ന്യൂനപക്ഷ വകുപ്പ്: വസ്തുതകളറിയാം

ന്യൂനപക്ഷം
ഒരു രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പകുതിയിൽ താഴെ വരുന്ന സംഖ്യയാണ് ന്യൂനപക്ഷം എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഭൂരിപക്ഷമെന്നും ന്യൂന പക്ഷ mമെന്നും ജനതയെ തിരിക്കാം. നമ്മുടെ രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം ജനസംഖ്യയുടെ പകുതിയിൽ താഴെ നില്ക്കുന്ന ആറു മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷമായി അംഗീകരിച്ചിരിക്കുന്നത്. മുസ്ലീങ്ങൾ(14.2%),കൃസ്ത്യാനികൾ (2.3%) സിക്കുകാർ   (1.7%), ബുദ്ധമതക്കാർ (7%), ജൈനമതക്കാർ(4%), പാഴ്സികൾ(006%) എന്നിവരാണ് ആ ആറ് മത ന്യൂനപക്ഷ വിഭാഗങ്ങൾ.

ന്യൂനപക്ഷ വകുപ്പ് ഭരണഘടനാ സാധുത
 രാജ്യത്തെ പൗരൻമാരെ മതത്തിന്റെ യോ ജാതിയുടെയോ വർഗ്ഗത്തിന്റെയോ അടിസ്ഥാനത്തിൽ വേർത്തിരിക്കുന്നത് കർശനമായി വിലക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. മതം, വംശം, ജാതി, ലിംഗം, ജനന സ്ഥലം അല്ലെങ്കിൽ അവയിലേതെങ്കിലും കാരണങ്ങളാൽ ഒരു പൗരനോടും വിവേചനം കാണിക്കരുത് (ആർട്ടിക്കിൾ 15: 1) എന്ന അനുശാസനക്ക് പുറമെ, മതത്തെയോ ഭാഷയെയോ അടിസ്ഥാനമാക്കിയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക്  വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും അവകാശം (ആർട്ടിക്കിൾ 30) അത് നൽകുന്നുണ്ട്. ഭരണഘടനയിലെ മറ്റു ആർട്ടിക്കിളുകളിലും ന്യൂനപക്ഷക്ഷേമത്തേയും അവകാശത്തെയും കുറിച്ചുള്ള പരാമർശങ്ങൾ വേറെയുമുണ്ട്.

കേന്ദ്ര ന്യൂന പക്ഷ വകുപ്പ്
 2006 ജനുവരി 29 നാണ് ഇൻഡ്യയിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് (Ministry of Minority Affairs) രൂപീകരിക്കുന്നത്. ന്യൂനപക്ഷക്ഷേമം, സംരക്ഷണം, ശാക്തീകരണം എന്നിവ മുൻനിർത്തിയുള്ള എല്ലാ പ്രവർത്തനങ്ങളും ഈ വകുപ്പിന്റെ കീഴിലാണ് നടക്കുന്നത്. ന്യൂനപക്ഷനയം രൂപീകരിക്കുക, പദ്ധതികൾ നടപ്പിലാക്കുക, വിവിധ പദ്ധതികൾ ഏകോപിപ്പിക്കുക, പദ്ധതികൾ വിലയിരുത്തുക മുതലായവയെല്ലാം വകുപ്പിന്റെ ചുമതലകളാണ്. പ്രധാനമന്ത്രിയുടെ പുതിയ 15 ഇന പരിപാടികൾ നടപ്പിലാക്കുന്ന ചുമതലയും ഈ വകുപ്പിനാണ്. വിദ്യാഭ്യാസ മേഖലയിലും, സാമ്പത്തിക മേഖലയിലും സംരംഭകത്വ മേഖലയിലുമാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
ഇവയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്താൽ നടത്തുന്നവയം സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചു നടത്തുന്നവയുമായ പദ്ധതികൾ ഉണ്ട്

സംസ്ഥാന ന്യൂനപക്ഷ വകുപ്പ്-കേരളം
2006 ലാണ് രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക വിദ്യാഭ്യാസ  സാമ്പത്തിക പിന്നോക്കാവസ്ഥയെ സമഗ്രമായി പ്രതിപാദിക്കുന്ന സച്ചാർ കമ്മിറ്റി റിപ്പോർട്ട് അന്നത്തെ പ്രധാനമന്ത്രിക്ക് സമർപ്പിക്കപ്പെടുന്നത്. 65.1 ശതമാനം വരുന്ന ദേശീയ ശരാശരി നിരക്കിനേക്കാൾ 15 ശതമാനം പിന്നിലാണ് മുസ്‌ലിംകൾ എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. തദടിസ്ഥാനത്തിൽ, മുസ്ലിംകളുടെ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ച് എല്ലാ സംസ്ഥാനങ്ങളിലും ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടങ്ങാൻ ധാരണയായി. കേരളത്തിൽ 2007 ഒക്ടോബറിൽ, പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായി പത്തംഗ സമിതി രൂപീകരിക്കുകയും പൊതുവിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, സംവരണം, തൊഴിൽ തുടങ്ങിയ 9 ശീർഷകങ്ങളിൽ നൂറോളം ശിപാർശകൾ സമർപ്പിക്കപ്പെടുകയും ചെയ്തു. തുടർന്ന്, 2008ൽ പൊതുഭരണ വകുപ്പിനു കീഴിൽ ഒരു ന്യൂനപക്ഷ സെൽ നിലവിൽ വന്നു.

Also Read:പക്ഷമില്ലാത്തൊരാൾ എപ്പോഴും സാധ്യമാണോ?

മറ്റു മതന്യൂനപക്ഷങ്ങൾ ക്കായുള്ള കോർപ്പറേഷനുകളും വകുപ്പുകളും കേരളത്തിൽ നിലവിൽ ഉണ്ടായിരിക്കെ, മുസ്‌ലിംകളുടെ പുരോഗതി ലക്ഷീകരിച്ച് രൂപീകൃതമായ ഈ വകുപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്ന് നാമകരണമാണ് നടത്തിയത്. ആദ്യമാദ്യം വകുപ്പിനു കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന കോച്ചിംഗ് സെന്ററുകളിലും മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലും മുസ്ലിം പ്രാതിനിധ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സച്ചാർ ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുന്ന പദ്ധതികളായതിനാലും നടത്തിപ്പ് ചിലവിലേക്കുള്ള തുക 'സച്ചാർ ശിപാർശകൾ നടപ്പിലാക്കാൻ നീക്കിവെച്ച തുക' എന്ന രീതിയിൽ ഔദ്യോഗികമായി തീരുമാനമായതിനാലും പ്രാതിനിധ്യം മുസ്ലീങ്ങളുടേത് മാത്രമാകുന്നത് സ്വാഭാവികം. എന്നാൽ, പരിശീലന കേന്ദ്രങ്ങളിലും മറ്റും മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകണമെന്ന ആവശ്യം പരിഗണിച്ച് 2011 ൽ, പൊതുഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം, മുസ്ലിം വിദ്യാർത്ഥികൾക്ക് അവസരം നഷ്ടം ഉണ്ടാകാത്ത വിധത്തിൽ മറ്റു പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി 10 മുതൽ 20 വരെ ശതമാനം പ്രാതിനിധ്യം നൽകണമെന്ന നിയമം വന്നു. ഈ ഉത്തരവിന്റെ താത്പര്യം, മുസ്ലിം ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൂറുശതമാനവും മറ്റുള്ളവർക്ക് 20 ശതമാനവും എന്നായിരുന്നെങ്കിലും പിന്നീട് അത് 80:20 എന്ന അനുപാതത്തിലേക്ക് മാറി.

വകുപ്പ് വിവാദങ്ങളുടെ തുടക്കം
 പൊതുഭരണ വകുപ്പിനു കീഴിലെ ന്യൂനപക്ഷ സെൽ ഒരു സ്വതന്ത്ര സ്ഥാപനമായി പരിവർത്തിപ്പിക്കണമെന്ന ക്രൈസ്തവ സംഘടനകളുടെ ആവശ്യം ഉയർന്നു തുടങ്ങിയത് തൊട്ടാണ് വകുപ്പിലെ വിവാദങ്ങൾക്ക് തുടക്കമാവുന്നത്. ഈ ആവശ്യം തുടക്കം മുതലേ നിലനിന്നിരുന്നുവെങ്കിലും, കഴിഞ്ഞ ഏതാനും വർഷങ്ങളായി വകുപ്പിലെ ഗുണഭോക്തൃ വിഹിതങ്ങൾ അശാസ്ത്രീയമായി വിതരണം ചെയ്യപ്പെടുന്നുവെന്ന ആരോപണങ്ങൾ പരക്കെ പ്രചാരം കൊണ്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അതിന്റെ സഹായത്തോടെ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ 80 80 ശതമാനം ഗുണഭോകതൃത്വവും മുസ്ലിംകളാണ് അനുഭവിക്കുന്നതെന്ന് ക്രിസ്തീയ സംഘടനകൾ ആരോപണമുന്നയിച്ചു. കേന്ദ്ര മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും ഇതേക്കുറിച്ച പരാതികൾ അവർ ഔദ്യോഗികമായി സമർപ്പിക്കുകയും ചെയ്തു.  കഴിഞ്ഞ മന്ത്രിസഭയിൽ ഇതേ ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ ചെറിയതോതിൽ നിലനിന്നിരുന്നുവെങ്കിലും ഇത്തവണത്തെ തെരഞ്ഞെടുപ്പോട് അനുബന്ധമായി ഇതൊരു പ്രധാന വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ പ്രസ്തുത ക്രിസ്തീയ സംഘടനകൾ ഉത്സാഹിച്ചു. പുതിയ മന്ത്രിസഭാ നിർണയത്തിൽ വകുപ്പ് മന്ത്രിയായി ആദ്യം മുസ്ലിമായ വി അബ്ദുറഹ്മാനെ പരിഗണിച്ചെങ്കിലും ക്രിസ്തീയ സംഘടനകളുടെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി വകുപ്പ് തിരിച്ചെടുക്കുകയും തന്റെ വകുപ്പുകളുടെ ചേർക്കുകയും ചെയ്തു. പൂർണ്ണമായും മുസ്ലീം ന്യൂനപക്ഷ ക്ഷേമം മുൻനിർത്തിയുള്ള വകുപ്പ് ആയിരുന്നിട്ടുകൂടി ഇക്കാര്യത്തിൽ ക്രിസ്തീയ സംഘടനകളുടെ ആവശ്യം പരിഗണിച്ച തീരുമാനം തെറ്റായി പോയെന്നാണ് മുസ്ലിം രാഷ്ട്രീയ സംഘടനകൾ നിലപാടെടുത്തത്. എന്നാൽ മുഖ്യമന്ത്രിയുടെ നടപടി സ്വാഗതാർഹം എന്നാണ് പ്രധാന മുസ്ലിം മത സംഘടനകളുടെ ഇക്കാര്യത്തിലെ അഭിപ്രായം. ഏറ്റവുമൊടുവിൽ, നിലവിലെ അനുപാതം റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി കൂടി വന്നതോടെ തുടർന്നുള്ള സർക്കാർ നടപടി ക്രമങ്ങൾ എങ്ങനെയായിരിക്കും എന്നതിന് അപേക്ഷിച്ച് ആയിരിക്കും മുസ്ലിം സംഘടനകൾ പൊതു അഭിപ്രായം കൈക്കൊള്ളുക.

പ്രധാന ആരോപണവും വസ്തുതയും
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതികളിൽ 80 ശതമാനവും മുസ്ലിം വിഭാഗത്തിനാണ് ലഭിക്കുന്നതെന്നും മറ്റു ന്യൂനപക്ഷങ്ങള്‍ക്കെല്ലാംകൂടി 20 ശതമാനം മാത്രമാണ് നല്‍കുന്നതെന്നുമാണ് പ്രസ്തുത ആരോപണം.
എന്നാൽ വസ്തുത അതല്ല. കേന്ദ്ര സർക്കാറിന്റെ ഫണ്ട് വിനിയോഗിച്ച് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ ക്ഷേമപദ്ധതികളൊന്നും നടപ്പാക്കുന്നില്ല. കേന്ദ്ര സർക്കാർ നൽകിവരുന്ന പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് സ്കോളര്‍ഷിപ്പുകളുടെയും മറ്റും അനുപാത നിശ്ചയവും ഏകോപനവും നിർവഹണവുമൊക്കെ കേന്ദ്ര സർക്കാറിന്റെ നാഷനൽ സ്കോളർഷിപ് പോർട്ടൽ (എൻ.എസ്.പി) വഴി നേരിട്ടാണ് നിർവഹിച്ചുവരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter