പല്ലൂര്‍ ഖദീജാ ബീവി: ആശ്രിതര്‍ക്ക് അത്താണിയായ ജീവിതം

2001 സെപ്റ്റംബർ മാസം.
മുസ്‍ലിം ലോകത്തിന്റെ തലസ്ഥാനമായ മദീനയിലെ റൗളാശരീഫ് പ്രവാചകപ്രേമികളാല്‍ നിബിഢമാണ്. ശാന്തമായ ആ തിരക്കുകള്‍ക്കിടയിലൂടെ ഒരു വന്ദ്യവയോധിക പതുക്കെ കടന്നുവരുന്നത് പലരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. എഴുപതുകളുടെ അവശതയും ക്ഷീണവും അവരുടെ കണ്‍കളില്‍ കാണാം. എന്നാല്‍, പ്രവാചകന്റെ ചാരത്ത് ഇത്തിരിനേരം എല്ലാം മറന്ന് അലിഞ്ഞ് ചേര്‍ന്നിരിക്കണമെന്ന, കാലങ്ങളായി മനസ്സില്‍ കൊണ്ട് നടന്ന അടങ്ങാത്ത അഭിനിവേശത്തിന്റെ പ്രതിസ്ഫുരണങ്ങള്‍ ആ വൃദ്ധ പാദങ്ങള്‍ക്ക് ശക്തിയും ഊര്‍ജ്ജവും പകരുന്നുണ്ടായിരുന്നു. റൗളയിലെ സ്ത്രീകളുടെ ഭാഗത്തെ പടിവാതില്‍വരെ മകന്‍ അഹ്മദ് കോയ തങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. ശേഷം എന്ത് സംഭവിക്കുമെന്നറിയാതെ, സർവ്വശക്തനിൽ ഭരമർപ്പിച്ച്, ഉമ്മയെ തനിച്ച് യാത്രയാക്കി ആ മകന്‍ തിരിച്ചുനടന്നു.  

ഓരോ ചുവടുകള്‍ വെച്ച് മുന്നോട്ട് നീങ്ങാന്‍ അവര്‍ പ്രയാസപ്പെടുകയാണ്. പെട്ടെന്ന് എവിടെനിന്നോ രണ്ടു സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടു. ഉമ്മയും മകളുമാണെന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍ വയോധികയോട് ചോദിച്ചു. “ഖദീജ ബീവിയല്ലേ?” തല ഉയര്‍ത്തിനോക്കിയ അവര്‍ ആശ്ചര്യം നിറഞ്ഞ കണ്ണുകളോടെ അതെയെന്ന് തലയാട്ടി. ഉത്സാഹത്തോടെ അവരിരുവരും ആ വയോധികയുടെ ഇരു വശത്തും തോളോട് തോള്‍ചേര്‍ന്ന്  നിന്ന് കൂടെനടന്നു. ജനത്തിരക്കില്‍ പൂര്‍ണ്ണ സംരക്ഷണമൊരുക്കി, റൗളാശരീഫിന്റെ ഉള്‍ഭാഗത്തെത്തിച്ചു. തിക്കും തിരക്കുമേൽക്കാതെ ആശ്വാസത്തോടെ പ്രാര്‍ഥന നിര്‍വഹിക്കാവുന്ന ഒരിടത്ത്, തങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിക്കണമെന്ന് ഭവ്യതയോടെ അവരാവശ്യപ്പെട്ട്, അവര്‍ അവരെ കൊണ്ടിരുത്തി. 


ഹബീബിന്റെ ചാരത്ത് എല്ലാം മറന്നിരുന്ന അവര്‍ മതിവരുവോളം പ്രാര്‍ഥനയില്‍ മുഴുകി. അപ്പോഴേക്കും അവരിലൊരാള്‍ അപ്രത്യക്ഷയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീ എവിടെക്കാണ് പോയതെന്ന് അവര്‍ അന്വേഷിച്ചു. ജന്നതുല്‍ ബഖീഇലേക്ക് പോയതാണെന്ന് അവര്‍ മറുപടിയും പറഞ്ഞു. ദുആയും സിയാറതുമെല്ലാം കഴിഞ്ഞ ശേഷം പുറത്തേക്കുള്ള വാതിലില്‍ തിരികെ കൊണ്ടുവിട്ടു. ദീർഘമായ നേരം ഉമ്മയെ കാത്തുനിന്ന് കാണാതെ വന്നപ്പോൾ മകൻ അഹ്മദ് കോയ തങ്ങൾ പരിഭ്രമിച്ച് പ്രയാസപ്പെട്ട് തുടങ്ങിയിരുന്നു. തിരികെ ചെന്ന് മകന്റെ കൈകളില്‍ പിടിക്കുമ്പോഴും അപരിചിതരായ ആ രണ്ടു സ്ത്രീകളാരാണെന്ന് അവര്‍ക്കറിയില്ലായിരുന്നു. തന്നെ സഹായിക്കാനായി പടച്ചവന്‍ അയച്ച, പ്രവാചകര്‍ നിയോഗിച്ച സഹായഹസ്തങ്ങളായിരിക്കാം അവരെന്ന് തന്നെയാണ് അവര്‍ വിശ്വസിച്ചത്. തൃശ്ശൂർ ജില്ലയിലെ പല്ലൂര്‍ സ്വദേശിനിയായ ഖദീജാബീവിയായിരുന്നു ഈ കഥയിലെ നായിക. ഇസ്‍ലാമിക ശരീഅതിന്റെ നിയമങ്ങളെല്ലാം പാലിച്ച് ജീവിക്കുമ്പോഴും തന്റെ കുടുംബത്തിന്റെ അത്താണിയും സമൂഹത്തിന്റെ ആശ്രയവുമായി ജീവിതം കഴിച്ച ആ മഹതിയെ നമുക്ക് പരിചയപ്പെടാം.
 

1932ല്‍, പുലാമന്തോളില്‍, അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങളുടെയും ഫാത്തിമ സഹ്റ എന്ന ഇമ്പിച്ചിബീവിയുടെയും മകളായാണ് മഹതി ജനിക്കുന്നത്. തികഞ്ഞ പണ്ഡിതനും ഹാഫിളും നാട്ടുകാര്‍ക്കിടയില്‍ ഏറെ ആദരണീയനുമായിരുന്ന പല്ലൂർ കുഞ്ഞിത്തങ്ങൾ എന്നറിയപ്പെട്ടിരുന്ന സയ്യിദ് മുഹമ്മദ് അൽ ബുഖാരി (1915-1970) യുമായിട്ടായിരുന്നു അവരുടെ വിവാഹം. അരുതാത്തത് ഒരിക്കലും കണ്ണിൽ പെടരുതെന്ന് കരുതി, എപ്പോഴും ഒരു കുട ചൂടി കൊണ്ടാണ് പല്ലൂർ കുഞ്ഞി തങ്ങൾ പുറത്തിറങ്ങാറുണ്ടായിരുന്നത് എന്ന് സമകാലികര്‍ സാക്ഷ്യപ്പെടുത്തുന്നത്, അദ്ദേഹത്തിന്റെ സൂക്ഷ്മതയാണ് വിളിച്ചോതുന്നത്. ആ ദമ്പതികള്‍ക്ക് എട്ടു മക്കളാണ് ഉണ്ടായിരുന്നത്. അതിൽ നാലുപേരും ചെറുപ്രായത്തിലേ അല്ലാഹുവിന്റെ വിളി കേട്ട് മടങ്ങി. ഈ വേദനകള്‍ക്കിടയിലാണ് ഭർത്താവ് അസുഖം ബാധിച്ച് ശയ്യാവലംബിയാവുന്നത്. അഞ്ചു വർഷത്തോളം തുടര്‍ന്ന ആ കിടപ്പില്‍, അദ്ദേഹത്തെ സംരക്ഷിക്കുകയും പരാതികളേതുമില്ലാതെ പരിചരിക്കുകയും ചെയ്തത് യുവത്വം വിട്ടിട്ടില്ലാത്ത പത്നി ഖദീജാ ബീവിയായിരുന്നു. പ്രായം 38 ലെത്തുമ്പോഴേക്കും പ്രിയ ഭർത്താവും ഇഹലോകം വെടിഞ്ഞു. ഏറ്റവും ചെറിയ മകൾക്ക് മൂന്നുമാസം മാത്രമേ അപ്പോള്‍ പ്രായമുണ്ടായിരുന്നുള്ളൂ. 

പരീക്ഷണങ്ങള്‍ക്ക് മേല്‍ പരീക്ഷണം എന്നല്ലാതെ എന്ത് പറയാന്‍. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ നോക്കി എന്ത് ചെയ്യണമെന്നറിയാതെ ഏതൊരു സ്ത്രീയും പതറിപ്പോവുന്ന രംഗമായിരുന്നു അത്. എന്നാല്‍, ഏറെ തീക്ഷ്ണമായ ഈ ഘട്ടങ്ങളിലൊക്കെ മഹതി ക്ഷമയുടെ കുപ്പായമണിഞ്ഞു. അകത്തെ വിഷമമോ വേവലാതികളോ ആരെയും കാണിക്കാതെ, തന്റേടത്തോടെ അവയെ അഭിമുഖീകരിച്ചു. ഏറെ ത്യാഗങ്ങൾ ചെയ്ത് മക്കളെയെല്ലാം വളര്‍ത്തിവലുതാക്കി. അപ്പോഴും താന്‍ അഹ്‍ലുബൈതിലെ ഒരംഗമാണെന്ന ചിന്ത ഒട്ടും കൈവിടാതെ, ആ കൊച്ചുകൂരയുടെ നാൽച്ചുവരുകൾക്കുള്ളിൽ തന്നെ നിലകൊണ്ട് മക്കൾക്ക് വേണ്ട അന്നം കണ്ടെത്താനുള്ള വഴികൾ അവര്‍ കണ്ടെത്തി. താന്‍ വളര്‍ത്തിയിരുന്ന നാൽക്കാലികളില്‍നിന്ന് ലഭിക്കുന്ന പാല്‍ വിറ്റായിരുന്നു അവര്‍ അത് കണ്ടെത്തിയത്. അത് കൊണ്ട് മാത്രം തികയാതെ വന്നപ്പോള്‍, ബോംബെയിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ കൊണ്ടുവന്ന് ചെറിയ പേക്കുകളാക്കി നാട്ടുകാർക്ക് വിൽക്കാനും തുടങ്ങി. പുരുഷന്മാരെ പോലും അമ്പരപ്പിക്കുന്ന അത്തരം നീക്കങ്ങളിലൂടെ അവര്‍ കുടുംബത്തിന്റെ ഉപജീവനമാർഗം കണ്ടെത്തി. 

അതേ സമയം, കഠിനാധ്വാനത്തിലൂടെ നേടുന്ന കൊച്ചുസമ്പാദ്യത്തില്‍നിന്ന് പ്രയാസപ്പെടുന്ന ബന്ധുക്കൾക്ക് സഹായമെത്തിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. തന്റെ ബന്ധുക്കളില്‍ ചിലര്‍ പെൺമക്കളുടെ കല്യാണ ചെലവുകള്‍ക്ക് പ്രയാസപ്പെടുന്നതറിഞ്ഞ്, സ്വന്തം ഭൂമി വിറ്റുപോലും അവരെ സഹായിക്കാന്‍ തയ്യാറായി. അഥവാ, എല്ലാവരുടെയും കണ്ണീരൊപ്പുന്ന ഒരു കൈലേസായി അവർ കൂടെ നടന്നു എന്നര്‍ത്ഥം. തന്റെ മാത്രം ത്യാഗം കൊണ്ട് സമ്പാദിച്ച ഭൂമിയില്‍നിന്ന് മതസ്ഥാപനങ്ങൾക്ക് ദാനം ചെയ്യാനും അവര്‍ മറന്നില്ല. മൂന്ന് മസ്ജിദുകളുടെ നിർമ്മാണത്തിലും അവർ പ്രധാന പങ്ക് വഹിച്ചു.

ഹിജാബും ശരീഅത് പ്രകാരമുള്ള പൂര്‍ണ്ണവസ്ത്രവും ധരിച്ച്, മഹ്റം അല്ലാത്ത പുരുഷന്മാരില്‍നിന്ന് അകലം പാലിച്ച് കൊണ്ടായിരുന്നു മഹതിയുടെ ജീവിതം. എന്നാല്‍ ഇവയൊന്നും, സാമൂഹിക ദൗത്യങ്ങൾ നിറവേറ്റാന്‍ ഒരു തടസ്സമേ അല്ലെന്ന് കൂടി മഹതി തെളിയിച്ചു. തർക്കങ്ങളും പ്രശ്നങ്ങളുമുണ്ടാവുമ്പോള്‍ നാട്ടുകാരും ബന്ധുക്കളും സമീപിച്ചിരുന്നത് ഖദീജാബീവിയെയായിരുന്നു. തിരക്കുകള്‍ക്കിടയില്‍ അവരെയെല്ലാം കേള്‍ക്കുന്നതിനും അവ രമ്യമായി പരിഹരിച്ചുകൊടുക്കുന്നതിനും മഹതി സമയം കണ്ടെത്തി. അടുത്തുള്ള മസ്ജിദുകളുടെ പരിപാലനത്തിലും അവിടങ്ങളിലെ ഇമാമുമാർക്കും ഉസ്താദുമാർക്കും  ഭക്ഷണം വിളമ്പുന്നതിലും അവർ അതിയായി താൽപര്യം പ്രകടിപ്പിച്ചു. അവരുടെ സ്വഭാവ മഹിമ കണ്ട് അയൽക്കാരിൽ ചിലർ ഇസ്‍ലാം സ്വീകരിക്കുക പോലും ചെയ്തു. 

രാത്രിയുടെ മൂന്നിലൊന്ന് ഭാഗവും പ്രാർത്ഥനകൾക്കും മറ്റുമായിരുന്നു മഹതി ചെലവഴിച്ചിരുന്നത്. അത്താഴ സമയത്ത് നേരത്തെ ഉണര്‍ന്ന്, കണ്ണീര്‍കണങ്ങളുടെ അകമ്പടിയോടെ പ്രാർത്ഥനകളിൽ മുഴുകുന്നത് അവരുടെ പതിവായിരുന്നു. നേരം വെളുത്ത് തുടങ്ങിയാല്‍, തന്നെ തേടിയെത്തുന്നവരെയെല്ലാം സ്നേഹപുരസ്സരം സ്വീകരിക്കാനിരിക്കും. അവര്‍ക്കെല്ലാം ആശ്വാസം പകര്‍ന്ന്, ഉപദേശവും പ്രാർത്ഥനയും സമ്മാനിച്ച് തിരിച്ചയക്കുന്നതായിരുന്നു അവരുടെ രീതി. പകലിന്റെ നല്ലൊരു ഭാഗവും അവര്‍ ചെലവഴിച്ചത് അതിനായിരുന്നു. ലൗകിക സുഖാഢംബരങ്ങളൊന്നും മഹതിയെ മോഹിപ്പിച്ചതേ ഇല്ല. ഇഹലോകത്തിന്റെ സന്തോഷവും ദുഖവുമെല്ലാം തീര്‍ത്തും താത്കാലികമാണെന്നും ശാശ്വതമായ സുഖവും സന്തോഷവുമാണ് ജീവിത ലക്ഷ്യമെന്നും തിരിച്ചറിഞ്ഞവരായിരുന്നു അവര്‍. അത് കൊണ്ട് തന്നെ, ആ ജീവിതവും കര്‍മ്മങ്ങളുമെല്ലാം തദനുസൃതമായിരുന്നു.

എല്ലാം അല്ലാഹുവില്‍ ഭരമേല്‍പിക്കുക (തവക്കുല്‍) എന്നത് വെറും പേരിനപ്പുറം പൂർണ്ണാർത്ഥത്തിൽ ഉള്‍ക്കൊണ്ടതായിരുന്നു മഹതിയുടെ മനസ്സ്. അവരുടെ വ്യക്തിത്വത്തെ പാകപ്പെടുത്തിയത് തന്നെ ഉറച്ച തവക്കുലാണെന്ന് പറയാം. കൂടുതൽ ഉയരങ്ങൾ സ്വപ്നം കാണാൻ അത് മഹതിയെ പ്രാപ്തയാക്കി. ആചാരങ്ങളിലെയും ആത്മീയാനുഷ്ഠാനങ്ങളിലെയും ക്രമവും സ്ഥിരതയും (ഇസ്തിഖാമ) ആയിരുന്നു മഹതിയുടെ വിജയത്തിൻറെ താക്കോൽ. മുടങ്ങാതെ കൊണ്ട് നടക്കുന്ന ദിക്റുകള്‍ (വിർദ്) ആയിരുന്നു മഹതിയുടെ ഏറ്റവും വലിയ കൂട്ട്. ഒരു വിശ്വാസി എപ്പോഴും കൂടെകൊണ്ട് നടക്കേണ്ട, അല്ലാഹുവിനോടുള്ള ഭയവും അവന്റെ അനുഗ്രഹങ്ങളിലുള്ള പ്രതീക്ഷയും (ഖൗഫും റജാഉം) ഏത് സമയത്തും കൂടെപ്പിറപ്പുകളെപ്പോലെ മഹതിയോടൊപ്പമുണ്ടായിരുന്നു.

പരാതികളേതുമില്ലാത്ത ജീവിതമായിരുന്നു അവരുടേത്. ഉള്ളത് കൊണ്ട് തൃപ്തിയടഞ്ഞ്, അവക്ക് നന്ദി പറഞ്ഞ്, സന്തോഷ നിര്‍ഭരമായ ജീവിതം. അറിവിനോട് അടങ്ങാത്ത അഭിനിവേശമായിരുന്നു മഹതിക്ക്. ഔപചാരിക വിദ്യാഭ്യാസം എന്നു പറയാൻ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. സാത്വികരും ജ്ഞാനികളുമായിരുന്ന പിതാവിൽ നിന്നും ഭർത്താവിൽ നിന്നുമാണ് അവര്‍ ശേഷം വേണ്ട അറിവുകളെല്ലാം നുകർന്നത്. പിതാവില്‍നിന്നും ശേഷം ഭർത്താവില്‍നിന്നും ലഭിച്ച ആത്മീയശിക്ഷണം മഹതിയിൽ ആഴത്തിൽ വേരൂന്നിയിരുന്നു. 

അനിതരസാധാരണമായ പല ആത്മീയ അനുഭവങ്ങളും മഹതിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഒരിക്കൽ, സ്വപ്നത്തിലെത്തിയ പ്രവാചകര്‍(സ്വ), ടെലിവിഷൻ കാണരുതെന്ന ഉപദേശമാണ് അവര്‍ക്ക് നല്കിയത്. ശേഷം, മതപ്രഭാഷണങ്ങളാണെങ്കിൽ പോലും, ടി.വിയിലെ ദൃശ്യങ്ങൾ അവര്‍ കണ്ടതേയില്ല. ശാരീരികമായി തീർത്തും അവശയായ കാലങ്ങളിൽ പോലും ഹജ്ജിനും ഉംറയ്ക്കും വേണ്ടി മക്കയിലേക്കും മദീനയിലേക്കും പലതവണ യാത്ര ചെയ്യാന്‍ മഹതിക്ക് ഭാഗ്യം ലഭിച്ചു. 

മകളുടെ വീട്ടിൽ വിരുന്നെത്തിയ ഒരു വെള്ളിയാഴ്ച. മാളികവീടിന്റെ കോണിപ്പടി കയറി അവര്‍ മുകള്‍നിലയിലെത്തി. തസ്ബീഹ് മാലയുടെ മിനുസമേറിയ മുത്തുമണികളില്‍ പിടിച്ച വിരലുകള്‍ അധരങ്ങളിലെ ദിക്റുകള്‍ക്കൊപ്പം ചലിക്കുന്നുണ്ടായിരുന്നു. അത്രയും പ്രയാസപ്പെട്ട് അവര്‍ മുകള്‍നിലയിലേക്ക് കയറി വന്നത്, പള്ളിയില്‍ നടക്കുന്ന, തന്റെ പേരമകന്റെ വഅളിന്റെ ശബ്ദം കേള്‍ക്കാനായിരുന്നു. ശബ്ദം മുറിഞ്ഞ് മുറിഞ്ഞ് വരുന്നതിനാല്‍ പറയുന്നതെന്താണെന്ന് വ്യക്തമായിരുന്നില്ലെങ്കില്‍ പോലും, അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശവും തന്റെ പിന്മുറക്കാര്‍ മതവിജ്ഞാനരംഗത്ത് സജീവമാവുന്നതിലെ സന്തോഷവുമായിരുന്നു മഹതിയെ ത്രസിപ്പിച്ചത്. ജനലരികില്‍ ആ ശബ്ദവീചികള്‍ക്കായി ചെവി കൂര്‍പ്പിച്ച് കാതോര്‍ത്തിരിക്കുമ്പോള്‍, ആ മുഖം പതിനാലാം രാവിലെ ചന്ദ്രനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ജീവിതം അസ്തമയത്തോടടുത്ത നേരങ്ങളില്‍പോലും, തന്നെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളോട് പുസ്തകങ്ങള്‍ വായിപ്പിച്ചു കേള്‍ക്കുന്ന പതിവുണ്ടായിരുന്നു അവര്‍ക്ക്, വിശേഷിച്ചും, മരണാനന്തര വിഷയങ്ങൾ വിശദീകരിക്കുന്ന പുസ്തകങ്ങള്‍. അറിവിനോടുള്ള അടങ്ങാത്ത തൃഷ്ണ തന്നെയായിരുന്നു കാരണം.
 
ഭൗതിക ലോകത്തിന്റെ മായകള്‍ക്ക് പിടികൊടുക്കാതെ ആത്മനിയന്ത്രണത്തോടെ അവര്‍ നിലകൊണ്ടു. മരണവും അതിനുശേഷം പടച്ചവനിലേക്കുള്ള മടക്കവും അവരുടെ ഓര്‍മകളില്‍ നിറഞ്ഞുനിന്നു. ആരവങ്ങള്‍ക്കിടയില്‍ മൃദുലമായി മാത്രം സംസാരിച്ചു. സൗമ്യമായ പെരുമാറ്റംകൊണ്ട് അത്ഭുതപ്പെടുത്തി. മനുഷ്യനെയും മൃഗങ്ങളെയുമെല്ലാം ഭൂമിയുടെ അവകാശികളായി കണ്ടു. ആരെയും വേദനിപ്പിക്കാതെ സ്‌നേഹത്തിന്റെ മാലാഖയായി ജീവിച്ചു. പൈതൃകത്തെ പ്രോജ്വലിപ്പിച്ച് ഉപാധികളില്ലാതെ അവര്‍ സ്നേഹിച്ചു. പൊയ്മുഖങ്ങളില്ലാത്ത വളരെ സുതാര്യമായ ജീവിതമായിരുന്നു അത്.

സ്വൂഫി എന്നത് നാം പലപ്പോഴും കേള്‍ക്കാറുള്ള പദമാണ്. നമ്മൾ പുസ്തകങ്ങളിൽ വായിക്കുന്ന ഗഹനമായ സിദ്ധാന്തങ്ങളും സൂത്രവാക്യങ്ങളും അവർ മനോഹരമായ ഛായാചിത്രങ്ങളാക്കി മാറ്റുന്നു. അവരെ പഠിക്കുകയും അവരുടെ ചുവടുകൾ പിൻപറ്റുകയും ചെയ്യുന്ന പ്രക്രിയ അങ്ങനെ കുറെക്കൂടി എളുപ്പമായി മാറുന്നു. ഒരു മുസ്‍ലിം സൂഫിയുടെ ജീവിതം ഒരു കലാപരമായ ചിത്രമാണ്. ഇസ്‍ലാമിന്റെ സഹജമായ ആന്തരിക സൗന്ദര്യം അതിൽ ഉൾക്കൊള്ളുന്നു. ഒരൊറ്റ തുള്ളി മാത്രമാണതെങ്കിലും ഉള്ളിൽ ഒരു കടൽ തന്നെ വഹിച്ചു നിൽക്കുന്നതിനാൽ നന്നേ ആഴമുണ്ടതിന്. മുത്ത് നബി അരുളിയതുപോലെ അത്തരം മനുഷ്യർ അപൂർവയിനവുമാണ്: "തീർച്ചയായും, ആളുകൾ ഒട്ടകങ്ങളെപ്പോലെത്തന്നെ. നൂറെണ്ണത്തിൽ നിന്ന് ഓടിക്കാൻ പാകമായ ഒരെണ്ണത്തെ കഷ്ടിച്ച് കണ്ടെത്തുക തന്നെ പ്രയാസമാണ്. (സ.ബുഖാരി 6133). ഏറെ ആദരവോടെയാണ് നാം അവരെ കാണാറും അനുഭവിക്കാറുമുള്ളത്. വളരെ അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന അത്തരം നിസ്വാര്‍ത്ഥജീവിതങ്ങള്‍ക്കിടയില്‍ സ്ത്രീകളുടെ നാമങ്ങള്‍ അത്യപൂര്‍വ്വമാണെന്ന് തന്നെ പറയാം. ആ ഗണത്തിലേക്ക് എഴുതിച്ചേര്‍ക്കേണ്ട നാമമാണ് ഈ കഥാനായികയുടേത്, തീര്‍ച്ച.  

സത്യവിശ്വാസികൾക്ക് ഉപമയായും ഉദാത്ത മാതൃകയായും പരിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത് 2 മഹിളകളെയാണ് എന്ന് ഈ സമയത്ത് ഓർത്തുപോകുന്നു. സൂറത്തു തഹ്‍രീമിലെ 11, 12 സൂക്തങ്ങളിൽ ആസിയ ബീവിയെയും മറിയം ബീവിയെയും സത്യവിശ്വാസികളുടെ റോൾ മോഡലുകൾ ആയി സർവ്വശക്തനായ അല്ലാഹു പരിചയപ്പെടുത്തുന്നത് നമുക്ക് കാണാം. പല്ലൂര്‍ ഖദീജാബീവിയുടെ ജീവിതവും ദിനചര്യയും നേരില്‍ കാണുമ്പോള്‍, ആ മാതൃകാവനിതകളെയാണ് ഓര്‍മ്മ വരിക.

സന്തുലിതവും സൗഹാർദ്ദപരവും ദയാപൂർവ്വവുമായ ധന്യ ജീവിതമാണ് അവർ നമുക്കു മുന്നിൽ കാഴ്ചവെച്ച് കടന്നുപോയത്. സ്വയം പ്രകാശിക്കുകയും ചുറ്റുപാടുകളിൽ സാത്വിക ബോധത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത, വിശുദ്ധി ജീവിത പ്രതീകമാക്കിയ മഹതിയായിരുന്നു അവര്‍. എത്രയോ പേർക്ക് സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും തുരുത്തായി, ജീവിതപ്രാരാബ്ധങ്ങളുടെ ഇരുണ്ട ഇടനാഴികളിൽ തിളങ്ങുന്ന ഒരു ചന്ദ്രക്കലയായി അവര്‍ ജീവിതം ധന്യമാക്കി. സംഭവ ബഹുലമായ 81 വര്‍ഷത്തെ ജീവിതത്തിന് വിരാമമിട്ട്, 2013, ഏപ്രിൽ ആറിന്, ആ മഹതി ഇഹലോകവാസം വെടിഞ്ഞു. 
 
റബ്ബ് മഹതിയുടെ ആത്മാവിനെ വിശുദ്ധരില്‍ സ്വീകരിക്കട്ടെ-ആമീൻ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter