നവൈതു 24 - സലാം പറയുന്നത് നമുക്കൊരു ശീലമാക്കാം

ഒരു മുസ്‍ലിമിന് മറ്റൊരു മുസ്‍ലിമിനോടുള്ള ബാധ്യതകള്‍ എണ്ണിപ്പറയുന്ന അനേകം ഹദീസുകള്‍ കാണാം. അവയിലെല്ലാം ആദ്യത്തേതായി പറയുന്നത്, കണ്ട് മട്ടുമ്പോള്‍ സലാം പറയുക എന്നതാണ്. മറ്റൊരു ഹദീസ് ഇങ്ങനെ മനസ്സിലാക്കാം, വിശ്വാസികളാവുന്നത് വരെ നിങ്ങള്‍ സ്വര്‍ഗ്ഗാവകാശികളാവുകയില്ല, പരസ്പരം സ്നേഹമുണ്ടാകുന്നത് വരെ വിശ്വാസികളാവുകയുമില്ല. നിങ്ങള്‍ക്കിടയില്‍ സ്നേഹമുണ്ടാവാന്‍ സഹായകമാവുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞ് തരാം, പരസ്പരം പരമാവധി സലാം പറയുന്നത് വര്‍ദ്ധിപ്പിക്കുക.

ഒരു വിശ്വാസിയുടെ അഭിവാദ്യരീതിയാണ് സലാം. താങ്കളുടെ മേല്‍ അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ എന്നാണ് അതിലൂടെ ആശംസിക്കുന്നത്. ഒരാള്‍ക്ക് തന്റെ സഹോദരന് നല്കാവുന്ന ഏറ്റവും വലിയ ഉപഹാരമാണ് ആത്മാര്‍ത്ഥമായ മനസ്സോടെയുള്ള ഈ പ്രാര്‍ത്ഥന എന്ന് പറയാം. ഇങ്ങോട്ട് ആശംസിച്ചതിനേക്കാള്‍ ഭംഗിയായി തിരിച്ച് അങ്ങോട്ടും പറയണമെന്ന് കൂടി ഇസ്‍ലാം നിഷ്കര്‍ഷിക്കുന്നു. ഓര്‍ത്തുനോക്കിയാല്‍ പരസ്പരം സ്നേഹമുണ്ടാവാന്‍ ഏറ്റവും നല്ല ഉപായം ഇത് തന്നെ. 

ഹദീസുകളില്‍നിന്ന്, ഈ അഭിവാദ്യരീതിയുടെ പ്രാധാന്യവും പ്രയോഗത്തിലൂടെ ഇതിന്റെ സ്നേഹോഷ്മളതയും ഉള്‍ക്കൊണ്ടത് കൊണ്ടാവാം, മുസ്‍ലിം നാടുകളില്‍ ഇത് സര്‍വ്വസാധാരണമാണ്. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും നീ സലാം പറഞ്ഞുകൊണ്ടേയിരിക്കുക എന്ന പ്രവാചകാധ്യാപനത്തിന്റെ പ്രയോഗം അവിടങ്ങളില്‍ നമുക്ക് കാണാനാവുന്നു. 

എന്നാല്‍ നമ്മുടെ പരിസരങ്ങളിലേക്ക് വരുമ്പോള്‍, നമുക്കിടയില്‍ പോലും സലാം പറയുന്നത് വേണ്ടത്ര പ്രചാരത്തിലായിട്ടില്ലെന്ന് പറയാം. സലാം പറഞ്ഞു കൊണ്ട് ജോലിക്ക് പോവുകയും വീട്ടിലേക്ക് തിരിച്ച് വരികയും ചെയ്യുന്ന ഗ്രഹനാഥന്‍, സ്കൂളിലേക്കും മദ്റസയിലേക്കുമെല്ലാം പോകുമ്പോഴും തിരിച്ച് വരുമ്പോഴും സലാം പറയുന്ന മക്കള്‍, മക്കളോടും വീട്ടിലുള്ളവരോടും സലാം പറഞ്ഞ് പുറത്ത് പോവുന്ന ഉമ്മമാര്‍, ഇടക്കിടെ പുഞ്ചിരിക്കുന്ന മുഖവുമായി സലാം പറഞ്ഞെത്തുന്ന അതിഥികള്‍... ഇതെല്ലാമാണ് ഒരു വിശ്വാസിയുടെ വീട്ടിലെ ദൃശ്യങ്ങളെന്ന് പറയാം. ഇങ്ങനെയെല്ലാം ആണെങ്കില്‍ എത്ര സുന്ദരവും സമാധാന പൂര്‍ണ്ണവുമായിരിക്കും നമ്മുടെ വീടകങ്ങള്‍. 

Read More: നവൈതു 23 - ഖല്‍ബുന്‍സലീം ... അതാണ് ഏറ്റവും പ്രധാനം

മക്കള്‍ ലഹരിക്കും മയക്കുമരുന്നിനും അടിമപ്പെടുന്നു എന്ന വിലപിക്കുന്ന ഇക്കാലത്ത്, അതിനുള്ള പ്രതിരോധമായും നമുക്ക് ഈ സലാം പറച്ചിലിനെ കാണാം. പല മക്കളും വീട്ടില്‍ അനുഭവിക്കുന്ന സ്നേഹരാഹിത്യമാണ് അവരെ സുഹൃത്തുക്കളിലേക്ക് കൂടുതലായി ആകൃഷ്ടരാക്കുന്നത്. അതിലൂടെയാണ് പലരും ഇത്തരം കെണിവലകളില്‍ ചെന്നുചാടുന്നത്. വാപ്പയും ഉമ്മയും മക്കളുമെല്ലാം പരസ്പരം സലാം പറഞ്ഞ് തുടങ്ങുന്നതോടെ, അവര്‍ക്കിടയില്‍ സ്നേഹം പൂത്തുലയും. തനിക്ക് ഏറ്റവും വിലപ്പെട്ടതും സ്നേഹം ലഭിക്കുന്നതുമായ ഇടം തന്റെ വീട് തന്നെയാണെന്ന ബോധം അത് മക്കളിലുണ്ടാക്കും. 

ചുരുക്കത്തില്‍, സലാം പറയുന്നത് വലിയൊരു ആയുധമാണ്. ഈ റമദാനില്‍ നമുക്ക് അത് കൂടി പൂര്‍വ്വോപരി നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കാം. ഒരു നവൈതു അതിനും ആവട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter