നവൈതു 14- നോമ്പ് എനിക്കുള്ളതാണ്... അതിന് പ്രതിഫലം ഞാന്‍ നല്കും
ഈ പറയുന്നത് ലോകങ്ങളുടെ മുഴുവന്‍ സ്രഷ്ടാവും ജഗന്നിയന്താവുമായ പടച്ച തമ്പുരാനാണ്. നമ്മുടെ നോമ്പ് കൊണ്ടോ മറ്റു ആരാധനാകര്‍മ്മങ്ങള്‍ കൊണ്ടോ യാതൊന്നും അവന് നേടാനില്ലെന്നിരിക്കെ, എത്ര സന്തോഷത്തോടെയാണ് നോമ്പിനെയും നോമ്പുകാരനെയും അവന്‍ സ്വീകരിക്കുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്.
നോമ്പ് അല്ലാഹുവിനാണെങ്കില്‍ നിസ്കാരവും സകാത്തും ഹജ്ജും മറ്റു അമലുകളും ആര്‍ക്കുള്ളതാണ്. അവയും അല്ലാഹുവിനുള്ളത് തന്നെയല്ലേ. അത് തീര്‍ച്ചയായും എനിക്കുള്ളതാണ് എന്നതിന്‍റെ സാംഗത്യമെന്താണ്. നോമ്പ് മറ്റാരും അറിയില്ലെന്നതിനാല്‍ അതില്‍ രിയാഅ് (ലോകമാന്യം) കടന്നു വരികയില്ലെന്നും അത് കൊണ്ടാണ് അത് അല്ലാഹുവിന് ഇത്രമേല്‍ ഇഷ്ടകരമെന്നും ഇമാം അഹ്‍മദ്(റ) അടക്കമുള്ള പണ്ഡിതര്‍ പറയുന്നു.
അല്ലാഹുവിന് ഇത്രയും ഇഷ്ടമുള്ള ആരാധനാകര്‍മ്മത്തില്‍ ഏര്‍പ്പെടുന്നവന്‍, അവനോട് ചോദിക്കുന്നതെല്ലാം അവന്‍ നല്കാതിരിക്കില്ല. നോമ്പുകാരന്‍ തുറക്കാനിരിക്കുന്ന വേളയിലെ പ്രാര്‍ത്ഥനക്ക് പ്രത്യേകം പ്രാധാന്യമുണ്ടെന്നും അതിന് ഉത്തരം ലഭിക്കാനുള്ള സാധ്യതകളേറെയാണെന്നും പറയുന്നതും അത് കൊണ്ട് തന്നെ. അല്ലാഹു പറഞ്ഞത് കൊണ്ട് മാത്രം, എല്ലാം കൈയ്യെത്തും ദൂരത്തുണ്ടായിട്ടും ഏറെ ആഗ്രഹമുണ്ടായിട്ടും വേണ്ടെന്ന് വെക്കാന്‍ അടിമ കാണിക്കുന്ന മനസ്സ്, അതാണ് അല്ലാഹുവിനെ ഇത്രമേല്‍ സംതൃപ്തനാക്കുന്നത്. അതിന്റെ അവസാന നിമിഷമാണ് തുറക്കുന്ന സമയം എന്ന് പറയാം. ഉടമ പറഞ്ഞ സമയം ആയോ എന്ന് കാത്ത് കാത്തിരിക്കുന്ന നേരമാണ് അത്. അവന്‍ പറഞ്ഞതില്‍നിന്ന് ഒരു മിനുട്ട് പോലും നേരത്തെ ആവരുതെന്ന വാശിയോടെയാണ് ഓരോ നോമ്പുകാരനും ആ സമയത്ത് ബാങ്കിന്റെ വിളിയാളം പ്രതീക്ഷിച്ചിരിക്കുന്നത്.
Read More: 13-നോമ്പ്: ഏറെ ലാഭകരമായ കച്ചവടം
അത് കൊണ്ട് തന്നെ, ഈ മാസവും അതിലെ നോമ്പെടുക്കുന്ന സമയങ്ങള്‍ വിശേഷിച്ചും നമുക്ക് പരമാവധി ഉപയോഗപ്പെടുത്താം. നമ്മുടെ ആവശ്യങ്ങളെല്ലാം അല്ലാഹുവിനോട് ചോദിച്ച് വാങ്ങാനുള്ള അവസരം കൂടിയാക്കാം. അതില്‍ പ്രധാനമായും നമ്മുടെ പ്രാര്‍ത്ഥനകളിലിടം പിടിക്കേണ്ടത് പാപമോചനവും പാരത്രിക വിജയവുമായിരിക്കണം. ഐഹിക ജീവിതവും അതിലെ സുഖസൗകര്യങ്ങളും കേവലം നൈമിഷികമാണെന്ന് വിശ്വസിക്കുന്നവരാണ് നാം. ഇഹലോകത്തും പരലോകത്തും ഖൈര്‍ നല്കണേ എന്ന വിശുദ്ധ ഖുര്‍ആനിന്റെ പ്രാര്‍ത്ഥന നമുക്ക് പതിവാക്കാം. ഈ പത്ത് ദിനങ്ങളില്‍, ജീവിതത്തിലുടനീളം ചെയ്തുപോയ പാപങ്ങള്‍ പൊറുത്ത് തരണമെന്ന് ആത്മാര്‍ത്ഥമായ തേട്ടവും പ്രത്യേകം ഉള്‍പ്പെടുത്താം. അല്ലാഹുവിന് ഇത്രമേല്‍ ഇഷ്ടകരമായ ഒരു കര്‍മ്മം ചെയ്തുകൊണ്ടുള്ള ആ തേട്ടം അവന്‍ സ്വീകരിക്കാതിരിക്കില്ല.
Leave A Comment