നാജി അൽ അലി:- ഇസ്രായേൽ അധിനവേശത്തിന്റെ കിരാതങ്ങൾ വരച്ച ഹാസ്യ കലാകാരൻ

പലസ്തീൻ, അവസാനിക്കാത്ത സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും യുദ്ധ ഭൂമി. കലുഷിതമായ അവിടത്തെ അന്തരീക്ഷം വാക്കുകൾ കൊണ്ട് വിപ്ലവം തീർത്ത ഒട്ടനേകം കവികൾക്ക് ജന്മം നൽകിയിട്ടുണ്ട്. മുരീദ് ബർഗൂതി, ഗസ്സാൻ കനഫാനി, മഹ്മൂദ് ദർവീഷ് എന്നിവർ ഏതാനും ചില ഉദാഹരണങ്ങള്‍ മാത്രം. ഇസ്രായേൽ സൈന്യത്തിന്റെ പൈശാചിക പ്രവർത്തനങ്ങൾ ലോകം വായിച്ചറിഞ്ഞത് ഇവരുടെ കൃതികളിലൂടെയാണ്. ഇവയിൽ മുരീദ് ബർഗൂതിയുടെ റാമല്ല ഞാൻ കണ്ടൂ എന്ന പുസ്തകം ഒരുപാട് ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. അധിനിവേശത്തിന്റെ മുപ്പത് വർഷങ്ങൾക്ക് ശേഷം, സ്വന്തം ജന്മ നാടായ റാമല്ലയെ കാണുന്ന എഴുത്തുകാരന്റെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തം.ഗസ്സാൻ കനഫാനിയുടെ രചനകളും ദർവീഷന്റെ കവിതകളും എന്നും പലസ്തീനിൽ പോരാട്ടങ്ങളുടെ വേലിയേറ്റമാണ് സൃഷ്ടിക്കുന്നത്.

എന്നാൽ, കവിതകൾ ആലപിച്ചും കൃതികൾ എഴുതിയും സാഹിത്യകാരന്മാര്‍ ഇസ്രയേലിനെതിരെയുള്ള പ്രതികാരത്തെ   കനലാക്കിമറ്റിയപ്പോൾ, തന്റെ പലായന കഥകളും ജന്മ നാടിന്റെ  പ്രതിസന്ധിയും ലബ്നാനിലെ ചുവരുകളിൽ ചിത്രീകരിച്ച കലാകാരനാണ് നാജി അലി.. ഒരു പലസ്തീൻ വിമോചന സേനാനിയായി  അറിയപ്പെടാൻ നാജി അലിക്ക് കൂടുതല്‍ കാത്തിരിക്കേണ്ടി  വന്നില്ല. നാജി അലിയുടെ  ഹാസ്യ ചിത്രീകരണം പെട്ടെന്ന് തന്നെ ലോകം ഒന്നടങ്കം ഉറ്റുനോക്കുകയും വിവിധ മാസികകളിൽ  പ്രസിദ്ധീകരിക്കപ്പടുകയും ചെയ്തു. 

ജനനവും  പോരാട്ടവും
1937ല്‍, അൽ ജലീൽ ഗ്രാമത്തിലെ കാർഷിക കുടുംബത്തിലാണ് നാജി സലിം ഹുസ്സൈൻ അലി ജനിക്കുന്നത്.1948 നക്ബയുടെ ഭാഗമായി സ്വന്തം നാടായ ഫലസ്തീനിൽ നിന്ന് വടക്കേ ലബ്നാനിലേക്ക് പലായനം ചെയ്തു. വഴിക്ക് വെച്ച്, അധിനിവേശത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന്, ഇസ്രായേൽ സൈന്യം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്  ജയിലിലടക്കുകയുണ്ടായി. ജയിൽ ചുമരുകളെ സാക്ഷിയാക്കി, തൻറെ ഹാസ്യ കലക്ക് നാന്ദി കുറിക്കാനാണ് നാജി ആ അവസരം ഉപയോഗപ്പെടുത്തിയത്. പലായന വേദനകളും അധിനിവേശത്തിന്റെ ക്രൂരകൃത്യങ്ങളും നാജി അലിയുടെ ചിന്താ ലോകത്തെ നന്നായി സ്വാധീനിച്ചു. മറ്റു പലസ്തീൻ യുവാക്കളെ പോലെ തന്നെ, സ്വന്തം ജന്മനാടിനുവേണ്ടി നിരന്തര പോരാട്ടം നടത്തിയതിന് ലബ്നാൻ പോലീസ് നിരവധി തവണ ജയിലിലടച്ചു. പലസ്തീനിലെ പല സാഹിത്യകാരുമായി നാജി അലിക്ക് ബന്ധമുണ്ടായിരുന്നു.1961കളിലെ ഫലസ്തീൻ പത്ര പ്രവർത്തകനും എഴുത്തുകാരനുമായ ഗസ്സാൻ കനഫാനി,  നാജി അലി താമസിച്ച മുഹയ്യം ഹൈൻ ഹുലെവ എന്ന പ്രദേശം സന്ദർശിക്കനിടയായി.  ഈ സന്ദർശന വേളയിൽ നാജിയുടെ മൂന്ന് ചിത്രങ്ങളിൽ അദ്ദേഹം ആകൃഷ്ടനാവുകയും തുടർന്ന് ഹുറിയ എന്ന  മാഗസിനിൽ അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഹന്തൊല പിറക്കുന്നു
1969 ൽ കുവൈത്തിലെ അൽ സിയാസത്തുൽ കുവൈതിയ്യ എന്ന പത്രത്തിലൂടെയാന് നാജി അലിയുടെ ഹന്തൊല എന്ന ചിത്രം പിറക്കുന്നത്. പത്ത് വയസ്സ് തോന്നിക്കുന്ന ഒരു ബാലൻ, പിന്നിൽ കയ്യും കെട്ടി നിൽക്കുന്ന ചിത്രമാണ് ഹന്തൊല. പലസ്തീനില്‍ നടക്കുന്ന ആക്രമണങ്ങൾക്കും യുദ്ധ പോരാട്ടങ്ങൾക്കും താൻ സാക്ഷിയാണെന്നും തനിക്ക് ഒരാളെയും ഭയമില്ലെന്നുമുള്ള സന്ദേശമാണ് നാജി അലി ഹന്തൊലയിലൂടെ മുന്നോട്ടുവെക്കുന്നത്. ഈ ചിത്രം അറബ് സമൂഹവും പലസ്തീനും ആവേശത്തോടെ സ്വീകരിക്കുകയും പലസ്തീൻ വിമോചനത്തിന്റെ പ്രതീകമായി  വാഴ്ത്തപ്പെടുകയും ചെയ്തു. മുരീത് ബർഗൂതിയുടെ ഭാര്യയും ഈജിപ്ത്യൻ പത്രപ്രവർത്തകയുമായിരുന്ന റൽവ ആശുർ നടത്തിയ  ഒരു ഇൻറർവ്യൂവിൽ അദ്ദേഹം ഹന്തൊലയെ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്, "ഹന്തൊല എന്നുള്ളത് എന്റെ മനസ്സിൽ രൂപം കൊണ്ട പത്ത് വയസ്സുള്ള ഒരു ബാലന്റെ പ്രതിച്ഛായമാണ്. ഇസ്രായേലിന്റെ അധിനിവേശം കാരണം ജന്മനാട്ടിൽ നിന്ന് കുടിയേറിയ ഈ ബാലനിൽ പ്രകൃതി നിയമം ബാധകമല്ല. എന്നുവച്ചാൽ പത്തു വയസ്സിൽ നിന്ന് ഈ കുട്ടി ഒരിക്കലും മുന്നോട്ട് പോകില്ലെന്നര്‍ത്ഥം. മറിച്ച് എന്നാണോ ഫലസ്തീനിലേക്ക് തിരിച്ചെത്തുന്നത് അന്നുമുതലായിരിക്കും ഈ കുട്ടിയുടെ ആയുസ്സിൽ മാറ്റമുണ്ടാവുക". ഇന്നു ഫലസ്തീൻ ചരിത്ര പുസ്തകങ്ങളിലും ചുമരുകളിലും നാജി അലിയുടെ വിമോചന പ്രതീകമായി ഹന്തൊല കാണപ്പെടാറുണ്ട്.
ഹന്തലോക്ക് പുറമെ, മറ്റു പല ചിത്രങ്ങളും നാജി അലിയുടെ പേനയിലൂടെ ഉടലെടുത്തു. ഫലസ്തീനിലെ സ്ത്രീപക്ഷത്തെ സൂചിപ്പിക്കുന്ന ഫാത്തിമ എന്ന ചിത്രവും, യുദ്ധഭൂമിയിൽ പതറാതെ നിൽക്കുന്ന ബാലന്മാരും അവരുടെ കല്ലുകൾക്ക് മുമ്പിൽ പിന്തിരിയുന്ന ഇസ്രായേൽ സൈന്യവും, ഫലസ്തീനിനെ സഹായിക്കുന്നതിൽ മതിപ്പ് കാണിക്കുന്ന അറബികളും അവരുടെ ക്ഷയിച്ച് പോയ ശക്തിയും നാജിയുടെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. 

1987 ജൂലൈ 22 ന്റെ പ്രഭാതത്തിൽ, ലണ്ടനില്‍ വെച്ച് അദ്ദേഹത്തിനെതിരെ വധശ്രമം പോലും ഈ ചിത്രങ്ങളുണ്ടാക്കിയ സ്വാധീനത്തിന്റെ ഫലമാണെന്ന് പറയാം. ഒരു അപരിചിതനായ വ്യക്തി അദ്ദേഹത്തിൻറെ വലതു കണ്ണിന്റെ താഴ് ഭാഗത്തേക്ക് വെടിയുതിർത്ത്  പിന്തിരിഞ്ഞോടുകയായിരുന്നു. ഏകദേശം 40 ദിവസത്തോളം ബോധരഹിതനായി കിടന്ന് നാജി അലി, അവസാനം 1987 ഓഗസ്റ്റ് 29ന് ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിൻറെ വധത്തിനു പിന്നിൽ മൊസാദാണെന്നും, അല്ല ഫലസ്തീൻ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി തന്നെയാണെന്നുമുള്ള അഭിപ്രായ ഭിന്നതകൾ ഇന്നും ബാക്കിനിൽക്കുന്നു.

നാജി അലിയുടെ ഓർമ്മകൾ ഇന്നും ഫലസ്തീനിൽ അലയടിക്കുന്നുണ്ട്. റാമല്ലയുടെ ചുമരുകളിലും ഫലസ്തീന്‍ സംഘർഷങ്ങളുടെ ബോർഡുകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ കാണാൻ സാധിക്കും. ഇന്ന് അദ്ദേഹം  ബാക്കി വെച്ച ഹന്തൊലയും ഫാത്തിമയും ഫലസ്തീന്റെ ഹൃദയഭാഗങ്ങളിൽ നിന്ന്  പുതിയ പുലരിക്ക് കാതോർക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter