അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 60-65) മുനാഫിഖുകളും താഗൂത്തും

ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ അല്ലാഹുവിങ്കലേക്കും റസൂലിങ്കലേക്കും മടക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടതെന്നാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത്.

 

ഈ വിഷയത്തില്‍ കപടവിശ്വാസികളുടെ നിലപാടെന്താണെന്നാണിനി പറയുന്നത്. പുറമെ ഇസ്‌ലാമികാചാരങ്ങള്‍ സ്വീകരിക്കുകയും ഉള്ളില്‍ സത്യനിഷേധം കൊണ്ടുനടക്കുകയും ചെയ്യുന്നവരാണല്ലോ അവര്‍.

 

മദീനയിലുണ്ടായിരുന്ന കപടവിശ്വാസികള്‍,  ആരെങ്കിലുമായി വല്ല വഴക്കുമുണ്ടായാല്‍ വിധികര്‍തൃത്വത്തിന് റസൂല്‍ صلى الله عليه وسلم യെ വിട്ട് ഇസ്‌ലാമിന്‍റെ ശത്രുക്കളായ മറ്റു ചിലരെ ആശ്രയിക്കുമായിരുന്നു. കൈക്കൂലിയോ മറ്റു അവിഹിതമാര്‍ഗങ്ങളോ വഴി അത്തരക്കാരില്‍ നിന്ന് അനുകൂല വിധി ലഭിക്കുകയും ചെയ്തിരുന്നു. തിരുനബി صلى الله عليه وسلم യാകട്ടെ, ശത്രുക്കള്‍ക്കുപോലും കര്‍ക്കശ നീതിയോടെയായിരുന്നല്ലോ വിധികല്‍പിച്ചിരുന്നത്.

 

ഇങ്ങനെ അവര്‍ സമീപിച്ചിരിന്ന ആളുകളെയാണ് ഥാഗൂത്ത്, പിശാച് (ദുര്‍മൂര്‍ത്തി) എന്നെല്ലാം ഇനിയുള്ള ആയത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

 

أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا (60)

താങ്കളിലേക്കും ഇതിനുമുമ്പും അവതീര്‍ണമായ വേദങ്ങളില്‍ തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് തട്ടിവിടുന്ന ചിലരെ താങ്കള്‍ കണ്ടില്ലേ? വിധിതേടി ദുര്‍മൂര്‍ത്തികളിലേക്കു പോകാനാണവര്‍ വിചാരിക്കുന്നത്. അവരോടനുശാസിക്കപ്പെട്ടിരുന്നതാകട്ടെ അത് അവിശ്വസിക്കാനാണ്! നേര്‍മാര്‍ഗത്തില്‍ നിന്ന് അവരെ ബഹുദൂരം വഴിതെറ്റിക്കാനാണ് പിശാച് ഉദ്ദേശിക്കുന്നത്.

 

അല്ലാഹുവിന്‍റെ വിധിനിയമങ്ങള്‍ ധിക്കരിക്കുന്ന എല്ലാ ദുശ്ശക്തികള്‍ക്കും ഥാഗൂത് എന്ന് പറയാം.

 

ഇബ്നു അബ്ബാസ്  رضي الله عنهماപറയുന്നു: ബിശ്ര്‍ എന്ന് പേരുള്ളൊരു മുനാഫിഖും ഒരു ജൂതനും തമ്മില്‍ തര്‍ക്കമുണ്ടായി. തിരുനബി صلى الله عليه وسلمയുടെ അടുത്തേക്ക് പോകാമെന്ന് ജൂതന്‍. വേണ്ട, കഅ്ബു ബ്നുല്‍ അഷ്റഫിന്‍റെയടുത്തേക്ക് പോകാമെന്ന് മുനാഫിഖും (ഇയാളെയാണ് ഇവിടെ താഗൂത്ത് എന്ന് വിശേഷിപ്പിച്ചത്).

 

പക്ഷേ, യഹൂദി  സമ്മതിച്ചില്ല. അവസാനം തിരുനബി صلى  الله عليه وسلمയുടെ അടുത്തുതന്നെ കേസ് എത്തി. അവിടന്ന് യഹൂദിക്കനുകൂലമായി വിധി പറയുകയും ചെയ്തു.

 

തിരുസവിധത്തില്‍ നിന്നു പോന്ന ശേഷം മുനാഫിഖ് പറഞ്ഞു: എനിക്ക് തൃപ്തിയായില്ല. നമുക്ക് അബൂബക്റി رضي الله عنه ന്‍റെയടുത്തേക്ക് പോകാം. അങ്ങനെ അവിടെച്ചെന്നു. മഹാനവര്‍കളും യഹൂദിക്ക് അനുകൂലമായിത്തന്നെ വിധിച്ചു.  

 

മുനാഫിഖിന് തൃപ്തിയായില്ല. ഉമര്‍ رضي الله عنه  വിന്‍റെ അടുത്തേക്ക് പോകണമെന്നായി അവന്‍. അവിടെയെത്തി യഹൂദി കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു: ഞങ്ങള്‍ തിരുനബി صلى الله عليه وسلمയുടെയും അബൂബക്റി رضي الله عنه ന്‍റെയും അടുത്തുപോയി വരികയാണ്. രണ്ടുപേരുടെയും വിധി ഇയാള്‍ സ്വീകരിച്ചില്ല. അങ്ങനെയാണ് അങ്ങയുടെ അടുത്തേക്ക് വന്നത്.

 

ശരിയാണോ എന്ന് ചോദിച്ചു ഉമര്‍ رضي الله عنه. അതെ എന്ന് മുനാഫിഖ്. ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ഉമര്‍ رضي الله عنه  അകത്തേക്കുപോയി. തിരിച്ചുവന്നത് വാളുമായി. മുനാഫിഖിന്‍റെ തല വെട്ടി. എന്നിട്ട് പറഞ്ഞു: അല്ലാഹുവിന്‍റെയും റസൂലി  صلى الله عليه وسلمന്‍റെയും വിധി തൃപ്തിപ്പെടാത്തവര്‍ക്ക് ഞാനിങ്ങനെയാണ് വിധിക്കുക. യഹൂദി വേഗം സ്ഥലംവിട്ടു.

 

തത്സമയമാണ് ഈ ആയത്ത് അവതരിച്ചത്. നീ ഫാറൂഖാണെന്ന് തിരുനബി صلى الله عليه وسلم ഉമര്‍ رضي الله عنه വിനോട് പറഞ്ഞു. ജിബ്രീലും عليه السلام  അതംഗീകരിച്ചു പറഞ്ഞുവത്രേ: ഉമര്‍ رضي الله عنه സത്യവും അസത്യവും വേര്‍തിരിക്കുന്ന ആളാണ്. (ഉമറുല്‍ ഫാറൂഖ് എന്ന് പേരു വന്നത് അങ്ങനെയാണ്).

 

അടുത്ത ആയത്ത് 61

وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنْكَ صُدُودًا (61)

 

അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനിലേക്കും റസൂലിലേക്കും വരൂ എന്ന് ആഹ്വാനം ചെയ്യപ്പെട്ടാല്‍, ആ കപടന്മാര്‍ അങ്ങയെ വിട്ട് നിശ്ശേഷം പിന്തിരിഞ്ഞു പോകുന്നതായി കാണാം.

 

ഇന്ന് നമ്മളടക്കം പലരും ഇടക്കിടെ ഈ സ്വഭാവം കാണിക്കാറുണ്ട്. എന്തെങ്കിലും പ്രശ്‌നമോ വഴക്കോ ഉണ്ടാകുമ്പോള്‍, അനുകൂലമായ വിധി എവിടെ നിന്നാണ് കിട്ടുകയെന്നാണ് നോക്കുക. സത്യവും ന്യായവും ഏതു ഭാഗത്താണെന്നോ, അല്ലാഹുവും റസൂലും കല്‍പിക്കുന്ന വിധിയെന്താണെന്നോ ചിന്തിക്കാറേയില്ല. 

 

അതായത്, അല്ലാഹുവും റസൂലും പറഞ്ഞത് കേള്‍ക്കാനോ അതിനനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കാനോ ഒരു മടി. മുനാഫിഖീങ്ങളുടെ സ്വഭാവമാണിതെന്നാണ് അല്ലാഹു പറയുന്നത്.

അടുത്ത ആയത്ത് 62

കപട വിശ്വാസികളുടെ അവസരവാദപരമായ സമീപനങ്ങളും അഭിനയ പാടവവും സൂചിപ്പിക്കുകയാണിനി. എങ്ങനെയൊക്കെ വേഷമിട്ടാലും അല്ലാഹു അവരുടെ അന്തരംഗം നന്നായറിയുകയും തക്കശിക്ഷ നല്‍കുകയും ചെയ്യും.

 

അവര്‍ക്കെന്തെങ്കിലും വിപത്ത് നേരിട്ടാല്‍ അവര്‍ തിരുനബി (صلى الله عليه وسلم) യെത്തന്നെ സമീപിക്കും. എന്നിട്ടിങ്ങനെ തട്ടിവിടും: 'ഞങ്ങള്‍ മുമ്പ് അങ്ങയുടെ അടുത്തേക്ക് വരാതെ മറ്റൊരാളുടെ അടുത്തേക്ക് പോയത് ഇസ്‌ലാമിലോ അങ്ങയിലോ വിശ്വാസമില്ലാഞ്ഞിട്ടല്ല; എല്ലാവരുമായി യോജിച്ചുകഴിയുക എന്ന നല്ല കാര്യം ഉദ്ദേശിച്ചുകൊണ്ട് മാത്രമാണ്'. ഈ കാപട്യം തുറന്നുകാട്ടുകയാണ് അല്ലാഹു.

 

അവരുടെ മനസ്സിലെ കാപട്യം അല്ലാഹുവിന്നറിയാം. അവരെ അവഗണിച്ചേക്കുക. ഒട്ടും അനുഭാവം കാണിക്കേണ്ടതില്ല. അവരെ ശക്തമായ താക്കീത് ചെയ്യണമെന്നും തിരുനബി (صلى الله عليه وسلم) യോട് പറയുന്നുണ്ട്.

 

فَكَيْفَ إِذَا أَصَابَتْهُمْ مُصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ ثُمَّ جَاءُوكَ يَحْلِفُونَ بِاللَّهِ إِنْ أَرَدْنَا إِلَّا إِحْسَانًا وَتَوْفِيقًا (62)

എന്നാല്‍ സ്വയംകൃത പ്രവൃത്തിമൂലം അവര്‍ക്കെന്തെങ്കിലും വിപത്തേല്‍ക്കുകയും എന്നിട്ട് അങ്ങയുടെയടുത്തുവന്ന് നന്മയും രഞ്ജിപ്പും മാത്രമേ ഞങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് അല്ലാഹുവിന്‍റെ പേരില്‍ ആണയിടുകയും ചെയ്യുമ്പോള്‍ അവരുടെ സ്ഥിതി എന്തായിരിക്കും?

أُولَٰئِكَ الَّذِينَ يَعْلَمُ اللَّهُ مَا فِي قُلُوبِهِمْ فَأَعْرِضْ عَنْهُمْ وَعِظْهُمْ وَقُلْ لَهُمْ فِي أَنْفُسِهِمْ قَوْلًا بَلِيغًا (63)

അവരുടെ ഉള്ളിലിരിപ്പ് അല്ലാഹു അറിയും. അതുകൊണ്ട് താങ്കള്‍ അവരെ അവഗണിക്കുകയും അവരോട് ഉപദേശിക്കുകയും ഹൃദയത്തില്‍ തറക്കുന്ന വാക്ക് പറയുകയും ചെയ്യുക.

 

ഉള്ളിലൊന്നും പുറത്ത് മറ്റൊന്നുമായി നടന്ന്, സൗകര്യം കിട്ടുമ്പോള്‍ മറുപക്ഷത്തുള്ളവര്‍ക്ക് അനുകൂലമായി സംസാരിക്കുന്ന പലരും ഇന്നുമുണ്ട്. 'എല്ലാവരുമായി യോജിച്ചുകഴിയുകയാണല്ലോ വേണ്ടത്' എന്നൊക്കെ പറഞ്ഞ് സാധാരണക്കാരെ ഇവര്‍ പാട്ടിലാക്കുകയും ചെയ്യും.

 

മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്ന എതിരാളികള്‍ക്ക് വളം വെച്ചുകൊടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.

 

എല്ലാവരോടും എല്ലാ കാര്യങ്ങളിലും ജോയിപ്പല്ലേ വേണ്ടത് എന്നല്ല പറയേണ്ടത്. പൊതുവിഷയങ്ങളാണെങ്കില്‍ യോജിക്കേണ്ടിടത്ത് ജോയിക്കണം. ഉമ്മത്തിന്‍റെ ഭദ്രതക്ക് അതത്യാവശ്യാണ്. അതുപക്ഷേ, ഈമാനോ ആദര്‍ശമോ പണയം വെച്ചുകൊണ്ടാകുകയുമരുത്.

അടുത്ത ആയത്ത് 64

എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോള്‍ തിരുനബി (صلّى الله عليه وسلّم)യുടെ തീരുമാനത്തിന് പോകാതെ, ഥാഗൂത്തുകളെ സമീപിക്കുന്ന കപടവിശ്വസികളെപ്പറ്റി കഴിഞ്ഞ വചനങ്ങളില്‍ പറഞ്ഞല്ലോ. അതിന്‍റെ തുടര്‍ച്ചയാണിനി പറയുന്നതും.

 

തിരുനബി صلّى الله عليه وسلّم യെ അനുസരിക്കണമെന്ന കല്‍പന പുതിയൊരു കാര്യമൊന്നുമല്ല. ഞാന്‍ അയച്ച ഏതൊരു റസൂലിനെയും അനുസരിക്കണമെന്ന് തന്‍റെ ജനതക്ക് നിര്‍ദേശം നല്‍കയിട്ടുണ്ട്.

 

തിരുനബി صلى الله عليه وسلم യുടെ അടുത്തേക്ക് പോകാതെ, ഥാഗൂത്തിന്‍റെ അടുത്തേക്ക് കേസ് പറയാന്‍ പോയത്, സ്വന്തത്തോടുതന്നെ ചെയ്ത വലിയ ദ്രോഹമാണ്. വളരെ നീതിയോടെ, സത്യസന്ധമായി വിധി കല്‍പിക്കുന്ന, ശത്രുക്കള്‍ പോലും അംഗീകരിക്കുന്ന തിരുനബി صلّى الله عليه وسلّم യെ അവഗണിക്കുകയെന്ന് നിസാര കാര്യമാണോ? അത് റസൂലിനെത്തന്നെ നിഷേധിക്കുന്നതിനു തുല്യമല്ലേ. എന്നാല്‍, അതൊരു കുറ്റമാണെന്നുപോലും അവര്‍ മനസ്സിലാക്കുന്നില്ല.

 

ഇനിയങ്ങനെ സംഭവിച്ചുപോയി എങ്കില്‍ പിന്നെ വേണ്ടത്, അത് ന്യായീകരിക്കുകയല്ല; ഉടനത്തന്നെ തിരുനബി صلّى الله عليه وسلّمയുടെ അടുക്കലെത്തി കുറ്റം സമ്മതിച്ച് ആത്മാര്‍ത്ഥമായി അല്ലാഹുവിനോട് പാപമോചനത്തിന് തേടുകയാണ് വേണ്ടത്. അങ്ങനെയവര്‍ വരികയും, അവരും തിരുനബി صلّى الله عليه وسلّمയും അവര്‍ക്ക്‌വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്തിരുന്നെങ്കില്‍ അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമായിരുന്നു.

 

പക്ഷേ, അതിനവര്‍ തയ്യാറായില്ല. നുണ പറഞ്ഞും കള്ളസത്യം ചെയ്തും തിരുനബി صلّى الله عليه وسلّمയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണവര്‍ ചെയ്തത്.

 

പൂര്‍വ വേദങ്ങളില്‍ തിരുനബി صلّى الله عليه وسلّمയെക്കുറിച്ച പ്രതിപാദനങ്ങളുണ്ടായിട്ടും, അവിടത്തെ പദവികളും സ്ഥാമാനങ്ങളും നേരിട്ടുകണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടും, മുനാഫിഖുകള്‍ ഇത്തരം നയ- നിലപാടുകളില്‍ നിന്നും മാറിയതേയില്ല!

 وَمَا أَرْسَلْنَا مِنْ رَسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَحِيمًا (64)

അല്ലാഹുവിന്‍റെ നിര്‍ദ്ദേശപ്രകാരം, അനുസരിക്കപ്പെടാനായല്ലാതെ ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. സ്വന്തത്തോടു തന്നെ അക്രമം ചെയ്തപ്പോള്‍ അവര്‍ താങ്കളുടെയടുത്തു വരികയും അല്ലാഹുവിനോടു പാപമോചനമര്‍ത്ഥിക്കുകയും റസൂല്‍ അവര്‍ക്ക് പൊറുക്കലിനെ തേടുകയും ചെയ്തിരുന്നുവെങ്കില്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാവാരിധിയുമായി അല്ലാഹുവിനെ അവര്‍ കണ്ടെത്തുമായിരുന്നു

 

നമ്മളെല്ലാവരും വളരെ ശ്രദ്ധിക്കേണ്ട ഒരു ആയത്തു കൂടിയാണിത്.

ഈ വാക്യത്തിലെ ആശയം, തിരുനബി صلّى الله عليه وسلّمയുടെ ജീവിതകാലത്ത് മാത്രമല്ല, വഫാത്തിന്ന് ശേഷവും പ്രായോഗികമാണെന്നതിന് പ്രബലങ്ങളായ നിരവധി സംഭവങ്ങള്‍ തെളിവുണ്ട്.  

തെറ്റുകള്‍ വന്നുപോയാല്‍, തിരുനബി  صلى الله عليه وسلمയെക്കൊണ്ട് ഇടതേടി, അല്ലാഹുവിനോട് പാപമോചനം തേടി തൌബ ചെയ്തുമടങ്ങിയാല്‍ റബ്ബ് സ്വീകരിക്കും.

 

ഹിജ്‌റ 228 ല്‍ വഫാത്തായ ഇമാം മുഹമ്മദുബ്‌നു ഉബൈദില്ലാഹില്‍ ഉത്‍ബിയില്‍ നിന്ന് ഇമാം ഇബ്‌നുസ്സ്വബ്ബാഗ്  رحمه اللهതുടങ്ങി പല മഹാന്മാരും ഉദ്ധരിച്ച സുപ്രസിദ്ധമായ ഒരു സംഭവം ഇബ്‌നുകസീര്‍(رحمه الله) വിനെ പോലെയുള്ള പല മുഫസ്സിറുകളും ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്:

 

ഉത്‍ബി(رحمه الله) പറയുന്നു: 'ഞാന്‍ തിരുനബി صلّى الله عليه وسلّمയുടെ ഖബ്ര്‍ ശരീഫിന്‍റെ ചാരെ ഇരിക്കുകയായിരുന്നു. അവിടെയപ്പോള്‍ ഒരു ഗ്രാമീണ അറബിവന്ന്, അസ്സലാമുഅലൈക്ക യാ റസൂലല്ലാഹ് എന്ന് തിരുനബി صلّى الله عليه وسلّمക്ക് സലാം പറഞ്ഞു.

 

എന്നിട്ടയാള്‍ ഇങ്ങനെ തുടര്‍ന്നു: وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسهمْ جَاءُوك فَاسْتَغْفَرُوا اللَّه وَاسْتَغْفَرَ لَهُمْ الرَّسُول لَوَجَدُوا اللَّه تَوَّابًا رَحِيمًا  എന്ന് (ഈ 64 ആം ആയത്ത്) അല്ലാഹു പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു. ഞാനിതാ എന്‍റെ തെറ്റുകള്‍ക്ക് പൊറുക്കല്‍ തേടിക്കൊണ്ട്, എന്‍റെ റബ്ബിങ്കലേക്ക് അങ്ങയെ ശുപാര്‍ശകനാക്കിക്കൊണ്ട് തിരുസന്നിധിയില്‍ വന്നിരിക്കുന്നു'.

എന്നിട്ടദ്ദേഹം പാടി:

يَا خَيْر مَنْ دُفِنَتْ بِالْقَاعِ أَعْظُمه        فَطَابَ مِنْ طِيبهنَّ الْقَاع وَالْأَكَم 

(മണ്ണില്‍ ശരീരം മറവു ചെയ്യപ്പെട്ടവരില്‍ വെച്ചേറ്റവും ഉത്തമരായവരേ, ആ ശരീരത്തിന്‍റെ പരിശുദ്ധി കൊണ്ട്, ആ പ്രദേശം മുഴുക്കെയും നന്നായിരിക്കുന്നു.)

نَفْسِي الْفِدَاء لِقَبْرٍ أَنْتَ سَاكِنه           فِيهِ الْعَفَاف وَفِيهِ الْجُود وَالْكَرَم 

(അങ്ങ് വസിക്കുന്ന തിരുഖബ്റിന് എന്നെ സമര്‍പ്പിക്കുന്നു. അവിടെ പരിശുദ്ധിയുണ്ട്, ഔദാര്യമുണ്ട്, മഹത്വുമുണ്ട്.)

പിന്നെ അയാളവിടെ നിന്ന് പോയി. പെട്ടെന്ന് ഞാന്‍ ഉറങ്ങുകയും തിരുനബി صلّى الله عليه وسلّمയെ സ്വപ്നം കാണുകയും ചെയ്തു. അവിടന്നെന്നോട് പറഞ്ഞു: 'ഉത്ബീ, ആ അഅ്‌റാബിയെ വേഗം സമീപിക്കൂ. അയാളുടെ പാപം അല്ലാഹു പൊറുത്തുകൊടുത്തുവെന്ന് അനുമോദനം അറിയിക്കൂ' (ഇബ്‌നുകസീര്‍ 1:520).

 

ഈ 64-ആം വാക്യത്തിന്‍റെ ആശയം തിരുനബി صلّى الله عليه وسلّمയുടെ ജീവിതകാലത്ത് മാത്രമല്ല, വഫാത്തിന്ന് ശേഷവും പ്രായോഗികമാണെന്ന് ഈ ഒരു സംഭവമല്ല മറ്റനേകം പ്രബലങ്ങളായ തെളിവുകളും സാക്ഷ്യം വഹിക്കുന്നുണ്ട്.

 

തിരുനബി صلّى الله عليه وسلّم ജീവിച്ചിരിക്കെത്തന്നെ ഒരു സ്വഹാബിയോട് അവിടത്തെ ഇടതേടി ദുആ ചെയ്യാന്‍ പഠിപ്പിച്ചത് ഇമാം തുര്‍മുദി, നസാഈ, ഹാകിം, ഇബ്നുമാജ  رحمهم اللهഎന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്.

عَنْ عُثْمَانَ بْنِ حُنَيْفٍ أَنَّ رَجُلًا ضَرِيرَ الْبَصَرِ أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : ادْعُ اللَّهَ أَنْ يُعَافِيَنِي، قَالَ: إِنْ شِئْتَ دَعَوْتُ وَإِنْ شِئْتَ صَبَرْتَ فَهُوَ خَيْرٌ لَكَ، قَالَ فَادْعُهْ. قَالَ فَأَمَرَهُ أَنْ يَتَوَضَّأَ فَيُحْسِنَ وُضُوءَهُ وَيَدْعُوَ بِهَذَا الدُّعَاءِ: اللَّهُمَّ إِنِّي أَسْأَلُكَ وَأَتَوَجَّهُ إِلَيْكَ بِنَبِيِّكَ مُحَمَّدٍ نَبِيِّ الرَّحْمَةِ، إِنِّي تَوَجَّهْتُ بِكَ إِلَى رَبِّي فِي حَاجَتِي هَذِهِ لِتُقْضَى لِيَ اللَّهُمَّ فَشَفِّعْهُ فِيَّ. (وفي رواية قال ابن حنيف : فوالله ما تفرقنا وطال بنا الحديث حتى دخل علينا كأن لم يكن به ضر) (الترمذى، النسائي، ابن ماجه، الحاكم)

(കണ്ണിന് അന്ധത ബാധിച്ച ഒരാള്‍ തിരുനബി صلى الله عليه وسلمയുടെ അടുത്തെത്തി, സുഖപ്പെടാന്‍ ദുആ ചെയ്യാനപേക്ഷിച്ചു. തിരുനബി صلى الله عليه وسلم പറഞ്ഞു: നീ ഉദ്ദേശിക്കുന്നുവെങ്കില്‍ ഞാന്‍ ദുആ ചെയ്യാം. ക്ഷമിക്കുകയാണെങ്കില്‍ അതാണ് നിനക്കുത്തമം. അങ്ങ് ദുആ ചെയ്യണമെന്ന് അയാള്‍ പറഞ്ഞപ്പോള്‍ തിരുനബിصلى الله عليه وسلم അയാളോട് വുളു എടുത്തുവരാന്‍ പറഞ്ഞു. എന്നിട്ട് ഇങ്ങനെ ദുആ ചെയ്യാന്‍ പറഞ്ഞു: അല്ലാഹുവേ, നിന്നോട് ഞാന്‍ ചോദിക്കുന്നു, കാരുണ്യത്തിന്‍റെ പ്രവാചകനായ നിന്‍റെ നബി മുഹമ്മദിصلى الله عليه وسلمനെക്കൊണ്ട് ഞാന്‍ നിന്നിലേക്ക് മുന്നിടുന്നു. നബിയേ, അങ്ങയെക്കൊണ്ട് ഞാന്‍ എന്‍റെ റബ്ബിലേക്ക്, ഈ ആവശ്യം നിറവേറാന്‍ വേണ്ടി മുന്നിട്ടിരിക്കുന്നു. അല്ലാഹുവേ, അവിടത്തെ ശുപാര്‍ശ നീ സ്വീകരിക്കേണമേ.)

 

ഈ ഹദീസിന്‍റെ മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെയുണ്ട്: (അധികം വൈകാതെ അദ്ദേഹം കണ്ണിനൊരു ബുദ്ധിമുട്ടുമില്ലാത്തയാളായി ഞങ്ങളുടെയടുത്തുവന്നു.)

 

എല്ലാ കാലത്തും എപ്പോഴും തിരുനബിصلى الله عليه وسلم  യെക്കൊണ്ടും മഹാത്മാമക്കളെക്കൊണ്ടുമൊക്കെ ഇടതേടി ദുആ ചെയ്യാം എന്നാണ് അഹ്ലുസ്സുന്നത്തിവല്‍ജമാഅയുടെ നിലപാട്.

അടുത്ത ആയത്ത് 65

 

ഏതുകാര്യത്തില്‍ ഭിന്നിപ്പുണ്ടായാലും പരിഹാരത്തിന് തിരുനബി صلّى الله عليه وسلّم യെ വിധികര്‍ത്താവായി സ്വീകരിക്കുകയും അവിടത്തെ തീരുമാനം മനസാ വാചാ കര്‍മണാ പരിപൂര്‍ണമായും നിഷ്‌കളങ്കമായും അംഗീകരിക്കുകയും ചെയ്യുന്നതുവരെ ആരും സത്യവിശ്വാസികളാവുകയില്ലെന്നാണിനി പറയുന്നത്.

 

 فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا (65)

താങ്കളുടെ നാഥന്‍ തന്നെ സത്യം, തങ്ങള്‍ക്കിടയിലുണ്ടായിത്തീരുന്ന തര്‍ക്കങ്ങളില്‍ അങ്ങയെ വിധികര്‍ത്താവാക്കുകയും അങ്ങയുടെ വിധിയെപ്പറ്റി മനസ്സിലൊട്ടും പ്രയാസമുണ്ടാവാതിരിക്കുകയും സമ്പൂര്‍ണമായി വിധേയത്വമുള്ളവരായിത്തീരുകയും ചെയ്യുന്നതുവരെ അവര്‍ സത്യവിശ്വാസികളാകുന്നതല്ല.

 

വിശ്വാസികള്‍ക്കിടയില്‍ ഏതുകാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായാലും പരിഹാരത്തിനു തിരുനബി صلّى الله عليه وسلّم യെ സമീപിക്കണം. അവിടന്നു പഠിപ്പിച്ച ശരീഅത്ത്‌നിയമങ്ങളുടെ വെളിച്ചത്തില്‍ പരിഹാരം കാണണം. അവയോടു നിരുപാധിക വിധേയത്വവും സംതൃപ്ത സമീപനവുമുണ്ടായാലേ പരിപൂര്‍ണ വിശ്വാസിയാവുകയുള്ളൂ എന്ന് ചുരുക്കം.

ഈ വിഷയം എത്ര കണിശമായാണ് അല്ലാഹു പറഞ്ഞതെന്ന് നോക്കൂ.

ആദ്യമായി: فَلا എന്ന് നിഷേധരൂപത്തിലുള്ള ഒരവ്യയം! ‘കാര്യം മേല്‍ പറഞ്ഞതുപോലെയാണെന്നിരിക്കെ ഇല്ല…..’ എന്നര്‍ഥം.

രണ്ടാമതായി: وَرَبِّكَ എന്നൊരു സത്യവാചകം! ‘താങ്കളുടെ റബ്ബിനെത്തന്നെയാണ – ഞാനിതാ സത്യം ചെയ്തു പറയുന്നു’ എന്നര്‍ഥം.

മൂന്നാമതായി: വീണ്ടും നിഷേധത്തിന്‍റെ അവ്യയം ആവര്‍ത്തിച്ചുകൊണ്ട് لاَ يُؤْمِنوُنَ حَتَّى… (താങ്കളെ വിധികര്‍ത്താവാക്കാതെ അവര്‍ വിശ്വസിക്കുകയില്ല) എന്നു പറഞ്ഞ് വിഷയം അവതരിപ്പിക്കുന്നു.

വിധി കര്‍ത്താവാക്കല്‍ നിര്‍ബ്ബന്ധമാണെന്നോ, ഇല്ലെങ്കില്‍ ശിക്ഷയുണ്ടെന്നോ മറ്റോ പറയാതെ, വിധി കര്‍ത്താവാക്കാത്ത കാലത്തോളം സത്യവിശ്വാസം തന്നെ ശരിയാകില്ലെന്നു പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം.

നാലാമതായി: വിധികര്‍ത്താവാക്കി ആ വിധി നടപ്പില്‍ വരുത്തിയാലും പോരാ, ആ വിധിയെപ്പറ്റി മനസ്സില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും വേണം (ثُمَّ لا يَجِدُوا في أنفسهم حرجا مما قضيت) എന്നും പറഞ്ഞിരിക്കുന്നു.

അതും പോരാ, അഞ്ചാമതായി – പരിപൂര്‍ണ വിധേയത്വംതന്നെ വേണം – പൂര്‍ണമായും ആ തീരുമാനത്തിന് കീഴൊതുങ്ങുകയും വേണം (وَيُسَلِّمُوا) എന്നും പറഞ്ഞിരിക്കുന്നു.

അതും പറഞ്ഞു മതിയാക്കാതെ, ആറാമതായി, അവസാനം, കീഴൊതുങ്ങിയാലും പോരാ, തികച്ചും അംഗീകരിച്ച്, സമ്മതിച്ചുകൊണ്ടുള്ള ഒരു കീഴൊതുക്കമായിരിക്കണം (تَسْلِيمًا) അതെന്ന് തറപ്പിച്ചു പറയുകയും ചെയ്തിരിക്കുന്നു. വലിയ ഗൌരവമുള്ള വിഷയമാണെന്നര്‍ത്ഥം.

ഈ വചനത്തിലെ ആശയം ഉള്‍ക്കൊള്ളുന്ന ചില ഹദീസുകള്‍ നോക്കാം:

قال رسول الله صلى الله عليه وسلم: لا يُؤْمِنُ أحدُكم حتى أكونَ أحبَّ إليه من وَلَدِهِ وَوَالِدِهِ والنَّاسِ أجْمَعِينَ – متفق عليه

(തന്‍റെ പിതാവ്, മക്കള്‍, ജനങ്ങള്‍ – ഇവരേക്കാളെല്ലാം ഞാന്‍ പ്രിയങ്കരനാകുന്നതുവരെ നിങ്ങളാരും വിശ്വാസികളാവുകയില്ല).

ഏറ്റവും ഇഷ്ടപ്പെട്ടയാള്‍ തിരുനബി (صلّى الله عليه وسلّم) ആയിരിക്കുമ്പോള്‍ അവിടത്തെ വിധിക്കെതിരില്‍ മറ്റാരുടെ വിധിയും സ്വീകരിക്കുകയില്ലല്ലോ.

قال رسول الله صلى الله عليه وسلم: لا يُؤمِنُ أحَدُكُم حتَّى يَكُونَ هَواهُ تَبَعًا لِمَا جِئْتُ بِهِ (البيهقي)

(ഞാന്‍ കൊണ്ടുവന്നത്, നിങ്ങളുടെ താല്‍പര്യവും ഇഷ്ടവുമാകുന്നതുവരെ നിങ്ങള്‍ വിശ്വാസിയാകില്ല). തിരുമേനി കാണിച്ചുതന്നതിനെതിരായ താല്പര്യങ്ങള്‍ പോലും സത്യവിശ്വാസികള്‍ക്ക് ചേരുകയില്ലെന്ന് താല്പര്യം.

قال رسول الله صلى الله عليه وسلم: ذاقَ طُعْمَ الإيمانِ مَنْ رَضِيَ بِاللَّهِ ربًّا وَبِالإسْلامِ دِينًا وَبِمُحَمَّدٍ صلَّى اللَّهُ عليه وسلم نَبِيًّا (ترمذي)

(അല്ലാഹുവിനെ റബ്ബായും ഇസ്‍ലാമിനെ ദീനായും മുഹമ്മദ് നബിയെ നബിയായും തൃപ്തിപ്പെട്ടവന്‍ ഈമാനിന്‍റെ രുചി ആസ്വദിച്ചിരിക്കുന്നു). വിശ്വസിക്കുകയും സമ്മതിക്കുകയും ചെയ്താല്‍ പോരാ, മനസ്സിന് സംതൃപ്തിതോന്നുക കൂടി വേണം, എന്നാലേ സത്യവിശ്വാസത്തിന്‍റെ ഗുണം ലഭിക്കുകയുള്ളൂ എന്ന് ചുരുക്കം.

---------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter