നവൈതു -21. അവസാന പത്ത്: ദാനധര്‍മ്മത്തിന്റെ നാളുകള്‍
വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിശ്വാസികളെല്ലാം ആരാധനാകര്‍മ്മങ്ങളില്‍ കൂടുതല്‍ മുഴുകുകയും ദാനധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ദിവസങ്ങളാണ് ഇനി. ഈ ദിനങ്ങളിലെ പ്രവാചകരുടെ ദാനധര്‍മ്മങ്ങള്‍ക്ക്, അടിച്ച് വീശുന്ന കാറ്റിനേക്കാള്‍ വേഗമുണ്ടായിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. അതില്‍നിന്നാണ് സമുദായം പ്രചോദനം ഉള്‍ക്കൊള്ളുന്നത്. ലോകത്ത് ഇത്രമേല്‍ ദാനധര്‍മ്മങ്ങള്‍ നടക്കുന്ന മറ്റൊരു സമയം ഉണ്ടാവണമെന്നില്ല.
ഇതരരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊള്ളാനാവുകയും അവരുടെ വേദനയില്‍ കൂടെ നില്‍ക്കാനാവുകയും ചെയ്യുക എന്നതാണ് റമദാനിന്റെ വലിയൊരു സന്ദേശം. നാഥന്‍ നല്കിയത് തനിക്ക് മാത്രമല്ലെന്നും അത് ഇല്ലാത്തവന് കൂടി അവകാശപ്പെട്ടതാണെന്നുമുള്ള ചിന്തക്ക് ആ ബോധ്യം ആക്കം കൂട്ടും. ചോദിച്ചു വരുന്നവനും നല്കപ്പെടാത്തവനും അവരുടെ സ്വത്തുകളില്‍ അവകാശമുണ്ട് എന്ന് വിശ്വാസികളെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നതും അത് തന്നെയാണ്.
ഇത്രമേല്‍ ഭംഗിയായി ഭൂമിയെയും സപ്താകാശങ്ങളെയും സൂര്യചന്ദ്രനക്ഷത്രാദികളെയുമെല്ലാം സൃഷ്ടിച്ച തമ്പുരാന്, മനുഷ്യര്‍ക്കെല്ലാം ഒരു പോലെ സമ്പത്തും വിഭവങ്ങളും നല്കുക എന്നത് പ്രയാസമുള്ള കാര്യമേ അല്ല. എന്നിട്ടും അവന്‍ വിഭവവിതരണത്തില്‍ അസന്തുലിതാവസ്ഥ ബാക്കി വെച്ചത് തന്നെ, അത് പൂര്‍ണ്ണമാക്കാനുള്ള അവസരം നമുക്ക് നല്കാന്‍ വേണ്ടിയാണ്.
ഭൂമിയിലെ മനുഷ്യര്‍ക്ക് ആവശ്യമായതെല്ലാം ഭൂമിയിലുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അഥവാ, എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ആവശ്യമായ വിഭവങ്ങളെല്ലാം ഇവിടെ സംവിധാനിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, ആവശ്യത്തിലുപരി ആര്‍ത്തി പിടികൂടിയാല്‍ ഒരാളുടെ ആര്‍ത്തിയെ പോലും തൃപ്തിപ്പെടുത്താന്‍ ഭൂമിയിലുള്ളതിന് മുഴുവനും തികയില്ലെന്നും അവര്‍ പറയുന്നു. ആദമിന്റെ പുത്രന്‍, എന്റെ സ്വത്ത്, എന്റെ സ്വത്ത് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും, അവന്റെ വായ നിറക്കാന്‍ മണ്ണിനല്ലാതെ (മരണപ്പെട്ട് മണ്ണിലേക്കുള്ള മടക്കം) സാധിക്കില്ലെന്ന പ്രവാചക വചനം ഇത് തന്നെയാണ് നമ്മോട് പറയുന്നത്.
Read More: നവൈതു 20 - രണ്ടാം പത്ത് വിട പറയുമ്പോള്‍
ഈ ആര്‍ത്തിയെ ഇല്ലാതാക്കുക കൂടിയാണ് വിശുദ്ധ റമദാന്‍ ലക്ഷീകരിക്കുന്നത്. തന്റേതെന്ന് കരുതുന്നതിലെല്ലാം ഇല്ലാത്തവന് കൂടി അവകാശമുണ്ടെന്ന് അത് വിശ്വാസിയെ പഠിപ്പിക്കുന്നു. മുപ്പത് ദിവസം നോമ്പെടുത്ത് പെരുന്നാള്‍ വരുമ്പോള്‍, അന്നത്തെ ദിവസത്തേക്ക് ആവശ്യമായത് കഴിച്ച് വല്ലതും ബാക്കിയുള്ളവന്‍ ഇല്ലാത്തവന് ഒരു ദിവസത്തെ ഭക്ഷണത്തിന് ആവശ്യമായത് നല്കണമെന്ന് പറയുന്നതും, ഈ സമത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണവും പ്രയോഗവുമാണ്. പെരുന്നാളിന്റെ രണ്ടാം ദിവസം നീ വിശന്നിരുന്നാലും വേണ്ടില്ല, ഒന്നാം ദിനം നിന്റെ അയല്‍വാസി കൂടി ഭക്ഷണം കഴിക്കട്ടെ എന്നാണ് സകാതുല്‍ഫിത്റ് നമ്മോട് പറയുന്നത്.
ഈ റമദാനിലെ ഒരു നവൈതു അതിന് കൂടിയായിരിക്കട്ടെ. അല്ലാഹു തനിക്ക് നല്കിയ സ്വത്ത് തനിക്ക് മാത്രമുള്ളതല്ലെന്നും അത് ഇല്ലാത്തവന് കൂടി അവകാശപ്പെട്ടതാണെന്നുമുള്ള ചിന്ത സദാ നമ്മുടെ കൂടെയുണ്ടാവട്ടെ.
Leave A Comment