മംദാനിയുടെ വിജയം: വർഗ്ഗനീതിയും മതസ്വത്വവും ചേർന്ന വിപ്ലവം
ന്യൂയോർക്ക് തെരെഞ്ഞെടുപ്പിൽ സൊഹ്റാൻ മംദാനിയുടെ രംഗപ്രവേശനവും അത്യുഗ്രൻ വിജയവും അമേരിക്കൻ രാഷ്ട്രീയത്തിലെ തന്നെ ഐതിഹാസിക മുന്നേറ്റത്തിന്റെ ചരിത്രം കുറിച്ചിരിക്കുകയാണ്.
ട്രംപിന്റെ പിന്തുണയുള്ള മുൻ ഗവർണർ ആൻഡ്രൂ ക്വമോയേയും റിപബ്ലിക്കൻ സ്ഥാനാർഥി കൾട്ടീവ് സ്ലീവിനെയും പരാജയപ്പെടുത്തി, ട്രംപ് നിലപാടുകളുടെ കടുത്ത വിരോധിയും അമേരിക്കൻ ആഗോള ഇടപെടലുകളുടെ പരസ്യവിമര്‍ശകനും ആയ സൊഹ്റാൻ മംദാനി രംഗപ്രവേശനം ചെയ്യുമ്പോൾ അമേരിക്കൻ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾ സജീവമാവുകയാണ്. പ്രത്യേകിച്ച് മുസ്‍ലിം ഐഡന്റിറ്റി വെച്ച് പുലർത്തുകയും ഇന്ത്യൻ ഒറിജിൻ എന്ന നിലയിൽ പരിചയപ്പെടുത്തപ്പെടുകയും ചെയ്യുമ്പോൾ, ചർച്ചകൾ വിഭിന്ന രീതികളിലേക്കാണ് വഴിതുറക്കുന്നത്.
മാറ്റങ്ങളുടെ നവലോകം
ഇന്ത്യൻ വംശജനായ മുസ്‍ലിം രാഷ്ട്രീയപ്രവർത്തകൻ ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്, മത-ജാതി-വംശ വ്യത്യാസങ്ങൾക്കതീതമായ ജനാധിപത്യ ബോധത്തിന്റെ വിജയമാണെന്ന് ആദ്യമേ പറയാതെ വയ്യ.
ലോക രാഷ്ട്രീയത്തില്‍ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലോകമെങ്ങും ശക്തിപ്പെട്ട ഇസ്‍ലാമോഫോബിക് ആശയങ്ങൾ മൂലം, മാറ്റിനിർത്തപ്പെട്ടിരുന്ന മുസ്‍ലിം അസ്തിത്വത്തെ പുനർവിചാരണ ചെയ്യാനും, പാർശ്വവത്കരിക്കപ്പെട്ട കുടിയേറ്റ സമൂഹങ്ങൾ നേരിടുന്ന വിവേചനങ്ങൾക്ക് അറുതി വരുത്താനും വിവേചനം നേരിടുന്ന കറുത്ത വംശജർക്ക് സാമൂഹിക നീതി ഉറപ്പ് വരുത്താനും മംദാനിയുടെ വരവിനു കഴിയും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
മംദാനിയുടെ ഉയർച്ച, ട്രംപ് രാഷ്ട്രീയശൈലിയ്ക്ക് എതിരായ ഒരു സാമൂഹിക പ്രതികരണവും പുരോഗമന രാഷ്ട്രീയത്തിന്റെ പുനരുജ്ജീവനവും കൂടിയാണ്. അമേരിക്കയുടെ നയനിലപാടുകളോടുള്ള പരസ്യമായ എതിർപ്പും പ്രതിഷേധവും തെരെഞ്ഞെടുപ്പിൽ പ്രതിഫലിച്ചതു മുതല്‍, ട്രംപിന്റെ നീക്കങ്ങൾക്കെതിരെയും കടുത്തഭാഷയിൽ തന്നെയാണ് മംദാനി പ്രതികരിച്ചിട്ടുള്ളത്. ന്യൂയോർക്ക് സിറ്റിയിലേക്കുള്ള ഫെഡറൽ ഫണ്ടുകൾ തടയുന്നത് മുതൽ പ്രമാദമായ പലവിഷയങ്ങളിലും ന്യൂയോർക്കിനെ ഒറ്റപ്പെടുത്തി ഉപരോധത്തിലാക്കാനും തന്നെ ചോദ്യം ചെയ്യുന്ന നടപടികളെ ഇല്ലാതാക്കി കളയാനുമുള്ള ശ്രമത്തിലേക്കാണ് ട്രംപ് കാലെടുത്തു വെച്ചിട്ടുള്ളത്. ട്രംപുമായുള്ള പരസ്യ ഏറ്റുമുട്ടൽ, പക്ഷേ അമേരിക്കൻ രാഷ്ട്രീയത്തിലെ വിശാലമായ ഒരു പിളർപ്പിന്റെ പ്രതീകമാണ്: യാഥാസ്ഥിതിക, ദേശീയവാദ ശൈലിയും സ്വത്വവൈവിധ്യവുമുള്ള ഇന്ക്ലൂൂസിവ് ശൈലിയും തമ്മിലുള്ള സംഘർഷം എന്ന് ഇതിനെ വിശേഷിപ്പിക്കാം.
പാർശ്വവത്കരിക്കപ്പെടുന്ന കറുത്തവർഗക്കാരുടെയും മുസ്‍ലിംകളുടെയും കുടിയേറ്റസമൂഹങ്ങളുടെയും പിന്തുണയും സഹകരണവും തെരെഞ്ഞെടുപ്പ് ജയത്തിന്റെ മുഖ്യ ആധാരമായി വർത്തിക്കുമ്പോൾ കാലങ്ങളായി അവഗണിക്കപ്പെടുന്ന അവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാനും കുടിയേറ്റത്തിനെതിരെയുള്ള അമേരിക്കൻ നയങ്ങളിൽ അയവ് വരുത്താനും ട്രംപിന്റെ കടുത്ത നടപടികൾക്ക് തടയിടാനും കഴിയുമെന്ന് പ്രതീക്ഷിക്കാം.
രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് നാന്ദി കുറിക്കപ്പെടുകയാണെന്ന് മംദാനി പരിചയപ്പെടുത്തുമ്പോൾ, കാലങ്ങളായി കുടിയേറ്റ സമൂഹങ്ങളും മുസ്‍ലിംകളും കറുത്ത വംശജരും അനുഭവിച്ചുവരുന്ന വിവേചനങ്ങൾക്കും അന്ത്യം കുറിക്കപ്പെടും. അമിതമായ ജീവിതച്ചെലവ്, കെട്ടിട നികുതി, വാടക, തുടങ്ങിയ ദൈനംദിന കാര്യങ്ങളുമായി ബന്ധപ്പെട്ട അനേകം പ്രശ്നപരിഹാരങ്ങളെ ഇതിനോടകം അദ്ദേഹം അഡ്രസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. എങ്കിൽക്കൂടി പ്രവർത്തനമണ്ഡലങ്ങളിൽ വരുന്ന കാലതാമസവും ട്രംപ് വിരുദ്ധ നിലപാടുകൾ മൂലമുണ്ടായേക്കാവുന്ന പ്രതിസന്ധികളും കാണാതിരുന്നുകൂടാ. അത്തരം വെല്ലുവിളികള്‍ മംദാനി വിരുദ്ധരുടെ രാഷ്ട്രീയ ആയുധമായി മാറുമോ എന്നത് ആശങ്കജനകമാണ്.
സൊഹ്റാൻ മംദാനിയുടെ ഉദയം
ആഫ്രിക്കയിലെ പ്രഗത്ഭപണ്ഡിപ്രതിഭയായിരുന്ന മഹ്മൂദ് മംദാനിയുടെയും ഇന്ത്യൻ ഫിലിം മേക്കറായിരുന്ന മീര നായരുടെയും മകനായി ജനിച്ച മംദാനിയുടെ ജീവിതത്തിൽ മാതാപിതാക്കളുടെ ബഹുസ്വര പശ്ചാത്തലം ഇൻക്ലൂസീവ് രാഷ്ട്രീയത്തിന്റെയും മുസ്‍ലിമായുള്ള വ്യക്തിജീവിതം ബഹുസ്വര കാഴ്ചപ്പാടിന്റെയും നിർമ്മാണത്തിൽ അനൽപമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1991ൽ ഉഗാണ്ടയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി മെമ്പറായി പ്രവർത്തനമാരംഭിച്ച അദ്ദേഹത്തിന്, പുരോഗമന കാഴ്ചപ്പാടുകൾ ജനശ്രദ്ധയും സ്വാധീനവും നേടിക്കൊടുക്കാൻ കാരണമായി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായി മത്സരിച്ചുകൊണ്ട്, മംദാനിയുടെ മേയർ തിരഞ്ഞെടുപ്പ് പ്രചാരണം രാഷ്ട്രീയ ഉന്നതരെയും സ്ഥാപന മാനദണ്ഡങ്ങളെയും വെല്ലുവിളിച്ചത്, ദീർഘ കാലമായി ബന്ധിക്കപ്പെട്ട വിമോചന പോരാട്ടങ്ങൾക്ക് കരുത്തു പകർന്നിരിക്കുകയാണ്. "സമ്പന്നർക്ക് മാത്രമല്ല, എല്ലാവർക്കും ന്യൂയോർക്ക്" എന്ന അദ്ദേഹത്തിന്റെ സന്ദേശം തൊഴിലാളിവർഗ, കുടിയേറ്റ വോട്ടർമാർക്കിടയിൽ ആഴത്തില്‍ വേരൂന്നാന്‍ സഹായിച്ചു.
Black Lives Matter പ്രസ്ഥാനത്തിന്റെ ആത്മാവിനോട് ചേർന്നാണ് മംദാനിയുടെ പ്രചാരണം വളരുന്നത്. വർഗ്ഗവിവേചനത്തിനെതിരായ ശബ്ദങ്ങളും തൊഴിൽ-നിവാസ-വിദ്യാഭ്യാസ മേഖലകളിലെ സമത്വത്തിനായുള്ള ആവശ്യങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറയായി. ട്രംപിന്റെ പിന്തുണയുള്ള ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി നിർണായക വിജയം നേടിയതിനു പിന്നിലെ കാതലും അതു തന്നെയാണ്.
കുടിയേറ്റക്കാരനായ ബാലനിൽ നിന്ന് ന്യൂയോർക്ക് മേയറിലേക്കുള്ള സൊഹ്റാൻ മംദാനിയുടെ യാത്ര വ്യക്തിപരമായ വിജയത്തെയും കൂട്ടായ പരിശ്രമത്തെയും പ്രതിനിധീകരിക്കുന്നുണ്ട്. സങ്കീർണ്ണതയെ സ്വീകരിക്കുന്നതും, ബഹുസ്വരതയെ ആഘോഷിക്കുന്നതും, പരമ്പരാഗത അധികാര ഘടനകളെ വെല്ലുവിളിക്കുന്നതുമായ അമേരിക്കൻ ഡെമോക്രസിയുടെ പരിണമിക്കുന്ന മുഖമാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയം പ്രകടമാക്കുന്നത്.
പക്ഷേ, സങ്കീർണ്ണമായ പലഘട്ടങ്ങൾകൂടെ മറികടന്നാലേ മംദാനിക്ക് തന്റെ രാഷ്ട്രീയത്തെ, വെല്ലുവിളികൾക്കതീതമായി ഉറപ്പിച്ചു നിർത്താനാകൂ. ദീർഘവീക്ഷണമുള്ള അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളെ സുസ്ഥിര നയങ്ങളാക്കി മാറ്റുക, പ്രായോഗിക തലത്തിൽ അവകളെ നടപ്പിലാക്കാന്‍ സാധിക്കുക, എന്നതൊക്കെയും മുഖ്യമാണ്.
ന്യൂയോർക്കിന്റെ മാത്രമല്ല, അമേരിക്കൻ രാഷ്ട്രീയത്തിന്റെ ഭാവി ദിശയെയും രൂപപ്പെടുത്തുന്ന രാഷ്ട്രീയ സമവാക്യങ്ങളാണ് ന്യൂ യോർക്ക് തെരഞ്ഞെടുപ്പ് മുഴുക്കെയും പ്രതിഫലിക്കുന്നത്. മംദാനിയുടെ രാഷ്ട്രീയ വിജയത്തിൽ പ്രതിഫലിക്കുന്നത് വ്യക്തിയുടെ ജയമല്ല, മറിച്ച് ഉൾക്കൊള്ളലിന്റെയും സമത്വത്തിന്റെയും രാഷ്ട്രീയത്തെക്കുറിച്ചുള്ള അമേരിക്കയുടെ പുനർവിചിന്തനം കൂടിയാണ്. അമേരിക്കയിലെ മാറ്റിനിർത്തപ്പെടുന്ന കറുത്ത വംശജരുടെയും അവഗണിക്കപ്പെടുന്ന കുടിയേറ്റ സമൂഹങ്ങളുടെയും ഇസ്‍ലാമോഫോബിക് ആശയങ്ങളിലൂടെ അരികുവത്കരിക്കപ്പെടുന്ന മുസ്‍ലിംകളുടെയും പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നതിന്റെ ആദ്യഘട്ടമായി ന്യൂയോർക്കിന്റെ ഈ പുനർവിചിന്തനത്തെ നമുക്ക് കാണാവുന്നതാണ്.



Leave A Comment