന്റെയും അകത്തളത്തിന്റെയും അലങ്കാരം പരിഷ്കരിക്കുകയും ചെയ്തു.

എട്ട് പുതിയ ഭീമാകാരമായ വൃത്താകൃതിയിലുള്ള തകിടുകൾ പള്ളിയുടെ അകത്തളത്തിൽ തൂക്കിയിട്ടിരിക്കുന്നത് നിങ്ങൾക്ക് കാണാം. കാലിഗ്രാഫർ കസാസ്കർ മുസ്തഫ ഇസെറ്റ് എഫെൻഡി (1801-1877) രൂപകല്പന ചെയ്ത ഇവ അല്ലാഹു, മുഹമ്മദ് (സ്വ), അബൂബക്കർ (റ), ഉമർ (റ), ഉഥ്മാൻ (റ), അലി (റ), നബിയുടെ പേരക്കുട്ടികളായ ഹസൻ (റ), ഹുസൈൻ (റ) എന്നിവരുടെ പേരുകൾ കൊണ്ട് ആലേഖനം ചെയ്തതാണ്. 

1850-ൽ, വാസ്തുശില്പികൾ ഒരു പുതിയ മഖ്‌സൂറയും (ഒരു പള്ളിയിലെ മിഹ്‌റാബിനോ ഖിബ്‍സ മതിലിന്റെ മധ്യത്തിനോ സമീപമുള്ള ചുറ്റുമതില്‍. ഇത് സാധാരണയായി ഭരണാധികാരിക്ക് പ്രത്യേക സംരക്ഷണത്തിനായി നിര്‍മ്മിക്കപ്പെടുന്നതാണ്) പള്ളിയുടെ പിന്നിൽ ഓട്ടോമൻ-റോക്കോകോ ശൈലിയിലുള്ള ഒരു മാർബിൾ ഗ്രില്ലും നിർമ്മിച്ചു. വടക്കൻ ഇടനാഴിയുടെ അങ്ങേയറ്റത്ത് കിഴക്ക് ഭാഗത്ത്, വടക്ക് കിഴക്കൻ കടവിനോട് ചേർന്നാണ് പുതിയ മഖ്സൂറ നിർമ്മിക്കപ്പെട്ടത്. ഒരു ക്ലോക്ക് കെട്ടിടം, മുവാക്കിത് ഹാനെ (പള്ളി സമയം ശരിയാക്കുന്ന ഇടം) എന്നിവയും ഒരു പുതിയ മദ്രസയും കൂട്ടിച്ചേര്‍ക്കപ്പെട്ടത്, 1849ല്‍ കാസറെ ഹുമയൂണിന്റെ നേതൃത്വത്തിലായിരുന്നു. 

ഒന്നാം ലോകമഹായുദ്ധം പലര്‍ക്കുമെന്ന പോലെ, എനിക്കും മറക്കനാവാത്ത ദുരന്തത്തിന്റെ ഓര്‍മ്മകളാണ്. ഓട്ടോമൻ സാമ്രാജ്യത്തിന്റെ പരാജയത്തെത്തുടർന്ന് കോൺസ്റ്റാന്റിനോപ്പിൾ ബ്രിട്ടീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ഗ്രീക്ക് സൈന്യങ്ങൾ കൈവശപ്പെടുത്തി. അതോടെ, പലര്‍ക്കും നഷ്ടപ്പെട്ടത് ജീവനും സ്വത്തുമാണെങ്കില്‍, എനിക്ക് നഷ്ടമായത് ഏറ്റവും അമൂല്യമായ എന്റെ മതകീയ ചിഹ്നങ്ങളായിരുന്നു. അഞ്ച് നൂറ്റാണ്ടിലേറെ ബാങ്കൊലികള്‍ മുഴങ്ങിയ എന്റെ മിനാരങ്ങള്‍ നിശബ്ദമായി. 

എന്നാല്‍ 1935-ലായിരുന്നു ഞാന്‍ ഏറെ വേദനിച്ചത്. അന്നത്തെ തുർക്കി പ്രസിഡന്റായ മുസ്തഫ കമാൽ അത്താതുർക്ക് എന്നെ ഒരു മ്യൂസിയമാക്കി മാറ്റിയത് അന്നായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് എന്റെ മിനാരങ്ങളിലിരുന്ന് യന്ത്രത്തോക്കുകളുപയോഗിച്ച് മുസ്ലിംകൾക്കെതിരെ വെടിയുതിർക്കുന്നതും എനിക്ക് കണ്ട് നില്ക്കേണ്ടിവന്നു. എല്ലാം സഹിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ലായിരുന്നു എനിക്ക്. 

പതിറ്റാണ്ടുകളോളം മ്യൂസിയമായി തുടര്‍ന്നപ്പോഴും തുര്‍കിയിലെ രാഷ്ട്രീയ പുരോഗിതകള്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. ഒരു അക്രമിയും കാലാകാലം തുടരുകയില്ലെന്ന ചരിത്ര ബോധ്യം എനിക്ക് നന്നായി ഉണ്ടായിരുന്നു. തുര്‍കിയില്‍ ഇസ്‍ലാമിക ഭരണം തിരിച്ച് വരുന്നതും ഇസ്‍ലാമിക ചിഹ്നങ്ങള്‍ ഓരോന്നോരോന്നായി വീണ്ടും ഉയര്‍ന്ന് വരുന്നതും ഞാന്‍ കണ്‍കുളുര്‍ക്കെ കണ്ടു. അവസാനം, ഉര്‍ദുഗാനെന്ന വീരപുത്രന്റെ വരവും ഞാന്‍ സസന്തോഷം നോക്കിനിന്നു. മുസ്‍ലിം ലോകം ഒന്നടങ്കം അദ്ദേഹത്തെ സ്വാഗതം ചെയ്തപ്പോള്‍ ഞാനും അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നു. എന്റെ പ്രതീക്ഷകളെ സഫലീകരിച്ച്, 2018-ൽ അദ്ദേഹം എന്നെ വീണ്ടും പള്ളിയാക്കി മാറ്റുന്നതിനെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ആ വര്‍ഷം മാർച്ച് 31-ന് അദ്ദേഹം എന്റെ അകത്തേക്ക് കടന്നുവന്നത്, ഖുർആനിലെ ആദ്യ വാക്യം പാരായണം ചെയ്തുകൊണ്ടായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതിന്റെ 567-ാം വാർഷികം, 2020ല്‍ കൂട്ടുപ്രാര്‍ത്ഥന നടത്തിയും ആഘോഷിക്കുകയും ചെയ്തു. 

2020 ജൂലൈ 10-ന്, എന്നെ മ്യൂസിയമാക്കി മാറ്റിയ പഴയ നടപടി, കൗൺസിൽ ഓഫ് സ്റ്റേറ്റ് അസാധുവാക്കി. പഴയപോലെ ഇതൊരു പള്ളിയായിരിക്കുമെന്നും അഞ്ച് നേര നിസ്കാരത്തിനും ഇഅ്തികാഫിനുമെല്ലാം ഇത് തുറന്ന് കൊടുക്കുമെന്നും അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. ജൂലൈ 22-ന് മതകാര്യ മന്ത്രിയായ അലി എർബാസിന്റെ കീഴിൽ ജമാഅത് നിസ്കാരവും നടന്നു. ഏകദേശം ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും ഞാനെന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് നടന്നു എന്നര്‍ത്ഥം. ആ വര്‍ഷത്തെ റമദാനും ഞാന്‍ ഏറെ ആസ്വദിച്ചു.

ഇന്നും എന്റെ അകത്തളം വിശ്വാസികളാൽ സമൃദ്ധമാണ്. സദാസമയവും ഖുര്‍ആന്‍ പാരായണങ്ങളാല്‍ മുഖരിതമാണ്. ഇനിയെങ്കിലും മാറ്റങ്ങളൊന്നും സംഭവിക്കാതെ അന്ത്യനാള്‍ വരെ ഇങ്ങനെ തുടരാനാവട്ടെ എന്ന് മാത്രമാണ് എന്റെ പ്രാര്‍ത്ഥന.  

അയാ സോഫിയ കഥ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ ഒരു പെരുമഴ തന്നെ പെയ്തൊഴിഞ്ഞ പോലെ തോന്നി. അവസാന വാക്കുകളിലെ ആ പ്രാര്‍ത്ഥന ഞാനും അവിടെ കൂയിരുന്നവരുമെല്ലാം ആമീന്‍ പറഞ്ഞു. അവസാനമായി നന്ദിയുടെ സൂചകമായി രണ്ട് സുജൂദുകള്‍ കൂടി ചെയ്ത്, അയാസോഫിയയോട് സലാം പറഞ്ഞ് ഞാൻ പുറത്ത് കടന്നു. മർമറ കടലിന്റെ മന്ദമാരുതന്റെ ആര്‍ദ്രമായ തലോടലേറ്റ് ഞാന്‍ പതുക്കെ നടന്നുനീങ്ങി. അപ്പോഴും എന്റെ മനസ്സ് അയാസോഫിയയുടെ മിനാരങ്ങളിലും അകത്തളങ്ങളിലും അലഞ്ഞ് നടക്കുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter