അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ് (റ)

ആനക്കലഹ സംഭവത്തിന്റെ പത്തു വര്‍ഷം മുമ്പു ജനിച്ചു. പ്രവാചകന്‍ ദാറുല്‍ അര്‍ഖമില്‍ പ്രവേശിക്കുന്നതിനു മുമ്പ് മുസ്‌ലിമായി. ഇസ്‌ലാമാശ്ലേഷിച്ച ആദ്യത്തെ എട്ടുപേരില്‍ ഒരാളാണ്. സിദ്ധീഖ് (റ) വിന്റെ കൈക്കൊണ്ട് ഇസ്‌ലാമാശ്ലേഷിച്ച അഞ്ചു പേരില്‍ ഒരാള്‍. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു പേരില്‍ ഒരാള്‍. തനിക്കു ശേഷം ഖലീഫയെ തെരഞ്ഞെടുക്കാനായി ഉമര്‍(റ) നിശ്ചയിച്ച ആറംഗ സംഖത്തിലെ അംഗം. ഇങ്ങനെ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിനെ വ്യതിരിക്തനാക്കുന്ന വിശേഷണങ്ങള്‍ അനവധിയാണ്. ഇസ്‌ലാമിക ചരിത്രത്തിലെ അറിയപ്പെട്ട ധനാഢ്യനും ധര്‍മിഷ്ടനുമായിരുന്നു അദ്ദേഹം. അബ്‌സീനിയയിലേക്കും മദീനയിലേക്കും ഹിജ്‌റ പോയി. മദീനയില്‍ പ്രവാചകന്‍ അദ്ദേഹത്തിനും സഅദ് ബിന്‍ റബീഇനുമിടയില്‍ ചെങ്ങാത്തം സ്ഥാപിച്ചു. മദീനയിലെ അന്നത്തെ ഏറ്റവും വലിയ പണക്കാരനായിരുന്നു സഅദ്.  അദ്ദേഹം തന്റെ സമ്പാദ്യത്തിന്റെ പാതി സഹോദരനായ അബ്ദുര്‍റഹ്മാന് നല്‍കി. രണ്ടു ഭാര്യമാരില്‍ ഒരാളെ  ഥലാഖ് ചൊല്ലി അദ്ദേഹത്തിനു വിവാഹം ചെയ്തുകൊടുത്തു. ഇത് അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന് വലിയ അനുഗ്രഹമായി. അദ്ദേഹവും വലിയ പണക്കാരനും ധര്‍മിഷ്ഠനുമായി. ധീരനായ യോദ്ധാവും തന്റേടമുള്ള പടനായകനുമായിരുന്നു അബ്ദുര്‍റഹ്മന്‍. പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദിന്‍റെ രണാങ്കണത്തില്‍ പടപൊരുതുകയും ഇരുപത്തിയൊന്നോളം മുറിവേല്‍ക്കുകയും ചെയ്തു. ദൗമത്തുല്‍ ജന്ദല്‍ യുദ്ധ ദിവസം. പ്രവാചകന്‍ അദ്ദേഹത്തെ തലപ്പാവണിയിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ പോയി യുദ്ധം ചെയ്യുകയും വിജയം കരസ്ഥമാക്കുകയും ചെയ്താല്‍  അവിടത്തെ നേതാവിന്റെ മകളെ വിവാഹം ചെയ്യാവുന്നതാണ്. സൈന്യം ദൗമത്തുല്‍ ജന്ദലിലെത്തുകയും അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. മൂന്നുതവണ നിരസിച്ചെങ്കിലും ഒടുവിലവര്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്കു കടന്നുവന്നു. അവരുടെ നേതാവ് അസ്ബഗ് ബിന്‍ സഅലബയും ഇസ്‌ലാം സ്വീകരിച്ചു. അതോടെ അദ്ദേഹത്തിന്റെ മകള്‍ തുമാളിറിനെ അബ്ദുര്‍റഹ്മാന്‍ വിവാഹവും കഴിച്ചു. ഇതിലദ്ദേഹത്തിന് അബൂ സലമ എന്ന കുഞ്ഞ് പിറന്നു. അനുഗ്രഹീത കച്ചവടക്കാരനായിരുന്നു അബ്ദുര്‍റഹ്മാന്‍. തന്റെ സമ്പാദ്യമഖിലവും അദ്ദേഹം ഒരുമിച്ചുകൂട്ടിയത് കച്ചവടം വഴിയായിരുന്നു. സമ്പാദ്യത്തിലെന്നപോലെ അത് സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന കാര്യത്തിലും അദ്ദേഹം ആരെക്കാളും മുന്നിട്ടുനിന്നു. ഇസ്‌ലാമിക യുദ്ധങ്ങള്‍ക്കു വേണ്ടി കണക്കില്ലാതെ ചെലവഴിച്ച അദ്ദേഹം ഒരു ദിവസം മുപ്പത് അടിമകളെ വരെ മോചിപ്പിച്ചു. ബദര്‍ യുദ്ധത്തില്‍ പങ്കെടുത്തവരില്‍ ശേഷിച്ചവര്‍ക്കു  നാന്നൂറ് ദീനാര്‍ നല്‍കി. തന്റെ മുതലിന്റെ നേര്‍പാതിയും ഇസ്‌ലാമിക മാര്‍ഗത്തില്‍ സംഭാവന ചെയ്തു. വലിയ സമ്പാദ്യത്തിനുടമയായിരുന്നതിനാല്‍തന്നെ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ കാര്യത്തില്‍ പ്രവാചകന് വലിയ പേടിയുണ്ടായിരുന്നു. ഭൗതിക താല്‍പര്യങ്ങള്‍ പിടികൂടുമോ എന്നതായിരുന്നു ഭയം. അതുകൊണ്ടുതന്നെ പ്രവാചകന്‍ അദ്ദേഹത്തെ ഇവ്വിഷയകമായി ഉപദേശിച്ചു. അദ്ദേഹമാവട്ടെ, ശക്തമായ വിശ്വാസത്തിനുടമയും ഭക്തനുമായിരുന്നു. മതത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. ഉമര്‍ (റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫിന്റെ നേതൃത്വത്തില്‍  ഒരു സംഘത്തെ ഹജ്ജിനായി പറഞ്ഞയച്ചു. ഉമര്‍ (റ) ന് ശേഷം ഖലീഫയെ തെരഞ്ഞെടുക്കുന്നതിലും വലിയ പങ്ക് വഹിച്ചു. ഹിജ്‌റ വര്‍ഷം 31 ഉസ്മാന്‍ (റ) വിന്റെ ഭരണകാലം അദ്ദേഹം മരണപ്പെട്ടു. ജന്നത്തുല്‍ ബഖീഇല്‍ ഖബറടക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter