മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രങ്ങള്‍

ലോകത്തെ പല രാഷ്ട്രങ്ങളിലും മുസ്‍ലിംകള്‍ ന്യൂനപക്ഷങ്ങളാണ്. അവയില്‍ പലയിടത്തും പ്രയാസങ്ങളിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. റോഹിങ്ക്യ പോലോത്ത ഇടങ്ങളില്‍ ഭരണകൂട ഭീകരതയാണെങ്കില്‍ പാശ്ചാത്യന്‍ രാഷ്ട്രങ്ങളില്‍ ഇസ്‍ലാമോഫോബിയയാണ് പ്രശ്നം. 

ഇന്ത്യ – പാകിസ്താന്‍

അയല്‍രാജ്യങ്ങളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചെറിയ അസ്വാരസ്യങ്ങള്‍ക്കും പോയ വര്‍ഷം സാക്ഷിയായി. ഏപ്രിലില്‍ കശ്മീറിലെ പഹല്‍ഗാമില്‍ അക്രമണം നടത്തുകയും 25 ലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യ പാകിസ്താനെ തിരിച്ചടിച്ചത്. പ്രശ്നങ്ങളെ തുടര്‍ന്ന്, വര്‍ഷങ്ങളായി തുടരുന്ന സിന്ധ് നദീജലകരാര്‍ ഇന്ത്യ നിര്‍ത്തലാക്കുകയും അതേ തുടര്‍ന്ന് പാകിസ്താന്‍ ഇന്ത്യയിലേക്കുള്ള വ്യോമപാത അടക്കുകയും ചെയ്തു. അതോടെ, മെയ് 7 ന് ഇന്ത്യ ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ശക്തമായ സൈനിക നീക്കം നടത്തി. സാധാരണ പോലെ, ഇന്ത്യയിലെ തീവ്ര ഹിന്ദു വിഭാഗക്കാര്‍ ഇതിനെയും ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തി. വഖ്ഫ് ഭേദഗതി അടക്കമുള്ള നിയമനിര്‍മ്മാണങ്ങളിലൂടെ മുസ്‍ലിംവിരുദ്ധ സമീപനം തുടര്‍ന്ന സര്‍കാര്‍ ഇതിലും കാര്യമായ ഇടപെടലുകള്‍ നടത്തിയില്ല. 

അഫ്ഗാനിസ്താന്‍

താലിബാന്റെ നിയന്ത്രണത്തില്‍ ഒരു വര്‍ഷം കൂടി കടന്നുപോവുമ്പോഴും, ലോക തലത്തില്‍തന്നെ സുരക്ഷിതത്വം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ തന്നെയാണ് അഫ്ഗാനിസ്താന്‍. സായുധ വിഭാഗങ്ങളുടെ സാന്നിധ്യവും ആഭ്യന്തര പ്രശ്നങ്ങളും തന്നെയാണ് പ്രധാന കാരണം. എങ്കിലും പൂര്‍വ്വോപരി സുസ്ഥിരത നേടിക്കൊണ്ടിരിക്കുകയാണ് രാജ്യം എന്നാണ് സൂചനകള്‍. താല്‍കാലിക മന്ത്രി എന്ന സ്ഥാനം ഒഴിവാക്കിയത് ഇതിലേക്കുള്ള സൂചനയായാണ് പലരും വിലയിരുത്തിയത്. പക്ഷേ, ഇപ്പോഴും പല രാജ്യങ്ങളും താലിബാന്‍ സര്‍ക്കാരുമായി നല്ല ബന്ധത്തിലെത്തിയിട്ടില്ലെന്നതാണ് വസ്തുത.

അതേ സമയം, അയല്‍രാജ്യമായ പാകിസ്താനുമായുള്ള ചില അസ്വാരസ്യങ്ങള്‍ക്ക് 2025 സാക്ഷ്യം വഹിച്ചു. ഒക്ടോബര്‍ മാസത്തില്‍ അരങ്ങേറിയ യുദ്ധം ഏതാനും പേരുടെ ജീവനെടുത്തു. ഖത്തറും തുര്‍കിയും ഇടപെട്ടാണ് പ്രശ്നങ്ങള്‍ അവസാനിച്ചത്. നവംബറിലുണ്ടായ ഭൂകമ്പവും അനേകം പേരുടെ ജീവനെടുത്തു. 

റോഹിങ്ക്യ

റോഹിങ്ക്യന്‍ മുസ്‍ലിംകളുടെ യാനതകളും വേദനകളും 2025ലും മാറ്റമില്ലാതെ തുടര്‍ന്നു. അഭയാര്‍ത്ഥികളായി അയല്‍രാഷ്ട്രങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച പലരും പിടിക്കപ്പെട്ടതും തിരിച്ചയക്കപ്പെട്ടതും ഈ വര്‍ഷവും ആവര്‍ത്തിച്ചു. കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവും പട്ടിണിയും വലിയ ഭീഷണിയായി തന്നെ തുടരുകയാണ്. പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഈ കുട്ടികള്‍ ലോകത്തിന് മുന്നില്‍ ഇപ്പോഴും ചോദ്യചിഹ്നമാണ്. കോകസ് ബസാറില്‍ ആയിരക്കണക്കിന് റോഹിങ്ക്യക്കാര്‍ ഒത്ത് കൂടി, ദുരന്തത്തിന്റെ എട്ടാം വാര്‍ഷികം ലോകത്തെ ഓര്‍മ്മിപ്പിച്ചത് 2025 ആഗസ്റ്റ് 25നായിരുന്നു. ജന്മനാട്ടിലേക്ക് സുരക്ഷിതമായ തിരിച്ചുപോക്കും സ്വസ്ഥമായ ജീവിതവും ഉറപ്പ് വരുത്തണമെന്നത് മാത്രമായിരുന്നു അവരുടെ ആവശ്യം.  

അഭയം തേടി പലായനം ചെയ്യുന്നവരുടെ എണ്ണം 2025ലും വര്‍ദ്ധിച്ചിരിക്കുകയാണ്. തായ്‍ലാന്ഡിലും മലേഷ്യക്കും ഇടയിലെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ വെച്ച്, 300 അഭയാര്‍ത്ഥികളെ വഹിച്ച് ബോട്ട് മുങ്ങിയത് 2025 നവംബറിലായിരുന്നു. ചൈനയുമായി തുര്‍കി നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കിയതോടെ, അവിടെയും അഭയം തേടുന്നത് അസാധ്യമായിരിക്കുകയാണ് റോഹിങ്ക്യന്‍ ഇരകള്‍ക്ക്. 

പാശ്ചാത്യന്‍ നാടുകളിലെ മുസ്‍ലിംകള്‍

അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും 2025 ല്‍ ഇസ്‍ലാമോഫോബിയ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തീവ്ര വലതുപക്ഷം അധികാരത്തിലെത്തിയതോടെയാണ് ഇത്. അതേ സമയം, തെരഞ്ഞെടുപ്പുകളില്‍ മുസ്‍ലിം പ്രാതിനിധ്യവും സ്വാധീനവും വര്‍ദ്ധിക്കുകയും അത് രാഷ്ട്രീയ പാര്‍ട്ടികളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയാണ് ഈ രംഗത്തെ 2025ന്റെ പ്രതീകം എന്ന് തന്നെ പറയാം.

ചുരുക്കത്തില്‍, 2025 കടന്നുപോയത് മുസ്‍ലിം ലോകത്തിന് അത്ര ആശ്വാസകരമായല്ല. എങ്കിലും എല്ലായ്പോഴുമെന്ന പോലെ ശുഭപ്രതീക്ഷകളിലൂടെ തന്നെയാണ് മുസ്‍ലിം ലോകം 2026നെ വരവേറ്റത്. ലോകത്തിന് മുഴുവന്‍ ശാന്തിയും സമാധാനവും കൈവരുന്ന വര്‍ഷമായിരിക്കട്ടെ ഇത് എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter