സംഘടനാ ഫാഷിസം പിടിമുറുക്കുകയാണോ

കഴിഞ്ഞ ആഴ്ച, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമായുടെ അധ്യക്ഷന്റെ മരണ വാര്‍ത്തയോടുണ്ടായ ചിലരുടെ പ്രതികണങ്ങളാണ് ഈ കുറിപ്പിന് പ്രേരകം. പുത്തനാശയക്കാരെന്ന് വിളിക്കുന്ന ബിദഈ കക്ഷികളോട് കടുത്ത നിലപാടുകള്‍ സ്വീകരിക്കാത്തവരാണെന്നും ആയതിനാല്‍ ഇവരൊക്കെ മതത്തില്‍നിന്ന് പുറത്താണോ എന്ന് വരെ സംശയിക്കണമെന്നുമായിരുന്നു ആ മഹാനായ പണ്ഡിതനെ കുറിച്ച് ഒരാളുടെ പ്രതികരണം, അതും സാമൂഹ്യമധ്യമത്തില്‍ എല്ലാവരും കാണുന്ന ചുമരില്‍ തന്നെ അത് കുറിക്കുകയും ചെയ്തു.

മുമ്പും ചില സന്ദര്‍ഭങ്ങളിലൊക്കെ ഇത്തരം ചില അമാന്യവും പ്രതിപക്ഷ ബഹുമാനം പോയിട്ട്, മുസ്‍ലിമെന്ന പരിഗണ പോലും നല്കാത്ത പല നിലപാടുകളും ചിലരില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഇതെല്ലാം കാണുമ്പോഴാണ്, തവാചകത്തില്‍ പറഞ്ഞതു പോലെ ചിന്തിച്ചുപോകുന്നത്, നാം പോലും അറിയാതെ സംഘടനാ തീവ്രവാദികളായി മാറുന്ന ഈ സ്വഭാവം, ഇത് തന്നെയല്ലേ ഫാഷിസം.

ഹിജ്റ ആറാം നൂറ്റാണ്ടാണ് ശൈഖ് ജീലാനിയുടെ പ്രധാനകര്‍മ്മ കാലം. സ്വൂഫി പരമ്പരയുടെ അമരക്കാരനായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ സുപ്രധാന സേവനങ്ങളിലൊന്ന് ഖാദിരിയ്യാ പാഠശാലയായിരുന്നു. കേവലം ഒരു മതപഠന കേന്ദ്രം ആയിരുന്നില്ല അത്. അന്നത്തെ ഇസ്‍ലാമിക രാഷ്ട്രത്തിന്റെ സിംഹഭാഗങ്ങളിലും വളരെ വേഗം സ്വാധീനം ചെലുത്തിയ, ഒരു വൈജ്ഞാനിക നവോത്ഥാനമായിരുന്നു അത്. 

പല വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി മാറി (കര്‍മ്മ ശാസ്ത്ര മദ്ഹബുകളുടെ പേരില്‍ പോലും തീവ്രത വര്‍ദ്ധിച്ച് പരസ്പരം യുദ്ധങ്ങളും ആക്രമണങ്ങളും വരെ നടന്നിരുന്നു അന്ന്) പരസ്പരം കടിച്ചുകീറിയിരുന്ന മുസ്‍ലിം സമുദായത്തെ, വിഭാഗീയതകള്‍ക്കും അഭിപ്രായാന്തരങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം മാത്രം നല്കിയാല്‍ മതിയെന്നും അവയിലെല്ലാമുപരിയായി നിലനില്‍ക്കേണ്ടത് മുസ്‍ലിം എന്ന അസ്തിത്വമാണെന്നുമുള്ള ചിന്തയുടെ പ്രസാരണമായിരുന്നു ആ പഠനരീതിയുടെ അന്തസ്സത്ത. കഅ്ബയെ ഖിബ്‍ലയാക്കി തിരിഞ്ഞ് നിന്ന് നിസ്കരിക്കുന്ന ആരെയും മതത്തില്‍നിന്ന് പുറത്താക്കേണ്ടതില്ലെന്നായിരുന്നു ആ സിലബസിലെ ആദ്യപാഠം. 

Also Read: സമുദായമേ, നിന്റെ കാര്യമെത്ര കഷ്ടം...

അധികം വൈകാതെ സമാനമായ ആശയം പ്രസാരണം ചെയ്യുന്ന പല മദ്റസകളും പല രാജ്യങ്ങളിലായി ഉയര്‍ന്നുവന്നു. അവയില്‍നിന്ന് പഠിച്ചിറങ്ങിയ പണ്ഡിതര്‍ വിവിധ നാടുകളിലെത്തി സാധാരണക്കാരെപോലും ആ നിലവാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. ഭരണം കൈയ്യാളുന്നവരില്‍ ചിലരൊക്കെ ഇതില്‍ ആകൃഷ്ടരാവുകയും വക്താക്കളായി മാറുകയും ചെയ്തു. മറ്റു ചിലര്‍ പൊതുജനങ്ങള്‍ ഇതിന്റെ പിന്നിലാണെന്ന് മനസ്സിലാക്കി കൂടെ നിന്നു. 

സമീപഭാവിയില്‍ തന്നെ, ഈ പാഠശാലകളില്‍ പഠിച്ചിറങ്ങിയവരോ ഈ സന്ദേശം ആത്മാര്‍ത്ഥമായി മനസ്സിലേറ്റുകയോ ചെയ്തവരാണ് ഭരണസിരാകേന്ദ്രങ്ങള്‍ കൈയ്യാളിയതും നിയന്ത്രിച്ചതും. നൂറുദ്ദീന്‍ സങ്കിയും സ്വലാഹുദ്ദീന്‍ അയ്യൂബിയുമൊക്കെ ഇങ്ങനെയായിരുന്നു ജന്മമെടുത്തത്. അഥവാ, മുസ്‍ലിം സമുദായം ഇന്നും രോമാഞ്ചത്തോടെ മാത്രം ഓര്‍ക്കുന്ന ഖുദ്സിന്റെ മോചനം സംഭവിച്ചത് പോലും ഈ വൈജ്ഞാനിക പരിഷ്കരണത്തിന്റെ ഫലമായിരുന്നു എന്നര്‍ത്ഥം. 

ഇത് വിശുദ്ധ ഖുര്‍ആന്‍ നേരത്തെ വളരെ വ്യക്തമായി പറഞ്ഞുതന്നതുമാണ്, നിങ്ങള്‍ ഭിന്നിക്കരുത്, (ഭിന്നിച്ചാല്‍) നിങ്ങള്‍ പരാജയപ്പെടുകയും കാറ്റ് പോവുകയും (ധൈര്യം ചോരുകയും വീര്യം നശിക്കുകയും) ചെയ്യും. (അന്‍ഫാല്‍-46).

ആയതിനാല്‍, സംഘടനാ ഫാഷിസം ബാധിക്കാതെ നോക്കിയാല്‍ ഉമ്മതിന് നല്ലത്. അല്ലാത്ത പക്ഷം, ബാക്കിയുള്ള കാറ്റ് കൂടി പോയാല്‍ പിന്നെ, മറ്റുള്ളവര്‍ ചവിട്ടിക്കടന്ന് പോയാല്‍ പോലും ഒന്നും ചെയ്യാനാവാതെ നിലത്ത് തന്നെ കിടക്കുന്ന ദുസ്ഥിതിയാവും വരിക. ഈ പഴഞ്ചൊല്ലും കതിര്‍ തന്നെയാണ്, പതിരല്ല, കണ്ടറിയാത്തവന്‍ കൊണ്ടറിയും

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter