മതം, മാക്സിസം,  നാസ്തികത, ലിബറലിസം

എം.എസ്.എഫ് നടത്തിയ വേര് പരിപാടിയിലെ വിഷയാവതരണത്തെ കുറിച്ച് ഡോ. എം.കെ. മുനീര്‍ സാഹിബ് എഴുതിയ കുറിപ്പ്. വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ച് വായനക്കാര്‍ക്കായി ഇവിടെയും പങ്ക് വെക്കുന്നു.

മതം മാക്സിസം നാസ്തികത ലിബറലിസം- എന്ന വിഷയത്തെ സംബന്ധിച്ച് എം എസ് എഫ് നടത്തിയ വേര് എന്ന പരിപാടിയിൽ ഞാൻ അവതരിപ്പിച്ച വിഷയം പിന്നീട് കേരളത്തിന്റെ പൊതുബോധത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണല്ലോ.

ഇത്തരം ചർച്ചകളെയും അതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങളെയും ആരോഗ്യകരമായ ഒരു സംവാദത്തിന്റെ തന്നെ ഭാഗമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. സത്യത്തിൽ കേരളീയ പരിസരത്തിൽ അത്തരമൊരു ചർച്ചയ്ക്ക് തുടക്കം ഇടണമെന്ന് തന്നെയായിരുന്നു അവതരണം കൊണ്ടുള്ള ഉദ്ദേശ്യവും. ഉദ്ദേശിച്ച പോലെ തന്നെയുള്ള സംവാദങ്ങൾക്ക് എന്റെ വിഷയാവതരണം വഴിവെക്കുകയും അത് ഈ വിഷയത്തെ സംബന്ധിച്ചും അതിന്റെ ഇരു ധ്രുവങ്ങളെ സംബന്ധിച്ചും ഒരു ധാരണ ജനങ്ങൾക്ക് ഉണ്ടാകാൻ സഹായിച്ചു എന്നും തന്നെയാണ് മനസ്സിലാകുന്നത്. വളരെ ആരോഗ്യപരമായ അത്തരം ഉൾകൊള്ളലുകളും   സംവാദങ്ങളും ഒരു ആധുനിക സമൂഹത്തിന്റെ ഗുണകരമായ ലക്ഷണം കൂടിയാണ്. 

എന്നാൽ ചിലരെല്ലാം സ്വതന്ത്രമായ ഈ അഭിപ്രായ പ്രകടനത്തെ വല്ലാതെ ദുർവ്യാഖ്യാനിക്കുകയും അതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വളരെ അപകടകരമായ രൂപത്തിലേക്ക് ചർച്ചകളെ വഴിതിരിച്ചുവിടുകയും ചെയ്യുന്നത് കാണുമ്പോൾ അതിലെ അപകടവും ആശങ്കയും പങ്കുവെക്കണം എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.
മതം, നാസ്തികത, ലിബറലിസം, മാർക്സിസം തുടങ്ങിയ വിഷയങ്ങളെ അവലോകനം ചെയ്തു കൊണ്ടുള്ള വിഷയാവതരണം കൊണ്ട് യഥാർത്ഥത്തിൽ സാമൂഹ്യ, സദാചാര, മാനവിക വിഷയങ്ങളിൽ മതവും-മാർക്സിസവും എവിടെ നിൽക്കുന്നു എന്ന വിശകലനമാണ് ഉദ്ദേശിച്ചിട്ടുള്ളത്. രണ്ട് വിരുദ്ധ ധ്രുവങ്ങളിൽ നിന്നിരുന്ന ലിബറലിസത്തെയും മാർക്സിസത്തെയും ലിബറൽ-മാർക്സിസം എന്ന പേരിൽ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാകാവുന്ന വൈരുദ്ധ്യങ്ങളെയും ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. അവിടെ കാറൽ മാർക്സിനെയും ലെനിനെയും എംഗൽസിനെയുമെല്ലാം അവരുടെ വ്യക്തി ജീവിതത്തെ ചൂണ്ടിക്കാട്ടി ഞാൻ അധിക്ഷേപിച്ചുവെന്ന സ്വഭാവത്തിൽ വിമർശിക്കുന്നവരുണ്ട്. വാസ്തവത്തിൽ അവരുടെ സ്വകാര്യ ജീവിതമല്ല വിഷയം, മറിച്ച് അവരുടെ ജീവിതവും ജീവിത പ്രത്യയശാസ്ത്രവും അത്രമാത്രം ഇഴപിരിക്കാൻ കഴിയാത്തവണ്ണം ഒന്നായതുകൊണ്ട് തന്നെ മാർക്സിസത്തെ അതിന്റെ പ്രധാന വക്താക്കളുടെ ജീവിതത്തിലൂടെ കൂടി വായിക്കേണ്ടി വരും. മതം, മാർക്സിസം എന്നിവയെ കുറിച്ച് സംസാരിക്കുമ്പോൾ അവ ഉത്ഭവിച്ച കാലഘട്ടത്തെ സംബന്ധിച്ചും കാലഘട്ടവും വ്യക്തിയും തമ്മിൽ ധാർമികമായ അന്തരമുണ്ടോ എന്നതിനെ സംബന്ധിച്ചുമെല്ലാം സംസാരിക്കേണ്ടി വരിക സ്വാഭാവികമാണ്. പ്രത്യേകിച്ച് മാർക്സിസത്തിൽ വ്യക്തിക്ക് പ്രത്യേക സ്ഥാനമില്ല, സമൂഹങ്ങളാണ് അതിലുള്ളത്. അപ്പോൾ ആ വ്യക്തിയും പ്രത്യയശാസ്ത്രവും പരസ്പരപൂരകമായാണോ വിരുദ്ധമായാണോ നിലനിൽക്കുന്നത് എന്ന് ചർച്ച ചെയ്യേണ്ടി വരുന്നിടത്ത് ഒരു കേസ് സ്റ്റഡി എന്നവണ്ണം അതിന്റെ വക്താക്കളുടെ ജീവിതത്തെ പഠിക്കേണ്ടതായും അവതരിപ്പിക്കേണ്ടതായും വരും.

എന്നാൽ തങ്ങൾക്കെതിരാവുമെങ്കിൽ ഇത്തരം അഭിപ്രായപ്രകടനങ്ങൾ യാതൊന്നും പാടില്ലെന്ന ഫാഷിസ്റ്റ് ശബ്ദത്തിൽ മറു ഭാഗത്തു നിന്നും പ്രതിരോധങ്ങൾ ഉണ്ടാകുന്നത് ആശങ്ക മാത്രമേ ഉണ്ടാക്കുന്നുള്ളൂ. മാർക്സിസത്തെയും ലിബറലിസത്തെയും വിമർശിച്ചാൽ അവരൊന്നും മനുഷ്യ പക്ഷത്തല്ലെന്ന് സമർത്ഥിക്കാനുള്ള മുറവിളികളും സോഷ്യൽ മീഡിയ അക്രമണങ്ങളുമെല്ലാം ഈ വിഭാഗത്തിന്റെ ആഗോള സ്വഭാവമായിട്ടുണ്ട്.

തങ്ങൾ പറയുന്നതിനപ്പുറം മിണ്ടാൻ ആളുണ്ടാകരുതെന്ന തിട്ടൂരം മാത്രമേ തൽക്കാലം ഇതിലൊക്കെ കാണുന്നുള്ളൂ. ഇത് എല്ലായിടത്തും എന്നപോലെ മാർക്സിസ്റ്റ് പാർട്ടി കേരളത്തിലും കാലങ്ങളായി ഉപയോഗിക്കുന്ന വളരെ വൃത്തികെട്ട തന്ത്രമാണ്. തങ്ങളെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നവരെ തീവ്രവാദികളെന്ന് വിളിക്കാനുള്ള ഇടതുപക്ഷത്തിന്റെ ടെന്റൻസി കെ- റെയിലിന്റെ കാര്യത്തിലും ദേശീയ പാത വികസനത്തിന്റെ  കാര്യത്തിലും ഗെയിൽ പൈപ്പ് ലൈൻ  സമരത്തിലും ഒക്കെ കേരളം കണ്ടതാണ്. തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരൊന്നും ഈ സമൂഹത്തിന്റെ ഭാഗമല്ലെന്ന വർത്തമാനത്തിന്റെ കൂടെ ആറാം നൂറ്റാണ്ടുകാർ എന്ന വംശീയമായ റഫറൻസ് കൂടെ ചേരുമ്പോൾ മാർക്സിസ്റ്റ് മോഡൽ മുസ്‍ലിം അപരവത്കരണം പൂർത്തിയാകുന്നു. 

വളരെ സ്വതന്ത്രമായി ഈ വിഷയം അവതരിപ്പിച്ചതുകൊണ്ട് മാത്രം ഞാൻ പലർക്കും വളരെ സങ്കുചിതനായ ഇസ്‍ലാമിസ്റ്റ് മാത്രമായി മാറുന്നത് എന്തുകൊണ്ടാണ്? ഇസ്‍ലാമും മാക്സിസവും എന്ന വിഷയത്തിൽ പോലുമല്ല എന്റെ വിഷയാവതരണം എന്നത് ശ്രദ്ധിക്കണം. മറിച്ച് മതവും മാർക്സിസവും എന്ന തലക്കെട്ടിലാണ് ഞാൻ സംസാരിച്ചത്. അത് ഇസ്‍ലാമിനെ മാത്രം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒരു സംവേദനവുമായിരുന്നില്ല. എന്നാൽ എല്ലാ മത ദർശനങ്ങൾക്കും ഈ ലിബറൽ പരിസരത്തുനിന്നും ഉണ്ടാവുന്നത് ഒരേ പരുക്കിന്റെ അനുഭവങ്ങളാണ് എന്ന് പറയുകയാണ് ഞാൻ ചെയ്തത്.
അപ്പോൾ ലിബറൽ ലോക ചിന്തകളോട് സമരസപ്പെടാത്തവരെയെല്ലാം തീവ്രവാദികളും താലിബാനികളും അപരിഷ്കൃതരും സങ്കുചിതനായ ഇസ്‍ലാമിസ്റ്റും ആക്കുന്നതെന്താണ്? തങ്ങൾക്ക് ഇഷ്ടമില്ലാത്തത് പറയാൻ തുടങ്ങുന്നവരെ ചാപ്പകുത്തി ഒതുക്കാമെന്ന ഗുണ്ടാ നിലപാട് ഇടതുപക്ഷത്ത് പ്രവർത്തിക്കുന്നത് തെളിയിക്കുക മാത്രമേ ഇത് ചെയ്യുന്നുള്ളൂ. എന്നാൽ ചാപ്പ കൊടുക്കുമ്പോൾ എങ്കിലും അല്പം യാഥാർഥ്യബോധം ഉപയോഗിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.

മതം: മാര്‍ക്‌സിസം വീണ്ടും വീണ്ടും പരാചയപ്പെടുന്നതെന്തുകൊണ്ട്?

മാർക്സിസത്തോടും ലിബറൽ അരാചകത്വ ചിന്തകളോടും ഉള്ള നിലപാട് തന്നെയാണ് എനിക്ക് സങ്കുചിത തീവ്രവാദ ചിന്തകളോടുള്ള നിലപാടും. താലിബാനെതിരെ എഴുതിയതിന്റെ പേരിൽ ഇവിടെ വധഭീഷണിയെ പോലും നേരിടേണ്ടിവന്ന വ്യക്തിയാണ് ഞാൻ. എന്നിട്ടും പ്രത്യയശാസ്ത്രപരമായി അതിനെ നേരിടുന്നവരിൽ ഞാൻ മുമ്പിലുണ്ടായിരുന്നു. സമുദായത്തിൽ എസ്ഡി.പി.ഐ എന്ന സംഘടന തീവ്ര ശബ്ദവുമായി രംഗത്ത് വരാൻ തുടങ്ങിയിരുന്ന കാലത്ത് അതിന്റെ ഭ്രൂണ രൂപത്തോട് പോലും ഞാൻ ഏറ്റുമുട്ടിയിരുന്നു. അക്കാലത്ത് യൂത്ത് ലീഗ് വഴി അത്തരം ചിന്താധാരകളെ പ്രത്യയശാസ്ത്രപരമായി പ്രതിരോധിക്കാൻ വേണ്ടി പണിയെടുത്ത വ്യക്തി കൂടിയാണ് ഞാൻ. ഇന്നും അവരെ നഖശിഖാന്തം എതിർക്കുന്നവരിൽ മുൻ നിരയിൽ തന്നെ ഞാനുണ്ടെന്ന് കണ്ണുള്ളവർക്ക് കാണാം.

മറ്റു ഫാഷിസ്റ്റ് സംഘടനകളോടുള്ള  എന്റെ നിലപാടുകളും കേരളം കണ്ടതാണ്. ഇന്ത്യയിൽ ഫാഷിസത്തിന്  മുസോളിനിയുടെ ഫാഷിസവുമായും ഹിറ്റ്‍ലറുടെ നാസിസവുമായും ഒക്കെ സാദൃശ്യമുണ്ടെന്ന് മാത്രമല്ല അവയിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് പ്രവർത്തിക്കുന്നവയാണ്. ഡോക്ടർ മൂഞ്ചെയുടെ മുസ്സോളിനിയുമായുള്ള കൂടിക്കാഴ്ചയും മൂഞ്ചെ അന്നത്തെ ബലാലിയ മൂവ്മെന്റിനെ അനുകൂലിച്ചുകൊണ്ട് നടത്തിയ പ്രസംഗങ്ങളും അദ്ദേഹത്തിന്റെ നിലപാടുകളും അതിൽ നിന്നും മിലിറ്റന്റ് ആയ ഒരു വിഭാഗം ഉണ്ടാവുന്നതിനെ സംബന്ധിച്ചും ഒക്കെയുള്ള അക്കാലത്തെ എന്റെ ലേഖനങ്ങൾ ആർക്കും കാണാം. ഇവയെല്ലാം ഫാഷിസത്തെ മുന്നിൽ കണ്ട് ചെറുക്കാനുള്ള വളരെ ക്രിയാത്മകമായ ഇടപെടലുകൾ ആയിരുന്നു. ആ എന്നെ താലിബാനിൽ എടുക്കാൻ നടക്കുന്നവർക്ക് രാഷ്ട്രീയബോധമോ സാമാന്യബോധമോ ഇല്ലാതെ പോകുന്നതിലെ സഹതാപം മാത്രം രേഖപ്പെടുത്തുന്നു. 

ഞാൻ സംസാരിച്ചത് ഈ നാട്ടിലെ എല്ലാ വിശ്വാസികൾക്കും വേണ്ടിയാണ്. ഈ നാട്ടിലെ ഇടതുപക്ഷത്തോടൊപ്പം കൂടെ നിൽക്കുന്ന സകല ഹൈന്ദവരെയും ക്രൈസ്തവരെയും മുസ്‍ലിംകളെയും ബാധിക്കുന്ന ഒരു സാമൂഹ്യ പ്രശ്നത്തെയാണ് ഞാൻ വിഷയാവതരണത്തിലൂടെ സൂചിപ്പിച്ചത്. പുരോഗമനമെന്ന പേരിൽ കേരളത്തിലെ ക്യാമ്പസുകളിലൂടെ അടക്കം മാർക്സിസ്റ്റ് വിദ്യാർത്ഥി സംഘടനകൾ പ്രോത്സാഹിപ്പിക്കുന്ന അരാചകത്വങ്ങളെ സംബന്ധിച്ച ആശങ്ക പങ്കുവച്ചാൽ താലിബാനി എന്ന് വിളിക്കുന്ന കൾച്ചറൽ ഫാഷിസത്തോട് സമരസപ്പെട്ടു പോകാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. എന്റെ സംസാരം അപ്പോഴും ഇപ്പോഴും സ്ത്രീപക്ഷത്തു തന്നെയായിരുന്നു. പാട്രിയാർക്കൽ ആയ ഒരു സമൂഹത്തിൽ സ്ത്രീയെ രണ്ടാംതരക്കാരിയായി കാണുന്നു എന്ന പ്രശ്നമാണ് ആ വിഷയാവതരണത്തിന്റെ ആകെത്തുക. അത് പല പുരോഗമന സ്ത്രീകൾക്കുപോലും തിരിച്ചറിയാൻ കഴിയാതെ പോകുന്നതിൽ അത്ഭുതമുണ്ട്. അത് മാർക്സിസം പ്രതിസ്ഥാനത്ത് വരുമ്പോൾ സ്ഥിരം ഉണ്ടാകുന്ന സെലക്ടീവ് അജ്ഞത ആണെങ്കിൽ വിളിച്ചുണർത്തുന്നില്ല.

സമൂഹത്തിന്റെ ധാർമിക സദാചാര പരിസരങ്ങളെയെല്ലാം ഉടച്ചുവാർക്കണമെന്നും കുടുംബ സംവിധാനങ്ങളെ പോലും ഇല്ലാതാക്കണമെന്നും സ്വപ്നം കാണുന്ന അരാജകത്വവാദികൾ പുരോഗമനമെന്ന പേരിൽ പുതിയ തലമുറയെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതിലുള്ള ആശങ്ക സാമൂഹ്യബോധമുള്ള മലയാളികളിലെല്ലാമുണ്ട്. ലിബറലിസവും മാർക്സിസവും ഒരുമിച്ച് അതിന്റെ ഭാഗമാകുമ്പോൾ വിമർശിക്കേണ്ടി വരിക ഒരു അനിവാര്യതയാണ്. എല്ലാ വിശ്വാസികളും അവിശ്വാസികളും ഒരുപോലെ തന്നെ ഈ മാർക്സിസവും ലിബറൽ അരാജകത്വ വാദങ്ങളും സമൂഹത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!.

എനിക്ക് സംസാരിക്കാനുള്ളത് എല്ലാവരോടുമാണ്. പ്രത്യേകിച്ച് സ്ത്രീകളോട്. മാർക്സിസ്റ്റ് ഭരണകൂടം ചെറിയ സമ്മാനങ്ങൾ കാട്ടി വലിയ ഗർത്തങ്ങളിലേക്ക് അവരെ തള്ളിയിടുകയാണ് എന്ന് തിരിച്ചറിയേണ്ടത് സ്ത്രീകൾ തന്നെയാണ്. വസ്ത്രങ്ങളുടെ കാര്യത്തിൽ പോലും അവർ സ്ത്രീപക്ഷത്തു നിൽക്കാത്തത് എന്തുകൊണ്ടാണ്? പുരുഷ പക്ഷത്ത് നിൽക്കാനും പുരുഷൻ ആഗ്രഹിക്കുന്ന പോലെയോ അല്ലെങ്കിൽ പുരുഷനായി തന്നെയോ തന്റെ സ്വത്വത്തെ മാറ്റാൻ പറയുന്നതല്ലേ വലിയ സ്ത്രീവിരുദ്ധത!?

സ്വന്തം സ്വത്വവും അടയാളവും അഭിരുചിയും തന്നെ മാറ്റേണ്ടവളാണ് സ്ത്രീയെന്ന വർത്തമാനം സ്ത്രീയിൽ അവളെ സംബന്ധിച്ച് അപകർഷതാബോധം ഉണ്ടാക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുന്നത്? സ്ത്രീയോട് പുരുഷനെപ്പോലെ മാറാൻ പറയുന്നവർ, എന്തുകൊണ്ട് പുരുഷന് മാറാൻ ഒന്നുമില്ലെന്ന് പറയുന്നു? എന്തുകൊണ്ട് പുരുഷന് സ്ത്രീയിൽ നിന്നും ഒന്നും എടുക്കാൻ ഇല്ല? സ്ത്രീ വസ്ത്രം താഴ്ന്നതാണ് എന്നും അതിൽ നിന്നും രക്ഷകിട്ടാൻ പുരുഷനെപോലെ കോലം മാറണമെന്നും പറയുന്നത് ഒരു പാട്രിയാർക്കൽ സമൂഹത്തിന്റെ ലക്ഷണമാണ്.

എല്ലാ തലത്തിൽ നിന്നും ഇതാണ് ആധുനികമെന്നും പുരോഗമനമെന്നും പറയുന്നത് അതനുസരിക്കാൻ സ്ത്രീയിൽ സാമൂഹ്യ സമ്മർദ്ദമുണ്ടാക്കലാണ്. സ്ത്രീയുടെ കംഫർട്ട് അതാണല്ലോ എന്നാണ് ശേഷം ന്യായം പറയുന്നത്. കംഫർട്ട് ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അവിടെ ജന്ററും ന്യൂട്രാലിറ്റിയുമൊക്കെ വരുന്നത് എങ്ങനെയാണ്? ആണും പെണ്ണുമെല്ലാം ഒരൊറ്റ രൂപത്തിൽ ഉള്ള വസ്ത്രം ധരിക്കട്ടെ എന്നു പറഞ്ഞാൽ അത് കംഫർട്ടിന് വിരുദ്ധമായ ആശയമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ലിബറലുകൾക്ക് ഉണ്ടായില്ലെങ്കിലും മറ്റ്‌ സമൂഹങ്ങൾക്ക്  ഉണ്ടാകണം. എല്ലാവർക്കും അവരവരുടെ ശാരീരിക വ്യത്യസ്തതകൾക്കും വൈവിധ്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ച് വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിക്കാൻ കഴിയുന്നിടത്താണ് കംഫർട്ട് ഉണ്ടാകുന്നത്. ആ വ്യത്യസ്തതകളെ നിഷേധിക്കുകയും സകലരും ഒറ്റക്കോലത്തിൽ വസ്ത്രം ധരിക്കണം എന്നു വാശി പിടിക്കുന്നതും കംഫർട്ടിന് നേർ വിപരീതമായ നിലപാടാണ്. ഇനി ഇതിനെ അംഗീകരിച്ചാൽ തന്നെ അതിലും കംഫർട്ടായി സകലർക്കും ധരിക്കാവുന്ന 'മാക്സി'പുരുഷനിടാൻ തയ്യാറല്ല താനും. പുരുഷന്മാരെല്ലാം മാക്സിയും പാവാടയും അണിയട്ടെയെന്ന് പറയുന്ന ഒരു തിട്ടൂരം വിദ്യാഭ്യാസ വകുപ്പിൽ നിന്നും വരാൻ പോകുന്നില്ല. അപ്പോൾ അടിച്ചേൽപ്പിച്ച ശേഷം അതാണ് സ്ത്രീയുടെ കംഫർട്ട് എന്ന് പ്രഖ്യാപിക്കുന്നത് സ്ത്രീവിരുദ്ധവും കൺസെന്റ് മാനിപുലേഷനും ഒക്കെയാണ്. പുരുഷാധിപത്യം തീരുമാനിച്ച് സ്ത്രീയോട് ആജ്ഞാപ്പിക്കുന്ന ഈ അവസ്ഥ മാറണം.

കലാലയങ്ങളിൽ എസ്.എഫ്.ഐ പോലുള്ള പ്രസ്ഥാനങ്ങൾ ലിബറലിസത്തിന്റെ ഭാഗമായി നടത്തുന്ന സ്വകാര്യതാ പ്രദർശനങ്ങൾ കുട്ടികളെ എങ്ങനെയെല്ലാം നെഗറ്റീവായി ബാധിക്കുന്നു എന്ന വിഷയം ശ്രദ്ധിക്കേണ്ടതാണ്. സ്വയം ഭോഗത്തെ പരസ്യമായി പിന്തുണച്ചും അതിനു വേണ്ടി ദിവസങ്ങളെ ആഘോഷിച്ചും സ്വതന്ത്ര രതിക്കു വേണ്ടി പോസ്റ്ററുകൾ പതിച്ചും  ഇവർ നടത്തുന്ന സദാചാര വിരുദ്ധ കരച്ചിലിൽ ഒരു വിഭാഗം വിദ്യാർത്ഥി സമൂഹവും രക്ഷിതാക്കളും ഒരു പോലെ തീ തിന്നുന്നുണ്ട്. ഇവരുമായി യോജിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദവും ഡിപ്രഷനും  അനുഭവിക്കുന്നുണ്ട്. പലരും പേഴ്‌സണാലിറ്റി ഡിസോർഡറിന് വിധേയമാകുന്നു. ആത്മഹത്യാ പ്രവണതകൾ വർദ്ധിക്കുന്നു. പുരോഗമനം എന്ന പേരിൽ തങ്ങളുടെ അശ്ലീല ചിന്തകൾ ഒരു വിദ്യാർത്ഥി സമൂഹത്തിന് മുന്നിൽ അടിച്ചേൽപ്പിക്കുമ്പോൾ അതവരെ എങ്ങനെ എല്ലാമാണ് ബാധിക്കുന്നത് എന്ന് ചിന്തിക്കാനുള്ള മനുഷ്യ ബോധമെങ്കിലും മാർക്സിസ്റ്റ് ഭരണ കൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കേണ്ടതായിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter