റമദാന്‍ ചിന്തകള്‍ - നവൈതു...27.വിശ്വാസിക്ക് വൃത്തിയും ആരാധന തന്നെ..

ഒരു ഹദീസ് ഇങ്ങനെ മനസ്സിലാക്കാം, അല്ലാഹു സുന്ദരനാണ്, അവന് സൗന്ദര്യം ഏറെ ഇഷ്ടവുമാണ്.

വൃത്തിക്കും ശുദ്ധിക്കും ഏറെ പ്രാധാന്യം നല്കുന്ന മതമാണ് വിശുദ്ധ ഇസ്‍ലാം. ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണെന്ന് പറയുന്ന ഹദീസുകള്‍ തന്നെ കാണാം. ശാരീരകവും മാനസികവുമായ വൃത്തിയും ശുദ്ധിയും സദാ പാലിക്കേണ്ടവനാണ് വിശ്വാസി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അത്തരക്കാരന്റെ വിശ്വാസമേ പൂര്‍ണ്ണമാവുന്നുള്ളൂ.

വിശ്വാസിയുടെ മനസ്സ് എപ്പോഴും ശുദ്ധമായിരിക്കേണ്ടതുണ്ട്. ആരോടും അസൂയയോ പകയോ ഇല്ലാതെ, ആരോടും വഴക്കോ വൈരാഗ്യമോ ഇല്ലാതെ, എല്ലാവര്‍ക്കും നല്ലത് മാത്രം വരണമെന്ന സദ്ചിന്തയോടെ കഴിയേണ്ടവനാണ് അവന്‍. സമ്പാദ്യമോ സന്താനങ്ങളോ ഉപകാരപ്പെടാത്ത ആ ദിനം, വിചാരണാദിനത്തില്‍, വൈകൃതങ്ങളൊന്നുമില്ലാത്ത നിഷ്കളങ്കമായ മനസ്സുമായി അല്ലാഹുവിനെ സമീപിച്ചവര്‍ക്ക് മാത്രമേ രക്ഷയുള്ളൂ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മനസ്സിലേക്ക് കടന്ന് വരുന്ന ദുഷ്ചിന്തകള്‍ക്ക് പോലും അല്ലാഹുവിനോട് കാവല്‍ തേടാനാണ് മതം പറയുന്നത്.

അതോടൊപ്പം വിശ്വാസിയുടെ ബാഹ്യ ശരീരവും എപ്പോഴും വൃത്തിയായിരിക്കണമെന്നാണ് മതം പറയുന്നത്. നഖം, മുടി പോലോത്ത നീക്കേണ്ടവയെല്ലാം കൃത്യമായ ഇടവേളകളില്‍ നീക്കുന്നതും വിസര്‍ജ്ജന ശേഷം യഥാവിധി വൃത്തിയാക്കുന്നതുമെല്ലാം വിശ്വാസിയുടെ ആരാധനകളുടെ ഭാഗമാണ്. കുളിയും എണ്ണ തേക്കലുമെല്ലാം ഇതിന്റെ ഭാഗമായി കടന്നുവരുന്നു. ദിവസവും അഞ്ച് നേരമെങ്കിലും വുളൂ ചെയ്യുന്നതിലൂടെ, സദാ വുളൂവിലായി തുടരണമെന്ന് പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ, നിത്യശുദ്ധിയും വൃത്തിയുമാണ് ഇസ്‍ലാം അതിന്റെ അനുയായികളില്‍ ഉറപ്പ് വരുത്തുന്നത്.

Read More: റമദാന്‍ ചിന്തകള്‍ - നവൈതു..26. വിശ്വാസിയുടെ ബന്ധങ്ങളും ഊഷ്മളം തന്നെ

നല്ല വൃത്തിയും ഭംഗിയുമുള്ള വസ്ത്രം ധരിക്കണമെന്നും ഇസ്‍ലാം അനുശാസിക്കുന്നു. നിസ്കാര സമയങ്ങളിലെല്ലാം ഭംഗിയായി വേണം പോവേണ്ടതെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്ന വിധം വാസനയുള്ള എന്തെങ്കിലും കഴിച്ചവന്‍ പള്ളിയിലേക്ക് വരരുതെന്നുമെല്ലാം മതശാസനയെന്നോണം തന്നെ അത് പറഞ്ഞ് വെക്കുന്നു. കീറിപ്പറിഞ്ഞതും മുഷിഞ്ഞതുമായ വസ്ത്രം ധരിക്കാനല്ല ഇസ്‍ലാം പറയുന്നത്. മറിച്ച്, അല്ലാഹു തനിക്ക് നല്കിയ അനുഗ്രഹങ്ങള്‍ പ്രകടമാവും വിധം തന്നെ അനുയോജ്യമായി വസ്ത്രം ധരിക്കാനും അണിഞ്ഞൊരുങ്ങാനും ഭംഗിയായി തന്നെ നടക്കാനുമാണ് അത് അനുയായികളോട് പറയുന്നത്.  

ചുരുക്കത്തില്‍ നിത്യജീവിതത്തിലെ വൃത്തി പോലും ആരാധനയുടെ ഭാഗമായി കാണുന്നതാണ് ഇസ്‍ലാം. അത് കൊണ്ട് തന്നെ, ഒരു വിശ്വാസി എപ്പോഴും തന്റെ സമൂഹത്തില്‍ സൗന്ദര്യവും സൗരഭ്യവും പരത്തുന്നവനായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter