മില്‍ക് ബാങ്ക്: ഇസ്‍ലാമിക കര്‍മ്മശാസ്ത്രം എന്ത് പറയുന്നു
ബ്ലഡ് ബാങ്ക്, സ്പേം ബാങ്ക് കോർണിയ ബാങ്ക്, അവയവ ബാങ്ക് തുടങ്ങിയവ പോലെ മിൽക് ബാങ്ക് എന്നത് നമ്മുടെ നാട്ടിൽ അത്ര തന്നെ പ്രചാരത്തിലില്ലെങ്കിലും കുടുംബ ബന്ധങ്ങൾ ശിഥിലമായ സാമൂഹികാവസ്ഥയുള്ള പാശ്ചാത്യ പൌരസ്ത്യ നാടുകളിൽ പലയിടത്തും ഇരുപതാം നൂറ്റാണ്ട് മുതൽ തന്നെ കുട്ടികൾക്ക് മുലപ്പാൽ ലഭ്യമാക്കാൻ ഇത്തരം ബേങ്കുകളെ അവലംബിച്ച് വരുന്നുണ്ട്. വളർച്ചയെത്താതെ പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും, തൂക്കം കുറഞ്ഞ് പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും, അസുഖം കാരണമോ മുലപ്പാൽ ആവശ്യത്തിനില്ലാത്തതിനാലോ മറ്റോ മാതാവിന് മുലയൂട്ടാൻ കഴിയാതെ വരുമ്പോഴും, പ്രസവിച്ചയുടനെ മാതാവ് മരണപ്പെടുമ്പോഴും, അവിഹിത ഗർഭം ധരിച്ചതിനാലോ മറ്റോ അമ്മത്തൊട്ടിലിലോ മറ്റെവിടെയെങ്കിലുമോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുഞ്ഞുങ്ങൾക്കുമൊക്കെ അവരുടെ ശരിയായ വളർച്ചക്ക് അനുയോജ്യമായ പോഷകാഹാരമായ മുലപ്പാൽ ലഭിക്കാൻ ആശ്രയിക്കപ്പെടുന്ന സംവിധാനമാണ് മിൽക് ബാങ്ക്. ഈ ഉദ്ദേശ്യത്തിന് വേണ്ടി സൌജന്യമായോ വില കൊടുത്തോ മുലപ്പാൽ വാങ്ങി പാസ്ച്ചറൈസ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യക്കാർക്ക് നൽകുകകയും ചെയ്യുന്ന സിസ്റ്റമാണ് മിൽക് ബാങ്കിംഗ്.
ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നോക്കുമ്പോൾ ഗത്യന്തരമില്ലാത്തവർക്ക് ഏറെ സഹായകരമാണിതെന്ന കാര്യം തർക്കമില്ലാത്തതാണ്. അത് കൊണ്ട് തന്നെ, ഈ വിഷയത്തെ കര്‍മ്മശാസ്ത്രപരമായി സമീപിക്കേണ്ടതും ഇതിനെ തുടര്‍ന്ന് വരുന്ന വിധികളും ബന്ധങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്യേണ്ടതുമാണ്. ഈ തരത്തിലുള്ള മിൽക് ബാങ്കിൽ നിന്ന് കുഞ്ഞുങ്ങൾക്ക് കുടിക്കാൻ വേണ്ടി അമ്മിഞ്ഞപ്പാൽ വാങ്ങിക്കൊടുക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ സംഭവിക്കുന്നതാണ്.
- രണ്ട് വയസ് തികയുന്നതിന് മുമ്പ് അഞ്ച് തവണയായി പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ അമ്മിഞ്ഞപ്പാൽ ഒരു കുഞ്ഞ് കുടിച്ചാൽ ആ സ്ത്രീ ആ കുഞ്ഞിന് മുല കുടി ബന്ധത്തിലുള്ള ഉമ്മയായി മാറും. നേരിട്ട് കുടിച്ചാലും പിഴിഞ്ഞെടുത്ത് പാത്രത്തിലാക്കി കുടിച്ചാലും ആ അമ്മിഞ്ഞയോടൊപ്പം വെള്ളമോ പ്രിസർവേറ്റീവ്സോ മറ്റോ ചേർത്ത മിശ്രിതം കഴിച്ചാലും അതിലുള്ള അമ്മിഞ്ഞപ്പാൽ ആരുടേതാണോ അവർ ഉമ്മായി മാറും. നാല് മദ്ഹബിലും ഇക്കാര്യം വ്യക്തമായി കാണാം (തുഹ്ഫതുൽ മുഹ്താജ്, അദ്ദുർറുൽ മുഖ്താർ, അദ്ദഖീറ, ഇൻസ്വാഫ്).
- അതോടെ അവരുടെ മക്കൾ ഈ കുഞ്ഞിന്റെ മുലകുടി ബന്ധത്തിലുള്ള സഹോദരീ സഹോദരന്മാരും, ഭർത്താവ് പിതാവും സഹോദരങ്ങൾ മാതൃ സഹോദരങ്ങളും ആയി മാറും.
- മാത്രമല്ല ഈ സ്ത്രീയുടെ മുലപ്പാൽ ഇവ്വിധം മറ്റെത്ര കുഞ്ഞുങ്ങൾ കുടിച്ചിട്ടുണ്ടോ അവരും ഈ കുഞ്ഞിന്റെ സഹോദരങ്ങളായി മാറും.
- അഥവാ അവരെല്ലാം ഈ കുഞ്ഞിന് വിവാഹ ബന്ധം ഹറാമായവരാകും. ജന്മം കൊണ്ട് വിവാഹ ബന്ധം ഹറാമായവരെല്ലാം മുലകുടി കൊണ്ടും വിവാഹ ബന്ധം ഹറാമായവരായി മാറുമെന്ന് നബി(സ്വ) അരുൾ ചെയ്തിട്ടുണ്ട് (ബുഖാരി, മുസ്‍ലിം). നിങ്ങൾക്ക് അമ്മിഞ്ഞ തന്നതിലൂടെ ഉമ്മമാരായി മാറിയവരും ആ ബന്ധത്തിലൂടെയുള്ള സഹോദരങ്ങളും നിങ്ങളുടെ മഹ്റമുകളാണെന്ന് വിശുദ്ധ ഖുർആൻ വ്യക്തമായി പറയുന്നു. (നിസാഅ്-23)
ഒരു മാതാവിൽ നിന്ന് ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉണ്ടായതും വളർന്നതും ആ മാതാവിന്റെ ശരീരഭാഗത്തിൽ നിന്നായത് പോലെ ഒരു സ്ത്രീ ആ കുട്ടിക്ക് അഞ്ച് തവണയായി മുലപ്പാൽ കൊടുക്കുന്നതോടെ ആ മുലപ്പാലിലൂടെ പരിപോഷിപ്പിക്കപ്പെടുന്ന ശരീരം വളരുന്നതും നിലനിൽക്കുന്നതും മുലപ്പാൽ വഴി ആ സ്ത്രീയുടെ ശരീരത്തിന്റെ ഭാഗം കൂടി കലർന്ന് കൊണ്ടാണ് എന്നതിനാലാണ് ആ സ്ത്രീ തനിക്ക് ജന്മം നൽകിയ മാതവിനെപ്പോലെ മാതാവാകുന്നതും അവരേയും അവരുടെ മക്കളേയുമൊക്കെ വിവാഹം കഴിക്കൽ ഹറാമാകുന്നതും. മിൽക് ബാങ്കിൽ നിന്ന് പാൽ വാങ്ങി കുഞ്ഞിന് കൊടുക്കുമ്പോൾ ഈ രീതിയിൽ ഒരു മാതൃ പിതൃ സഹോദര ബന്ധമുണ്ടാകുന്നതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- കുട്ടിക്ക് വേണ്ടി മിൽക് ബാങ്കിൽ നിന്ന് വാങ്ങുന്ന പാൽ ആരുടേതാണെന്ന് ഉറപ്പ് വരുത്തുക.
- ആ സ്ത്രീ ബേങ്കിലേക്ക് നൽകിയ പാൽ ആർക്കൊക്കെയാണ് വിതരണം ചെയ്തത് എന്ന് മിൽക് ബാങ്ക് ഡാറ്റ നോക്കി ഉറപ്പ് വരുത്തി അവരുടെ വിവര ശേഖരണം നടത്തുക.
- ആ സ്ത്രീയുമായി ബന്ധപ്പെട്ട് അവരുടെ മക്കളേയും ഭർത്താവിനേയും സഹോദരങ്ങളേയുമൊക്കെ തിരിച്ചറിഞ്ഞ് മനസ്സിലാക്കി വെക്കുക.
- ഇനി ആർക്കെങ്കിലും ആ സ്ത്രീയുടെ അമ്മിഞ്ഞപ്പാൽ മിൽക് ബാങ്കിൽ നിന്ന് നൽകാൻ സാധ്യതയുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമയാസമയം ലഭിക്കാനുള്ള ഏർപ്പാട് ചെയ്യുക.
- ആ സ്ത്രീ മറ്റു പല മിൽക് ബാങ്കുകളിലും തന്റെ മുലപ്പാൽ നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും നേരത്തെ സൂചിപ്പിക്കപ്പെട്ടത് പോലെ തേടി സൂക്ഷിച്ചു വെക്കുക.
ഇങ്ങനെ ചെയ്തില്ലെങ്കിൽ ഭാവിയിൽ ഈ കുട്ടിയുടേയും ഈ കുട്ടിയുടെ മക്കളുടേയും വിവാഹ സമയത്ത് തന്റെ മുലകുടി ബന്ധത്തിലുള്ള മാതാവിനേയോ സഹോദരങ്ങളേയോ ഒക്കെ അറിയാതെ വിവാഹം കഴിക്കാനുള്ള സാധ്യതകളുണ്ട്. അതില്ലായെന്ന് ഉറപ്പ് വരുത്തൽ ഇസ്‍ലാമികമായി നിർബ്ബന്ധമാണ്.
ഇക്കാര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് സ്വഹാബിയായ ഉഖ്ബതുബ്നുനാഫിഅ്(റ) വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസ്. ഉഖ്ബ(റ) പറയുന്നു, ഞാൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചപ്പോൾ ഒരു കറുത്ത സ്ത്രീ വന്ന് “ഞാൻ നിങ്ങൾക്ക് രണ്ടു പേർക്കും മുലയൂട്ടിയിട്ടുണ്ട്” എന്ന് പറഞ്ഞു. തദവസരം ഞാൻ നബി(സ്വ)യുടെ അടുത്ത് ചെന്ന് പറഞ്ഞു: “ഞാൻ ഇന്നയാളുടെ മകൾ ഇന്ന സ്ത്രീയെ വിവാഹം കഴിച്ചപ്പോൾ ഒരു കറുത്ത സ്ത്രീ വന്നിട്ട് ഞാൻ നിങ്ങൾക്ക് രണ്ടു പേർക്കും മുലയൂട്ടിയിട്ടുണ്ട് എന്ന് എന്നോട് കള്ളം പറഞ്ഞു നബിയേ”. അത് കേട്ടമാത്രയിൽ നബി(സ്വ) എനിക്ക് പുറംതിരിഞ്ഞു നിന്നു. അപ്പോൾ ഞാൻ നബി(സ്വ) യുടെ മുന്നിലേക്ക് ചെന്ന് പറഞ്ഞു: “അവൾ കള്ളം പറയുകയാണ്”. അന്നേരം നബി(സ്വ) പ്രതിവചിച്ചു: “അതെങ്ങനെ? നിങ്ങളെ രണ്ടു പേരെയും മുലയൂട്ടിയിട്ടുണ്ടെന്ന് ആ സ്ത്രീ പറയുന്നുണ്ടോല്ലോ, അത് കൊണ്ട് നീ അവളെ (ഭാര്യയെ) ഒഴിവാക്കുക” (സ്വഹീഹുൽ ബുഖാരി)
ആഇശാ(റ)യുടെ മുലകുടി ബന്ധത്തിലുള്ള പിതൃസഹോദരൻ മുഫ്‍ലിഹ് എന്നവർക്ക് മഹതി വീട്ടിലേക്ക് പ്രവേശനം നിഷേധിച്ചപ്പോൾ അദ്ദേഹം മഹ്റം ആയതിനാൽ അദ്ദേഹത്തിന് പ്രവശനം അനുവദിക്കാൻ നബി(സ്വ) കൽപിച്ചത് (സ്വഹീഹുൽ ബുഖാരി) അടക്കം മുലകുടി ബന്ധത്തിന്റെ പ്രാധാന്യവും പവിത്രതയും വിവരിക്കുന്ന വേറെയും സംഭവങ്ങൾ ഹദീസുകളിൽ കാണാം.
എന്നാൽ മുകളിൽ പറയപ്പെട്ട നിബന്ധനകൾ കൃത്യമായി പാലിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നതിനാൽ ഈ രീതിയിൽ മിൽക് ബാങ്കിൽ നിന്ന് മുലപ്പാൽ വാങ്ങി കുഞ്ഞുങ്ങൾക്ക് നൽകുന്നത് പ്രോത്സാഹിപ്പിക്കപ്പെടാവതല്ല. ഇസ്‍ലാമിക രാജ്യങ്ങൾ പൊതുവേ മിൽക് ബാങ്കിംഗ് നടപ്പാക്കാത്തതിന് കാരണവും ഇതാണ്.
അതോടൊപ്പം, ആ മിൽക് ബാങ്കിൽ ഓരോ സ്ത്രീയുടെ അമ്മിഞ്ഞപ്പാലും വെവ്വേറെ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രമേ ആ പറയപ്പെട്ട നിബന്ധനകളൊക്കെ പാലിച്ചു കൊണ്ട് കുഞ്ഞിന് അമ്മിഞ്ഞപ്പാൽ വാങ്ങാൻ പറ്റുകയുള്ളൂ എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും, ലിബറൽ രാജ്യങ്ങളിൽ പ്രത്യേകിച്ചും ഓരോരുത്തിരിൽ നിന്നും സ്വീകരിക്കുന്ന അമ്മിഞ്ഞപ്പാൽ മിൽക് ബാങ്കുകൾ പല കാരണങ്ങളാൽ വെവ്വേറെ സൂക്ഷിക്കണമെന്നില്ല. പ്രത്യുത പല സ്ത്രീകളിൽ നിന്നും സ്വീകരിക്കുന്ന മുലപ്പാൽ കൂട്ടിക്കലർത്തിയാണ് സൂക്ഷിക്കുന്നത്. അപ്പോൾ ആരുടെയൊക്കെ മുലപ്പാൽ അടങ്ങിയതാണോ മിൽക് ബാങ്കിൽ നിന്ന് നാം കുട്ടിക്ക് വാങ്ങിക്കൊടുക്കുന്ന പാൽ അവരൊക്കെ കുട്ടിയുടെ മുലകുടി ബന്ധത്തിലുള്ള ഉമ്മമാരും അവരുടെയൊക്കെ മക്കളും ഭർത്താക്കളും സഹോദരങ്ങളും, അതിന് പുറമെ ഈ രീതിയിൽ മിക്സ് ചെയ്യപ്പട്ട പാലോ ഈ വാങ്ങിയ മിക്സ് ചെയ്യപ്പെട്ട പാൽ നൽകിയ സ്ത്രീകളുടെ പാൽ വെവ്വേറെയോ അല്ലെങ്കിൽ വെറെ പാലുകളുമായി മിക്സ് ചെയ്തോ മറ്റാർക്കെങ്കിലും കൊടുക്കുന്നുണ്ടെങ്കിൽ അവരും ഈ കുട്ടിയുടെ മഹ്റമുകളായിത്തീരും. അങ്ങനെയാകുമ്പോൾ നേരത്തേ പറയപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കൽ ചിന്തിക്കാൻ കഴിയാത്ത വിധം സങ്കീർണ്ണമായിത്തീരുകയും ചെയ്യുന്നു.
ഈ രീതിയിൽ മുലകുടി ബന്ധം വന്നുചേരുന്ന കാര്യത്തിൽ തീർത്താൽ തീരാത്ത സങ്കീർണ്ണതകൾ മിൽക് ബാങ്കിംഗിൽ നിലിനിൽക്കുന്നതിനാൽ മറ്റു വഴികളുണ്ടെങ്കിൽ (ഉദാ. ഏതെങ്കിലും സ്ത്രീകളെ അമ്മിഞ്ഞപ്പാലിനായി ആശ്രയിക്കാൻ സംവിധാനമുണ്ടെങ്കിൽ അല്ലെങ്കിൽ മുലപ്പാലിന് പകരം നൽകാൻ പറ്റിയ “hungry” formulas, soy formulas, hypoallergenic formulas, goat-milk formulas, and goodnight milks with added fiber or rice തുടങ്ങിയവ പര്യപ്തമാകുമെങ്കിൽ) മിൽക് ബാങ്കിൽ നിന്ന് വാങ്ങുന്നത് നാല് മദ്ഹബ് പ്രകാരവും അനുവദനീയമാകില്ല.
മിൽക് ബാങ്ക് സംവിധാനം ലോകത്ത് പലയിടത്തും നിലവിൽ വന്ന ശേഷം ഈ കാര്യം ചർച്ച ചെയ്ത പണ്ഡിത സഭകളുടെ ഭൂരിപക്ഷാഭിപ്രായവും അത് അനുവദനീയമല്ല എന്ന് തന്നെയാണ്. കാരണം നേരത്തേ സൂചിപ്പിച്ചത് പോലെ പ്രസവിക്കുന്ന മാതാവ് എപ്രകാരം മഹ്റം ആകുമോ അപ്രകാരം മുലപ്പാൽ നൽകുന്ന മാതാവും മഹ്റമാകും എന്ന് ഹദീസുകളില്‍നിന്ന് വ്യക്തമാണ് (ബുഖാരി, മുസ്‍ലിം). ഇക്കാര്യം മുസ്‍ലിം ലോകത്തിന്റെ ഇജ്മാഅ് കൂടിയാണ് (ശർഹുൽ മുഹദ്ദബ്). അതിനാൽ ഈ രണ്ട് ബന്ധങ്ങളും വളരേ പ്രാധാന്യത്തോടെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. മിൽക് ബാങ്കിംഗ് സിസ്റ്റം ഇക്കാര്യം ആശയക്കുഴപ്പത്തിലാക്കുകയും മുലകുടി ബന്ധം യഥാവിധി അറിയാനോ ആ ബന്ധം പുലർത്താനോ അതിനനുസരിച്ച് നിഷിദ്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്താനോ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
എന്നാൽ ആധുനിക പണ്ഡതരിൽ തന്നെ, ശൈഖ് യൂസുഫുൽ ഖർദാവി, ശൈഖ് അഹ്മദ് ഹരീദി, മുസ്ഥഫാ സർഖ, മുഹമ്മദ് അൽഹവാരി തുടങ്ങിയവർ മിൽക് ബാങ്കിനെ അനുകൂലിച്ച് രംഗത്ത് വന്നവരാണ്. പക്ഷെ നാല് മദ്ഹബിനും വിരുദ്ധമായി ളാഹിരീ മദ്ഹബ്കാരനായ ഇമാം ഇബ്നു ഹസ്ം(റ) വിന്റെ ഒറ്റപ്പെട്ട അഭിപ്രായത്തേയും ഹമ്പലീ മദ്ഹബിലെ അപ്രബലമായ അഭിപ്രായത്തേയുമൊക്കെ അടിസ്ഥാനമാക്കിയാണ് അവരുടെ സമർത്ഥനങ്ങൾ നടന്നത് എന്നതിനാൽ അവരുടെ അനുകൂല അഭിപ്രായത്തിന് പൊതുവെ പ്രാബല്യം നൽകപ്പെടുന്നില്ല.
ഇനി, ഏതെങ്കിലും കുട്ടിക്ക് മുലപ്പാൽ കഴിച്ചേ മതിയാകൂ, അത് കിട്ടാൻ മറ്റൊരു വഴിയും ഇല്ല. അത് കിട്ടിയില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകും, മുലപ്പാൽ അല്ലാത്ത മറ്റൊന്നു കൊണ്ടും കുട്ടിയുടെ ജീവൻ നിലനിർത്താൻ കഴിയില്ല എന്ന തരത്തിൽ അത്യാസന്ന ഘട്ടമാണെങ്കിൽ (അപൂർവ്വങ്ങളിൽ അപൂർവ്വമായ ഇത്തരം ഘട്ടങ്ങളിൽ ജീവൻ നിലനിർത്താൻ ഹറാമായത് കഴിക്കൽ പോലും അനുവദീയമായ സ്ഥിതിക്ക്) ആ ഘട്ടത്തെ തരണം ചെയ്യാൻ വേണ്ടി മിൽക് ബാങ്കിനെ ആശ്രയിക്കാം. അങ്ങനെ ലഭിക്കുന്ന അമ്മിഞ്ഞപ്പാൽ വ്യത്യസ്ത സ്ത്രീകളുടേത് മിക്സ് ചെയ്തതും അത് തന്നെ വ്യത്യസ്ത കുട്ടികളിലേക്ക് വിതരണം ചെയ്യപ്പെട്ടതുമാണെങ്കിൽ അതിന്റെ ഡാറ്റ ശേഖരിക്കാൻ കഴിയുന്നത്ര ശേഖരിച്ച് കുട്ടിയുടെ മഹ്റമുകളുടെ കാര്യത്തിൽ പരമാവധി ശ്രദ്ധ പുലർത്തുകയും ബാക്കിയുള്ളവ അവ്യക്തമായി തുടരുന്നതിനാൽ അവയുടെ കാര്യത്തിൽ മഹ്റമാകുന്നത് ബാധകമാകില്ല എന്ന ചില പണ്ഡിതരുടെ അഭിപ്രായം അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ട സാഹചര്യമാണുണ്ടാകുക.
അതു പോലെ, നിലവിലെ മിൽക് ബാങ്കിന്റെ പ്രവർത്തനത്തിലെ ഇത്തരം സങ്കീർണ്ണതകൾ പരിഹരിച്ച് ആവശ്യക്കാർക്ക് മുലപ്പാൽ ലഭ്യമാക്കാൻ ഇസ്‍ലാമിക മിൽക് ബാങ്കിംഗ് സിസ്റ്റം സ്ഥാപിക്കുന്നത് (ഹലാലും ഹറാമും നോക്കാൻ വേണ്ടത്ര അറിവോ ബോധമോ സമയമോ ലഭിക്കാൻ സാധ്യതില്ലാത്ത) ഭാവി തലമുറക്ക് ഉപകാരപ്രദമാകും എന്ന് തോന്നാം. എന്നാൽ അങ്ങനെ സ്ഥാപിക്കേണ്ട ഘട്ടം വന്നാൽ താഴെ പറയുന്ന കാര്യങ്ങൾ കൃത്യമായി പാലിക്കേണ്ടി വരും.
- ഒരു സ്ത്രീ ഒരു മിൽക്ക് ബാങ്കിൽ മാത്രമേ തന്റെ മുലപ്പാൽ കൊടുക്കാവൂ എന്നത് കർശനമാക്കുക.
- ഓരോ സ്ത്രീയിൽ നിന്നും ശേഖരിക്കുന്ന മുലപ്പാൽ വെവ്വേറെ സൂക്ഷിക്കുക.
- ഒരു സ്ത്രീയിൽ നിന്ന് ശേഖരിക്കുന്ന മുലപ്പാൽ മാത്രം (മറ്റുള്ളവരുടേതുമായി മിക്സ് ചെയ്യാതെ) ആവശ്യക്കാർക്ക് കൊടുക്കുക.
- ഒരു സ്ത്രീയിൽ നിന്ന് ശേഖരിക്കുന്ന മുലപ്പാൽ ഒരു നിശ്ചിത എണ്ണം കുട്ടികൾക്ക് മാത്രം കൊടുക്കുകയും അവരുടെ ഡാറ്റ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുക.
- മുലപ്പാൽ തന്ന സ്ത്രീയുടേയും അത് നൽകപ്പെട്ട കുട്ടികളുടേയും കൃത്യമായ വിവരം വാങ്ങുന്ന കുട്ടിയുടെ മാതാപിതാക്കൾക്ക് കൈമാറുക
- കുട്ടിയുടെ മാതാപിതാക്കൾ അവരെ നേരിൽ കണ്ട് കുട്ടി അവർക്ക് മഹ്റമായ വിവരം അറിയിച്ച് വ്യക്തത വരുത്തുക.
- കുട്ടി വലുതാകുമ്പോൾ ഈ ബന്ധത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയും ആ രീതിയിൽ അവരുമായി വ്യക്തി ബന്ധം നിലനിർത്താൻ സഹായിക്കുകയും ചെയ്യുക. ഇക്കാര്യത്തിൽ മിൽക് ബാങ്ക് അധികൃതർ മാതാപിതാക്കൾക്ക് ഉൽബോധനം നൽകുക.
പക്ഷേ, ഇത്തരം നിബന്ധനകൾക്ക് വിധേയമായി മിൽക് ബാങ്ക് സ്ഥാപിക്കുന്നതും വ്യവസ്ഥാപിതമായി നടപ്പിൽ വരുത്തലും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറയേണ്ടതില്ലല്ലോ. കാരണം,
- ഒന്നാമതായി, മിൽക് ബാങ്ക് അധികൃതർ എത്ര തന്നെ ശ്രദ്ധിച്ചാലും ദിനേന അത് വാങ്ങിപ്പോകുന്നവർ മുലകുടി ബന്ധത്തിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ പുലർത്തുന്നവര്‍ ആവണമെന്നില്ല. ആയതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതകളെ തള്ളിക്കളയാനാവില്ല. അത് ഇസ്‍ലാമികമായി കർശനമായി വിലക്കപ്പെട്ടതാണ് (സൂറത്തുന്നസാഅ് 23, സ്വഹീഹ് മുസ്‍ലിം 1444, ശർഹുൽ മുഹദ്ദബ്4/18)
- രണ്ടാമതായി, യാതൊരു മത നിബന്ധനകളും പാലിക്കാതെ ഇക്കാലത്ത് നടത്തപ്പെടുന്ന മിൽക് ബാങ്കുകൾ തന്നെ (മുലപ്പാൽ വലിയ വില കൊടുത്തവാങ്ങേണ്ടി വരുന്നതിനാലും അവ സൂക്ഷിച്ചു വെക്കാന്‍ ഭാരിച്ച ചെലവ് വരുന്നതിനാലും ആവശ്യക്കാർ പലപ്പോഴും വേണ്ടത്രയില്ലാത്തതിനാൽ ഒരു പരിധിക്കപ്പുറം സൂക്ഷിച്ചു വെക്കാൻ കഴിയാത്തതിനാലും) ലാഭകരമല്ലാതെ പ്രതിസന്ധി നേരിടുന്നു എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. അപ്പോൾ താരതമ്യേനെ തീരെ വരുമാനം പ്രതീക്ഷിക്കാൻ വകയില്ലാത്ത ഇസ്‍ലാമിക് മിൽക് ബാങ്കിംഗ് എന്നത് ലാഭം പ്രതീക്ഷിക്കാതെ കുട്ടികൾക്ക് മുലപ്പാലിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നോടൊപ്പം മുലകുടി ബന്ധത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനുള്ള ഒരു സൽകർമ്മം എന്ന രീതിൽ അതത് പ്രദേശത്തുകാർ മുന്നോട്ട് വരുമ്പോഴോ ഇസ്‍ലാമിക രാജ്യങ്ങൾ സർക്കാർ ധർമ്മപ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുമ്പോഴോ ഒക്കെ മാത്രമേ പ്രായോഗികമായി നിലനിൽക്കുകയുള്ളൂ.
എന്നാൽ, നിലവിലെ സാമൂഹിക സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ലഭിക്കാൻ അത്തരമൊരു മിൽക് ബാങ്കിങ്ങിന്റെ അനിവാര്യതയില്ലാത്തതിനാലും അത് നടത്തുന്നവർ ശറഇന്റെ നിബന്ധനകൾ എത്ര തന്നെ കൃത്യമായി പാലിക്കാൻ ശ്രമിച്ചാലും അത് ദിനം പ്രതി വാങ്ങിപ്പോകുന്നവരിൽ എല്ലാവരും മുലകുടിബന്ധത്തിന്റെ പ്രാധാന്യം യഥാവധി ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പും പ്രതീക്ഷിക്കാൻ വകയില്ലാത്തതിനാലും ഇക്കാലത്ത് ഇസ്‍ലാമിക മിൽക് ബാങ്കിംഗ് സംവിധാനം തന്നെ നാല് മദ്ഹബ് പ്രകാരവും അനുവദനീയമാകുന്നില്ല എന്ന സമകാലിക പണ്ഡിതരുടെ അഭിപ്രായത്തെ അടിവരയിടുന്നു.
അതേസമയം, വാഹന ഇൻഷൂറൻസ്, ബാങ്കിംഗ് സിസ്റ്റം തുടങ്ങിയ മറ്റു പല വിഷയങ്ങളേയും പോലെ ഒരു കാലത്ത് ഉമ്മമാർ കുഞ്ഞുങ്ങൾക്ക് മുലകൊടുക്കാൻ തയ്യാറാകാതെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ മിൽക് ബാങ്കുകളെ ആശ്രയിക്കുന്നത് സാധാരണമാകുന്ന സാഹചര്യമുണ്ടായാൽ, അന്ന് ഇസ്‍ലാമികമായ ഒരു നിബന്ധനയും പാലിക്കാതെ നടത്തപ്പെടുന്ന സെക്കുലർ, പ്രൊഫഷണൽ മിൽക് ബാങ്കിംഗ് സർവ്വ സാധാരണമായി കാണപ്പെടുകയും മത ചിന്തയില്ലാതെ മിക്കവരും അവരെ ആശ്രയിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേക്കാം. അത്തരം സാഹചര്യത്തില്‍ ഉപര്യൂക്ത മത നിയമങ്ങൾക്ക് വിധേയമായി മിൽക് ബാങ്കിംഗ് നടപ്പാക്കാൻ മതബോധമുള്ളവർ മുന്നിട്ടിറങ്ങൽ ഒരു വലിയ സൽകർമ്മവും സമൂഹത്തിൽ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങൽ ഫർള് കിഫായയുമായി മാറാം.



Leave A Comment