പുതുവല്‍സരം ആഘോഷിക്കുമ്പോള്‍, ഈ കുഞ്ഞു കഫനുകളെങ്കിലും ഓര്‍മ്മയിലിരിക്കട്ടെ

നാം 2024ലേക്ക് പ്രവേശിക്കുകയാണ്. ലോകനഗരങ്ങളെല്ലാം പുതുവല്‍സരത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. പുതുവല്‍സരത്തിന്റെ പേരില്‍ അരങ്ങേറുന്ന ആഘോഷങ്ങള്‍ പലപ്പോഴും നിയന്ത്രണം വിട്ട് പോലീസിന് പോലും തലവേദനയായി മാറുന്നതും നാം കാണുന്നതാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ് പോവുന്ന ഓരോ ദിവസവും മാസവും വര്‍ഷവുമെല്ലാം കണക്കെടുപ്പിനുള്ളതാണ്. അത് കൊണ്ട് തന്നെ, ആഘോഷിക്കുന്നതിനേക്കാളേറെ സ്വയം വിചാരണ ചെയ്യാനാണ് അവന്‍ തയ്യാറാവേണ്ടത്. 

അതോടൊപ്പം, ഈ വര്‍ഷം കടന്നുപോവുന്നത്, തേങ്ങുന്ന ഗസ്സയിലൂടെയാണ്. നിരന്തരം വര്‍ഷിച്ചുകൊണ്ടിരിക്കുന്ന ബോംബുകള്‍, തകര്‍ന്നുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍, അവക്കിടയില്‍നിന്ന് രക്ഷക്കായി ഉയരുന്ന നിലവിളികള്‍, മക്കളെ നഷ്ടപ്പെട്ട് പൊട്ടിക്കരയുന്ന ഉമ്മമാര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട് ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുന്ന ബാല്യങ്ങള്‍, സര്‍വ്വോപരി ലോകത്തിന്റെ മുഴുവന്‍ കണ്ണീര്‍ വറ്റുമാര്‍ വേദന സമ്മാനിക്കുന്ന, കൊച്ചു കഫനുകളില്‍ പൊതിഞ്ഞ് കിടക്കുന്ന കുഞ്ഞുകുഞ്ഞുശരീരങ്ങള്‍..

ഇവയെല്ലാം ഓര്‍ക്കുമ്പോള്‍ നമുക്കെങ്ങനെ ആഘോഷിക്കാനാവും. പാകിസ്ഥാന്‍ അടക്കമുള്ള പല രാജ്യങ്ങളും ഷാര്‍ജ അടക്കമുള്ള പല നഗരങ്ങളും ഈ വര്‍ഷം പുതുവല്‍സര ആഘോഷങ്ങളൊന്നും തന്നെ പാടില്ലെന്ന് പറഞ്ഞത് ഇത് കൊണ്ട് തന്നെയാണ്. വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്, ഒരു അവയവത്തിന് അസുഖം ബാധിച്ചാല്‍, മറ്റു അവയവങ്ങളും ഉറക്കൊഴിച്ചും പനി പിടിച്ചും കൂടെ നില്‍ക്കുന്നു എന്ന പ്രവാചക വചനം നമുക്ക് മറക്കാതിരിക്കാം. നമ്മുടെ വീട്ടില്‍ ആരെങ്കിലും ഒരാള്‍ മരണപ്പെടുകയോ രോഗ ബാധിതനാവുകയോ ചെയ്താല്‍ ആഘോഷങ്ങളെല്ലാം നാം മാറ്റി വെക്കാറില്ലേ. 

അത് തന്നെയല്ലേ ഇവിടെയും സംഭവിച്ചിരിക്കുന്നത്. നാമും ആ സമുദായത്തിന്റെ ഭാഗമാണെന്ന് തോന്നുന്നുവെങ്കില്‍, ഗസ്സക്ക് വേണ്ടിയും ഫലസ്തീനികള്‍ക്ക് വേണ്ടിയും നാം പറയുന്നതും വിലപിക്കുന്നതുമെല്ലാം ആത്മാര്‍ത്ഥമാണെങ്കില്‍, ഈ രാത്രി നമുക്ക് ആഘോഷിക്കാതിരിക്കാം. പകരം, ആര്‍ദ്ര നയനങ്ങളോടെ നാഥനിലേക്ക് കൈകളുയര്‍ത്താം... പ്രയാസം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളോട് പ്രാര്‍ത്ഥനകളിലൂടെ നമുക്ക് ചേര്‍ന്ന് നില്‍ക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter