ഖുദ്സ് വിജയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന റമദാന്‍ 14

ഹിജ്‌റ കലണ്ടർ പതിനഞ്ചാം വർഷം ഇതുപോലൊരു റമദാൻ 14 ന് ആയിരുന്നു ആ ചരിത്രമുഹൂർത്തം അരങ്ങേറിയത്. ഇസ്‍ലാമിക ചരിത്രത്തിലെ ധീരനായ സൈന്യാധിപന്‍ അബൂ ഉബൈദ(റ) ന്റെ നേതൃത്വത്തില്‍ ഖുദ്സ് ഇസ്‍ലാമിക ഭരണത്തിന് കീഴിലായത് അന്നായിരുന്നു. ഇന്ന് ഹമാസിന്റെ വക്താവായി ലോകത്ത് അറിയപ്പെടുന്ന അബൂഉബൈദ എന്ന ആ പേര് പോലും ആ പഴയ സേനാധിപന്റെ ഓര്‍മ്മകളിലാണ് വെക്കപ്പെട്ടിരിക്കുന്നത്.


ചരിത്രത്തിൽ ഈജിപ്ഷ്യരും പേർഷ്യക്കാരും ബൈസന്റൈൻ  സാമ്രാജ്യവും അധീനപ്പെടുത്തിയ ഭൂമിയിലേക്ക് എഡി 637ൽ ഖലീഫ ഉമർ(റ)വിന്റെ കാലത്താണ് ഇസ്‍ലാമിക ഭരണം കടന്നു വരുന്നത്. ഖാലിദ് ബിൻ വലീദ്(റ), അബൂഉബൈദത്തുൽ ജർറാഹ്(റ), അംറ് ബിൻ ആസ്(റ) എന്നീ ത്രയനായക നേതൃത്തത്തിന് കീഴിൽ പശ്ചിമേഷ്യൻ പോരാട്ട-പ്രബോധന പരമ്പരയിൽ തന്നെയാണ് ആധുനിക ഫലസ്തീൻ-ഇസ്രായേൽ പ്രദേശങ്ങൾ ഉൾക്കുള്ളുന്ന  ഭൂമി ബനൂ ഇസ്രഈൽ പ്രവാചകരുടെ കാലശേഷം വീണ്ടും ഇസ്‍ലാമിക ഭരണ ചക്രത്തിന്റെ ഭാഗമാകുന്നത്. അറേബ്യക്കാരുടെ പ്രപിതാക്കളായ ഇബ്രാഹീം(അ), ഇസ്മാഈൽ(അ) പ്രവാചകന്മാരുടെ ഭൂമിയും  അനുഗ്രഹീത നഗരമെന്ന് ഖുർആൻ തന്നെ വിശേഷിപ്പിക്കുകയും ചെയ്ത പ്രഥമ ഖിബ്‍ലയുടെ വിശുദ്ധ നഗരം തങ്ങളുടെ അധികാരപരിധിയിൽ എത്തിക്കുവാനുള്ള സ്വഹാബാക്കളുടെ അഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. 


ഇതര ദേശങ്ങളിൽ നിന്ന് വ്യതിരിക്തമായ സ്വാധീനം സ്വാഭാവികമായും ജെറുസലേം വിജയത്തിലുണ്ടായിരുന്നെങ്കിലും പേർഷ്യക്കാരോ റോമാക്കാരോ പിൽക്കാലത്ത് കുരിശു യോദ്ധാക്കളോ വിശുദ്ധ ഭൂമിയിൽ രക്തമൊഴുക്കിയത് പോലെയോ ഇതര മതസ്ഥർക്ക് പ്രവേശന  വിലക്ക് ഏർപ്പെടുത്തിയതു പോലയോ ഉള്ള അവിവേകമായ പ്രവണതകൾ മുസ്‍ലിം സൈന്യത്തിൽ നിന്നുണ്ടായില്ല എന്ന് മാത്രമല്ല, സഹവർത്തിത്വത്തിന്റെയും സമാധാനത്തിന്റെയും വിളംബരമായി ആ വിജയത്തെ മാറ്റിയെടുക്കുക കൂടിയാണ് അവർ ചെയ്തതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.


ജെറുസലേമിലെത്തിയ മുസ്‍ലിം സൈന്യം വിശുദ്ധ നഗരിയെ രക്തച്ചൊരിച്ചിൽ കൂടാതെ സ്വന്തമാക്കുവാനാണ് എന്നും ആഗ്രഹിച്ചത്. അത് കൊണ്ട് തന്നെ ഇസ്‍ലാമിക സൈന്യത്തിന്റെ നായകൻ ജെറുസലേമിന്റെ ഭരണ സാരഥ്യത്തിലുണ്ടായിരുന്ന പാത്രിയാർക്കീസ് സൊപ്രെയിനിയസിന് യുദ്ധം കൂടാതെ   സമാധാനപരമായുള്ള അധികാര കൈമാറ്റത്തിനായി സന്ധിയിലേർപ്പാടാമെന്ന ഉപാധി മുന്നോട്ട് വെച്ച് കത്തയച്ചു. അറബികളുടെ നഗരത്തിനുള്ള അവകാശവും പാരമ്പര്യവും ശക്തിയും മനസ്സിലാക്കിയ അദ്ദേഹത്തിന് മറ്റു പോംവഴികൾ ഇല്ലാതെ  ഉപരോധങ്ങൾക്കൊടുവിൽ  കരാറിലേർപ്പെടാൻ സന്നദ്ധനാവുകയായിരുന്നു.  എന്നാൽ നിങ്ങളുടെ നേതാവായ ഖലീഫ ഉമർ(റ) നേരിട്ട് ഇവിടെ വന്നാൽ മാത്രമേ കരാറുമായി മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം നിലപാടെടുത്തു. സർവ്വവിധ സന്നാഹങ്ങളുമായി ജൈത്ര യാത്ര നടത്തുന്ന ഒരു സൈന്യം കയ്യിലുണ്ടാവുകയും എതിർചേരി നിഷ്പ്രയാസം ജയിച്ചടക്കാവുന്ന വിധം ദുർബലരാവുകയും ചെയ്തിട്ട് പോലും അനുഭാവപൂർവമായി അതിനെ സമീപിക്കാൻ ആയിരുന്നു സേനയുടെ നായകൻ അബു ഉബൈദ(റ) തയ്യാറായത്.


അതോടെ, അബൂഉബൈദ(റ), ഉമർ(റ)വിന് സ്ഥിതിഗതികൾ വിശദീകരിച്ച് മദീനയിലേക്ക് കത്തയച്ചു. വിവരം അറിഞ്ഞതോടെ, ഒരു ഒട്ടകപ്പുറത്തേറി ഉമർ(റ)വും ഭൃത്യനും  മദീനയിൽ നിന്നും ഫലസ്തീനിലേക്ക് യാത്രതിരിച്ചു. ഒരു ഒട്ടകത്തിന്റെ മേൽ ഇരുവർക്കും യാത്ര അസാധ്യമായതിനാൽ ഖലീഫയും ഭൃത്യനും ഊഴമനുസരിച്ച് മാറിമാറി ഒട്ടകത്തിൽ കയറിയും തെളിച്ചുമായിരുന്നു ഖുദ്സിലേക്കുള്ള യാത്ര. വിശാലമായ ഒരു ഭൂപ്രദേശത്തിന്റെ അധിപനായ, സമൃദ്ധമായ ഖജനാവ് ബൈത്തുൽമാലിന്റെ വിനിയോഗ കർത്താവായ ഖലീഫയെ അധികാര വസ്ത്രത്തിൽ വലിയ സൈനിക അകമ്പടിയോടെ  പ്രതീക്ഷിച്ച ക്രിസ്തീയ ജനതയുടെ  ഇടയിലേക്ക്  അധികാരത്തിന്റെ ഉടയാട ജാഡകൾ ഏതുമില്ലാതെയാണ് ഉമർ(റ) കടന്നുവരുന്നത്. ഉമർ(റ)ന്റെ രൂപം വിദൂരതയിൽ തെളിഞ്ഞതോടെ മുസ്‍ലിം സൈന്യം തക്ബീർ ധനികളോടെ ഖലീഫയെ വരവേറ്റുവെങ്കിലും ക്രൈസ്തവർക്ക് ആ കാഴ്ച്ച അവിശ്വസനീയമായിരുന്നു. ഉമർ(റ)ന്റെ ആഗമനവുമായി ബന്ധപ്പെട്ട് അത്ഭുത പരതന്ത്രരായ തദ്ദേശവാസികളും മുസ്‍ലിം സൈന്യവും തമ്മിലുള്ള സംഭാഷണ രംഗം ചരിത്രത്തിൽ സുവിദിതമാണ്. "സൈനിക അകമ്പടികൾ ഏതുമില്ലാതെ ആ ഒട്ടകപ്പുറത്ത് വരുന്ന സാധാരണ മനുഷ്യനാണോ നിങ്ങളുടെ ഖലീഫ" എന്ന അവരുടെ ചോദ്യത്തിന് മുസ്‍ലിംകളുടെ മറുപടി ആശ്ചര്യജനകമായിരുന്നു. "അതുമല്ല ഞങ്ങളുടെ ഖലീഫ, അത് ഞങ്ങളുടെ ഖലീഫയുടെ ഭൃത്യനാണ്. ആ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച് അതിനെ തെളിച്ചു  മുന്നിൽ നടക്കുന്ന അതിസാധാരണക്കാരനായ മനുഷ്യനാണ് ഞങ്ങളുടെ ഖലീഫ." 

സർവായുധ വിഭൂഷിതരായ സൈനിക മധ്യത്തിൽ അധികാര പ്രൗഢിയുടെ പരിച്ഛേദമായി  കടന്നുവന്നിരുന്ന റോമൻ-പേർഷ്യൻ ഭരണകൂടങ്ങളുടെ പ്രതിനിധികളെയും ഭരണകർത്താക്കളെയും മാത്രം കണ്ടു പരിചയിച്ച ഒരു ജനതയ്ക്ക് അത് അചിന്തനീയമായിരുന്നു. ഉമർ (റ) ധരിച്ച വസ്ത്രത്തിൽ തന്നെ 17 സ്ഥലത്തോളം പ്രത്യക്ഷത്തിൽ തന്നെ പിന്നയത് തുന്നി ചേർത്തതായിരുന്നുവെന്ന് ചരിത്രഗ്രന്ഥങ്ങളിൽ കാണാൻ സാധിക്കുന്നു. മുസ്‍ലിംകളുടെ ആത്മീയ- രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തിന്റെ വില, തങ്ങൾ ധരിച്ച വസ്ത്രത്തിന്റെ അത്ര പോലും വരില്ലല്ലോ എന്ന് അവിടുത്തെ സാധാരണക്കാർ വരെ ഒരുപക്ഷേ  ചിന്തിച്ചിട്ടുണ്ടാവാം. അവരുടെ വേദഗ്രന്ഥങ്ങളിൽ പ്രവചിച്ചത് പോലെയുള്ള ഉമർ(റ) ഈ അടയാളങ്ങളിൽ നിന്ന് തന്നെയായിരുന്നു അദ്ദേഹത്തെ ക്രിസ്ത്യൻ പാതിരിമാർ തിരിച്ചറിഞ്ഞതുമെന്ന് ചരിത്രം അടയാളപെടുത്തുന്നു. ഖലീഫയെ സ്വീകരിച്ച അബൂഉബൈദത്തുൽ ജർറാഹ് ചരിത്രമുഹൂർത്തത്തിലും ഖലീഫയുടെ ഈ പതിവ്  വസ്ത്രധാരണയിൽ ആശ്ചര്യം പ്രകടിപ്പിച്ചു ഖലീഫയെ സമീപിക്കുന്നുണ്ട്. എന്നാല്‍ ഖലീഫയുടെ മറുപടി ഇങ്ങനെയായിരുന്നു, "നമ്മൾ അപമാനിതരും ദുർബലരും ആയിരുന്നു, ഈ ദീൻ മുഖേനയാണ്  നാം ശക്തി പ്രാപിച്ചത്, ഇത് അല്ലാത്ത മറ്റൊരു മാർഗ്ഗത്തിലൂടെ നാം അഭിമാനം കാണുകയാണെങ്കിൽ നാം നിന്ദ്യരായി തീരും". ആ വാക്കുകള്‍ ഇന്നും ഇസ്‍ലാമിക ലോകത്ത് പ്രകമ്പിച്ചുകൊണ്ടേയിരിക്കുന്നു.


ഖലീഫയെ സ്വീകരിച്ച പാത്രിയാർക്കീസും സംഘവും അദ്ദേഹത്തെ, പുനർ നിർമ്മിച്ച ഹോളിസ്‌പെൽച്ചർ ചർച്ചിലേക്ക് ആനയിക്കുന്ന രംഗവും  സമകാലിക സാഹചര്യത്തിൽ വർധിത പ്രധാന്യത്തോടെ വായിക്കപ്പെടേണ്ടതാണ്. ഹോളിസ്പെൽച്ചർ ചർച്ചിൽ വെച്ച് മുആവിയ(റ), അബ്ദുറഹ്മാനുബ്നുഔഫ്(റ) എന്നീ സഹാബി പ്രമുഖരുടെ സാക്ഷ്യത്തിൽ ഖലീഫ ഉമർ(റ) മുസ്‍ലിം പക്ഷത്ത് നിന്ന് ഉമരിയ്യ ഉടമ്പടിയിൽ ഒപ്പ് ചാർത്തിയതോടെ ക്രിസ്ത്വാബ്ദം 637 ഏപ്രിൽ ആദ്യവാരത്തോടെ ജെറുസലം വിശുദ്ധ ദീനിന്റെ അധികാരപരിധിയിലേക്ക് ചേർക്കപ്പെട്ടു. ഹോളി സ്പെൽച്ചർ ചർച്ചിൽ ഖലീഫയും പാത്രിയാർക്കീസും സംവദിക്കവെ ളുഹുർ നമസ്കരിക്കാൻ ബാങ്ക് വിളിക്കപ്പെട്ട രംഗം ചരിത്രം വിശേഷ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്. നമസ്കാരത്തിനായി പുറത്തു പോകുവാൻ തുനിഞ്ഞ ഖലീഫയെ  തടഞ്ഞ് പാത്രിയാർക്കീസ് ചർച്ചിന്റെ ഉള്ളിൽ നിസ്കരിക്കുവാൻ സൗകര്യപ്രദമായ സ്ഥലം ഏർപ്പെടുത്താൻ സന്നദ്ധത അറിയിച്ചുവെങ്കിലും ദീർഘവീക്ഷണമുള്ള ഭരണാധികാരിയായ ഉമർ(റ)വിന്റെ മറുപടി അൽഭുതാവഹമായിരുന്നു. "എന്റെ ശേഷം വരുന്ന പിൻഗാമികൾ ഞങ്ങളുടെ നേതാവ് നിസ്കരിച്ച സ്ഥലം എന്ന അവകാശവാദം ഈ സ്ഥലത്തിനുമേൽ ഉന്നയിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു" എന്ന ഖലീഫയുടെ മറുപടി തന്നെ തങ്ങൾ ഏർപ്പെട്ട കരാറിനോട് എത്രമാത്രം കൂറുപുലർത്തുന്നവരാണ് മുസ്‍ലിംകൾ എന്ന് വ്യക്തമാക്കുന്നതായിരുന്നു. ശേഷം, ആ മധ്യാഹ്ന സമയത്ത് പുറത്തിറങ്ങി തന്റെ മേൽ തട്ടം വിരിച്ച്  ഖലീഫ നിസ്കരിച്ച ആ സ്ഥലം ഇന്ന് ഒരു പള്ളിയായി സംരക്ഷിക്കപ്പെടുന്നുണ്ട്. 


ഉമരിയ്യ കരാറിന്റെ ഭാഗമായി ഉമർ(റ) നൽകിയ ഉറപ്പുകളുടെ ഫലകം പള്ളിയുടെ ചുവരിൽ ഇസ്‍ലാമിന്റെ സഹിഷ്ണുതാ മനോഭാവം വിളിച്ചോതി ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കരാറിലെ  പ്രസക്ത ഭാഗങ്ങളും വ്യവസ്ഥകളും ഇങ്ങനെയായിരുന്നു. "അല്ലാഹുവിന്റെ നാമത്തില്‍, ദൈവദാസനായ അമീറുൽ മുഅമിനീൻ ഉമർ ജറുസലേമിലെ ജനങ്ങൾക്ക് നൽകിയ സുരക്ഷിതത്വത്തിന്റെ ഉറപ്പാണിത്. അവരുടെ സ്വത്തിനും ചർച്ചിനും അവരുടെ കുരിശുകൾക്കും നഗരത്തിലെ രോഗികൾക്കും ആരോഗ്യമുള്ളവർക്കും അവരുടെ മതത്തിന്റെ എല്ലാ ആചാരങ്ങൾക്കും സുരക്ഷിതത്വം ഉറപ്പ് നൽകിയിട്ടുണ്ട്. അവരുടെ പള്ളികളിൽ മുസ്‍ലിംകൾ അധിവസിക്കുകയോ അവ മുസ്‍ലിംകളാൽ നശിപ്പിക്കപ്പെടുകയോ ഇല്ല. അവർക്കോ അവർ നിൽക്കുന്ന ഭൂമിക്കോ അവരുടെ കുരിശിനോ അവരുടെ സ്വത്തിനോ കേടുപാടുകൾ സംഭവിക്കില്ല. അവരെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുകയും ഇല്ല". 


ഇത്ര സ്വാതന്ത്രമായ ഉറപ്പുകൾ മുന്നോട്ട് വെക്കുമ്പോൾ തന്നെ മുസ്‍ലിംകളുടെ കീഴിൽ ജീവിക്കുവാൻ താല്പര്യമില്ലാത്തവർക്ക് ബൈസന്റിയൻ സാമ്രാജ്യത്തിലേക്ക് പോകുവാനുള്ള അനുമതിയും അതുവരെയുള്ള സുരക്ഷയും ഉറപ്പു നൽകുകയും ജെറുസലമിൽ വസിക്കുന്നവർ തന്നെ വിളവെടുപ്പ് കഴിയുന്നതുവരെ നികുതി അടയ്ക്കേണ്ടതില്ല എന്ന ഇളവും വ്യവസ്ഥയിൽ ഉണ്ടായിരുന്നു.  ഉടമ്പടിയുടെ വിശ്വാസ്യത അടയാളപ്പെടുത്തുന്ന അവസാന ഭാഗം ഇങ്ങനെയാണ്, "അവർ (തദ്ദേശവാസികളാവാൻ ആഗ്രഹിക്കുന്ന ക്രിസ്ത്യാനികൾ, യഹൂദർ) തങ്ങളുടെ ബാധ്യതകൾക്കനുസരിച്ച് നികുതി അടയ്ക്കുകയാണെങ്കിൽ, ഈ കത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ദൈവത്തിന്റെ ഉടമ്പടിയുടെ കീഴിലാണ്. അത് അവന്റെ പ്രവാചകന്റെയും ഖലീഫമാരുടെയും വിശ്വാസികളുടെയും ഉത്തരവാദിത്തമാണ്". (താരീഖ് തബരി) ആ കരാർ ആരാലും വിമർശിക്കപ്പെടാതെ പാലിക്കാൻ മുസ്‍ലിംകൾക്ക് സാധിച്ചുവെന്നത് കരാറിനോടുള്ള മുസ്‍ലിംകളുടെ പ്രതിബദ്ധത തെളിയിക്കുന്നതാണ്.


ഖുദുസ്: ഇസ്‍ലാമിക സ്വാധീനം  ഒറ്റനോട്ടത്തിൽ

നഗരത്തിന്റെ പേര് ജെറുസലം എന്നതിൽ നിന്നും വിശുദ്ധ നഗരം എന്ന അർത്ഥത്തിൽ ഖുദുസ് എന്ന പേരിലേക്ക് മാറ്റപ്പെട്ടത് പോലെ സകല മേഖലകളിലും മാറ്റങ്ങൾ പ്രകടമായി. നൂറ്റാണ്ടുകളായി ഭ്രഷ്ട് കൽപ്പിക്കപ്പെട്ട് മാറ്റിനിർത്തിയിരുന്ന ജൂതമതസ്ഥരെ അവരുടെ സുപ്രധാന ഭൂമിയിലേക്ക്  തിരിച്ചു വിളിക്കുന്നതിനും ആരാധനാ സൗകര്യമൊരുക്കുന്നതിനും ഖലീഫ അമാന്തം കാണിച്ചില്ല. ആ മതസൗഹാർദ്ദ-നീതിബോധ  പാരമ്പര്യം സംരക്ഷിക്കുന്നതിൽ  ഉസ്മാൻ(റ) വും അലി(റ)വും അമവികളും അബ്ബാസികളും ഉസ്മാനികളും അയ്യൂബികളും ബദ്ധ ശ്രദ്ധ പുലർത്തിയിരുന്നു. ഭക്തരായ ജൂത മതസ്ഥർ തങ്ങളുടെ ജീവിതാവസാന കാലം പുണ്യ നഗരമായ ജെറുസലമിൽ വന്നു യഥേഷ്ടം താമസിച്ചിരുന്നു. അതിന് യാതൊരു പ്രതിബന്ധവും സൃഷ്ടിക്കാൻ മുസ്‍ലിം ഭരണധികാരികൾ തുനിഞ്ഞിരുന്നില്ല. സെമിറ്റിക് മതങ്ങളുടെ സംഗമ കേന്ദ്രമായി ആ പുണ്യഭൂമിയെ സംരക്ഷിക്കുന്നതിൽ ഇസ്‍ലാമിന്റെ ആശയ സംഹിതയോട് കിടപിടിക്കുന്ന സഹവർത്തിത്വ മനോഭാവം പുലർത്താൻ മുൻകാല ചരിത്രങ്ങളിലൊ പിൽകാല  ചരിത്രങ്ങളിലോ ഒരു ഭരണകൂടത്തിനും അവർ പ്രതിനിധാനം ചെയ്യുന്ന മതങ്ങൾക്കും സാധിച്ചിട്ടില്ല എന്നുമാത്രമല്ല, അതിനോട് തീർത്തും വിരുദ്ധമായിട്ടാണ് അവർ ആ ഭൂമിയോടും അതിന്റെ കൈകാര്യകർത്താക്കളോടും പെരുമാറിയത് എന്നത് ചരിത്ര-വർത്തമാന യാഥാർത്ഥ്യങ്ങളാണ്. ഉമർ(റ)വിന്റെ അനുസ്മരണീയമായ ചരിത്രവും ഇതര മുസ്‌ലിം ഭരണകൂടങ്ങളുടെ മാതൃകയും മുമ്പിലുണ്ടായിരുന്നിട്ടും ഒന്നാം കുരിശുയുദ്ധത്തിൽ ക്രിസ്തീയ പട  അവിടെയുണ്ടായിരുന്ന മുസ്‍ലിം-ജൂത വിഭാഗങ്ങളെയെല്ലാം, സുരക്ഷ ഉറപ്പ് നല്കി കീഴടങ്ങിയിട്ട് പോലും  കൂട്ടക്കൊല നടത്തുകയും പള്ളികൾ ഒന്നടങ്കം ചർച്ചുകളയി പരിവർത്തിപ്പിക്കുകയും ചെയ്തുവെന്ന ക്രൂര വസ്തുത പരിഗണിക്കുമ്പോഴാണ് ഇസ്‍ലാമിന്റെ സഹിഷ്ണുതയുടെ ആഴവും പരപ്പും വ്യക്തമാവുക. 

കേവല ആധിപത്യം സ്ഥാപിക്കുന്നതിന് പകരം ആ നാടിന്റെ നാനോന്മുഖ പുരോഗതിക്കായാണ് മുസ്‍ലിംകൾ എന്നും പരിശ്രമിച്ചത്. മസ്ജിദുൽ ഖുബാ നിർമ്മാണത്തിന് പ്രവാചകൻ മേൽനോട്ടം വഹിച്ചതുപോലെ ഖുദ്സിൽ മസ്ജിദുൽ അഖ്സയുടെ പുനർനിർമ്മാണത്തിനും ഇതര ഗേഹങ്ങളുടെ അതിവേഗ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഖലീഫ തന്നെ മുൻകൈയെടുത്തു.  ഉമവി ഭരണാധികാരി അബ്ദുൽ മലിക് ബിനു മർവാന്റെ  ഖുബത്തുസ്വഖ്റാ നിർമ്മാണവും അബ്ബാസ്സികളുടെയും  ഉസ്മാനികളുടെയും ഖുദ്സിലെ വാസ്തുവിദ്യാ മുന്നേറ്റവും ആ നിർമ്മാണ പ്രവർത്തനങ്ങളുടെ പിൽക്കാല അനുരണനങ്ങളാണ്. നീതി പൂർവമായ ഭരണവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ഖുദ്സിന്റെ ഭൂമിയെ ഒരു വൈജ്ഞാനിക കേന്ദ്രമായി പരിണമിപ്പിക്കുന്നതിലും കാര്യമാത്ര ശ്രദ്ധ പുലർത്തിയത് മുസ്‍ലിം ഭരണാധികാരികൾ തന്നെയായിരുന്നു. മദ്രസ്സത്തുൽ മൻഷാ, മദ്രസത്തുൽ ഖുൻസനിയ്യ അടക്കമുള്ള ജ്ഞാനപ്രസരണ കേന്ദ്രങ്ങൾ വിദേശ വിദ്യാർത്ഥികൾ വരെ വിജ്ഞാനം തേടിയെത്തുന്ന ഇടങ്ങളായിരുന്നു. ഇഹ്‌യ ഉലൂമുദ്ധീനിന്റെ രചനകൾക്ക് തുടക്കം കുറിച്ച ആ ഭൂമിയിൽതന്നെയാണ് ലിയായുദ്ധീൻ മഖ്ദിസിയും ഇബ്നുൽ ബറൂദിയും അടങ്ങുന്ന പണ്ഡിത പ്രമുഖർ ഉയിർകൊണ്ടത്. 

ആ രീതിയിൽ സമ്പൂർണ്ണമായ പുരോഗതിയുടെയും പ്രതാപത്തിന്റെയും പൈതൃകം പേറുന്ന ഒരു നാടിനെയെയും അതിന്റെ അവകാശികളെയും ആണ് അപരിഷ്കൃത സമൂഹം പോലും ദർശിച്ചിട്ടില്ലാത്ത വിധം വേട്ടയാടി കൊണ്ടിരിക്കുന്നത് എന്നത് ചരിത്രത്തോടുള്ള തിരിഞ്ഞുകുത്തലും മനുഷ്യത്വത്തോട് മൃഗീയമായി വർത്തിക്കലുമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter