പരസ്പര പൂരകങ്ങളായി വര്‍ത്തിച്ച ചാരുദൃശ്യങ്ങള്‍  - ഭാഗം 2

മതങ്ങള്‍ക്കതീതമായ സംരക്ഷണ വലയം

ഇസ്‌ലാമിക ഭരണത്തിന്റെ അവസാന ഭാഗത്ത് നിർഭാഗ്യവശാൽ ഭരണ കർത്താക്കളും മത പണ്ഡിതരും തമ്മിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. തങ്ങളുടെ ഇംഗിതങ്ങൾക്ക് വശംവദരാകാത്ത പണ്ഡിതരെ അധികാര ഹുങ്ക് കൊണ്ട് അടിച്ചമർത്തി. പലർക്കും പൊതുധാരയിൽ നിന്ന് അകന്ന് മരണസമയം വരെ സ്വകാര്യാജീവിതം നയിക്കേണ്ട സ്ഥിതിയായിരുന്നു. ഭരണ കർത്താക്കളുടെ ദുഷ്ചെയ്തികളിൽ നിന്ന് നാടുവിടേണ്ടി വന്ന പണ്ഡിതർക്ക് പലപ്പോഴും സംരക്ഷണമൊരുക്കിയിരുന്നത് ഇതര മതാനുകൂലികളായിരുന്നു. സ്പെയിൻ ഭരണാധിപൻ ഹകമിനോടുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് നാടുവിട്ട വിശിഷ്ട പണ്ഡിതൻ ത്വാലൂത് ബ്ൻ അബ്ദുൽ ജബ്ബാറി (റ) ന് ഒരു വർഷക്കാലം അഭയം തീർത്തത് ഒരു ജൂത വിശ്വാസിയായിരുന്നു. ഒരു വർഷത്തിന് ശേഷം തിരികെയെത്തിയ ഇമാം, ഹകിമിന്റെ മന്ത്രിയായിരുന്ന അബുൽ ബസ്സാമിനെ സ്വകാര്യമായി കണ്ടു അഭയം ആവശ്യപ്പെട്ടു. അദ്ദേഹത്തെ സംരക്ഷിക്കുന്നതിന് പകരം രാജാവിന് ഒറ്റിക്കൊടുക്കുകയിരുന്നു മന്ത്രി ചെയ്‌തത്‌. കാലങ്ങൾക്കു ശേഷം പരസ്പര വിരോധം തീർന്ന  സമയത്ത്, ജൂതൻ നൽകിയ സംരക്ഷണവും മന്ത്രിയുടെ ചതിയും ഹകമിന്റെ കാതിലെത്തി. നടപടിയൊന്നോണം  മന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും  ജൂതനെ വിളിച്ചു വരുത്തി പാരിതോഷികം നൽകുകയും ചെയ്തുവത്രെ.

മറ്റൊരു സംഭവം ഖത്വീബുൽ ബാഗ്ദാദി ‘ബാഗ്ദാദിന്റെ ചരിത്ര’ത്തിൽ ഇമാം ഇസ്മാഈൽ ബ്നു ഇസ്ഹാഖ് അൽ മാലികിയെ ഉദ്ധരിച്ചു കൊണ്ട് വിവരിക്കുന്നു; മാലികി മദ്ഹബിന് ഇറാഖിൽ പ്രചാരം നേടിക്കൊടുത്ത പണ്ഡിതനാണ് ഇമാം ഇസ്മാഈൽ. അദ്ദേഹത്തെ ഒരുവേള ക്രിസ്ത്യാനിയായ രാജ്യ ഗവർണർ സന്ദർശിക്കാനിടയായി. വളരെ ഊഷ്മളമായി, ഉപചാര പൂർവ്വമായിരുന്നു ശൈഖവർകൾ ഗവർണറെ വരവേറ്റത്. ക്രിസ്ത്യാനിയായ ഗവർണറെ ഇങ്ങനെ സ്വീകരിച്ചിരുത്തിയത് കൂടെയുണ്ടായ ജനങ്ങളിൽ അവമതിപ്പുണ്ടാക്കി. ഇതറിഞ്ഞ മഹാനവർകൾ, ഗവർണർ തിരിച്ച് പോയതിന് ശേഷം ജനങ്ങളെ ഒരുമിച്ചു കൂട്ടുകയും ഒരു രാജ്യത്തു ജീവിക്കുമ്പോൾ അതിലെ അധികാര വർഗ്ഗത്തെ അംഗീകരിക്കലാണ് വിശ്വാസിയുടെ കടമയെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു.

കുരിശു യുദ്ധകാലത്ത്, അക്കാ പ്രവിശ്യ (ഇന്നത്തെ ഇസ്റായേൽ പ്രദേശം) യിലെ മുസ്‌ലിംകളെ കുരിശ് പടയാളികൾ ഉപരോധിച്ചതറിഞ്ഞ സുൽത്താൻ സലാഹുദ്ദീൻ അയ്യൂബി അവിടേക്ക് കപ്പൽ പടയെ സജ്ജമാക്കി അയച്ചിരുന്നു. മുസ്‌ലിം സൈനികർക്കൊപ്പം ഈ സംഘത്തിൽ ബൈറൂത്തിൽ നിന്നുള്ള ക്രിസ്ത്യൻ സഹോദരങ്ങളും മുൻ നിരയിലുണ്ടായിരുന്നു.

കുരിശ് യുദ്ധം നടന്നുകൊണ്ടിരിക്കെ, ജനങ്ങളിൽ നിന്നും ഒഴിഞ്ഞിരുന്ന് ലെബനൻ പർവ്വത താഴ്‌വാരങ്ങളിൽ ആരധനാ നിമഗ്നരായിരുന്ന മുസ്‍ലിം പരിത്യാഗികൾക്ക് ഭക്ഷണ പാനീയങ്ങൾ സ്ഥിരമായി എത്തിച്ചിരുന്നത് സമീപ വാസികളായ ക്രിസ്തീയ സഹോദരങ്ങളായിരുന്നുവെന്ന്  ഇബ്നു ജുബൈർ തന്റെ യാത്രാ വിവരണ ഗ്രന്ഥത്തിൽ  പരാമർശിക്കുന്നുണ്ട്. ഈ പ്രദേശത്തുണ്ടായിരുന്ന  പല മസ്ജിദുകളുടെയും പരിപാലനവും കാലങ്ങളോളം ഇതര മതസ്ഥർ നിർവഹിച്ചു പോന്നിരുന്നു.

ഹി. 1338/ ക്രി. 1919 ൽ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഈജിപ്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ നടന്നു കൊണ്ടിരിക്കെ അൽ അസ്ഹർ മസ്ജിദിലെ മിമ്പറിൽ കയറി ഖിമ്മസ് സർജിയോസ് എന്ന കോപ്റ്റിക്ക് പുരോഹിതന്‍, തലയെടുപ്പുള്ള അനേകം മുസ്‍ലിം പണ്ഡിതർക്കു സമക്ഷം നടത്തിയ സമരാഹ്വാന പ്രഭാഷണം ചരിത്രത്തിൽ ഇടം പിടിച്ചതാണ്. ഒരു അന്യ മത വിശ്വാസി അൽ അസ്ഹർ മസ്ജിദിന്റെ മിമ്പറില്‍ രാഷ്ടീയ പ്രഭാഷണം നടത്തിയത് മാത്രം മതി ആ കാലഘട്ടത്തിലെ സാമൂഹിക സൗഹൃദത്തിന്റെ വ്യാപ്തി മനസ്സിലാക്കാൻ.

സന്തോഷങ്ങൾ ആഘോഷങ്ങൾ

പ്രതിസന്ധികളും പ്രയാസങ്ങളും സംഘടിതമായി നേരിട്ട പോലെ  തന്നെ പരസ്പര സന്തോഷങ്ങളിലും ആഘോഷങ്ങളിലും തുടർന്നു ആ ഐക്യദാർഢ്യം. അബ്ബാസി ഭരണകൂട ക്രമത്തിന് സംസ്ഥാപനം കുറിച്ച് കൊണ്ട് സുൽത്താൻ മുൻതസിർ പ്രഥമ ഭരണാധികാരിയായി അവരോധിതനായ ചരിത്ര മഹൂർത്തത്തിൽ, ബൈബിൾ ഉയർത്തിപ്പിടിച്ചു ക്രൈസ്തവരും ഇൻജീൽ ഉയർത്തിപ്പിടിച്ചു ജൂതരും അദ്ദേഹത്തെ അകമ്പടി സേവിച്ചിരുന്നു.

അമവി കാലം തൊട്ടു ക്രിസ്ത്യാനികൾ തങ്ങളുടെ ചടങ്ങുകളും ഉത്സവങ്ങളും നടത്തിയിരുന്നത് പൊതുനിരത്തുകളിലായിരുന്നു, കുരിശ് ചുമന്നുള്ള ഘോഷയാത്രകൾ നഗരങ്ങളിലെ സ്ഥിര കാഴ്ചയായി മാറി. പല ഭാഗങ്ങളിലും മത മേധാവികൾക്ക് തങ്ങളുടെ മേഖലകളിൽ പൂർണ്ണ സ്വാതന്ത്ര്യം നൽകുകയും അനുയായികളുടെ മേൽ തീരുമാനമെടുക്കാനുള്ള അധികാരം അനുവദിക്കുകയും ചെയ്തിരുന്നു.

വൈവിധ്യമാർന്ന ക്രിസ്തീയ ആഘോഷങ്ങൾ ഋതുഭേദങ്ങൾ മനസ്സിലാക്കാനുള്ള പോംവഴി കൂടിയായിരുന്നു ജനങ്ങൾക്ക്. ഈസ്റ്റർ അടുത്താൽ വസന്തമായെന്നും, പെന്തക്കോസ്തു് പെരുന്നാള്‍ സമാഗതമായാൽ ഉഷ്ണമായെന്നും, ക്രിസ്തുമസ് ശൈത്യ കാലമായെന്നും ബാർബറ  പെരുന്നാളായാൽ മൺസൂൺ ആയെന്നും കണക്കാക്കി പോന്നു. ഇതെല്ലം ജനങ്ങളുടെ ജീവിതത്തോട് അത്രത്തോളം ഇണങ്ങി ചേർന്നതായിരുന്നവെന്നു ചുരുക്കം.

കുത്തഴിഞ്ഞ രീതിയിലുള്ള മതകീയ കൂടിച്ചേരലുകൾ വ്യാപകമായ സാഹചര്യത്തിൽ മുസ്‌ലിം പണ്ഡിതൻമാർക്ക് ഇടപെടേണ്ടി വന്നിട്ടുണ്ട് എന്നതും വസ്തുതയാണ്. അക്കാലത്ത് വിരചിതമായ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇതര മതസ്ഥരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാവോ എന്നതിനെ കുറിച്ച് സവിസ്തരം ചർച്ച   ചെയ്തതായി കാണാം. പരസ്പര വിവാഹങ്ങളിൽ, സല്കാരങ്ങളിൽ ഇടതടവില്ലാതെ സർവരും സംബന്ധിച്ചിരുന്നു. പേർഷ്യക്കാരനായ സൗരാഷ്ട്ര മത പ്രമുഖന്റെ സൽക്കാര വിരുന്നിൽ അബ്ദുല്ലാഹിബിൻ മുബാറക്(റ) സംബന്ധിച്ചതിനെ കുറിച്ച് അദ്ദേഹത്തിന്റെ തന്നെ ജീവചരിത്രത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. സമൂഹത്തിലെ അധസ്ഥിത വിഭാഗങ്ങളെയും  നിരാലംബരെയും, മതങ്ങൾക്കപ്പുറം അകമഴിഞ്ഞ് സഹായിച്ചിരുന്ന സുന്ദര കാഴ്ചകൾ ആ കാലഘട്ടത്തെ കൂടുതൽ പ്രോശോഭിതമാക്കി നിർത്തി.

ഈ സാംസ്കാരിക സഹകരണം പലപ്പോഴും മതകീയ ആരാധനാ കർമ്മങ്ങൾ അനുഷ്ടിക്കുന്നതിൽ വരെ  എത്തിനിന്നു. വരൾച്ചാ സമയങ്ങളിലും കടുത്ത ക്ഷാമം അനുഭവപ്പെട്ട സമയങ്ങളിലും  നടന്നിരുന്ന മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനാ നിസ്കാരങ്ങളിൽ ഇതര മതസ്ഥരെയും പങ്കെടുപ്പിച്ചിരുന്നു.  മുഴുവൻ പ്രദേശവാസികളെയും പ്രാർത്ഥനകളിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ച് അമവി ഭരണാധികാരി യസീദ് ബ്നു അബ്ദുൽ മലിക്ക് തന്റെ ഗവർണർമാർക്ക് കത്തെഴുതിയത് സ്മരണീയമാണ്. അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതൻമാരും ഇതിനോട് അനുകൂല സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഹിജ്റ 288/ ക്രി. 901 ൽ നൈൽ നദിയിലെ ജലക്ഷാമം ഈജിപ്തിലെ കൃഷികളെ പ്രതികൂലമായി ബാധിച്ച  സമയത്ത് മൂന്ന് പ്രബല മതവിഭാഗങ്ങളും തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങൾ ഉയർത്തിപ്പിടിച്ച് ഒഴിഞ്ഞ മരുപ്രദേശത്ത് ഒരുമിച്ചിരുന്ന് പ്രാർത്ഥിച്ചതും ചരിത്രത്തിൽ കാണാം.

ഇത്രയും പറഞ്ഞതിനർത്ഥം, ഇസ്‌ലാമിക ഭരണത്തിന്റെ ഇടനാഴികളിലെവിടെയും മുസ്‌ലിംകളും അമുസ്‌ലിംകളും പരസ്പരം അസഹിഷ്‌ണുതയോ അസ്വാരസ്യമോ തീരെ വെച്ച് പുലർത്തിയിട്ടില്ല എന്നല്ല. പ്രത്യുത, പ്രവാചക കാലം മുതൽ ഉസ്മാനിയ ഖിലാഫത് വരെ ഇസ്‌ലാമിക ഭരണകൂടം ഉയർത്തിപ്പിടിച്ച മൂല്യബോധം എന്നത് സൗഹാർദ്ധത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യങ്ങളോടിഴുകി ചേർന്ന് ജീവിക്കാനുള്ള മാനസികാവസ്ഥ രാജ്യത്തു ജീവിക്കുന്ന സർവ ജനങ്ങൾക്കും ഒരുക്കി കൊടുത്തിരുന്നു എന്നത് ചരിത്രസത്യമാണ്. നിർബന്ധിത മത പരിവർത്തനങ്ങളോ അടിച്ചമർത്തലുകളോ ഈ കാലയളവിൽ ഒരാൾക്ക് പോലും അനുഭവിക്കേണ്ടി  വന്നിട്ടില്ല.  നിർഭാഗ്യവശാൽ, മുസ്‍ലിംകൾ പരസ്പരം കലഹിച്ച പോലെ തന്നെ, ചുരുക്കം ചില സമയങ്ങളിൽ ഏറ്റുമുട്ടലുകൾ മതകീയ ലേബലിൽ അരങ്ങേറിയത് മറച്ചു വെക്കാനും കഴിയില്ല. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അന്നത്തെ മതനേതാക്കന്മാരുടെ നേതൃത്വത്തിൽ സ്ഥിതി സൗഹാർദ്ധത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നതും ശ്രേദ്ദേയമാണ്. 

ഹി. 1337/ ക്രി. 1919 ൽ അലപ്പോയിൽ അരങ്ങേറിയ സാമുദായിക സംഘട്ടനം ഇതിനൊരു ഉദാഹരണമാണ്, പ്രശ്നത്തിന് ശേഷം ജനമനസ്സുകളിൽ വിദ്വേഷവും പകയും വർധിച്ചു, ഹൃദയങ്ങൾ തമ്മിൽ അകന്നു, ഈ സാഹചര്യത്തിൽ എല്ലാമതത്തിൽ നിന്നുമുള്ള നേതാക്കൾ ഒന്നിച്ചിരിക്കുകയും, ഓരോ ആഴ്ചയും സർവരും ഒരുമിച്ചു കൂടി പരസ്പര സ്നേഹവും കരുതലും കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു വേദി സജ്ജമാക്കുകയും ചെയ്തു. പരസ്പരം ഭക്ഷണം വിതരണം ചെയ്‌തും സ്നേഹസമ്മാനങ്ങൾ നൽകിയും ഈ വേദിയെ ആഘോഷമാക്കി മാറ്റുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഇങ്ങനെ രാഷ്ട്ര ഭദ്രതക്ക് ഭീഷണി നേരിട്ടപ്പോൾ പോലും ഇസ്‌ലാമിക മൂല്യങ്ങളിൽ നിന്നും ഉയിർകൊണ്ട ഉദാരതയുടെ സമീപനങ്ങളായിരുന്നു അവർ സ്വീകരിച്ചിരുന്നത്

ചുരുക്കത്തിൽ, വിവിധ സമൂഹങ്ങൾക്കിടയിൽ പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞുപോന്നതാണ് ഇസ്‌ലാമിന്റെ ഇന്നലെകൾ. പരസ്പര സഹകരണത്തിന്റെയും വിനിമയത്തിന്റെയും സുന്ദരവും ശോഭനവുമായ നൂറുകണക്കിനു ചിത്രങ്ങൾ ഇനിയും ഏറെയുണ്ട്. ആ ചരിത്ര സത്യങ്ങളെ തുറന്ന മനസ്സോടെ മനസ്സിലാക്കാൻ നാം തയ്യാറായേ തീരൂ.

പ്രസിദ്ധ ഫ്രഞ്ച് ചരിത്രകാരൻ ഗുസ്താവ് ലെബോ തന്റെ 'അറേബ്യൻ നാഗരികത' യുടെ പരിസമാപ്തിയിൽ  പറഞ്ഞ കാര്യം കൂടി ഇവിടെ ചേര്‍ത്ത് വായിക്കാം. “സഹിഷ്ണുത മാത്രം കൈമുതലാക്കിയാണ് മുസ്‌ലിംകൾ സർവ പ്രദേശങ്ങളും കീഴടിക്കിയത്, മതകീയ പരികല്പനകളും നിയമങ്ങളും ഉയർത്തിപ്പിടിച്ചു കൊണ്ട് പരസ്പര സഹകരണത്തിന്റെ പാതയിലൂടെ അവർ ദേശാന്തരങ്ങളിലേക്ക് കടന്നുചെന്നു. അറബികളെ പോലെ സഹിഷ്ണുത കൈമാറ്റം ചെയ്ത ഒരു സമൂഹവും ഇല്ല തന്നെ, അവരുടെ മതത്തെ പോലെ അത് പഠിപ്പിച്ച മറ്റൊരു മതവും”.

ഈ സത്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ആധുനിക ലെബനീസ് ജേർണലിസ്റ്റും ചരിത്ര ഗ്രന്ഥകർത്താവുമായ അമീൻ മഅ്‍ലൂഫിന്റെ നിരീക്ഷണവും. തന്റെ 'ഇൻ ദ നൈം ഓഫ് ഐഡന്ററ്റി' യിൽ അദ്ദേഹം പറയുന്നതിനെ ഇങ്ങനെ സംഗ്രഹിച്ചെടുക്കാം,

"മുസ്‌ലിംകൾ കീഴടക്കിയ പ്രദേശത്തെ ക്രിസ്ത്യാനികളായതു കൊണ്ടാണ് കഴിഞ്ഞ പതിനാല് നൂറ്റാണ്ടു കാലം എന്റെ പ്രപിതാക്കൾക്ക് സ്വന്തം വിശ്വാസവും സംസ്കാരവും  അനുധാവനം ചെയ്തുള്ള ഒരു ജീവിതം  സാധ്യമായത്. നേരെ മറിച്ച്, ക്രിസ്ത്യാനികൾ കീഴടക്കിയ പ്രദേശത്തെ മുസ്‌ലിംകളായിരുന്നു അവരെങ്കിൽ  സ്ഥിതി ഇതിൽ നിന്നും ഏറെ വ്യത്യസ്തമായേനേ. സ്പെയിനിലെയും സിസിലിയിലെയും മുസ്‌ലിംകൾക്ക് സംഭവിച്ചത് നാം കണ്ടതാണ്. അരും കൊലയിലും നാടുകടത്തലിലുമായി അവരുടെ അടയാളം പോലും അവിടെ ശേഷിച്ചില്ല. വൈവിധ്യം നിറഞ്ഞ സാമൂഹിക പരിസരത്ത് സഹവർത്തിത്തോടെ ഇണങ്ങിച്ചേരാനുള്ള മെയ് വഴക്കം  ഇസ്‌ലാമിനു മാത്രം അവകാശപ്പെട്ടതാണ്."

Read Also: ഇസ്‌ലാമിക ഭരണത്തിനകത്തെ ബഹുസ്വര വിശേഷങ്ങൾ- ഭാഗം 1

അവലംബം / അല്‍-ജസീറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter