‘ദേശീയത, ഫെമിനിസം, പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം’; ഫെമിനിസത്തെ കടന്നാക്രമിക്കുന്ന പുസ്തകം
വായിച്ചു തീരാതിരുന്നെങ്കിലെന്ന് ആശിച്ചുപോയ ചുരുക്കം ചില പുസ്തകളിലൊന്നാണ് കഴിഞ്ഞ മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പുനപ്രസിദ്ധീകരിച്ച ഡോ. ബി.എസ് ഷെറിന്റെ ‘ദേശീയത, ഫെമിനിസം, പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം’ എന്ന ബൃഹത് ഗ്രന്ഥം. പതിനൊന്നു ലേഖനങ്ങളങ്ങുന്ന പുസ്തകം ഫെമിനിസ്റ്റ്, ദേശീയതാ വ്യവഹാരങ്ങളുടെ സൂക്ഷ്മതലങ്ങളെ പ്രതിവാദങ്ങള്‍ കൊണ്ട് അപഗ്രഥനവിധേയമാക്കുകയാണ് ചെയ്യുന്നത്.
സാമൂഹികമായും രാഷ്ട്രീയമായും മുസ്‌ലിം സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങളെ തുറന്നുകാട്ടുന്ന ബി.എസ് ഷെറിന്‍ മുത്വലാഖ് വിവാദം, കുനന്‍ പോഷ്പുര സംഭവം, സൂര്യനെല്ലി ബലാല്‍സംഗക്കേസ് തുടങ്ങിയ ഏറെ രാഷ്ട്രീയ ശ്രദ്ധയാര്‍ജ്ജിച്ച സംഭവങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യയിലെ സ്ത്രീ സ്വാതന്ത്യത്തെ അപഗ്രഥിക്കാന്‍ ശ്രമിക്കുകയാണ്. ഒപ്പം എത്തരത്തിലാണ് ഹിന്ദുവരേണ്യ സ്വഭാവമുള്ള ഇന്ത്യന്‍ ദേശീയത മുസ്‍ലിം സമൂഹത്തെയും പ്രധാനമായും മുസ്‍ലിം സ്ത്രീയെയും അന്യവത്കരിച്ചെതെന്നും, ഹിന്ദു സ്ത്രീയുടെ പരിശുദ്ധിയെ തകര്‍ക്കുന്ന ലൈംഗികാസക്തിയുള്ളവനായി മുസ്‌ലിം പുരുഷനെ ചിത്രീകരിച്ചെതെന്നും ഷെറിന്‍ ചര്‍ച്ചെക്കെടുക്കുന്നു. പുസ്തകത്തിന്റെ കാതലായ വശം, പാശ്ചാത്യസാമ്രാജ്യത്വനിര്‍മിതമായ സെക്കുലര്‍, ലിബറല്‍ ഫെമിനിസത്തിന്റെ ഇരട്ടത്താപ്പുകളെ തുറന്നുകാട്ടാനും അതിന്റെ നിരര്‍ത്ഥകമായ വാദഗതികളെ നിര്‍വീര്യപ്പെടുത്താനും ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിം സ്ത്രീ എത്തരത്തില്‍ നിര്‍വചിക്കപ്പെടണമെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.
2018 ല്‍ പുറത്തിറങ്ങിയ ‘ദേശീയത, ഫെമിനിസം, മുത്വലാഖ്-പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പാണിത്. പുസ്തകത്തിന്റെ സ്വീകാര്യതയെ കുറിച്ച് അവസാന അധ്യായത്തില്‍ ബി.എസ് ഷെറിന്‍ പറയുന്നത് വരേണ്യരാഷ്ട്രീയത്തിന്റെ നിക്ഷിപ്ത ലക്ഷ്യത്തെ പ്രശ്‌നവത്കരിച്ചുകൊണ്ടാണ്. ഗ്രന്ഥകാരി പറയുന്നതിങ്ങനെയാണ്, “ഇസ്‌ലാമിനെ കുറിച്ചെന്തെഴുതിയാലും വിപണി ഇരുകൈകള്‍ നീട്ടി സ്വീകരിക്കുന്ന കാലമാണിത്. എന്നിട്ടും ഒറ്റപ്പെട്ട ചില കേന്ദ്രങ്ങളില്‍ നിന്നെല്ലാതെ ബര്‍സക്ക് (ലിബറല്‍ പ്രോഗ്രസീവ് വീക്ഷണത്തില്‍ നിന്നും മുസ്‍ലിം സ്ത്രീയെ കുറിച്ച് ഖദീജ മുംതാസ് രചിച്ച ഗ്രന്ഥം) ലഭിച്ചതുപോലുള്ള പ്രതികരണം ഈ പുസ്തകത്തിന് ലഭിക്കാതെ പോയത് മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള മുന്‍വിധികള്‍ ഇതില്‍ ആഘോഷിക്കപ്പെടാത്തത് കൊണ്ടാണ്.” ലിബറല്‍ പ്രോഗ്രസീവ് പ്രോട്ടോക്കോളിനുള്ളില്‍ (ഷെറിന്‍ തന്റെ ഇസ്‌ലാമിക അസ്തിത്വത്തെ വിശദീകരിക്കുന്നതിങ്ങനെയാണ്) നിലനില്‍ക്കുമ്പോള്‍ തന്നെ അത്തരം മേഖലകളില്‍ നിന്ന് സ്വാഭാവികമായും ഉണ്ടാകുന്ന മുസ്‍ലിം വിരുദ്ധ ഫെമിനിസ്റ്റ് ആശയങ്ങളുടെ അസാംഗത്യത്തെ വാദോന്മുഖമായി തുറന്നുകാട്ടാന്‍ മുന്നോട്ട് വന്ന ഗ്രന്ഥകര്‍ത്താവിന്റെ ഉദ്യമം എന്തുകൊണ്ടും ശ്ലാഘനീയം തന്നെയാണ്. പൊതുവെ ഇസ്‌ലാമിന്റെ സാമൂഹികതയെ ഉള്‍കൊണ്ടുകൊണ്ട് ഫെമിനിസത്തിനെതിരെ രംഗത്തുവരുന്ന എഴുത്തുകാരി കൂടിയാണ് ബി.എസ് ഷെറിന്‍. അതുകൊണ്ടുതന്നെ ഈയൊരു നിരൂപണവും ഗ്രന്ഥകര്‍ത്താവിന്റെ ഫെമിനിസ്റ്റ് വിരുദ്ധ ആശയങ്ങളെ കേന്ദ്രീകരിച്ച് നിര്‍വഹിക്കാനാണ് ആഗ്രഹിക്കുന്നത്.
ഫെമിനിസം, മുസ്ലിം സ്ത്രീ, കർതൃത്വം, പര്‍ദ
ഒരു ലിബറല്‍ പ്രോഗ്രസീവ് പ്രോട്ടോക്കോളിനുള്ളില്‍ ജീവിക്കുന്ന മുസ്‌ലിമാണ് താനെന്ന് പുസ്തകത്തിന്റെ ഒടുക്കത്തില്‍ പറയുന്ന ബി.എസ് ഷെറിന്റെ വാദങ്ങളില്‍ ചില സന്ദര്‍ഭങ്ങളില്‍ അറിയാതെ നുഴഞ്ഞുകയറുന്ന ചില വൈരുദ്ധ്യാശയങ്ങളെ മാറ്റി നിര്‍ത്തിയാണ് ഉദ്ദിഷ്ട പുസ്തകം ഇവിടെ നിരൂപണം ചെയ്യപ്പെടുന്നത് എന്ന് ആദ്യമേ സൂചിപ്പിക്കട്ടെ. പ്രധാനമായും ഈ പുസ്തകത്തെ, അതിൽ കാര്യമായി ചർച്ചചെയ്യപ്പെടുന്ന ഫെമിനിസം, മുസ്ലിം സ്ത്രീ, കർതൃത്വം, പർദ തുടങ്ങിയ മേഖലകളിൽ നിന്നു കൊണ്ട് നിരൂപണവിധേയമാക്കലാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
ഘടന പരിശോധിക്കുമ്പോൾ പുസ്തകം ഒരു ശ്രേണീകൃത സ്വഭാവത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് പറയാൻ കഴിയും. ദേശീയതയിൽ തുടങ്ങി പെണ്ണുടലുകളിലേക്ക് ചർച്ച വ്യാപിക്കുകയും മുത്വലാഖ്, സ്ത്രീവിരുദ്ധ സംഭവങ്ങൾ, കുടുംബമൂല്യങ്ങൾ, സ്ത്രീ ആത്മകഥാവായനകൾ, പൗരത്വവും മതദൃശ്യതയും എത്തരത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നു, മുസ്‌ലിം സ്ത്രീ കേന്ദ്രീകൃത ഇസ്‌ലാം വിരുദ്ധത, ഫെമിനിസ്റ്റ് ക്രിറ്റിക് തുടങ്ങിയ ആശയസംവാദങ്ങളിലൂടെയാണ് പുസ്തകം രൂപപ്പെടുന്നത്.
ബി.എസ് ഷെറിൻ ഫെമിനിസത്തെ ചെറുക്കുന്നത്, “ആധുനികതയുടെ അളവുകോലുകളിലൂന്നി ലിബറലിസം, വ്യക്തിപരത തുടങ്ങിയ ആശയങ്ങൾ ഫെമിനിസത്തിൽ ചർച്ചചെയ്യുമ്പോൾ ആധുനികതക്ക് പുറത്ത് നിൽക്കുന്ന ഇസ്‍ലാം പോലുള്ള സമൂഹങ്ങളെ വിലയിരുത്താൻ ഫെമിനസത്തിനും പോരായ്കയുണ്ട്” എന്ന് വാദിച്ചുകൊണ്ടാണ്. കൂടാതെ, സമുദായത്തിലെ പുരുഷാധിപത്യത്തെ ചെറുത്തുകൊണ്ട് പുറത്ത് വരുന്ന സ്ത്രീ മുന്നേറ്റങ്ങളെ ചരിത്രപരമായും രാഷ്ട്രീയമായും ഇസ്‌ലാമിനെ മാറ്റിനിര്‍ത്തുന്ന ചിന്താഗതിയായാണ് ഷെറിന്‍ കാണുന്നത്. തുടർന്ന് ഇസ്‍ലാമിലെ പുരുഷാധിപത്യത്തെ ഷെറിന്‍ പ്രതിരോധിക്കുന്നത് ‘അത് മറ്റുസമുദായങ്ങളുമായി ബന്ധപ്പെട്ട താരതമ്യപഠനങ്ങളില്‍ നിന്നോ വസ്തുനിഷ്ടാപരമായ അനുഭവസാക്ഷ്യങ്ങളില്‍ നിന്നോ ഉടലെടുക്കുന്ന ഒന്നല്ലായെന്ന്’ പറഞ്ഞുകൊണ്ടാണ്. ഒപ്പം എന്തിനാണ് സ്ത്രീകളെല്ലാം സ്വാതന്ത്ര്യത്തിന് വേണ്ടി ദാഹിക്കുന്നവരാണെന്ന മുന്‍വിധിയെന്നും സ്വതന്ത്ര്യമോഹങ്ങള്‍ക്കപ്പുറം വ്യക്തിയെയും സമുദായത്തെയും മുന്നോട്ട് കൊണ്ട് പോകുന്ന അഭിവാഞ്ഛകളില്ലേയെന്നും ഷെറിന്‍ ചോദിക്കുന്നു. സെക്കുലര്‍ ഫെമിനിസ്റ്റ് വാര്‍പ്പുമാതൃകകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഒരിക്കലും ഇസ്‌ലാമിലെ സ്ത്രീയെ നോക്കിക്കാണാനാകില്ലെന്ന് (പേ.135) ഗ്രന്ഥകര്‍ത്താവ് തീര്‍പ്പിലെത്തുന്നതും കാണാം.
സ്ത്രീലിംഗനീതി സംവാദത്തില്‍ ഡോ. ബി.എസ് ഷെറിന്‍ മുസ്‌ലിം പുരുഷനെ കൊണ്ടുവരുന്നത് വളരെ മനോഹരമായാണ്, “മുസ്‍ലിം അസ്തിത്വം സംബന്ധിച്ച സമകാലിക സാഹചര്യങ്ങളില്‍, മുസ്‍ലിം സ്ത്രീക്ക് വേണ്ടിയുള്ള ലിംഗനീതിക്കായുള്ള അഹ്വാനങ്ങളില്‍ നിന്നും മുസ്‍ലിം പുരുഷനെ, അവരുടെ സാമുദായിക സ്വത്വത്തിന്റെ (മുസ്‍ലിം)ഭാഗമെന്ന നിലയിലും അവരുടെ രാഷ്ട്രീയ ഭാഗധേയത്തിലെ തുല്യപങ്കാളികളെന്ന നിലയിലും മാറ്റിനിര്‍ത്താനാകില്ല.” ഇവിടെ ഇരു ലിംഗങ്ങളുടെയും ചേർന്നു നിൽപ്പിനെയാണ് ഗ്രന്ഥകാരി സൂചിപ്പിക്കുന്നത്.
ലിബറല്‍ ഫെമിനിസ്റ്റ് ഉടയാടകളെ വലിച്ചൂരുന്നതിനോടൊപ്പം മുസ്‍ലിം സ്ത്രീയുടെ കര്‍തൃത്വത്തെ സംബന്ധിച്ചും ഗ്രന്ഥം വിശകലനം ചെയ്യുന്നുണ്ട്. അവിടെയാണ് ജുഡിത് ബട്‌ലറുടെയും സബാ മഹ്‌മൂദിന്റെയും കര്‍തൃത്വത്തെയും നിര്‍വാഹകത്വത്തെയും സംബന്ധിച്ചുള്ള ഡിബേറ്റ് ഷെറിന്‍ കൊണ്ടുവരുന്നത്. “കര്‍തൃത്വം (Agency) എന്ന സങ്കല്‍പം പാശ്ചാത്യധാരണകള്‍ക്ക് അടിസ്ഥാനമായി മാത്രം വ്യാഖ്യാനിക്കപ്പെടേണ്ടതാണോ?, വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കര്‍തൃത്വം കൈകൊള്ളുന്ന രാഷ്ട്രീയ നിലപാടുകള്‍ ചര്‍ച്ചചെയ്യപ്പെടേതല്ലേ?, സ്വാതന്ത്ര്യം അല്ലാതെ മറ്റു അഭിവാഞ്ഛകള്‍ വ്യക്തികളെ മുന്നോട്ട് കൊണ്ടുപോകുന്നില്ലേ?” (പേ.130-131) ഇത്തരം ചോദ്യങ്ങളുടെ പ്രാധാന്യത്തെ വകഞ്ഞുമാറ്റി ഫെമിനിസത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ബി.എസ് ഷെറിന്‍ പറഞ്ഞുവെക്കുന്നു. തുടർന്നാണ് ബട്‌ലറും സബാ മഹ്‌മൂദും തമ്മിലെ കര്‍തൃത്വം സംബന്ധിച്ച നിര്‍വചന സംവാദങ്ങളിലേക്ക് ഗ്രന്ഥകര്‍ത്താവ് പ്രവേശിക്കുന്നത്.
പുസ്തകത്തില്‍ കടന്നുവരുന്ന മറ്റൊരു പ്രധാന ചര്‍ച്ചാ വിഷയമാണ് പര്‍ദ്ദ. ഡോ. ബി.എസ് ഷെറിന്‍, Rethinking Muslim Women and the Veil (മലയാള വിവര്‍ത്തനം: മുസ്‍ലിം പെണ്ണും മുഖപടവും) എന്ന പ്രശസ്തമായ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവായ കാതറിന്‍ ബുള്ളോക്കിനെ ഉദ്ധരിച്ച് പറയുന്നത്, കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്യന്‍ പുരുഷന്റെ നോട്ടത്തെ പ്രതിരോധിച്ചിരുന്നതിനാലാണ് പര്‍ദയോടുള്ള പാശ്ചാത്യവിരോധം തുടങ്ങുന്നതെന്ന് എന്നാണ്. പര്‍ദയിലെ മനുഷ്യാവകാശലംഘനങ്ങള്‍ ചര്‍ച്ചചെയ്യുന്ന അത്ര തീവ്രതയില്‍, എന്തുകൊണ്ട് പര്‍ദ ഒരു ന്യൂനപക്ഷ സമുദായത്തിന്റെ പ്രതിരോധചിഹ്നമായി മാറുന്നതോ ബലമായി പര്‍ദ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതിലെ മനുഷ്യാവകാശ ലംഘനമോ ചര്‍ച്ചചെയ്യപ്പെടാറില്ല എന്ന് ഷെറിന്‍ ഗ്രന്ഥാവസാനം തുറന്നടിക്കുന്നുണ്ട്.
മുത്വലാഖ് വിവാദത്തെ ചർച്ച ചെയ്യുന്ന വേളയിൽ സ്ത്രീ ലിംഗ നീതി മനോഭാവത്തിൽ നിന്ന് അതിന്റെ ആവശ്യകതയും, ഒപ്പം മുത്വലാഖ് സ്ത്രീ വിരുദ്ധമാണെന്ന് പറയാൻ സമൂഹത്തിലെ മറ്റു മുസ്‌ലിം സ്ത്രീകളുടെ കൂടെ അഭിപ്രായങ്ങൾ പരിഗണിക്കണമെന്നും രചയിതാവ് ആവശ്യപ്പെടുന്നുണ്ട്. അതോടൊപ്പം ത്വലാഖ് സമ്പ്രദായം ഇസ്‍ലാമിലെ പുരുഷധിപത്യത്തെയാണ് അറിയിക്കുന്നത് എന്ന വാദത്തെ അഭിമുഖീകരിച്ച് ഷെറിൻ പറയുന്നത് പുരുഷനെ പോലെ ബന്ധം വേർപ്പെടുത്താൻ സ്ത്രീക്കും ഇസ്‍ലാമിൽ ഫസ്ഖ്, ഖുൽഅ് പോലോത്ത സംവിധാങ്ങൾ ഉണ്ട് എന്നാണ്.
തുടര്‍ന്ന് രചയിതാവ് വാദിക്കുന്നത് മുസ്‍ലിം സ്ത്രീയുടെ ആത്മീയത ഏകമുഖമല്ലെന്നും അതുകൊണ്ട് പര്‍ദപോലോത്ത മതകീയ വസ്ത്രങ്ങള്‍ക്ക് വിഭിന്നമായ രാഷ്ട്രീയമുണ്ട് എന്നുമാണ്. ഈ സാഹചര്യത്തില്‍, മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും കേരളത്തിലെ മുസ്‍ലിം സ്ത്രീയെ ആസ്പദമാക്കിയുള്ള പ്രബന്ധത്തില്‍ പി.എച്ച്.ഡി നേടിയ ഗ്രന്ഥകാരി പ്രമുഖ പാകിസ്താനി പണ്ഡിതയായ സബാ മഹ്‌മൂദിന്റെ പൊളിറ്റിക്‌സ് ഓഫ് പയറ്റിയെ തുടരെ തുടരെ ഉദ്ധരിക്കുന്നത് കാണാം. നമ്മുടെ ലിബറലിസം, ഏജന്‍സി, മതം തുടങ്ങിയവയെകുറിച്ചുള്ള ധാരണകളെ പാടെ പുനര്‍നിര്‍മിക്കുന്നതാണ് സബയുടെ Politics of Piety യെന്നും രചയിതാവ് കൂട്ടിച്ചേര്‍ക്കുന്നു. ഒപ്പം ഗ്രന്ഥാവസാനം എഴുത്തുകാരി നിരന്തരം ചര്‍ച്ചക്കെടുക്കുന്ന, വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണ് ഷംഷാദ് ഹുസൈന്റെ കേരളീയ സമൂഹം: ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയില്‍ എന്ന പുസ്തകം.
പുസ്തകത്തില്‍ രചയിതാവ് നിരന്തരം വാദത്തിലേര്‍പ്പെടുന്നത്, ആഗോളവനിതകളുടെ ലിംഗനീതിക്കായുള്ള പോരാട്ടം ജെന്‍ഡര്‍ ജിഹാദാണെന്ന് പറഞ്ഞ ആമിനാ വദൂദ്, Women and Islam മിന്റെ രചയിതാവായ ഫാത്വിമ മെര്‍നീസി, Standing Alone in Makkah രചിച്ച അസ്‌റ നൊമാനി തുടങ്ങിയ പാശ്ചാത്യ ലിബറല്‍ മൂല്യാടിസ്ഥാനത്തില്‍ ഇസ്‍ലാമിനെ പുനര്‍നിര്‍മിക്കാന്‍ ശ്രമിക്കുന്ന, ഇസ്‍ലാമിക് ഫെമിനിസത്തിന്റെ ലേബലില്‍ മുസ്‍ലിം സ്ത്രീയുടെ നവോത്ഥാന പ്രക്രിയക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില 'സ്വാതന്ത്ര്യ സമര നേതാക്കളെയാണ്'. ഒപ്പം തസ്ലിമ നസ്‌റിന്‍, നവാല്‍ അല്‍ സഅദാവി, മുക്തര്‍ മായി തുടങ്ങിയവരെയും ഇസ്‍ലാമിനെ കുറിച്ചുള്ള അവരുടെ മുന്‍വിധികളാണ് അവരെ പാശ്ചാത്യഅഭിമതരാക്കുന്നതെന്ന് ഷെറിന്‍ അഭിപ്രായപ്പെടുന്നുണ്ട്. പുസ്തകത്തില്‍ ഇസ്‍ലാമിക് ഫെമിനിസത്തെ കുറിച്ച് പറയുന്ന ഗ്രന്ഥകര്‍ത്താവ് അതിന്റെ അപടകടങ്ങളെ കുറിച്ച് വാചാലമാകുന്നതിനപ്പുറം അതിന്റെ സാധ്യതകളെയാണ് ചര്‍ച്ചചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് യൂറോപ്പ് അധിഷ്ഠിത ലിബറല്‍ ഹ്യൂമനിസ്റ്റ് മൂല്യങ്ങള്‍ക്കും പാശ്ചാത്യആധുനികതക്കും ബദലായ ഒരു തനത് ഫെമിനിസ്റ്റ് സാധ്യത ഇസ്‍ലാമിക് ഫെമിനിസം പരിശോധിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞുവെക്കുന്നത്.
തീര്‍ച്ചയായും ഒരു തുടര്‍ വായനക്ക് പ്രേരിപ്പിക്കുന്നതാണ് ഡോ. ബി.എസ് ഷെറിന്റെ ഈ പുസ്തകമെന്ന് പറയാം. കൂടാതെ കാമ്പുള്ള, കൃത്യമായ വാദങ്ങളാണ് ഗ്രന്ഥകാരി പുസ്തകത്തില്‍ കൊണ്ടുവരുന്നത്. 2018ൽ ആദ്യമായി പുറത്തിറങ്ങിയ ഈ ഗ്രന്ഥം 139 പേജുകളിലായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.180 രൂപയാണ് പുസ്തകത്തിന്റെ വില. ഈ പുസ്തകത്തിന്റെ പുനപ്രസിദ്ധീകരണം ഏറ്റെടുത്ത മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ അധികൃതര്‍ക്കും ബുക്ക് പ്ലസിനും വായനക്കാരനെന്ന നിലയില്‍ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Leave A Comment