രാമക്ഷേത്രം: മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്ന വിധം

ഇന്ത്യന്‍ മതേതരത്വത്തിന്റെ ഹൃദയത്തിലെ എന്നത്തെയും ഉണങ്ങാത്ത മുറിവാണ് ബാബരി മസ്ജിദ്. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങളില്‍ വര്‍ഗ്ഗീയതയുടെ കരസ്പര്‍ശമേറ്റ്, ധ്വംസനത്തിന്‍റെ മതേതര ഇന്ത്യയുടെ ചരിത്രത്തിലെ ആ ഇരുണ്ട രാത്രി, ഒരു മതേതര വിശ്വാസിക്കും വിസ്മരിക്കാനാവില്ല. എന്നാല്‍, ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ കരാള നൃത്തം ചവിട്ടുന്ന ബി.ജെ.പിയെക്കുറിച്ചുളള അശുഭ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും പത്രമാധ്യമങ്ങളില്‍ നിന്നും നാം ഇപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും.

വരുന്ന ജനുവരി 22ന് നടക്കാനിരിക്കുന്ന രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ്, ഇപ്പോള്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ കോലാഹലങ്ങളും ചര്‍ച്ചകളും അരങ്ങേറുന്നത്. ഒരു ഭരണകൂടത്തിന് ഒരു പ്രത്യേക മതത്തോട് യാതൊരു തരത്തിലുളള മമതയും പാടില്ലെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ പോലും കാറ്റില്‍ പറത്തിയാണ് പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി-ആര്‍.എസ്സ്.എസ്സ് നേതാക്കള്‍ രാമക്ഷേത്ര വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാനൊരുങ്ങുന്നത്. രാമ ക്ഷേത്രത്തിന്‍റെ ഭൂമിപൂജയ്ക്കായി രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയത് ഒരു മതസമൂഹത്തെ തൃപ്തിപ്പെടുത്തിയെങ്കില്‍ ബാബരിയോര്‍മ്മകളുമായി ജീവിക്കുന്ന മറ്റൊരു ജനതയ്ക്ക് അത് കണ്ണീര്‍ നോവാവുകയായിരുന്നു. ഇന്ത്യയുടെ മണ്ണിലൂടെ നടന്നു തീര്‍ത്ത് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ബി.ജെ.പിക്ക് വരുത്തിവെച്ച തലവേദന ചെറുതൊന്നുമായിരുന്നില്ല. എന്നാല്‍, രാമക്ഷേത്രത്തിലൂടെ അതിനെ പ്രതിരോധിക്കാനുളള ചീട്ടാണ് നരേന്ദ്ര മോദി പുറത്തെടുക്കുന്നത്. തീര്‍ത്തും മതപരമായ ഒരു ചടങ്ങ് സംസ്ഥാന-കേന്ദ്ര സ്പോണ്‍സേഡ് പരിപാടിയാക്കി മാറ്റാനുള്ള കുത്സിതമായ ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. അതിലൂടെ വരുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദു ജനതയുടെ മതകീയമായ വൈകാരികതയെ ചൂഷണം ചെയ്ത് വോട്ട് ബാങ്ക് സുരക്ഷിതമാക്കുകയാണ് ഇവിടെ ബി.ജെ.പി പോലെയുള്ള വര്‍ഗ്ഗീയ സംഘടനകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 2019 ലെ  ലോക്സഭ ഇലക്ഷനില്‍ പുല്‍വാമയില്‍ രക്തസാക്ഷിത്വം വഹിച്ച ധീര ജവാന്മാരുടെ ആത്മാക്കളെ വെച്ച് വോട്ട് തേടുകയും അധികാരത്തിലേറുകയും ചെയ്ത നരേന്ദ്ര മോദി 2024 ല്‍ എത്തുമ്പോള്‍ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് രാമക്ഷേത്രവും രാമനെയുമാണ്.

ഇതിനായി അയോധ്യയില്‍ വിപുലമായ രീതിയിലുള്ള രാഷ്ട്രീയ പ്രചാരണങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാമക്ഷേത്രം എന്ന മത ചിഹ്നത്തെ എടുത്തു കാണിച്ച് ഇന്ത്യയിലെ 50 ശതമാനം വോട്ടുകളും പിടിക്കാന്‍ പരിശ്രമിക്കണമെന്ന്  നരേന്ദ്ര മോദി തന്നെ അനുയായികളോട് ആഹ്വാനം ചെയ്തതായിട്ടാണ് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തൊണ്ണൂറുകളില്‍ അധികാരത്തിലേക്ക് നടന്നു കയറാനുള്ള മാധ്യമമായിട്ട് എല്‍.കെ അദ്വാനി രഥയാത്ര നടത്തിയെങ്കില്‍ തത്വുല്യമായി രാമ ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലൂടെ വലിയ രീതിയിലുള്ള റോഡ് ഷോകള്‍ നടത്താനും അതുവഴി ഭൂരിപക്ഷ ജനതയുടെ മതകീയ താല്പര്യങ്ങളെ തൃപ്തിപ്പെടുത്താനും ഭരണകൂടം ശ്രമിക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. നിലവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ഭരണ വിരുദ്ധ വികാരത്തെ ഇത്തരത്തിലുള്ള പ്രചാരണങ്ങളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും ഒരു പരിധി വരെ തടയിടാന്‍ സാധിക്കുമെന്നാണ് ബി.ജെ.പി നോക്കി കാണുന്നത്.

രാമക്ഷേത്രത്തെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ, ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് ബദലായി ഇന്ത്യന്‍ ഭൂപടത്തില്‍ രൂപപ്പെട്ട 'ഇന്ത്യ' സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി കോണ്‍ഗ്രസിലെയും ഇതര സഖ്യകക്ഷികളിലെയും നേതാക്കളെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയെങ്കിലും ഒടുവില്‍ ചടങ്ങിനില്ല എന്ന് തറപ്പിച്ചു പറയുകയായിരുന്നു. കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി മുസ്‍ലിം ലീഗ് പോലെയുള്ള സംഘടനകളും രംഗത്ത് വന്നിരുന്നു. സി.പി.എം, സി.പി.ഐ, ആര്‍.ജെ.ഡി, ജെ.ഡി.യു, തൃണമൂല്‍ കോണ്‍ഗ്രസ് പോലെയുളള സംഘടനകള്‍ പരിപാടി ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതുപോലെയുളള ഒരു പരിപാടി ബഹിഷ്കരിക്കുന്നതിലൂടെ ഭൂരിപക്ഷമായ ഹൈന്ദവ ജനതയുടെ പിന്തുണ തങ്ങള്‍ക്ക് നഷ്ടപ്പെടുമോ എന്നുള്ള വലിയ ആശങ്കയാണ് നിലവില്‍ കോണ്‍ഗ്രസിനെ ബാധിച്ചിട്ടുള്ളത്. എങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറം തങ്ങളുടെ മതേതരത്വ സങ്കല്‍പ്പത്തിനൊപ്പം ഉറച്ചു നില്‍ക്കാന്‍ വൈകിയെങ്കിലും കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നു എന്നത് ശുഭോദര്‍ക്കമാണ്.

തീവ്രഹിന്ദുത്വക്ക് മൃദുഹിന്ദുത്വ കൊണ്ട് തടയിടാനാവില്ലെന്ന് കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയുകയും എല്ലാവരും ഒറ്റക്കെട്ടായി അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം, ഇത്തരം പ്രശ്നങ്ങളെ ആയുധമാക്കി, വര്‍ഗ്ഗീയ കക്ഷികള്‍ ഇനിയും രാഷ്ട്രീയം കളിച്ചുകൊണ്ടേയിരിക്കും. അതിന് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ നിസ്സാഹയരായി നില്‍ക്കേണ്ടിവരുക മതേതര പാര്‍ട്ടികള്‍ക്കായിരിക്കും. അതിലുപരി, സ്വാതന്ത്ര്യാനന്തരം, മഹാമനീഷികളുടെ ബൗദ്ധികവും മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഭൗതികവുമായ തീവ്ര യജ്ഞങ്ങളിലൂടെ രാജ്യം നേടിയെടുത്ത നേട്ടങ്ങളോരോന്നായി തകര്‍ന്നടിഞ്ഞ്, പട്ടിണിയും തൊഴിലില്ലായ്മയും കൊടികുത്തി വാഴുന്ന, കൊള്ളയും കവര്‍ച്ചയും പീഢനങ്ങളും ദൈനംദിന വാര്‍ത്തകളായി മാറുന്ന, അരക്ഷിതമായ ഒരു ദരിദ്ര രാജ്യമായി നമ്മുടെ നാട് മാറുന്നത് നാം കണ്ടുനില്‍ക്കേണ്ടിവരും. അപ്പോഴും, ഭരണസിരാകേന്ദ്രങ്ങളിലിരിക്കുന്ന ഇത്തരം അധികാരികള്‍, മതവും മതചിഹ്നങ്ങളും തീവ്രവാദവും തന്നെയായിരിക്കും ജനങ്ങള്‍ക്ക് ഇട്ടുകൊടുക്കുന്ന എല്ലിന്‍കഷ്ണങ്ങള്‍. പൊതുജനങ്ങള്‍ കാര്യമറിയാതെ, അതിന് പിന്നാലെ കടിപിടി കൂടിക്കൊണ്ടേയിരിക്കുകയും ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter