മലികുല്‍ മുദഫര്‍: നബിദിനം ആഘോഷമാക്കിയ പ്രഥമ ഭരണാധികാരി

പ്രവാചകൻ (സ്വ) യുടെ ജന്മദിനം ഒരു ഔദ്യോഗികചര്യയായി വിപുലമായ രീതിയിൽ ആഘോഷിച്ച ആദ്യ ഭരണാധികാരി, എർബിൽ ഭരണാധികാരിയായിരുന്ന മുസഫറുദ്ദീൻ അബൂ സഈദ് ഗോക്ബോറിയാണ്. സുന്നീ പണ്ഡിതന്മാർ അവരുടെ നബിദിനവുമായി ബന്ധപ്പെട്ട പ്രസ്താവനകൾകൊപ്പം ഇദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം സുയൂഥിയും ഇബ്നു കസീറും ഇദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ് "മഹാന്മാരായ, കുലീനരും ഉദാരമതികളുമായ രാജാക്കന്മാരിൽ ഒരാളായിരുന്നു മുസഫറുദ്ദീൻ ഗോക്ബോറി. നല്ല വിശേഷങ്ങൾക്കുടമയായ അദ്ദേഹം ഖസിയൂന്റെ ചാരത്ത് അൽ മുസഫരി മസ്ജിദ് സ്ഥാപിച്ചു".
“ഫുഖഹാക്കളെയും മുഹദ്ദിസീങ്ങളെയും ഇഷ്ടപ്പെട്ടിരുന്ന വിനീതനായ ഭരണാധികാരിയായിരുന്നു അദ്ദേഹം" എന്നാണ് ഇമാം ഹാഫിദു ദഹബി രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ, ഇബ്നു ഖല്ലികാൻ, ഇബ്നു അസീർ തുടങ്ങി പ്രമുഖ മുസ്‍ലിം ചരിത്രകാരന്മാരെല്ലാം ഇദ്ദേഹത്തെ അടയാളപ്പെടുത്തുന്നുണ്ട്.

എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ തന്നെ എർബിൽ പട്ടണത്തിൽ നബിദിനം ആഘോഷിച്ചു പോന്നിരുന്നു. റബീഉൽ അവ്വൽ മാസം പുണ്യകർമ്മങ്ങൾക്ക് വേണ്ടി 'മലിക്കു എർബിൽ അൽ മുസഫർ' ധാരാളം പണം ചിലവഴിക്കുമായിരുന്നു. ഏകദേശം മൂന്നൂറായിരം ദീനാർ ഓരോ വർഷവും അദ്ദേഹം ഇത്തരത്തിൽ ചിലവഴിച്ചിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ബഗ്ദാദ്, മൗസില്‍ തുടങ്ങി എർബിലിന്റെ പരിസരപ്രദേശങ്ങളിൽ നിന്നെല്ലാം പണ്ഡിതന്മാരും സൂഫികളും വാഇളീങ്ങളും  കവികളും എർബിൽ പട്ടണത്തിലേക്ക് ഒഴുകിയെത്തിയിരുന്നു. നബിദിനത്തിന്റെ രണ്ടുദിവസം മുമ്പ് തന്നെ പട്ടണത്തിന്റെ മൂലകളും ആലകളും അറവു മൃഗങ്ങൾ കൊണ്ട് നിറയും.  പട്ടണമാകെ മദ്ഹിൽ ലയിക്കും. റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ ദിവസം സുബ്ഹിയോടെ പട്ടണ മൈതാനി ജനനിബിഡമാകും, മദ്ഹ് പ്രഭാഷണങ്ങളും ഗാനങ്ങളും മറ്റുമായി പട്ടണവീഥികൾ മുഖരിതമാകും, കാര്യപരിപാടികളിൽ പെട്ട അന്നദാനവും അതിവിപുലമായി നടക്കും.

മലിക് എർബിൽ

പരിശുദ്ധ ഖുദ്സിന്റെ വിമോചകൻ, മഹാനായ സ്വലാഹുദ്ദീൻ അയ്യൂബി നേടിയ എല്ലാ വിജയങ്ങളും, അദ്ദേഹത്തിന്റെ മാത്രം കഴിവിന്റെയോ പ്രാപ്തിയുടെയോ തന്ത്രങ്ങളുടെയോ ഫലമായിട്ടായിരുന്നില്ല. നിരവധി മുസ്തശീറുകളുമായും പ്രഹൽഭരായ യുദ്ധതന്ത്രജ്ഞരുമായും സൈനിക നേതാക്കളുമായും നടത്തിയ ചർച്ചകൾ കൂടിയാണ് അദ്ദേഹത്തിന്റെ വിജയങ്ങൾക്ക് വഴിവെച്ചത്. അത്തരത്തിൽ സലാഹുദ്ധീൻ അയ്യൂബി  തന്റെ യുദ്ധതന്ത്രങ്ങൾ പങ്കിടുകയും, ചർച്ചകൾ നടത്തുകയും ചെയ്തിരുന്ന ഒരു സൈനിക നേതാവും ഗവർണറുമായിരുന്നു 'മലിക്കു എർബില്‍' എന്നറിയപ്പെടുന്ന മുസഫറുദ്ധീൻ അബൂ സഈദ് ഗോക്ബോറി.

ഹിജ്റ 549 (എ.ഡി 1154) മുഹറം 27ന്  എർബിൽ പട്ടണത്തിലാണ് മുസഫറുദ്ധീൻ ഗോക്ബോറി ജനിക്കുന്നത്. ഇന്നത്തെ വടക്കൻ ഇറാഖിലാണ് എർബിൽ പട്ടണം സ്ഥിതി ചെയ്യുന്നത്. പിതാമഹന്മാരുടെ പരമ്പര തുർക്മെൻ ഗോത്രത്തിലേക്കാണ് എത്തിച്ചേരുന്നത്. ഗോക്ബോറി എന്ന പദം നീല ചെന്നായ എന്നർത്ഥമാക്കുന്ന പഴയ ടർക്കിഷ് പദമാണ്. അദ്ദേഹത്തിന്റെ ധീരത കൊണ്ടും യുദ്ധ തന്ത്രങ്ങൾ മെനയുന്നതിൽ കേമനുമായതു കൊണ്ടുമായിരുന്നു ഈ പേരിൽ അദ്ദേഹം പ്രശസ്തനായത്. ഇർബൽ ഭരണാധികാരിയായിരുന്ന സൈനുദ്ദീൻ അലി ബിൻ ബുക്തുകീൻ ആയിരുന്നു പിതാവ്.
ചെറുപ്പത്തിൽ തന്നെ അറിവ് നേടാനും നല്ല സ്വഭാവം രൂപപ്പെടുത്താനും യുദ്ധതന്ത്രങ്ങൾ വശത്താക്കാനും പിതാവ് മുസഫറുദ്ദീനെ ഏല്പിച്ചത് പ്രമുഖ പണ്ഡിതരെയായിരുന്നു.

ഹിജ്റ 563 ൽ തന്റെ പതിനാലാം വയസ്സിൽ പിതാവ് മരിച്ചതോടെ മുസഫറുദ്ദീൻ ഭരണാധികാരിയായി സ്ഥാനമേറ്റെങ്കിലും, കുട്ടിയായത് കാരണം സ്വന്തമായി ഭരണനിർവഹണത്തിന് പ്രാപ്തനല്ല എന്ന് കണ്ട് 'നാഇബുൽ ഇമാറ' അൽ അമീർ മുജാഹിദുദ്ധീൻ ഖൈമാസിയായിരുന്നു ഭരണം നിയന്ത്രിച്ചിരുന്നത്. അടിമയായിരുന്ന മുജാഹിദുദ്ദീനെ മോചിതനാക്കിയതും എർബിൽ കൊട്ടാരത്തിലെ അമീറാക്കിയതും മുസഫറിന്റെ പിതാവ് സൈനുദ്ദീൻ അലി ബിൻ ബുക്തുകീൻ ആയിരുന്നു.

ഏതാനും വർഷങ്ങൾക്കു ശേഷം, മുസഫറുദ്ധീൻ ഭരണത്തിലെ തന്റേതായ സാന്നിധ്യം തെളിയിക്കാനുള്ള ശ്രമങ്ങൾ നടത്തി തുടങ്ങി. അമീർ മുജാഹിദ്ദീനുമായി അഭിപ്രായ വ്യത്യാസം ശക്തമാവുകയും ബന്ധങ്ങൾ വഷളാവുകയും ചെയ്തു. അതോടെ മുജാഹിദ്ദീൻ മുസഫറിനെ  സ്ഥാനഭ്രഷ്ടനാക്കി. തുടർന്ന് സഹോദരൻ സൈനുദ്ദീൻ യൂസുഫിനെ  ഭരണാധികാരിയായി നിശ്ചയിക്കുകയും ചെയ്തു. പിന്നീട് സ്വലാഹുദ്ദീൻ അയ്യൂബിയുടെ കീഴിലാണ് മുസഫറുദ്ദീൻ എർബിൽ ഭരണം തിരിച്ചു പിടിക്കുന്നത്.

അയ്യൂബിയുടെ വിശ്വസ്തൻ

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് നാട് കടത്തപ്പെട്ട  മുസഫറുദ്ദീൻ, മൗസിലിലെ സെങ്കി അമീർ  സൈഫുദ്ദീൻ ഗാസി രണ്ടാമനെ സമീപിക്കുകയും എർബിലിലെ തന്റെ ഭരണം തിരിച്ചു പിടിക്കാൻ സഹായാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ സൈഫുദ്ദീൻ മുസഫറിന്റെ ഹിതാനുസൃതം നിലകൊള്ളാൻ തയ്യാറായിരുന്നില്ല. മൗസില്‍ ഭരണാധികാരി ഇർബലിനു പകരമായി ഹറാൻ പട്ടണം മുസഫറുദ്ധീന് നൽകി. ഹി 569 മുതൽ 578 വരെ സെങ്കി അമീറിനു കീഴിൽ ഹറാൻ അമീറായി  തുടർന്നു.

ഇക്കാലത്താണ് സലാഹുദ്ദീൻ അയ്യൂബി മിസ്റിൽ അധികാരമേല്‍ക്കുന്നത്. കുരിശ് പടയാളികളോട് യുദ്ധം ചെയ്ത് മിസ്റിനെയും ശാമിനെയും പരിസര ദേശങ്ങളെയും ചേർത്ത് ഇസ്‍ലാമിക പക്ഷത്തിന്റെ ഏകീകരണം എന്ന ലക്ഷ്യത്തോടെ ഒരു വലിയ സാമ്രാജ്യം സ്ഥാപിക്കുന്നത്. തദവസരത്തിൽ യുദ്ധമില്ലാതെ സമാധാന മാർഗ്ഗങ്ങളിലൂടെ പല ദേശങ്ങളുടെയും ഭരണാധികാരികൾ തങ്ങളുടെ ഗവർണറൈറ്റുകളെ സലാഹുദ്ധീൻ അയ്യൂബിക്ക് വിട്ടുനൽകി.  അത്തരത്തിൽ മുസഫറുദ്ധീൻ ഗോക്ബോറി തന്റെ ഭരണകേന്ദ്രമായിരുന്ന ഹറാനും സഹോദരൻ സൈനുദ്ദീൻ യൂസഫ് ഇർബലും അയ്യൂബിക്ക് വിട്ടു നൽകി.

ധീരനായ യോദ്ധാവ്

മൗസില്‍ ഭരണാധികാരിയിൽ നിന്നും മോചിതനായ മുസഫറുദ്ധീൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ സൗഹൃദ വലയത്തിലെ പ്രധാന കണ്ണിയായി മാറി. ഈ സാഹചര്യം മുസഫറിന് കുരിശു പടയാളികൾക്കെതിരിൽ യുദ്ധം ചെയ്യാനുള്ള അവസരം തുറന്നു നൽകി. രണാങ്കണത്തിലെ യുദ്ധ തന്ത്രങ്ങൾ കൊണ്ടും ധീരത കൊണ്ടും മുഫസറുദ്ദീനിൽ ആകൃഷ്ടനായ സ്വലാഹുദ്ദീൻ അയ്യൂബി, തങ്ങളുടെ ബന്ധം സുദൃടമാക്കാൻ തന്റെ സഹോദരി റബീഅ ഹാതൂനെ മുസഫറുദ്ധീന്  വിവാഹം കഴിപ്പിച്ചു കൊടുത്തു.

ഹിജ്റ 580 (എ.ഡി 1184) ൽ ഫ്രാങ്ക് പടയാളി റൈനാൾഡിനെ പരാജയപ്പെടുത്തി ജോർദാനിലെ കറക് കോട്ടയുടെ വിജയം തുടങ്ങി, പിന്നീടങ്ങൊട്ടുള്ള എല്ലാ യുദ്ധവിജയങ്ങളിലും സ്വലാഹുദ്ധീൻ അയ്യൂബിക്കൊപ്പം മുസഫറുദ്ധീൻ നിർണായക പങ്കു വഹിച്ചു. സ്വലാഹുദ്ദീൻ അയ്യൂബി ഖുദ്സ്‌ തിരിച്ചു പിടിച്ച, ചരിത്ര പ്രസിദ്ധമായ ഹിത്വീൻ (എ.ഡി 1187) യുദ്ധത്തിൽ മൗസലിൽ നിന്നും അറേബ്യയിൽ നിന്നുമുള്ള സേനയെ നയിക്കാനുള്ള ഉത്തരവാദിത്വം മുസഫറിനായിരുന്നു. പ്രസ്തുത യുദ്ധത്തിൽ സ്വലാഹുദ്ദീൻ അയ്യൂബിയും സംഗവും കുരിശു സംഗത്തിനുമേൽ വലിയ വിജയം നേടി. 

യുദ്ധതന്ത്രങ്ങൾ മെനയുന്നതിൽ പ്രസിദ്ധനായ മുസഫറിന്റെ ബുദ്ധിയിൽ നിന്നുദിച്ചതാണത്രെ, യുദ്ധ മൈതാനിയിലെ ശത്രുപക്ഷത്തിനു ചുറ്റുമുള്ള കാടിനും പുല്ലിനും തീയിടൽ. അത് മൂലം ഉണ്ടാകുന്ന പുക ശത്രുക്കളെ എല്ലാം നിലക്കും ക്ഷയിപ്പിക്കുകയും, അവരുടെ പരാജയത്തിന് കാരണമായി തീരുകയും  ചെയ്യുന്നു.

സേവനരംഗം

വൈകല്യങ്ങളും മറ്റും  കാരണത്താൽ സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന വിഭാഗം ജനങ്ങൾക്കും, കുടുംബമില്ലാതെ ഒറ്റപ്പെട്ട് കഴിയുന്നവർക്കും, വ്യത്യസ്‌ത രോഗങ്ങൾ കൊണ്ട് വലയുന്നവർക്കും മുസഫറുദ്ദീൻ എന്നും ആശ്വാസമായി നിലകൊണ്ടു. അവർക്ക് പ്രത്യേകമായി താമസയിടങ്ങൾ ഒരുക്കി. ആവശ്യസാധനങ്ങൾ അവരിലേക്ക് എത്തിക്കുന്ന രീതിയിൽ സംവിധാനങ്ങൾ ഏർപ്പാടാക്കി. ആഴ്ചയിൽ രണ്ടുപ്രാവശ്യം, മുസഫർ ഇത്തരം ആളുകളെ സന്ദർശിക്കുകയും അവരുമായി കുശലാന്വേഷണം നടത്തുകയും തമാശകൾ പങ്കിടുകയും ചെയ്തിരുന്നു.

കുരിശു പടയാളികൾ ബന്ധികളാക്കി പിടിച്ചു കൊണ്ടുപോയ സൈനികരുടെ കുടുംബങ്ങളെ അദ്ദേഹം പ്രത്യേകം പരിഗണിച്ചിരുന്നു. ബന്ധികളെ മോചിതരാക്കാൻ നിരന്തരം ദൂതന്മാരെ അയക്കുകയും, തുടർന്ന് അദ്ദേഹത്തിന്റെ ഇടപെടൽ കാരണം മാത്രമായി, അറുപതിനായിരത്തോളം  ബന്ധികളെ കുരിശു പടയാളികളിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചതായി ചരിത്ര രേഖകൾ സാക്ഷ്യപെടുത്തുന്നു. എർബിലിലേക്ക് കച്ചവട ആവശ്യാർത്ഥവും മറ്റും വരുന്ന ആളുകളെ സ്വീകരിക്കാനും അവർക്ക് താമസിക്കാനുമായി ആസ്ഥാനത്ത് ഒരു അതിഥി മന്ദിരം തന്നെ അദ്ദേഹം സ്ഥാപിച്ചിരുന്നു. പാവങ്ങളായ യാത്രക്കാർക്ക് യാത്ര ചെലവും കൊടുത്തായിരുന്നു അദ്ദേഹം തിരിച്ചയച്ചിരുന്നത്.

മുസഫറുദ്ദീന്റെ സഹായഹസ്തം മക്കയിലും മദീനയിലും വരെ എത്തിയിരുന്നു. മുപ്പതിനായിരം ദീനാർ വിലമതിക്കുന്ന ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ ഖാഫിലയെ എല്ലാ വർഷവും അദ്ദേഹം ഹറമൈനിലേക്കയച്ചിരുന്നു. മക്ക മദീന നിവാസികളും സന്ദർശകരും, പ്രത്യേകിച്ച് ഹജ്ജ് മാസങ്ങളിൽ അനുഭവിച്ചിരുന്ന ജലലഭ്യതക്കുറവ് പരിഹരിക്കാൻ, ഇരു പട്ടണത്തിലും വലിയ ജലസംഭരണിയും അദ്ദേഹം സ്ഥാപിച്ചു.

വഫാത്ത്

ഏകദേശം അര നൂറ്റാണ്ട് കാലം ഇർബൽ പട്ടണം ഭരിച്ച മുസഫറുദ്ദീന്‍ 80-ാം വയസ്സിലാണ് മരണം വരിക്കുന്നത്. അവസാന കാലഘട്ടത്തിൽ ആർത്തിരമ്പി വരുന്ന മംഗോളിയര്‍ക്കെതിരെയുള്ള പ്രതിരോധ പോരാട്ടങ്ങളിലും അദ്ദേഹം സജീവമായിരുന്നു.

ഹിജ്റ 630 (എ.ഡി 1233) ലെ റമദാൻ മാസം എട്ടാം ദിവസം  മുസഫറുദ്ധീൻ ഗോക്ബോറി ഈ ലോകത്തോട് വിട പറഞ്ഞു. മൂന്നു വർഷത്തിന് ശേഷം, 1236-ൽ, മംഗോളിയൻ സൈന്യം എർബിൽ പട്ടണം കൊള്ളയടിച്ചു, പക്ഷേ അവർക്ക് കോട്ട പിടിച്ചെടുക്കാനായില്ല. 1258ൽ, ബാഗ്ദാദ് ഉപരോധസമയത്ത്, ഇർബിൽ പട്ടണം മംഗോളിയൻ ജനറൽ ബായിജു നോയന്റെ കീഴിലായി. 

മക്കയിൽ കബറടക്കണം എന്നതായിരുന്നു മുസഫറുദ്ധീന്റെ വസിയ്യത്ത്. അത് പ്രകാരം അനുയായികൾ ജനാസയുമായി മക്കയിലേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍ നേരിട്ട തടസ്സങ്ങൾ കാരണം, അവസാനം കൂഫയിൽ അലി (റ) വിന്റെ മഖ്ബറക്ക്  സമീപം കബറടക്കുകയായിരുന്നു. ആ പ്രവാചകപ്രേമിയോടൊപ്പം അല്ലാഹു നമ്മെയും സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ, ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter