ഖുർആനിനു മുന്നിൽ ഒരൽപ നേരം

അന്ധകാര നിബിഡമായ ഹൃദയങ്ങളെ പ്രഭ ചൊരിയും ഹൃദയങ്ങളാക്കി മാറ്റി സന്മാർഗ ദീപശിഖകളായി വിലസുന്ന മാനവരാശിയെ വാർത്തെടുക്കുവാനാണ് പരിശുദ്ധ ഖുർആൻ ലക്ഷീകരിക്കുന്നത്. ഹൃദയങ്ങളോടാണ് ഖുർആനിന്റെ അഭിസംബോധന മുഴുവനും . "നിങ്ങൾ ചിന്തിക്കുന്നില്ലേ", "ഹൃദയങ്ങളില്‍ പൂട്ടുകളിട്ടിട്ടുണ്ടോ", "അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ടവര്‍ സത്യം ഗ്രഹിക്കില്ല" തുടങ്ങിയ പദ പ്രയോഗങ്ങൾ വ്യത്യസ്ത സ്ഥലങ്ങളിലായി നമുക്ക് ഖുർആനിൽ ദർശിക്കാൻ സാധിക്കുന്നതും ഖുർആൻ ഭൂമികയിലൂടെ  ഹൃദയ സഞ്ചാരം നടത്തുവാനാണത്രെ.. ഖുർആനിന്റെ ആശയവിനിമയത്തിന്  അറബി ഭാഷ തെരഞ്ഞെടുത്തതിലെ യുക്തിയും മറ്റൊന്നല്ല. ചുരിങ്ങിയ പദങ്ങൾ കൊണ്ട്  വിശാലാശയം സൃഷ്ടിക്കുന്ന ശൈലിയാണല്ലോ അറബിഭാഷയുടേത്. മറ്റിതര പുസ്തകങ്ങളിൽ നിന്നും  പരിശുദ്ധ ഖുർആൻ വ്യത്യസ്ത ഘടകങ്ങളാൽ വേറിട്ട് നിൽക്കുന്നുണ്ട്. മൗന പാരായണം ഖുർആനിനു മുമ്പിൽ  പ്രോത്സാഹജനകമല്ല . ശബ്ദമധുരിമയോടെ ഓതുകയാണുവേണ്ടത്. "ഖുർആൻ" എന്ന പദം വിരൽചൂണ്ടുന്നത് "ഓതുക" എന്ന അർത്ഥതലങ്ങളിലേക്കാണ് പോലും . ഖുർആനിന്റെ ശബ്ദ മധുരിമയിൽ മാസ്മരിക ശക്തി കൂടി അന്തർലീനമായി കിടപ്പുണ്ട്. തിരുനബിയെ ഗളച്ഛേദം നടത്താനായി ഇറങ്ങിച്ചെന്ന ഖലീഫ ഉമറിന്റെ മനം മാറ്റത്തിന് ഹേതുകമായി വർത്തിച്ചതും ഖുർആൻ വചന പാരായണത്തിന്റെ മാസ്മരിക ശക്തി തന്നെയാണല്ലോ.

Also read: https://islamonweb.net/ml/%E0%B4%96%E0%B4%B0%E0%B4%86%E0%B4%A8%E0%B4%B1-%E0%B4%AE%E0%B4%B1%E0%B4%B1-%E0%B4%AA%E0%B4%B0%E0%B4%95%E0%B4%B3-46

 ഖുർആൻ പാരായണം ചെയ്യുന്നതിന് അറബിഭാഷയിൽ ഉപയോഗിച്ചു വരുന്ന പദം "യത് ലൂനൽ കിതാബ" എന്നാണ്. "തലാ-യത് ലൂ" എന്ന ക്രിയക്ക് പിന്‍തുടരുക, അനുസരിക്കുക എന്നും അർത്ഥമുണ്ട്.    ചിന്താ നിമഗ്നതയോടെ പാരായണം ചെയ്യപ്പെടുന്ന  വചനങ്ങൾ അനുസരിക്കപ്പെടുകയും പ്രാവർത്തികമാക്കപ്പെടുകയും വേണമെന്ന ആശയം പകരുകയാണ് ഇത്.  അർഥങ്ങളറിഞ്ഞില്ലെങ്കിലും പാരായണം ചെയ്യപ്പെടുന്നതിനെ ഇസ്ലാം നിരുത്സാഹപ്പെടുത്തിയിട്ടില്ല.

നിരന്തരമായുള്ള ഖുർആൻ പാരായണം മലീമസ ഹൃദയത്തെ വിമലീക്യതമാക്കാതിരിക്കില്ല. ഇരുമ്പുകൾ തുരുമ്പ് പിടിക്കുന്നത് പോലെ ഹൃദയങ്ങളും തുരുമ്പ് പിടിച്ച് മലീമസമാകുമെന്ന് തിരു പ്രവാചകൻ അരുളിയിരിക്കുന്നു. തദ്വാരാ സ്ഫുടീകരണ മാർഗമായി തിരുനബി നിർണയിച്ചത് നിത്യ മരണ സ്മരണയും പരിശുദ്ധ ഖുർആൻ പാരായണവുമാണ്. ഹൃദയ ശുദ്ധീകരണ മാസമായ റമദാനിൽ വിശ്വാസികൾ  നിരന്തരമായി ഖുർആൻ പാരായണം ചെയ്യുന്നതും ഇതുകൊണ്ടുതന്നെ. കർമ്മശാസ്ത്ര വിശാരദനായ ഇമാം ശാഫിഈ(റ) റമദാനിൽ അറുപതിലേറെ പ്രാവശ്യം ഖുർആൻ മുഴുവനും ഓതി തീർക്കാറുണ്ടായിരുന്നുവെന്നും റമദാൻ മാസം സമാഗതമായാൽ മറ്റിതര വിജ്ഞാനശാഖകൾക്ക് താൽക്കാലിക വിരാമം കുറിച്ച് ഇമാം മാലിക്(റ) ഖുർആനിന്റെ വചനാമൃതം നുണയാനായി മാത്രം പുറപ്പെടുമായിരുന്നുവെന്നും ബിഗ്യതുൽ ഇൻസാനിൽ പ്രസ്താവിച്ചതായി കാണാം. ഖുർആൻ ഓതുന്നത് പോലെ ശ്രവിക്കുന്നതും പുണ്യാർഹ കർമ്മമായി ഇസ്‌ലാം പരിഗണിക്കുന്നുണ്ട്.  
              
വശ്യ സുന്ദരമായ ഒരുപാട് ഖുർആൻ ഓത്തുകൾ യൂടുബിൽ ഇന്ന് ലഭ്യമാണ്. സുദൈസിയുടേയും ശുറൈമിന്റേയും  മാഹിർ മുഐഖിലീയുടേയും ബന്ധർ ബലീലയുടേയും യാസർ ദൂസരീയുടേയും അബ്ദുല്ലാഹി ജുഹൈനിയുടേയും തുടങ്ങി  അനവധി പേരുടെ ഖിറാഅത്തുകൾക്ക് എന്തൊരു ചന്തമാണ്! 
ഖുർആനിലൂടെ ഹൃദയശുദ്ധീകരണം നടത്തുന്ന ഭാഗ്യവാന്മാരിൽ നാഥൻ നമ്മെയും ഉൾപ്പെടുത്തട്ടെ . آمين

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter