മുഹമ്മദ് മര്‍മഡ്യൂക് പിക്താള്‍: ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ അഗ്രേസരന്‍
20-ആം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള മുസ്‍ലിം ബുദ്ധിജീവികളിലൊരാളാണ് ബ്രിട്ടീഷ് സ്വദേശിയായ മുഹമ്മദ് മര്‍മഡ്യൂക് പിക്താള്‍ (1875–1936). കൊളോണിയല്‍ പശ്ചാത്തലത്തിലുള്ള സാഹിത്യസൃഷ്ടികളിലൂടെയും ഖുര്‍ആന്‍ വിവര്‍ത്തനത്തിലൂടെയും ഇസ്‍ലാമിക പാരമ്പര്യത്തിലേക്കുള്ള ആധികാരിക പ്രവേശനത്തിലൂടെയും അദ്ദേഹം ആധുനിക മുസ്‍ലിം ചിന്താവീക്ഷണത്തില്‍ അതുല്യമായ സ്ഥാനം നേടിയെടുക്കുകയുണ്ടായി.
ഇസ്‌ലാമിലേക്കുള്ള കടന്നുവരവ്
പിക്‍താള്‍ ഇസ്‍ലാമിലെത്തിയത് പുരോഗമന ചിന്തകളിലൂടെയും ആത്മീയ അന്വേഷണങ്ങളിലൂടെയുമാണ്. യഹൂദ-ക്രിസ്ത്യന്‍ കാവ്യഗീതങ്ങളില്‍ കണ്ട മുസ്‍ലിം വിരുദ്ധ നിരീക്ഷണങ്ങളാണ് അദ്ദേഹത്തെ ക്രിസ്ത്യാനിത്വത്തില്‍ നിന്ന് പിന്മാറ്റാന്‍ പ്രേരിപ്പിച്ചത്. പാശ്ചാത്യ സംസ്കാരത്തിലെ സാമ്പത്തികത മുഖാന്തരം മനുഷ്യന്‍ ആത്മീയതയോട് ഒഴിഞ്ഞുപോകുന്നുവെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന് ഇസ്‌ലാമിലേക്കുള്ള വഴി തുറന്നത്.
സാഹിത്യജീവിതം
മദ്ധ്യപൂര്‍വ്വ ദേശങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച കഥകള്‍ മുഖേന അദ്ദേഹം ബ്രിട്ടീഷ് അധിനിവേശ കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുകയാണ് ചെയ്തത്. പാശ്ചാത്യരെ "മൃഗങ്ങളെപ്പോലെയുള്ളവർ" എന്ന നിലയിലും, മുസ്‍ലിം സമൂഹത്തെ ആത്മീയതയും നീതിബോധവും നിറഞ്ഞവരെന്ന നിലയിലും അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ രചനാശൈലി രൂപം കൊണ്ടത്. ഈ സമീപനം ഇസ്‍ലാമിക സമൂഹത്തിന്റെ സാംസ്‌കാരിക പുനരാവിഷ്‌ക്കാരണത്തെ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ എഴുത്തിലേക്കാണ് പിക്‍താളിനെ നയിച്ചത്.
ഖിലാഫത്ത് പ്രസ്ഥാനം
ഇന്ത്യയിലേക്കുള്ള യാത്രയും ഖിലാഫത്ത്, നിസഹകരണ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തവും അദ്ദേഹത്തെ ആധുനികതയെ ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ പുനര്‍വായിക്കാനുള്ള പ്രേരണയിലേക്കാണ് നയിച്ചത്. മൗലാന മുഹമ്മദ് അലി, ഗാന്ധിജി തുടങ്ങിയവരുമായി ഉള്ള അടുത്ത ബന്ധം അദ്ദേഹത്തെ 'ഇസ്‌ലാമിക പുനരുജ്ജീവനത്തിന്‍റെ രാഷ്ട്രീയ പരിപ്രേക്ഷ്യ'ത്തിലേക്ക് നയിച്ചു.
ഹൈദരാബാദില്‍ അദ്ദേഹം സ്ഥാപിച്ച Islamic Culture എന്ന ശാസ്ത്രീയ മാസിക മുസ്‍ലിം ലോകം മുഴുവൻ ഇസ്‌ലാമിക ആലോചനാപരമായ പ്രചോദനത്തിന്റെ കേന്ദ്രമായി മാറി. Islam and Modernism എന്ന ലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: "ഇസ്‌ലാമിന് ആവശ്യമായത് ഒരു ആത്മീയ ഉണർവാണ്. വിശ്വാസത്തിലോ ഇബാദത്തിലോ ഒരു മാറ്റമല്ല, മറിച്ച് വിദ്യാഭ്യാസം, സാമൂഹ്യ-രാഷ്ട്രീയ പുനസംഘടന എന്നിവയാണ് ആവശ്യം."
ഖുര്‍ആന്‍ വിവര്‍ത്തനത്തിലേക്ക്
1928-ലാണ്, ഖുര്‍ആന്‍ വിവര്‍ത്തനത്തിലേക്ക് പിക്‍താള്‍ അതീവ മനസ്സോടും ത്യാഗചോദനയോടെയും പ്രവേശിക്കുന്നത്. രണ്ടു വര്‍ഷത്തെ വിശ്രമാവധി എടുത്ത് അദ്ദേഹം തന്‍റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ദൗത്യത്തിലേക്ക് പ്രവേശിച്ചു. “The Qur’an cannot be translated” എന്ന നിലപാടില്‍ ഉറച്ചിരുന്നതിനാല്‍, അദ്ദേഹം The Meaning of the Glorious Qur’an എന്ന പേരിലാണ് 1930-ല്‍ തന്റെ കൃതി പ്രസിദ്ധീകരിച്ചത്. വിവര്‍ത്തനം അല്ല, തത്ത്വാര്‍ത്ഥ വ്യാഖ്യാനമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അറബി വായനശൈലിയെ ആഴത്തിൽ ആസ്വദിച്ചിരുന്ന പിക്‍താള്‍, ഖുര്‍ആന്‍ "ലോകത്തിലെ അത്ഭുതങ്ങള്‍ക്കിടയിലെ അത്ഭുതം" എന്നാണ് വിശേഷിപ്പിച്ചത്. ഇംഗ്ലീഷില്‍ ചെറിയ ഭാഗങ്ങള്‍ പോലും ഓര്‍ക്കാനാകാതെ പോകുന്നുവെങ്കിലും, അറബിയില്‍ പേജ് തോറും മനഃപാഠമാക്കാന്‍ കഴിയുന്ന അനുഭവം അദ്ദേഹം പങ്കുവെച്ചിരുന്നു.
അല്‍-അസ്‌ഹറിലേയ്ക്കുള്ള യാത്ര
വ്യാഖ്യാനത്തിന് ഇസ്‌ലാമികലോകത്തിന്റെ അംഗീകാരം നേടേണ്ടതാണെന്ന നിലപാടോടെയാണ് അദ്ദേഹം ഈജിപ്തിലേയ്ക്കുള്ള യാത്ര നടത്തിയത്. കൈറോവിലെ പ്രശസ്ത പണ്ഡിതനായ റശീദ് റിദയുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. അല്‍അസ്‌ഹറിലെ ചില പണ്ഡിതര്‍, ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്യുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചുവെങ്കിലും, പിക്‍താള്‍ സത്യാന്വേഷണത്തിനുള്ള തീവ്രതയോടെ മുന്നോട്ട് പോയി. യൂറോപ്യന്‍ ഖുര്‍ആന്‍ വിമര്‍ശനങ്ങളെകുറിച്ച് പരിചിതനായിരുന്ന അദ്ദേഹം അവയില്‍ നിന്നും മൂല്യാധിഷ്ഠിതമായി തന്നെ ആശയങ്ങള്‍ തെരഞ്ഞെടുത്തു.
ഖുര്‍ആന്‍ വിവര്‍ത്തനം: പ്രചരണവും സ്വാധീനവും
1939-ല്‍, Allen & Unwin പ്രസാധകര്‍ ലണ്ടനില്‍ പിക്‍താളിന്റെ ഖുര്‍ആന്‍ വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. ഹൈദരാബാദില്‍ നിന്ന് രണ്ട് വാല്യങ്ങളായി പുറത്തിറങ്ങിയ സംയുക്ത അറബി-ഇംഗ്ലീഷ് പതിപ്പ് പിന്നീട് വിവിധ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തപ്പെട്ടു. 1953-ല്‍ ന്യൂയോര്‍ക്കില്‍ paperback പതിപ്പ്, 1960-ല്‍ ദില്ലിയില്‍ ത്രിഭാഷാപതിപ്പ്, പോര്‍ച്ചുഗീസ്, ടഗാലോഗ് തുടങ്ങിയ പതിപ്പുകള്‍ വൈകാതെ ലഭ്യമായി. ഇന്നും അബ്ദുള്ള യൂസഫ് അലിയുടേയും പിക്‍താളിന്റെയും വിവര്‍ത്തനങ്ങളാണ് ലോകം മുഴുവൻ ഏറ്റവും വ്യാപകമായി വായിക്കപ്പെടുന്നവ.
ഉപസംഹാരം
ആര്‍ക്കും അനുകരിക്കാൻ കഴിയാത്ത ആത്മസമർപ്പണവും സാഹിത്യോപജീവിതവും സമന്വയിപ്പിച്ച പിക്‍താളിന്റെ ഖുര്‍ആന്‍ വിവര്‍ത്തനം മുസ്‍ലിം ബുദ്ധിജീവിതത്തിലെ ഒരു ദീപ്തമാനമാണ്. ഖുര്‍ആന്‍ വിവര്‍ത്തനമെന്നത് ഒരു ഭാഷാ-വിദ്യ അല്ല, മറിച്ച് ഒരു ആത്മീയദൗത്യമാണ് എന്നതിന്റെ കൃത്യമായ തെളിവാണ് പിക്‍താള്‍ നല്‍കിയ സമ്പൂര്‍ണ ജീവിതം. ആംഗലേയ മുസ്‍ലിം പാരമ്പര്യത്തില്‍ ഖുര്‍ആന്‍ വിവര്‍ത്തനത്തിന്റെ വക്താവും പ്രയോക്താവുമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു.



Leave A Comment