മിഖ്ദാദുബ്നുഅംറ്(റ): രണാങ്കണത്തിലെ അശ്വഭടൻ

തിരു നബി(സ്വ)യുടെ പ്രബോധനത്തിന് ഉത്തരമേകി ഇസ്‌ലാമിന്റെ വിശാലമായ വാതായനത്തിലേക്ക് ഏഴാമനായി കടന്ന് വന്ന സ്വഹാബി വര്യനായിരുന്നു മിഖദാദ് ബിൻ അംറ്(റ). ജാഹിലിയ്യാ കാലത്ത് തന്നെ മികച്ചു നിന്ന കുതിരപ്പടയാളികളിൽ ഒരാളായിരുന്ന അദ്ദേഹം, ശേഷം ആ കഴിവ് പരിശുദ്ധ ദീനിന് വേണ്ടി സമർപ്പിക്കുകയായിരുന്നു. ഒരു മടിയും കൂടാതെ യുദ്ധ മുഖത്തേക്ക് ഓടിയെത്തിയ മിഖദാദ്(റ) ബദ്റിൽ മുസ്‍ലിംകളുടെ മൂന്ന് കുതിരപ്പടയാളികളിൽ ഒരാളായിരുന്നു.

അല്ലാഹുവിന്റെ മാർഗത്തിൽ ആദ്യമായി കുതിരയെ ഓടിച്ചയാളാണ് മിഖ്ദാദുബ്നു അംറെന്നാണ് സ്വഹാബികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ. യമനിലെ ഹളറമൗത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആദ്യകാല മുസ്‍ലിംകളില്‍ പെട്ടത് കൊണ്ട് തന്നെ, ഖുറൈശികളിൽ നിന്നും ഏറെ മർദ്ദനങ്ങൾക്ക് ഇരയാവേണ്ടി വന്നിട്ടുണ്ട്. അല്ലാഹുവിനും അവന്റെ ദൂതനും വേണ്ടി അതെല്ലം അദ്ദേഹം ക്ഷമയോടെ സഹിക്കുകയായിരുന്നു.
ജാഹിലിയ്യാ കാലത്ത് അസദുബ്നു അബ്ദുയഗൂസ് എന്ന ഒരാളുടെ ദത്തുപുത്രനായിരുന്നതുകൊണ്ട് മിഖദാദ് ബിൻ അസദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ദത്തെടുക്കൽ സമ്പ്രദായം അസാധുവാക്കിക്കൊണ്ടുള്ള ഖുർആൻ വചനം ഇറങ്ങിയപ്പോൾ പിതാവ് അംറു ബ്നു സഅ്‍ലബയുടെ പേരുതന്നെ ചേർത്ത് അദ്ദേഹത്തെ വിളിക്കാൻ തുടങ്ങി.

ബദ്ർ യുദ്ധാവസരത്തിൽ മിഖ്ദാദ്(റ) പ്രകടിപ്പിച്ച ധൈര്യം അസൂയാവഹമായിരുന്നു. ആ സ്ഥാനം തനിക്കു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒരു സ്വഹാബിയും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു: "ബദ്റിന്റെ പോർക്കളത്തിൽ മിഖ്ദാദിന്റെ ഒരു രംഗം ഞാൻ കാണുകയുണ്ടായി. ആ രംഗത്തിന്റെ ഉടമ ഞാൻ ആവണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു".

ഭീകരത മുറ്റിനിന്ന ഒരു ദിവസം. മുസ്‍ലിംകൾ നന്നേ കുറവ്, ഖുറൈശികൾ എല്ലാ സംഹാര ശക്തികളും സംഭരിച്ചാണ് നിൽപ്. ഇസ്‍ലാമിനു വേണ്ടി പ്രവാചകരും അനുയായികളും നടത്തുന്ന ആദ്യ മുഖാമുഖ പോരാട്ടം. പ്രവാചകര്‍ അനുയായികളുടെ അഭിപ്രായം ആരായാനും അവരുടെ സന്നദ്ധത പരിശോധിക്കാനും തുടങ്ങി. ആർക്കും അഭിപ്രായം നിർഭയം തുറന്നു പറയാം. യുദ്ധം വേണോ വേണ്ടേ എന്നതില്‍ പ്രതികൂലാഭിപ്രായം അന്തരീക്ഷം വഷളാക്കുമോ എന്നായിരുന്നു മിഖദാദ്(റ)വിന്റെ  സംശയം. അതിന് അവസരം കൊടുക്കാതെ തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ അദ്ദേഹം തയ്യാറായിരിക്കുകയായിരുന്നു. അപ്പോഴേക്കും, അബൂബക്ർ സ്വിദ്ദീഖ്(റ) എണീറ്റ് നിന്ന് അനുകൂല അഭിപ്രായം പ്രകടിപ്പിച്ചു. ശേഷം ഉമറുൽ ഫാറൂഖ്(റ) അതിനെ പിന്താങ്ങുകയും ചെയ്തു. ഉടനെ മിഖ്ദാദ്(റ) എണീറ്റ് നിന്ന് പറഞ്ഞു:

“അല്ലാഹുവിന്റെ റസൂലേ! അങ്ങയോട് അല്ലാഹു നിർദേശിച്ച വഴിക്ക് നീങ്ങിയാലും, ഞങ്ങൾ എപ്പോഴും അങ്ങയുടെ കൂടെയുണ്ട്. ഇസ്രാഈലികൾ മൂസാ നബിയോട് പറഞ്ഞതുപോലെ, നീയും നിന്റെ റബ്ബും പോയി യുദ്ധം ചെയ്യൂ,
ഞങ്ങൾ ഇവിടെ ഇരിക്കാം എന്ന് അല്ലാഹുവാണെ, ഞങ്ങൾ പറയുകയില്ല. താങ്കളും താങ്കളുടെ റബ്ബും യുദ്ധം ചെയ്യൂ, ഞങ്ങളും കൂടെ യുദ്ധം ചെയ്യും എന്നേ ഞങ്ങൾ പറയൂ. അങ്ങയെ സത്യവുമായി അയച്ചവൻ സാക്ഷി, ഞങ്ങളെയും കൊണ്ട് അങ്ങ് വൻ പർവതം കേറിയാലും ഞങ്ങൾ ക്ഷമാപൂർവം താങ്കളെ അനുഗമിക്കും. അല്ലാഹു വിജയം പ്രദാനം ചെയ്യുന്നതുവരെ അങ്ങയുടെ വലത്തും ഇടത്തും മുന്നിലും പിന്നിലും ഞങ്ങൾ യുദ്ധം ചെയ്യും". ഇസ്‍ലാമിനോടും പ്രവാചകരോടുമുള്ള മിഖ്ദാദ്(റ)ന്റെ സ്നേഹവും അര്‍പ്പണവും വെളിവായ ദിനമായിരുന്നു അത്. 

അത്രയും കേട്ടതോടെ നബിയുടെ മുഖം പ്രസന്നമായി. അവിടുന്ന് മിഖ്ദാദ്(റ)നെ അഭിനന്ദിക്കുകയും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തു. മുസ്‍ലിംകൾക്കാകട്ടെ ആവേശവും ആത്മധൈര്യവും കൈവന്നു. തുടർന്ന് പ്രമുഖന്മാർ ഓരോരുത്തരായി എണീറ്റ് ആവേശത്തോടെ പ്രസംഗിക്കാൻ തുടങ്ങി. അതിന് ശേഷം സഅദ് ബിൻ മുആദ്(റ)വും മറ്റു പ്രഗത്ഭരും പ്രസംഗിച്ചു. സന്തോഷഭരിതനായ നബി(സ്വ) അനുയായികളോടൊപ്പം യുദ്ധമുഖത്തേക്ക് നീങ്ങി. ആയിരത്തോളം വരുന്ന മക്കാ മുശ്‌രിക്കുകളും മുന്നൂറ്റി പതിമൂന്നു പേര് അടങ്ങുന്ന മുസ്‍ലിംകളും ഏറ്റുമുട്ടി. മൂന്നു അശ്വരൂഢന്മാർ മാത്രമേ മുസ്‍ലിം സൈന്യത്തിൽ അന്നുണ്ടായിരുന്നുള്ളൂ മിഖ്ദാദുബ്നു അംറ്, മർസദുബ്നു അബീ മർസദ്, സുബൈറുബ്നുല്‍അവാം എന്നിവരായിരുന്നു അവര്‍. കാൽനടക്കാരും ഒട്ടകസവാരിക്കാരുമായിരുന്നു മറ്റുള്ളവരെല്ലാം.

മേലുദ്ധരിച്ച മിഖ്ദാദ്(റ)ന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ധൈര്യം മാത്രമല്ല തെളിയിക്കുന്നത്, മറിച്ച് അഗാധ ചിന്തയെയും ദൂരക്കാഴ്ചയെയും കൂടി അത് സൂചിപ്പിക്കുന്നുണ്ട്. മിഖ്ദാദ്(റ)ന്റെ തത്ത്വചിന്ത തെളിയിക്കുന്ന ഒരു സംഭാഷണം കേട്ട ഒരാൾ രേഖപ്പെടുത്തുന്നു:"ഞങ്ങൾ ഒരു ദിവസം മിഖ്ദാദ്(റ)വിന്റെ കൂടെ ഇരിക്കുകയായിരുന്നു. തത്സമയം ആ വഴി വന്ന ഒരാൾ അദ്ദേഹത്തോട് പറഞ്ഞു: തിരു നബിയെ കണ്ട ഈ കണ്ണുകൾ ഭാഗ്യമുള്ളതാണ്. നിങ്ങൾ കണ്ടത് കാണാനും അനുഭവിച്ചത് അനുഭവിക്കാനും ഭാഗ്യമുണ്ടായിരുന്നുവെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിച്ചു പോകുന്നു. ഇതിന് മിഖ്ദാദ് (റ) നൽകിയ മറുപടി ഇങ്ങനെയാണ്: "അല്ലാഹു തരാത്ത ഭാഗ്യം കൈവരണമെന്ന് നിങ്ങൾ ആശിക്കുന്നതെന്തിന്? ആ ഭാഗ്യമുണ്ടായാൽത്തന്നെ എന്തു സംഭവിക്കുമെന്ന് ആർക്കറിയാം. നബിയെ ദർശിച്ചവരിൽ പലരും നരകത്തിൽ ശാശ്വത ശിക്ഷ അനുഭവിക്കുന്നവരുമുണ്ട്. അവരുടെ ഗതി വരാതെ സത്യവിശ്വാസികളായി ജീവിക്കാൻ കഴിഞ്ഞതിന് നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുകയാണ് വേണ്ടത്". നബിയുടെ കാലത്ത് ജീവിക്കാൻ ഭാഗ്യമുണ്ടായെങ്കിൽ എന്നാഗ്രഹിക്കാത്ത മുസ്‍ലിം ഉണ്ടാവില്ല. പക്ഷേ, മിഖ്ദാദ്(റ)വിന്റെ ദീർഘദൃഷ്ടിയോടെയുള്ള ഈ വാക്കുകൾ ഓരോ വിശ്വാസിയെയും ചിന്തിപ്പിക്കുന്നതാണ്.

ഇസ്‍ലാമിനോടുള്ള തന്റെ കർത്തവ്യബോധം ശത്രുക്കളോടു മാത്രമല്ല, തെറ്റു ചെയ്യുന്ന മിത്രങ്ങളോടും അദ്ദേഹം കാണിച്ചു. ഒരിക്കൽ മിഖ്ദാദ്(റ) ഒരു സൈന്യഘടകത്തിന്റെ കൂടെ പോയി. ശത്രുക്കൾ അവരെ വളഞ്ഞു വെച്ചപ്പോൾ
ആരും യാത്രാമൃഗങ്ങളെ മേയാൻ വിടരുതെന്ന് സൈന്യത്തലവൻ ആജ്ഞ പുറപ്പെടുവിച്ചു. ഇതറിയാതെ, ഒരു മുസ്‍ലിം ഭടൻ കൽപന ലംഘിച്ചതിന് സൈന്യത്തലവന്റെ അമിതമായ ശിക്ഷാനടപടികൾക്ക് ഇരയായി. അയാൾ
പൊട്ടിക്കരയുന്നത് കണ്ട മിഖ്ദാദ്(റ) സംഭവം ചോദിച്ചറിഞ്ഞു. ഉടനെ അയാളെ കൈപിടിച്ച് സൈന്യത്തലവന്റെ അടുക്കൽ കൊണ്ടുപോയി സൈന്യത്തലവനെ തെറ്റ് ബോധ്യപ്പെടുത്തി. താങ്കൾ പ്രതികാരം ചെയ്യാൻ നിന്നുകൊടുക്കണം എന്ന മിഖദാദ്(റ)വിന്റെ നിർദേശത്തിനു സൈന്യത്തലവൻ വഴങ്ങി. പക്ഷേ, ശിക്ഷക്കിരയായ വ്യക്തി മാപ്പു നൽകിയതു കൊണ്ട് അത് വേണ്ടിവന്നില്ല.

ഇസ്‍ലാം പ്രബലമായിരിക്കെ തനിക്ക് മരിക്കണം എന്നായിരുന്നു മിഖദാദ് (റ)വിന്റെ ആഗ്രഹം. അത് കൊണ്ട് തന്നെ ഇസ്‌ലാമിന്റ പ്രബലതയ്ക്കും പാരത്രിക വിജയത്തിനും വേണ്ടി നിരന്തരം പ്രയത്നിക്കുമായിരുന്നു. ഇസ്‌ലാമിന് വേണ്ടി ഇത്രയും ത്യാഗം സഹിച്ച ഇദ്ദേഹം ഹിജ്‌റ 33 ന് ഡമസ്‌ക്കസിൽ വെച്ച് മരണപ്പെടുകയുണ്ടായി. അവിടെ തന്നെയാണ് അദ്ദേഹത്തെ മറമാടിയതുമെന്നാണ് പ്രബലാഭിപ്രായം. അദ്ദേഹത്തോടൊപ്പം നമ്മെയും നാഥന്‍ അവന്റെ സ്വര്‍ഗ്ഗലോകത്ത് ഒരുമിച്ചു കൂട്ടട്ടെ-ആമീൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter