ഒരു പള്ളിയില്‍ ഒന്നില്‍ കൂടുതല്‍  ജുമുഅയോ?

jumuaപതിവ് കോലാഹലങ്ങളും തേജോവധ-പരിഹാസങ്ങളും ഒഴിവാക്കി, ഒരേ പള്ളിയില്‍ ഒന്നില്‍കൂടുതല്‍  തവണ ജുമുഅ അനുവദനീയമാണോ എന്ന കാര്യം ചര്‍ച്ചക്ക് വരുന്നത്, കര്‍മ്മശാസ്ത്രത്തിന്‍റെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാണ്. കാരണം, കര്‍മ്മശാസ്ത്രത്തിന്റെ യുക്തിവ്യാപ്തിയും ഫിഖ്ഹീപണ്ഡിതരുടെ ആഴത്തിലുള്ള ആലോചനയും അടുത്തറിയാന്‍ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കുന്നതാണ്.

ഒരു പള്ളിയില്‍ ഒന്നലിധികം ജുമുഅ നടത്താമോ? എന്താണ് ഈ വിവാദത്തിന്റെ യുക്തിപരമായ പശ്ചാത്തലം? ഇന്ത്യപോലെയുള്ള ബഹുമതസമൂഹത്തില്‍ നിയമപരമായും, ജനസംഖ്യവര്‍ദ്ദിത പ്രദേശങ്ങളില്‍ പ്രയോഗപരമായും നിലവിലുള്ള സൌകര്യങ്ങള്‍കൊണ്ട്, അഥവാ ഒരു ജുമുഅ കൊണ്ട് നിര്‍ബന്ധവും പരിശുദ്ധവുമായ ജുമുഅ എന്ന കര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിയണമെന്നില്ല. കാരണം നഗരങ്ങള്‍ പോലെ ജനബാഹുല്യമുള്ള ഇടങ്ങളില്‍ തദ്ദേശവാസികളും ജുമുഅ സ്ഥാപിക്കാന്‍ പരിശുദ്ധ ശരീഅത് അനുവദിക്കുന്നവരുമായ ആളുകള്‍ മാത്രമല്ല ഉണ്ടാവുന്നത്, മറിച്ച് ജുമുഅ സ്ഥാപിക്കാന്‍ അനുവാദമുള്ളവര്‍ക്കൊപ്പം തന്നെ അവര്‍ നടത്തുന്ന ജുമുഅയില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമായ നിരവധി വ്യക്തികളും വിഭാഗങ്ങളുമുണ്ടാകും. വിദ്യാഭ്യാസതൊഴില്‍ മേഖലകളില്‍‍ പ്രവര്‍ത്തിക്കുന്നവര്‍, വെള്ളിയാഴ്ച പ്രഭാതം മുതല്‍ വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തിച്ചേരുന്നവര്‍, താല്‍കാലിക താമസക്കാര്‍ തുടങ്ങി തദ്ദേശീയരുടെ പതിന്മടങ്ങ് ജനങ്ങളുണ്ടാവാം. പ്രായോഗികമായി നോക്കുമ്പോള്‍, വിട്ടുവീഴ്ചാമനോഭാവത്തിന് പകരം വിദ്വേഷം വളര്‍ന്നുവരുന്ന ഇക്കാലത്ത്, പള്ളികള്‍ക്ക് പുറത്തേക്ക് റോഡിലും മറ്റും തിങ്ങിനിറഞ്ഞ് ജുമുഅ നിര്‍വ്വഹിക്കാന്‍ മുസ്‌ലിമേതര സമുദായങ്ങള്‍  എപ്പോഴും അനുവദിച്ചുകൊള്ളണമെന്നില്ല. ഒരു മതേതര രാജ്യത്തിലെ നിയമം അത് അംഗീകരിക്കുമെന്ന് ഉറപ്പിക്കാനും വയ്യ. അത് കൊണ്ട് അത്യാവശ്യഘട്ടങ്ങളില്‍ ഒന്നിലധികം ജുമുഅ ഒരേ പള്ളിയില്‍, അഥവാ ലഭ്യമായ സൌകര്യങ്ങളില്‍ നിര്‍വ്വഹിച്ചും സംഘടിപ്പിച്ചും കൊണ്ട് മതരപരവും പരിശുദ്ധവുമായ കര്‍മ്മം നിയമ സങ്കീര്‍ണ്ണതകളും പ്രശ്നങ്ങളുമില്ലാതെ നിര്‍വ്വഹിക്കാമെന്നാണ്, അതായത് ശാഫിഈ ഫിഖ്ഹ് പ്രകാരം അതിന് സാധുതയുണ്ടെന്നാണ് ഈചര്‍ച്ചയില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഒരു പക്ഷം.

കര്‍മ്മശാസ്ത്രപരമായ ഈ കാര്യത്തില്‍ ഒരു പക്ഷമെന്നതിന്, ഒരു വീക്ഷണഗതി എന്ന് മാത്രമേ അര്‍ത്ഥം നല്‍കാന്‍ കഴിയൂ. നിര്‍ഭാഗ്യവശാല്‍ നാം ജീവിക്കുന്ന കാലത്ത് കേരളത്തില്‍ ഈ  അര്‍ത്ഥത്തിലുള്ള പക്ഷമില്ല. പകരം ഗ്രൂപ്പുകളാണുള്ളത്. ഒരു ഗ്രൂപ്പില്‍ നിര്‍ണ്ണിതമായതും പാറ പോലെ ഉറച്ചതുമായ അഭിപ്രായവും അതിന് സംഘടിതമായ സംവിധാനവും അനുബന്ധമായ മാധ്യമവിഭാഗവുമാണുള്ളത്. അതുകൊണ്ട് തന്നെ പരിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നും മറ്റു ബന്ധപ്പെട്ട രേഖകളില്‍നിന്നും ഉരുത്തിരിച്ച് എന്തെങ്കിലും പറയണമെങ്കില്‍ നല്ല പ്രയാസമായിരിക്കും. അങ്ങനെ ചെയ്യുന്നവന്‍ വഴിയേ പോകുന്ന ആര്‍ക്കും തട്ടിനോക്കാവുന്ന ചെണ്ടയായി മാറേണ്ടിവരും. അതായത്, ഫത്ഹുല്‍മുഈനിലും മറ്റുകിതാബുകളിലും കാണുന്ന പോലെ, ഇമാമീങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ച് കൊണ്ട്പോലും വിയോജിക്കാനുള്ള അവകാശം നമുക്ക് കുറവാണ്.

നമുക്ക് വിഷയത്തിലേക്ക് വരാം. സാഹചര്യങ്ങള്‍ അനിവാര്യമാക്കിയാല്‍ ഒന്നിലധികം ജുമുഅ ഒരു പള്ളിയില്‍ നടത്താന്‍ ശാഫിഈ ഫിഖ്ഹ് അനുവദിക്കുന്നുണ്ടോ? ഇത് കോളം വരച്ച് ഉണ്ടെന്നോ ഇല്ലെന്നോ ഒറ്റയടിക്ക് പറയേണ്ടുന്ന കാര്യമല്ല. മറിച്ച്, പ്രവിശാലമായ ഗ്രന്ഥലോകത്തേക്ക് തിരിഞ്ഞ് സൂക്ഷമതയോടെ തെളിവുകള്‍ നിരത്തി പറയേണ്ടുന്ന ഗൌരവമുള്ള കാര്യമാണ്. ഒരു രാഷ്ട്രീയ വിവാദമോ സാംസ്കാരിക സംവാദമോ  അല്ല. ആദ്യമായി ഖുര്‍ആനിലേക്ക് നോക്കാം. സൂറതുല്‍ജുമുഅയിലെ ഒമ്പതാം വാക്യം ശ്രദ്ധേയമാണ്. ഒരു ദേശത്ത് ഒന്നിലധികം ജുമുഅ പാടുണ്ടോ എന്ന ചര്‍ച്ചക്ക് ആമുഖമായി അസ്ഹാബുശ്ശാഫിഈയെ അവലംബിച്ച് കൊണ്ട് ഇമാം ഇബ്നുരിഫ്അ രേഖപ്പെടുത്തുന്നു, ആയതിന്റെ പ്രത്യക്ഷമായ അര്‍ത്ഥം ഒരു ജുമുഅ നിസ്കാരത്തിന് ഒരു ബാങ്കുവിളിയോടെ എത്തിച്ചേരല്‍ അനിവാര്യമാകുമെന്നാണ്.

ولم ينقل انهم جمّعوا في اكثر من موضع واحد في المدينة، ولأن الجمعة انما  سميت لاجتماع الجماعات من الجوانب. قال الاصحاب: وقوله تعالى، اذا نودي ...فاسعوا يدل عليه فإن الظاهر أن هذا أمربالسعي إلى صلاة واحدة بنداء واحد (كفاية: 318/4)

ഈ പരാമര്‍ശവും മറ്റു കിതാബുകളിലെ സമാനമായ രേഖകളും വ്യക്തമാക്കുന്നത് പരിശുദ്ധ ഖുര്‍ആനിലും റസൂല്‍ (സ്വ)യുടെയും ഖുലഫാഇന്റെയും പ്രവര്‍ത്തനരീതികളിലും ഒരു ദേശത്ത് തന്നെയും ഒന്നിലധികം ജുമുഅകള്‍ ഇല്ലയെന്നും തുഹ്ഫയുടെ ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ ജുമുഅ എന്നത് മൂന്നാം അബ്ബാസി ഭരണകര്‍ത്താവായ മുഹമ്മദ് മഹ്ദിയാല്‍ ബഗ്ദാദില്‍ ആരംഭം കുറിച്ചതുമാണ്. ഒരു പ്രദേശത്ത് ഒരു കാരണവശാലും രണ്ട് ജുമുഅ പാടില്ല എന്ന് പറയുന്ന ഇമാം സുബ്കിയെ അവലംബിച്ച് തുഹ്ഫ പറയുന്നു,

... أطال السبكي في الانتصار له نقلا ودليلا وقال انه قول اكثر العلماء ولا يحفظ عن صحابي ولا تابعي تجويز تعددها، ولم تزل الناس على ذلك الى ان أحدث المهدي ببغداد جامعا آخر (2:426)

ഇമാം ഇബ്നുഹജര്‍ (റ)ന്റെ  ഈ പരാമര്‍ശം ഉദ്ധരിക്കുമ്പോഴാണ്, ഒന്നിലധികം ജുമുഅയുടെ അനുകൂലമായ പശ്ചാത്തലമൊരുങ്ങുന്നത്. മസ്ജിദുറുസ്വാഫ് എന്ന ഈ പള്ളി നിര്‍മ്മിക്കപ്പെടുന്നതിന്റെയും പതിറ്റാണ്ട് മുമ്പ് ആദ്യമായി ബഗ്ദാദില്‍ സ്ഥാപിതമായ (ഹി 145) ജുമുഅത് പള്ളിയാണ് ജാമിഅ്അല്‍മന്‍സ്വൂര്‍. ലോകപ്രസിദ്ദരായ ഇമാമുകളുടെ സങ്കേതമായിരുന്ന ഈ ആദ്യപള്ളിയിലാണ് മഹാനായ ഇമാം ശാഫിഈ ബഗ്ദാദില്‍ ചെന്നപ്പോള്‍ ജുമുഅ നിസ്കരിച്ചത്.

ان الشافعي (ر) دخل البغداد وصلى الجمعة في جامع المصور، وكانت الجمعة تقام في الجانب الغربي في الرصافة (الكفاية 4:318)

താനല്ലാത്ത മുജ്തഹിദുകളും തന്റേതല്ലാത്ത മദ്ഹബുകളും നിലനില്‍ക്കുന്ന ബഗ്ദാദില്‍ കിഴക്കും പടിഞ്ഞാറുമായി രണ്ട് ജുമുഅ നടന്നുവന്നപ്പോള്‍ ഇമാം ശാഫിഈ  ഏറ്റവും പഴയ പള്ളിയില്‍ പോയി ജുമുഅ കൂടി. അതോടൊപ്പം മറ്റു ജുമുഅകളെ പറ്റി യാതൊന്നും പറഞ്ഞതുമില്ല. മുജ്തഹിദായ ഇമാം ഈ മൌനവലംബിച്ചത് നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായി ഒന്നിലധികം ജുമുഅ നടക്കുന്നതില്‍ വിരോധമില്ല എന്ന കാഴ്ചപ്പാടിലേക്ക് നയിച്ചു. എന്നാല്‍ ബഗ്ദാദില്‍ രണ്ട് ജുമുഅക്ക് (മൂന്ന് ആണെന്നും മറ്റൊരു അഭിപ്രായം – നിഹായ 2-301, ശറഹുല്‍മുഹദബ്) മൌനാനുവാദം നല്കാന്‍ കാരണമെന്താണെന്ന് ഫുഖഹാഅ് അന്വേഷിക്കുകയും ചെയ്തു. ഇവിടെ ഈ വിഷയവുമായി ബന്ധപ്പെട്ട് നാല് കാര്യങ്ങള്‍ പറയേണ്ടിയിരിക്കുന്നു.

1. ജുമുഅ പ്രധാനപ്പെട്ട ഒരു ആരാധനയാണെന്നതോടൊപ്പം മുസ്ലിംകളുടെ സംഘടിത ബോധത്തിന്റെ, അവരുടെ ആശയപരമായ ഐക്യത്തിന്റെ, അഥവാ എല്ലാ രീതിയിലുമുള്ള വ്യത്യാസങ്ങളേക്കാളും അപ്പുറം അവര്‍ ഒന്നാണെന്ന ലക്ഷണത്തിന്റെ പ്രകടനം ഉള്‍ക്കൊള്ളുന്നു. അത് കൊണ്ട് പരിപൂര്‍ണ്ണമായും ആവശ്യമാണെന്ന് ബോധ്യപ്പെട്ടാലല്ലാതെ ഒരു പ്രദേശത്ത് രണ്ടാം ജുമുഅ പാടുള്ളതോ അതിന് സാധുതയുള്ളതോ അല്ല. അത് കൊണ്ട് നമ്മുടെ സാമ്പത്തിക ഭദ്രതയുടെയോ സാമൂഹിക പദവികളുടെയോ കാരണമായി ജുമുഅ സ്ഥാപിക്കരുത്. അഥവാ, രണ്ടാം ജമുഅകളെ നിരുല്‍സാഹപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രദേശത്ത് രണ്ട് ജമുഅ പാടില്ലെന്ന് പറയുന്നവരും, ഒരു പ്രദേശത്തെ രണ്ടാം ജുമുഅയില്‍ പങ്കെടുത്തവര്‍ ളുഹ്റ് നിസ്കാരം മടക്കി നിസ്കരിക്കല്‍ സുന്നതാണെന്നും അഭിപ്രായപ്പെടുന്നവര്‍ ശാഫിഈ മദ്ഹബിലെ ഇമാമുകളിലുണ്ട്. താഴെ ഉദ്ധരിക്കപ്പെടുന്ന, സകരിയ്യല്‍അന്‍സ്വാരി(റ)ന്റെ പരാമര്‍ശത്തെ ശാഫിഈ മദ്ഹബിലെ ഏതാണ്ട് എ്ലലാ ഗ്രന്ഥങ്ങളും സാക്ഷ്യപ്പെടുത്തുന്നു.

ان لا يسبقها .... جمعة... لامتناع تعددها بمحلها، اذ لم تقم في عصر النبي صلعم والخلفاء الراشدين الا في موضع واحد من محلها، ولأن الاقتصار على واحدة أفضى الى المقصود من إظهار شعار الاجتماع واتفاق الكلمة (شرح المنهج)

മുസ്ലിംകള്‍ തമ്മിലുള്ള സ്നേഹസഹകരണങ്ങളുടെ ഭാഗമായി ഒന്നിച്ചുചേരുകയും അതിലൂടെ സംഘശക്തി പ്രകടിപ്പിക്കുകയും, അതോടൊപ്പം തന്നെ ഖുതുബയിലൂടെ നല്‍കപ്പെടുന്ന പൊതുഉപദേശം ശ്രദ്ധിക്കലും ജുമുഅയുടെ പ്രധാന താല്‍പര്യങ്ങളാണെന്ന് കര്‍മ്മശാസ്ത്രം പറയുന്നു.

2. ഒരു പ്രദേശത്ത് രണ്ട് ജുമുഅ നടത്താനുള്ള ശറഇയ്യായ അനുവാദം ലഭിക്കുന്നത് ജുമുഅ നിര്‍ബന്ധമായവരും നിര്‍വ്വഹിക്കുന്നവരുമായ വ്യക്തികള്‍ക്ക് പ്രയാസമുണ്ടാകുമ്പോഴാണ്. ഒരുമിച്ച് കൂടാനുള്ള പ്രയാം (عسر الاجتماع)  എന്നത് വൈവിധ്യമായ രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതും കൃത്യമായ ഫിഖ്ഹീ മാനദണ്ഡങ്ങളുള്ളതുമാകയാല്‍, ഫിഖ്ഹില്‍ അതൊരു ലളിതമായ പദപ്രയോഗമല്ല, ഒരു സാങ്കേതിക സങ്കല്‍പമാണ്.

ഉദാഹരണത്തിന്, സാധാരണ ദിവസങ്ങളിലുള്ള ളുഹ്ര്‍ നിസ്കാരം നാല് റക്അത്തായിരിക്കുമ്പോള്‍ വെള്ളിയാഴ്ചയിലെ ജുമുഅ രണ്ട് റക്അത് ആയതിന് ന്യായീകരണമായി ജുമുഅയുടെ അധ്യായത്തിന്റെ ആരംഭത്തില്‍ തുഹ്ഫ ഇപ്രകാരം പറയുന്നു,

وكان حكمة تخفيف عددها ما يسبقها من مشقة الاجتماع المشترط لصحتها وتحتم الحضور وسماع الخطبتين على انه قيل انما نابتا مناب الركعتين الأخيرتين (تحفة 2:405)

മറ്റു നിസ്കാരങ്ങളില്‍നിന്ന് വ്യത്യസ്തമായി ഒരുമിച്ച് കൂടുകയും ഖുതുബകള്‍ കേള്ക്കുകയും ചെയ്യേണ്ടിവരുന്നു. രണ്ട് ഖുതുബകള്‍ രണ്ട് റക്അതിന്റെ സ്ഥാനത്താണെന്ന് കൂടി പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. അപ്പോള്‍ സാധാരണ ജമാഅതിനേക്കാള്‍ ഉപരി ജുമുഅയുടെ സംഗമത്തില്‍ പ്രയാസമുണ്ടെന്ന് ആദ്യമേ പറഞ്ഞുവെക്കുന്നുണ്ട്.

എന്നാല്‍ പ്രയാസത്തോടെയാണെങ്കിലും ഒരുമിക്കുകയെന്നതും (مشقة الاجتماع) ഒരുമിച്ചുകൂടല്‍ പ്രയാസകരമാകുക എന്നതും (عسر الاجتماع) രണ്ടാണ്. അതുണ്ടാകുന്നത് പ്രധാനമായും മൂന്ന് കാരണങ്ങളാലാണെന്ന് തദ്വിഷയകമായ എല്ലാ ചര്‍ച്ചകളിലും കാണുന്നു.  അല്‍അന്‍വാര്‍ എന്ന ഗ്രന്ഥത്തെ അവലംബമാക്കി പ്രാമാണികര്‍ പറയുന്ന ആ മൂന്ന് കാരണങ്ങള്‍ ഇവയാണ്. ഒന്ന്, ജനങ്ങളുടെ വര്‍ദ്ദനവ്. രണ്ട്, ഒരു പ്രദേശത്തെ തന്നെ ജനങ്ങളുടെ വൈരസംഘട്ടനങ്ങള്‍. മൂന്ന്, രാജ്യത്തിന്റെ വിശാലത.

وشق اجتماعهم في مسجد واحد لوقوع الزحمة أو لبعد اطراف البلدة، أو لوقوع المقاتلة بين أهليها فيجوز التعدد بحسب الحاجة. (الأنوار 1:200)

ഒന്നിച്ചുചേരല്‍ അസാധ്യവും പ്രയാസകരവുമായിത്തീരുന്നേടത്ത് (مكان عسرفيه الاجتماع) എന്ന പദപ്രയോഗത്തിന്റെ കണിശത ശ്രദ്ധേയവും തെറ്റിദ്ദരിക്കാന്‍ പാടില്ലാത്തതുമാണ്. അതുകൊണ്ട് കിതാബുകള്‍ ഇങ്ങനെ പറയുന്നു,

وانهم لوكانوا ثمانين مثلا وعسر اجتماعهم بسبب واحد منهم فقط بان سهل اجتماع ماعدا واحدا وعسراجتماع الجميع انه يجوز التعدد (شرواني 2:426، شرقاوي 1:277)

എഴുത്തൊന്‍പത് പേര്‍ക്ക് ഒരുമിക്കാന്‍ കഴിയുകയും  എണ്‍പതാമന് സാധ്യമല്ലാതാവുകയും ചെയ്യുമ്പോള്‍ രണ്ടിടത്ത് ജുമുഅയാകാം എന്നാണ് പറയുന്നത്.

3. സംഗമിക്കല്‍ പ്രയാസമായാല്‍ ഒരിടത്തുതന്നെ, അല്ലെങ്കില്‍ ഒരു പളളിയില്‍തന്നെ രണ്ട് ജുമുഅകളോ അതില്‍കൂടുതലോ ആവാമോ? ഇപ്പോള്‍ ഉയര്‍ന്നുവന്ന അഭിപ്രായവ്യത്യാസങ്ങളിലെ ഏറ്റവും കാതലായ പ്രശ്നമാണത്. പ്രാഥമികമായി ഈ പ്രശ്നത്തെ ഫിഖ്ഹ് സമീപിക്കുന്നത് എങ്ങനെയാണെന്ന് ഇമാം നവവിയുടെ വാക്കുകളില്‍നിന്ന് വ്യക്തമാണ്. ശറഹുല്‍മുഹദ്ദബില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തുന്നു, ജുമുഅ നിസ്കാരത്തിനിടയില്‍ ഇമാമിന് നിസ്കാരം ബാത്വിലായാല്‍ മഅ്മൂമീങ്ങള്‍ക്കിടയില്‍നിന്ന് ഒരാളെ  പകരക്കാരനാക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ ആ ജുമുഅയില്‍ ഉള്‍പ്പെടാത്ത ഒരുത്തനെ ആക്കിക്കൂട. കാരണം, ഒരു ജമുഅക്ക് ശേഷം മറ്റൊരു ജുമുഅ ആരംഭിച്ചുകൂടാ.

هذا كله اذا منعنا الاستخلاف، فان جوزناه نظر، ان استخلف من لم يقتد به لم يصح ولم يكن لهذا الخليفة ان يصلى الجمعة، لانه لا يجوز افتتاح جمعة بعد جمعة، وهذا لا خلاف فيه وممن نقل الاتفاق عليه الشيخ ابو حامد رح (شرح المهذب: 4:577)

ഒരിടത്ത് ജുമുഅ നടക്കുമ്പോള്‍ പകരം ഒരാളെ ഇമാമാക്കുന്ന പ്രശ്നമാണ് പറയുന്നത്. ആ ഇമാമിന് പകരം വരുന്ന രണ്ടാമന്‍ പുറത്ത്നിന്നായാല്‍ അത് രണ്ടാം ജുമുഅയാകുമെന്നും അതുപാടില്ലാ എന്നും ആ പ്രശ്നത്തില്‍ ശാഫിഈ അഇമ്മതിന് ഏക അഭിപ്രായമാണുള്ളതെന്നുമാണ് ഇമാം നവവി (റ) പറഞ്ഞുവെക്കുന്നത്. അപ്പോള്‍ ശറഇനെ സംബന്ധിച്ചിടത്തോളം ഗൌരവപ്പെട്ട ഈ പ്രശ്നത്തില്‍ ഇതിനപ്പുറം പോകാന്‍ കാര്യമായ സാഹചര്യങ്ങള്‍ വേണ്ടതുണ്ട്. ആ പ്രശ്നത്തിലേക്ക് മഹാനായ സകരിയ്യല്‍അന്‍സാരി (റ)യുടെ ഗുററിന്റെ വ്യാഖ്യാനം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഹാശിയതുല്‍അബ്ബാദി ഇങ്ങനെ രേഖപ്പെടുത്തുന്നു,

واما اشتراط كونه اقتدى بالامام فلأن تقدم غيره يؤدي الى انشاء جمعة بعد انعقاد اخرى، او الى جعلها ظهرا قبل فوت الجمعة

يؤدي الى إنشاء جمعة ،وذلك لا يجوز، وقد يؤخذ منه جواز ذلك حيث جاز التعدد كأن لم يصلح الا مكان واحد ولم يسع الجميع دفعة (حاشية العبادي مع غرر، 3:31)

നേരത്തെ ഇമാം നവവി (റ) പറഞ്ഞതിനെ സമര്‍ത്ഥിക്കുക തന്നെയാണ് സകരിയ്യല്‍അന്സാരി (റ). അതിന് അബ്ബാദി നല്കിയ വ്യാഖ്യാനത്തില്‍ ഇത്രയും കൂടി ചേര്‍ത്തുപറയുന്നു, പുറമെ നിന്ന് ഒരാളെ പകരം നിര്‍ത്താന്‍ പാടില്ലാത്തത്, രണ്ട് ജുമുഅ നടക്കാന്‍ പാടില്ലാത്തിടത്താണ്. ഒന്നിലധികം ജുമുഅ നടക്കാവുന്നിടത്ത് അങ്ങനെ പുറമെനിന്ന് പകരക്കാരനെ കൊണ്ടുവരാം. ഉദാഹരണമായി ജുമുഅ നടത്താന്‍ പറ്റുന്ന ഒരൊറ്റ സ്ഥലം മാത്രമേയുള്ളൂ, അവിടെയാകട്ടെ, ഒറ്റയടിക്ക് മുഴുവനാളുകളെയും കൂടി ഉള്‍ക്കൊള്ളുന്നില്ല താനും.

ഇത് ഹാശിയതുല്‍ അബ്ബാദി മാത്രം പറയുന്നതോ ആ ഗ്രന്ഥത്തിന്റെ മാത്രം അഭിപ്രായമോ ആണോ. ഒരിക്കലുമല്ല, ഒന്നിലധികം ജുമുഅ അനുവദനീയമാവുന്ന അവസരത്തെപറ്റി ഹാശിയതുശ്ശര്‍ഖാവി പറയുന്നത് കാണുക,

... اويكونوا كثيرين، ولم يكن في محل الجمعة موضع يسعهم بلا مشقة ولو غير مسجد فيجوز التعدد حينئذ للحاجة بحسبها على أظهر القولين وهو المعتمد (شرقاوي 1:277)

പള്ളിയോ അല്ലാത്തതോ ആയ ഒരു സ്ഥലം ആളുകളെ മുഴുവന്‍ പ്രയാസമില്ലാത്ത രീതിയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍ രണ്ട് ജുമുഅയാകാം. എന്നാല്‍ ഹാശിയതുല്‍അബ്ബാദി ഉയര്‍ത്തിക്കാണിച്ച രൂപം ഒന്നിലധികം ജുമുഅ ഒരിടത്ത് (ഒരു പള്ളിയില്‍ അല്ലെങ്കില്‍ ഒരു മൈതാനിയില്‍ നടക്കുന്ന) സംഭവിക്കാവുന്നതും എന്നാല്‍ സാധാരണയില്ലാത്തതുമായ രൂപമാണ്.

അസംഭവ്യമല്ലാത്തതും അതേ സമയം അസാധാരണവുമായ ഈ രൂപത്തെ അഥവാ, പള്ളിയോ മൈതാനങ്ങളോ ഇല്ലാതെ വരുമ്പോള്‍ മാത്രം സാധ്യമാക്കാവുന്ന ഈ രൂപത്തെ സാമാന്യവല്‍ക്കരിക്കുമ്പോള്‍,  നമ്മുടെ പശ്ചാത്തലത്തില്‍ അതുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ നമുക്ക് ഓര്‍മ്മയുണ്ടായിരിക്കണം. എന്നാല്‍ ജനബാഹുല്യം കാരണം മാത്രം ഒരിടത്ത് രണ്ട് ജുമുഅകള്‍ നടത്താമോ എന്നതിനെപറ്റി നമ്മുടെ കിതാബുകള്‍ ഏറെ ഗൌരവം കൊള്ളുന്നുമുണ്ട്. പഴയ കാലം മുതല്‍ പള്ളി ദര്‍സുകളില്‍ അവലംബമാക്കിയിരുന്ന ഉംദയുടെ വ്യാഖ്യാനത്തില്‍ ഇങ്ങനെ പറയുന്നു,

ബഗ്ദാദ് വിശാലമായ പ്രദേശമാകയാല്‍ രണ്ടോ അതില്‍കൂടുതലോ ജമുഅകള്‍ക്ക് ശറഇയ്യായി തടസ്സമില്ലെന്നും എന്നാല്‍ മക്കയും മദീനയും അതുപോലെ വിശാലമല്ലെന്നും അത്കൊണ്ട് അവിടങ്ങളില്‍ രണ്ട് ജുമുഅ പാടില്ലെന്നുമാണ് മൂലഗ്രന്ഥകാരന്‍ ഇബ്നുനഖീബ് പറയുന്നത്. അതിന് ഇപ്രകാരം വ്യാഖ്യാനം ചേര്‍ക്കുന്നു, മക്കയും മദീനയും ചെറുപ്രദേശങ്ങളാണെന്നത് ഗ്രന്ഥകാരന്റെ കാലത്താണ് (ഹി 700കളില്‍) ഇന്ന് അവയെല്ലാം പട്ടണങ്ങളായികഴിഞ്ഞു. ഇവിടങ്ങളില്‍ ഒരുമിച്ച്  കൂടുന്നത് തീര്‍ത്തും പ്രയാസം തന്നെയാണ്. വിശേഷിച്ചും ഹജ്ജിന്റെ അവസരങ്ങളില്‍.  ശക്തമായ വെയിലത്ത് ജനങ്ങള്‍ ഒരുമിക്കുന്നത് തിരക്കും ചൂടും കാരണത്താല്‍ അതിപ്രയാസമാണ്. ഇതുതന്നെയല്ലേ ഒരുമിക്കുന്നത് പ്രയാസമാകുക എന്നതിന്റെ താല്പര്യം. പക്ഷേ, ഇക്കാര്യത്തില്‍ വ്യക്തമായ പരാമര്‍ശമൊന്നും ഞാന്‍ കണ്ടിട്ടില്ല. വ്യക്തമായ പരാമര്‍ശമില്ലാതെ, പ്രയാസം എന്ന് കരുതികൊണ്ട് രണ്ട് ജുമുഅകള്‍ സ്ഥാപിക്കാമോ, അതല്ല, അവയുടെ നിര്‍ണ്ണിതമായ പഴയ മാനദണ്ഡങ്ങള്‍ തന്നെ പാലിക്കണമോ എന്ന് കൃത്യമായി മനസ്സിലാക്കിക്കൊള്ളുക.

والتمثيل لعدم المشقة بمكة والمدينة انما هو باعتبار زمن المؤلف، وهي مدة طويلة، فقد كان كل منهما في ذلك الزمن بمنزلة قرية صغيرة والآن فقد اتسع كل منهما جدا خصوصا ايام الحج، فالاجتماع في مكان واحد يؤدي الى ضيق شديد حتى ان الناس يجلس في الشمس من شدة الازدحام مع شدة الحرارة، وهذا عين الحرج الشديد، ولكن لم ار من نص على هذا، وانظر هل يصح التعدد حينئذ لهذا العسر مع عدم النص او يخرج على الضابط السابق،حرر ذلك والله اعلم (فيض الاله المالك ـ 1:98)

4. ഒരു പ്രദേശത്ത് ഗ്രൌണ്ട് പോലെ വിശാലമായ സ്ഥലങ്ങളില്‍ മുഴുവനാളുകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നു. എന്നാല്‍ പള്ളിയില്‍ വെച്ചാണ് ജുമുഅ നടത്തുന്നതെങ്കില്‍ രണ്ട് ജുമുഅകള്‍ ആവശ്യമായിവരികയും ചെയ്യുന്നു. അപ്പോള്‍ ഏതാണ് സ്വീകരിക്കേണ്ട രീതി. ഇത് സംബന്ധിച്ച് ശര്‍വ്വാനിയും ഹാശിയതുല്‍ ജമലും ഇപ്രകാരം പറയുന്നു,

فلو كان في البلد مسجدان وكان اهل البلد اذا صلوا فيهما وسعاهم مع التعدد، وكان هناك محل متسع كزريبة مثلا اذا صلوا فيها لا يحصل التعدد فيها هل يتعين عليهم فعلها في الأولين او الثاني؟ فيه نظر والأقرب الثاني حرصا على عدم التعدد اهـ ع ش (حاشية الجمل19/2)

ഒന്നിലധികം ജുമുഅ  ഒഴിവാക്കുന്നതിന് വേണ്ടി ഗ്രൌണ്ട് പോലെയുള്ള സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് ഈ വ്യാഖ്യാനം പറയുന്നു. ശര്‍വാനിയാകട്ടെ (2-426)മിന്‍ഹാജിന്റെ പ്രമുഖവ്യാഖ്യാനങ്ങളുടെ കൂടി പിന്തുണ ഈ വാദഗതിക്ക് രേഖപ്പെടുത്തുന്നു.

എന്നാലും ആ പ്രദേശത്തെ ജനങ്ങളുടെ പതിവ് ഒന്നിലധികം പള്ളികളിലോ മറ്റുഇടങ്ങളിലോ വെച്ച് ഒന്നിലധികം ജുമുഅ നടത്തുന്നതാണെങ്കില്‍ അതുകൊണ്ട് പ്രയാസമില്ലെന്നും അങ്ങനെ ചെയ്യുക തന്നെ വേണമെന്നുമാണ് ജമല്‍ തുടര്‍ന്ന് പറയുന്നത്. കാരണം അല്ലാത്ത പക്ഷം ഒന്നിലധികം ജുമുഅ സാധ്യമേ അല്ല. കാരണം, ആ പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന ഏതെങ്കിലുമൊരിടം ഇല്ലാതിരിക്കില്ല എന്നാണ് ഈ ഗ്രന്ഥം പറയുന്നത്. (ജമല്‍- 2,20). സമാനമായ അഭിപ്രായം ജമലിനെയും കൂട്ടുപിടിച്ചുകൊണ്ട് ഹാശിയതുത്തുര്‍മുസിയിലും കാണാം.

لا يلزمهم فعلها في ذلك المحل الذي يرتفع به التعدد، بل يفعلونها في مواطن العادة كالمساجد وان لزم عليه التعدد (حاشية الترمسي: 216/4)

എന്നാല്‍ ഇവിടങ്ങളിലും മറ്റു ഇബാറതുകളിലുമെല്ലാം രണ്ട് സ്ഥലങ്ങളിലായി സംഭവിക്കുന്ന ജുമുഅകളെയാണ് ഒന്നിലധികം ജുമുഅ (تعدد الجمعة) എന്നത് കൊണ്ട് അര്‍ത്ഥമാക്കിയിരിക്കുന്നത്. ശാഫിഈ മദ്ഹബില്‍ എഴുതപ്പെട്ടിട്ടുള്ള വിശാലമായ രചനകളില്‍ ഒന്നിലധികം ജുമുഅകള്‍ എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നിലധികം ഇടങ്ങളില്‍ നടക്കുന്ന ജുമുഅകളാണെന്ന് തന്നെയാണ് മനസ്സിലാകുന്നത്. ഉദാഹരണത്തിന് ഹാവിയില്‍ ഒന്നിലധികം ജുമുഅയുടെ ചര്‍ച്ച തുടങ്ങുന്നതുതന്നെ പ്രസ്തുത രീതിയിലാണ്.

مسألة: قال الشافعي رض: ولا يجمع  في مصر وان عظم وكثرت  مساجده الا في مسجد واحد (الحاوي الكبير: 447/2)

പട്ടണം എത്ര വലുതായാലും ഒരിടത്ത് അല്ലെങ്കില്‍ ഒരു പള്ളിയില്‍ മാത്രമേ ജുമുഅ ആകാവൂ എന്ന് പറയുമ്പോള്‍ ഒന്നിലധികം ജുമുഅയെന്നാല്‍ ഒന്നിലധികം ഇടങ്ങളിലുള്ള ജുമുഅ തന്നെയാണ്. ഇമാമീങ്ങളുടെ രചനകളിലും ഭാഷകളിലും അങ്ങനെയാണ്, അത് ഏതെങ്കിലും സന്ദര്‍ഭത്തിലുണ്ടായിട്ടുള്ള തെറ്റിദ്ധാരണയല്ല.

ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഗ്രൌണ്ട് തുടങ്ങിയ സ്ഥലങ്ങള്‍ തെരഞ്ഞെടുത്തുകൊണ്ട് പള്ളികളിലുണ്ടാവുന്ന ഒന്നിലധികം ജുമുഅകള്‍ മാറ്റി വെക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചയില്‍ പതിവനുസരിച്ച് പള്ളികളിലാണ് ഒന്നിലധികമായി ജുമുഅകള്‍ നടക്കുന്നതെങ്കില്‍ അത്കൊണ്ട് വിരോധമില്ലെന്ന് ബര്‍മാവിയെ ഉദ്ധരിച്ചുകൊണ്ട് ജമലും അത് ആവര്‍ത്തിച്ച് തുര്‍മുസിയും വ്യക്തമാക്കുകയുണ്ടായി.

കര്‍മ്മശാസ്ത്രത്തിന് വിരുദ്ധമായി ഒരു സ്ഥലത്ത് ഒരു പതിവ് രീതി രൂപപ്പെട്ടാല്‍ അത് ന്യായവും സാധൂകരണവും ആകുന്നില്ലെന്ന് പലയിടത്തും ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ള അതേ ഫിഖ്ഹ് തന്നെയാണ് ഇവിടെ പതിവ് പ്രകാരം തുടര്‍ന്ന് പോരാന്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ നമ്മുടെ പതിവിന് നിരക്കാത്തതാണ് ഒരിടത്ത് തന്നെ രണ്ട് ജുമുഅ എന്ന് വരില്ലേ? ആരോഗ്യപരമായ ചര്‍ച്ചകള്‍ ഇനിയും നടക്കട്ടെ.

-ബാഹിസ്-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter