വിശേഷങ്ങളുടെ ഖുർആൻ: (23)  ജിഹാദ് എന്ന പ്രണയം 

ജിഹാദ് എന്ന പ്രണയം 

അന്ധർ ആനയെ വിലയിരുത്തിയ കഥ സുപരിചിതമാണ്. ഏതാണ്ടത് പോലെയാണ് ഈയിടെയായി ജിഹാദ് സംബസിച്ച വിലയിരുത്തൽ നടക്കുന്നത്. അജ്ഞരും അപരിചിതരും ദോഷൈകദൃക്കുകളും വ്യാഖ്യാനിച്ച് ഒരു പരുവത്തിലാക്കിയതിനാൽ നാലാൾ കേൾക്കേ ആ സംജ്ഞയെടുത്തു പരിശോധിക്കുന്നത് പോലും സംശയദൃഷ്ടിയോടെ നോക്കിക്കാണാനിടയുണ്ട്.

ചേർച്ചയില്ലാത്ത ചേരുവകൾ ചേർത്തു കോക് ടൈൽ ജൂസ് അടിക്കുന്നത് പോലെ ജിഹാദും ലൗവും എടുത്തടിച്ച് ജ്യൂസ് പരുവത്തിലാക്കി സമൂഹത്തിന് കുടിക്കാൻ കൊടുത്തു നോക്കി. പക്ഷെ, ഓക്കാനം വരുന്നതിനാൽ അധികമാരും അതൊന്ന് രുചിക്കാൻ പോലും തയ്യാറാകുന്നില്ലെന്ന് മനസ്സിലായപ്പോൾ പിന്നെ കൊറോണ ജിഹാദ്, റിക്രൂട്ട്മെൻ്റ് ജിഹാദ്, ഹലാൽ ജിഹാദ് അങ്ങനെ പല പേരുകളുമായി കൂട്ടിക്കെട്ടി  ക്ലച്ച് പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ജിഹാദ് എന്ന അറബി പദവും അതിൻ്റെ പദഭേദങ്ങളും ഖുർആനിൽ 40ൽ പരം സന്ദർഭങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ജഹദ എന്ന ധാതുവിൽ നിന്നാണ് ജാഹദ, ജിഹാദ് തുടങ്ങിയ പദഭേദങ്ങൾ രൂപപ്പെടുന്നത്. ക്ലേശിച്ചു, കഷ്ടപ്പെട്ടു തുടങ്ങിയ അർത്ഥമാണ് പൊതുവേ ജഹദ യ്ക്ക് നൽകാറുള്ളത്. ജുഹ് ദിന് സൗകര്യം, സാധ്യത തുടങ്ങിയ അർത്ഥവും ഉണ്ട്. മറ്റു പല അർത്ഥങ്ങൾ പോലെ ജിഹാദിന് യുദ്ധം എന്ന അർത്ഥവും കൽപ്പിക്കപ്പെടാറുണ്ട്. കാരണം ഏറെ ത്യാഗവും ക്ലേശവും ആവശ്യമുള്ള രംഗമാണല്ലോ യുദ്ധ മേഖല. എന്നാൽ ആ അർത്ഥം മാത്രമേ ഈ പദത്തിനുള്ളുവെന്ന ധാരണ അബദ്ധവും അൽപ്പത്വവുമാണ്. 

ഖുർആനിൽ ജിഹാദും അതിൻ്റെ പദഭേദങ്ങളും വ്യത്യസ്ത അർത്ഥത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ലുഖ്മാൻ അധ്യായത്താൽ മാതാപിതാക്കളോട് നല്ല നിലവിൽ വർത്തിക്കാനും അവർക്ക് വിധേയപ്പെട്ടു ജീവിക്കാനും ആവശ്യപ്പെടുന്ന കൂട്ടത്തിൽ 'വ ഇൻ ജാഹദാക്ക' (സൂക്തം: 15) എന്ന് പ്രയോഗിക്കുന്നുണ്ട്. അതിനർത്ഥം അവർ രണ്ട് പേരും നിന്നോട് യുദ്ധം ചെയ്താൽ എന്നല്ലല്ലോ. നിർബന്ധിച്ചാൽ എന്നാണ്. അത് പോലെ അൽഫുർഖാൻ അധ്യായത്തിൽ ( സൂക്തം: 52 ) 'നിങ്ങൾ അവിശ്വാസികളെ അനുസരിക്കരുത്. അവരോട് ഖുർആൻ കൊണ്ട് ജിഹാദ് ചെയ്യുക ' എന്ന് പറഞ്ഞതിൻ്റെ താൽപ്പര്യം യുദ്ധമല്ലെന്ന് പ്രാമാണിക വ്യാഖ്യാന ഗ്രന്ഥങ്ങൾ വിശദീകരിക്കുന്നു. ഖുർആൻ ആയുധമാക്കി യുദ്ധം ചെയ്യുകയെന്നാൽ ആശയപരവും ബൗദ്ധികവുമായ യുദ്ധമെന്നാണ് അർത്ഥമെന്ന് അബ്ദുല്ലാഹിബ് നി അബ്ബാസി(റ)നെ ഉദ്ധരിച്ച് ഇമാം ഖുർതുബിയും മറ്റും വ്യക്തമാക്കുന്നു. 

അൻകബൂത് അധ്യായത്തിൽ വചനം 69 ൽ നമ്മുടെ വഴിയിൽ ജിഹാദ് ചെയ്യുന്നവരെ നമ്മുടെ വഴികളിലേക്ക് നാം ചേർക്കും എന്നതിൻ്റെ പൊരുൾ വിശാലമാണ്. നൻമയുടെയും ധർമത്തിൻ്റെയും ഏത് വഴിയിലും കഠിനാധ്വാനം ചെയ്യുന്നവർക്ക് പുണ്യത്തിൻ്റെയും പ്രതിഫലത്തിൻ്റെയും ഉദാത്തമായ വഴികൾ തുറന്നുകൊടുക്കും എന്നാണെന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നു. ആയുധം എടുത്ത് യുദ്ധം ചെയ്യുക മാത്രമല്ല ഇവിടെ ഉദ്ദേശ്യം.

ജിഹാദ് നാല് വിധമുണ്ടെന്ന് പണ്ഡിതർ വിശദീകരിക്കുന്നു. സ്വന്തത്തോടുള്ള ജിഹാദ്. പിശാചിനോടുള്ള ജിഹാദ്. അവിശ്വാസികളോടുള്ള ജിഹാദ്. കപട വിശ്വാസികളോടുള്ള ജിഹാദ്. ഇവ തന്നെ രണ്ട് വിധമാണ്; ഫർദ് ഐനും ഫർദ് കിഫായയും. അതായത് ഓരോ വ്യക്തിയും നിർവഹിക്കൽ ബാധ്യതപ്പെട്ടതും ചിലർക്ക് മാത്രം ബാധ്യതപ്പെട്ടതും. ചിലർ ചെയ്താൽ എല്ലാവരുടെയും ബാധ്യത ഒഴിഞ്ഞു. ആരും ചെയ്തില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. 

Also Read:വിശേഷങ്ങളുടെ ഖുർആൻ: (22) ധർമ യുദ്ധത്തിലെ മര്യാദകൾ

സ്വന്തം ദേഹേച്ഛയോടുള്ള പോരാട്ടം വളരെ പ്രധാനമാണ്. പുറത്തെ ശത്രുക്കളോട് പോരാടുന്നതിനേക്കാൾ സങ്കീർണവും ഗൗരവതരവുമാണ് അകത്തെ ശത്രു വിനോടുള്ള സമരം. അത് കൊണ്ടാണ് ഒരു ഹദീസിൽ തബൂക് യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന തിരുനബി(സ), അനുയായികളോട് ഇങ്ങനെ ഉണർത്തിയതായി ഉദ്ധരിക്കപ്പെടുന്നത്: നാം ചെറിയ യുദ്ധത്തിൽ നിന്ന് വലിയ യുദ്ധത്തിലേക്ക് മടങ്ങുകയാണ്. ശത്രുക്കളുമായുള്ള യുദ്ധം താരതമ്യേന ചെറിയ യുദ്ധമാണ്. സ്വന്തം ഇച്ഛയെ മെരുക്കിയെടുക്കുകയാണ് കൂടുതൽ ക്ലേശകരം. ഈ ഹദീസിൻ്റെ പ്രാബല്യത്തിൽ ചർച്ചയുണ്ടെങ്കിലും വൈയക്തിക മോഹങ്ങളെയും പൈശാചിക പ്രേരണകളേയും കീഴടക്കിയാലേ മറ്റേത് പോരാട്ടവും ഫലപ്രദമാവുകയുള്ളുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അത് കൊണ്ട് തന്നെ ഇതും പൈശാചിക സ്വാധീനത്തിനരിലുള്ള പോരാട്ടവും ഫർദ് ഐ നിൻ്റെ ഗണത്തിൽ പെടുന്നു; വൈയക്തിക ബാധ്യത.

അപ്പോൾ ഈ പറഞ്ഞ പോരാട്ടമൊന്നും സായുധ യുദ്ധമോ ഏറ്റുമുട്ടലോ ആയി പരിമിതപ്പെടുത്തേണ്ടതല്ല. പൊതുവായ അർത്ഥത്തിലുള്ള സമരങ്ങളും കഠിനാധ്വാനങ്ങളുമാണ്. പ്രബോധന വഴിയിൽ നടക്കുന്ന പ്രവർത്തനങ്ങളും ക്യാമ്പയിനുകളും പ്രഭാഷണങ്ങളും സാഹിത്യ പ്രവർത്തനങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും ആരോഗ്യ സേവനങ്ങളും ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളുമെല്ലാം ജിഹാദിൻ്റെ വകഭേദങ്ങൾ തന്നെയാണ്. 

എന്നാൽ ഇന്ന് പ്രചരിക്കപ്പെടുന്ന ലൗവ് ജിഹാദ് എന്ന ആശയത്തിന് ഇതുമായി ഒരു ബന്ധവുമില്ല. ഇസ് ലാമിൽ ലക്ഷ്യം മാത്രമല്ല; മാർഗവും ന്യായവും ശുദ്ധവുമായിരിക്കണമെന്ന് നിർബന്ധമുണ്ട്. മോഹിപ്പിച്ചും കബളിപ്പിച്ചും ആളെ കൂട്ടേണ്ട ഇലക്ഷൻ ക്യാമ്പയിനല്ല, ഇസ് ലാമിക പ്രബോധനം. കാര്യലാഭത്തിനും തെരഞ്ഞെടുപ്പിൽ ജയിക്കാനും എന്ത് വൃത്തികേടും കാണിക്കാമെന്ന് രാഷ്ട്രീയ പാർട്ടികൾ കാണിച്ചുതരുന്നുണ്ട്. പക്ഷെ, ഇസ് ലാമിൽ അങ്ങനെ വോട്ടെടുപ്പ് നടക്കുന്നില്ല. അത് പോലെ കുറേയാളുകളെ തിരുകി ക്കയറ്റി അംഗപ്പെരുപ്പത്തിൻ്റെ പേരിൽ ആരിൽ നിന്നും അവാർഡ് തരപ്പെടുത്താനും ഇല്ല. പിന്നെ സൂത്രത്തിൽ കുറേ പെൺകുട്ടികളെ തട്ടിയെടുത്തു മുസ് ലിമാക്കിയിട്ട് ആർക്കെന്ത് നേടാനാണ്?

ഇസ് ലാമിക പ്രബോധനത്തിൻ്റെ സത്ത നൻമ ഉപദേശിക്കലും തിൻമ വിപാടനം ചെയ്യലുമാണ്. അത് സംശുദ്ധവും സുതാര്യവുമായ മാർഗങ്ങളിലൂടെയാവണം. കളങ്കരഹിതമായ ജീവിതത്തിലൂടെയാണ് പ്രബോധനത്തിൻ്റെ ഒന്നാം പാഠം നിർവഹിക്കേണ്ടത്. അത് കണ്ട് ആകൃഷ്ടരായി ആരെങ്കിലും ഇസ് ലാമിലേക്ക് കടന്നു വരുന്നുണ്ടെങ്കിൽ അവർക്ക് വേണ്ട സൗകര്യം ചെയ്തു കൊടുക്കേണ്ട ബാധ്യത മുസ് ലിംകൾക്കുണ്ട്. ഇന്ത്യൻ വ്യവസ്ഥിതിയിൽ അതിന് വിലക്കും ഇല്ല. അതല്ലാതെ ഇസ് ലാമിൻ്റെ ധാർമികവും സദാചാര പരവുമായ സീമകൾ അതിലംഘിച്ച് അന്യ സ്ത്രീകളുമായി സ്നേഹ ബന്ധത്തിലേർപ്പെടുന്നതും അവരെ വളച്ചൊടിച്ച് മതം മാറ്റി ഇസ്ലാമിൽ എത്തിക്കുന്നതുമായ നടപടികൾ ആര് കൈ കൊണ്ടാലും അതിന് ഇസ് ലാമിക പ്രബോധനവുമായി ബന്ധമില്ല. 

അത്തരമൊരു വ്യവസ്ഥാപിത നീക്കം ഇന്ത്യയിൽ നടക്കുന്നതിന് തെളിവില്ലെ കോടതികളും സർക്കാർ വൃത്തങ്ങളും ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും പിന്നെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമുള്ള ദുഷ്ടലാക്കുമായി ചിലർ കുപ്രചാരണം തുടരുകയായിരുന്നു. ഇവരുടെ ദുരുപദിഷ്ട നീക്കങ്ങളെ ഏറ്റു പിടിച്ചു ചിലർ നാട്ടിൽ വലിയ കോലാഹലം ഉണ്ടാക്കാൻ ശ്രമിച്ചു. അവരെ ഉൽബുദ്ധരായ വോട്ടർമാർ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇരുത്തേണ്ടിടത്ത് ഇരുത്തിയെന്നത് ആശ്വാസകരമാണ്. 

ഇവർ ഇത് വഴി ഏറ്റവും അധികം അപമാനിക്കുന്നതും അവഹേളിക്കുന്നതും സ്വന്തം സമുദായത്തിലെ പെൺകുട്ടികളെയാണെന്ന കാര്യം എന്ത് കൊണ്ട് തിരിച്ചറിയപ്പെടുന്നില്ലെന്നത് വിചിത്രമായിരിക്കുന്നു. പിന്നാക്കക്കാരെന്ന അപഖ്യാതിയിൽ കഴിയുന്ന ഒരു സമുദായത്തിലെ ഏതെങ്കിലും ചെറുപ്പക്കാർ അടുത്തുകൂടി സൂത്രത്തിൽ വല്ല വേലയും ഒപ്പിക്കുമ്പോഴേക്കും അതിൽ മയങ്ങി വീഴാനും സ്വത്വവും പരമ്പരാഗത വിശ്വാസവും കയ്യൊഴിയാനും മാത്രം അബലകളും ദൂരക്കാഴ്ചയില്ലാത്തവരും തൻ്റേടം കുറഞ്ഞവരുമാണ് തങ്ങളുടെ സമുദായത്തിലെ പെൺകുട്ടികളെന്ന് പറയാതെ പറയുകയല്ലേ ഇവർ? ഇങ്ങനെ സ്ത്രീകളെ കൊച്ചാക്കുന്നതിലും താഴ്ത്തികെട്ടുന്നതിലും ആർക്കും പരാതിയോ പരിഭവമോ ഇല്ലേ? 

സ്ത്രീകളുടെ  ഇസ് ലാമിലേക്കുള്ള കടന്നു വരവ് കൂടുതൽ സാധാരണമായും വർധിച്ചതോതിലും ഇപ്പോൾ നടക്കുന്നത് അമേരിക്കയിലും യൂറോപ്പിലുമാണ്. അവിടെയും 'ലൗവ് ജിഹാദ്' നടക്കുന്നതായി  ആരും പ്രലപിക്കുന്നത് കേട്ടിട്ടില്ല. വേൾഡ് ട്രേഡ് സെൻറർ തകർച്ചയ്ക്ക് ശേഷം അവിടങ്ങളിലെ ഇസ് ലാം ആശ്ലേഷണം വൻതോതിൽ കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. അങ്ങനെ വരുന്നവരിൽ കൂടുതലും സ്ത്രീകളാണ് താനും. പക്ഷെ, ഇവിടെ വില കുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി മതത്തെയും മത ചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുന്നവരും അവരുടെ കഥയിയാതെ ആട്ടം കാണുന്ന വരുമാണ് ഇത്തരം തരം താണ വേലകളിലൂടെ സാമൂഹികാന്തരീക്ഷം മലീമസമാക്കാൻ ശ്രമിക്കുന്നത്.

ഇനി ജിഹാദിന് ഏതെങ്കിലും പ്രണയവുമായി ബന്ധമുണ്ടെങ്കിൽ അത് ദിവ്യ പ്രേമവുമായാണ്. ഖുർആൻ പലയിടങ്ങളിലും വ്യക്തമാക്കിയത് പോലെ പരലോക മോക്ഷവും ഇലാഹീ ദർശനവും ഉദ്ദേശിച്ച് സ്വന്തം ജീവനും സ്വത്തും ത്യജിക്കുകയാണ് യഥാർത്ഥ ജിഹാദ്. അത് നൻമയുടെ വഴിയിൽ വലിയ ത്യാഗങ്ങൾക്കും സമർപ്പണങ്ങൾക്കും മനുഷ്യനെ പ്രാപ്തമാക്കുന്ന ജിഹാദാണ്.  അത് ആർക്കും ഭീഷണിയല്ല. മറിച്ച്, മോക്ഷത്തിൻ്റെയും ആശ്വാസത്തിൻ്റെയും തണലും തീരവുമാണ്. 

കടപ്പാട് ചന്ദ്രിക ദിനപത്രം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter