ദക്ഷിണേന്ത്യൻ ദർഗകളും അധികാര അധസ്ഥിത വിഭാഗങ്ങളും

ദക്ഷിണേന്ത്യയിലെ മുസ്‍ലിം സംസ്കാരത്തെ രൂപപ്പെടുത്തിയെടുക്കുന്നതിലും സമുദായത്തിന്റെ സർവ തലങ്ങളെയും വിഭാഗങ്ങളെയും ഉൾകൊള്ളിക്കുന്ന വിശാലവും സാഹോദര്യ മൂല്യങ്ങളിലധിഷ്ഠിതവുമായ ഇസ്‍ലാമിനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അവതരിപ്പിക്കുന്നതിലും സൂഫികൾ വഹിച്ച പങ്ക് നിസ്തർക്കമാണ്. വിവിധ കാലഘട്ടങ്ങളിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി ഇന്ത്യൻ ഉപദ്വീപിൽ എത്തിച്ചേർന്ന സൂഫി പണ്ഡിതർ സമൂഹത്തിൽ ഉണ്ടാക്കിയെടുത്ത സ്വാധീനം വളരെ വലുതായിരുന്നു. മരണശേഷം അവരുടെ മഖ്ബറകൾ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയതും അത് കൊണ്ട് തന്നെ. ഇത്തരം ദർഗകളെ ചുറ്റിപ്പറ്റി വൈവിധ്യമായ ഒരു സംസ്കാരം തന്നെ രൂപപ്പെടുന്നതാണ് പിന്നീട് നാം കാണുന്നത്. മത ജാതിഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുള്ള ജനങ്ങളും മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരത്തിനായും ആ സൂഫി പണ്ഡിതരോടുള്ള ബഹുമാനപ്രകടനമായും ദർഗകൾ സന്ദർശിക്കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തുവന്നു.
ഇന്ത്യയിൽ വ്യവസ്ഥാപിതവും വളരെ വികാസം പ്രാപിച്ചതുമായ ഇസ്‍ലാമിക സാമൂഹ്യഘടന നിലനിൽക്കുന്ന പ്രദേശമാണ് ദക്ഷിണേന്ത്യ. ദക്ഷിണേന്ത്യയിലെ സാമൂഹ്യഘടന രൂപപ്പെടുത്തിയെടുക്കുന്നതിൽ കർണാടകയിലെയും തമിഴ്നാടിലെയും തെലുഗ് ദേശങ്ങളിലെയും കേരളത്തിലെയും സൂഫി സംസ്കാരം ചെലുത്തിയ സ്വാധീനം ചെറുതല്ല. സമുദായത്തിന്റെ സംഘടിത സാംസ്കാരിക സ്വത്തായി കണക്കാക്കുന്ന സൂഫി പണ്ഡിതരുടെ ദർഗകൾ ഈ സംസ്കാരത്തെ ഊട്ടിയുറപ്പിച്ചു. ഒരേ സമയം തന്നെ ആത്മീയ കേന്ദ്രവും മതസൗഹാർദ കേന്ദ്രങ്ങളുമായി മാറാൻ ദർഗകൾക്ക് സാധിച്ചു. പ്രാദേശിക സംസ്കാരത്തോട് ഇടകലർന്ന് വ്യത്യസ്തമായ ഒരു സംസ്കാരം ദർഗകൾ കേന്ദ്രീകരിച്ച് ഉയർന്നു വന്നു. 

അധികാരവർഗവും ദർഗകളും
ദക്ഷിണേന്ത്യയിലെ ദർഗ സംസ്കാരം നിലനിർത്തുന്നതിൽ അതാത് പ്രദേശങ്ങളിലെ രാജാക്കന്മാരും ഭരണകൂടങ്ങളും വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. മലബാറിന്റെ കാര്യമെടുത്താൽ ആദ്യകാലം മുതലേ, വ്യാപാരികൾ ആയി വരുന്ന വിദേശികൾക്ക് സർവവിധ സഹായങ്ങളും പ്രാദേശിക ഭരണാധികളായിരുന്ന കോഴിക്കോട് സാമൂതിരിമാരും വള്ളുവനാട് വെള്ളത്തിരിമാരും ഉത്തര മലബാറിലെ കോലത്തിരിമാരും നൽകി പോന്നു. സാമൂതിരിമാരും അറബികളും തമ്മിലുള്ള ദൃഢമായ ബന്ധം സാമൂതിരിമാർ ഇസ്‍ലാം സ്വീകരിക്കാൻ വരെ കാരണമായിട്ടുണ്ടെന്ന് രേഖകളിലുണ്ട്. കോഴിക്കോട് താമസമാക്കിയ ഹദ്റമികൾക്കുള്ള സർവവിധ സഹായങ്ങളും നൽകിയത് സാമൂതിരിമാരായിരുന്നു. 

തഞ്ചാവൂർ രാജാവായിരുന്ന അച്ചുതപ്പ നായകയുടെ രോഗം സുഖപ്പെടുത്തിയതിന് പ്രതിഫലമായി അദ്ദേഹം നൽകിയ ഭൂമിയിലാണ് നാഗൂരിലെ ഷാഹുൽ ഹമീദ് തങ്ങളുടെ ദർഗ സ്ഥിതി ചെയ്യുന്നത്. ഷാഹുൽ ഹമീദ് തങ്ങൾ കാരണം മറാത്ത രാജാവായിരുന്ന പ്രതാപ് സിങ് മുതൽ പല ഹിന്ദു രാജാക്കന്മാരുടെയും പല ആഗ്രഹങ്ങൾ നിറവേറപ്പെടുകയും രോഗം ഭേദപ്പെടുകയും ചെയ്യുകയും തദ്ഫലമായി ദർഗകളെ പല രീതിയിലും സഹായിച്ചതായും പറയപ്പെടുന്നുണ്ട്. അത് പോലെ തന്നെ ഏർവാടി ഇബ്രാഹിം ബാദുഷാഹ് തങ്ങളുടെ ദർഗക്ക് വേണ്ടി സ്ഥലം നൽകിയത് രാംനാഥിലെ സേതുപതി രാജാവായിരുന്നു. ഇന്നും എർവാടിയിലെ ഉറൂസിന് സേതുപതിയുടെ രാജകുടുംബം ആനകളെ അയക്കാറുണ്ട്. കൂടാതെ വിവിധ ചോള പാണ്ഡ്യരാജാക്കന്മാർ സൂഫി സംസ്കാരത്തെ പല രീതിയിലും പ്രോത്സാഹിപ്പിച്ചു പോന്നു.

അധസ്ഥിത സമൂഹവും ദർഗകളും
സമൂഹത്തിന്റെ എല്ലാവിധ തുറകളിലുള്ളവരെയും  ദർഗകളിലെ സന്ദർശകരായി കാണപ്പെടാറുണ്ട്. മതപ്രബോധനം എന്നതിലുപരി സമൂഹത്തിന്റെ താഴെക്കിടയിലുള്ള ദുരിതമനുഭവിക്കുന്ന, അടിച്ചമർത്തപ്പട്ടെ വിഭാഗങ്ങളെ മതം നോക്കാതെ തന്നെ സഹായിക്കാനും ആശ്വസിപ്പിക്കാനും സൂഫി പണ്ഡിതർ ശ്രദ്ധിച്ചുപോന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന ബ്രാഹ്മണിക്കൽ മേധാവിത്വത്തിൽ അധിഷ്ഠിതമായിരുന്ന ജാതി വ്യവസ്ഥയിൽ കടുത്ത പീഢനമനുഭവിച്ചിരുന്ന താഴ്ന്ന ജാതിക്കാരെല്ലാം സൂഫികൾ അവതരിപ്പിച്ച വിശാലവും സഹിഷ്ണുതാപരവുമായ ഇസ്‍ലാം മതത്തിലേക്ക് വ്യാപകമായി മതം മാറിയതും അത് കൊണ്ട് തന്നെയായിരുന്നു. 
മലബാറിൽ മമ്പുറം തങ്ങളുടെ സ്വാധീനം കാരണം ജാതി പീഢനങ്ങളിൽ നിന്നും ജന്മിത്വ ക്രൂരതകളിൽ നിന്നും രക്ഷ നേടാനായി പലരും ഇസ്‍ലാം മതം സ്വീകരിക്കുകയുണ്ടായി. മതം മാറിയ ഈ കർഷകരായിരുന്നു മലബാര്‍ കലാപ പോരാട്ടങ്ങളിലെ പ്രധാന പങ്ക് വഹിച്ചവർ. മമ്പുറം തങ്ങളുടെ വ്യക്തിത്വവും ആത്മീയ പ്രബോധനവും പല ഹിന്ദു മതക്കാരും ഇസ്‍ലാം മതം സ്വീകരിക്കാന്‍ കാരണമായി. 
സമൂഹത്തിലെ കീഴാളരായി ഗണിക്കപ്പെട്ടിരുന്ന പല സമൂഹങ്ങൾക്കും സൂഫികൾ വെളിച്ചമേകിയിട്ടുണ്ട്. നാഗൂരിലെ ഷാഹുൽ ഹമീദ് തങ്ങൾ കടലിനെ ചുറ്റിപറ്റി ജീവിച്ചിരുന്ന തീരദേശങ്ങളിലുളളവരെയും മത്സ്യബന്ധന തൊഴിലാളികളെയും സംരക്ഷിച്ചു പോരുകയും അവർക്കൊരവലംബമായി നിലകൊള്ളുകയും ചെയ്തു. സമാന ഉദാഹരണങ്ങൾ ദക്ഷിണേന്ത്യയിലെ അധിക സൂഫികളുമായും ബണ്ഡപ്പെട്ടുകിടക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം സമുദായങ്ങൾ സൂഫികളുടെ മരണത്തിന് ശേഷം അവരുടെ ദർഗകളുമായി അടുത്ത ബന്ധം പുലർത്തിപ്പോന്നു. താഴ്ന്ന ജാതിയിൽപ്പെട്ടവരും സൂഫികളുടെ സംരക്ഷണത്താൽ അനുഗ്രഹീതരുമായ വിഭാഗങ്ങളും ഇന്ത്യയിലെ അധിക ദർഗകളുടെയും അതിന്റെ സംസ്കാരങ്ങളുടെ ഭാഗമായി മാറി. ദർഗയുമായി ചേർന്നുള്ള ആചാരങ്ങളിൽ താഴ്ന്ന ജാതിക്കാരുടെ സ്വാധീനത്തിന്റെ മറ്റൊരുദാഹരണമാണ് തെലുങ്കാനയിലെ പല ദർഗകളിലും കണ്ട് വരുന്ന ബലികർമങ്ങൾ. ജാതി പീഢനങ്ങളിൽ നിന്ന് തങ്ങളെ മോചിപ്പിച്ചതിന് ബഹുമാനാർത്ഥമെന്നോണം മാംസാഹാരികളായ ദളിത് ബഹുജൻ ഭക്തർ പ്രാദേശിക ക്ഷേത്രങ്ങളിൽ ദലിത്, ശൂദ്ര ജാതിക്കാര്‍ ചെയ്യുന്നത് പോലെയുള്ള ആട് ബലികർമ്മം ആന്ധ്ര, തെലുങ്കാന എന്നിവിടങ്ങളിലെ ദർഗകളിൽ വ്യാപകമാണ്.

ദർഗകൾ കേന്ദ്രീകരിച്ചുള്ള ആചാരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം വൈവിധ്യമായ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിഭാഗങ്ങളുടെ സ്വാധീനം കാണാം അല്ലെങ്കിൽ വിവിധ സാമുദായിക വിഭാഗങ്ങളുടെ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി ദർഗകൾ മാറിയതും കാണാം. മലബാറിലെ പ്രശസ്തമായ കോഴികളിയാട്ടോത്സവം ആരംഭിക്കുന്നത് മമ്പുറം മഖാമിൽ വെച്ചാണ്. അതിന്റെ ചരിത്രമന്വേഷിച്ചാൽ മനസ്സിലാകുന്നത്, മമ്പുറം തങ്ങൾ ജീവിച്ചിരുന്ന കാലത്ത് അന്നത്തെ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും താഴ്ന്ന ജാതിക്കാർ വിലക്കപ്പെട്ടിരുന്നു. താഴ്ന്ന ജാതിയിൽപെട്ട കുറച്ചു പേർ, മമ്പുറം തങ്ങളുടെ അടുത്തെത്തി ഞങ്ങൾക്കും ഉത്സവത്തിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കിത്തരണമെന്നപേക്ഷിക്കുകയും മമ്പുറം തങ്ങളുടെ ഇടപെടൽ മൂലം ഉത്സവങ്ങളിൽ പങ്കെടുക്കാനുള്ള അവകാശം താഴ്ന്ന ജാതിക്കാർക്ക് ലഭിക്കുകയുമായിരുന്നു. ഇതിന്റെ ബഹുമാനാർത്ഥമെന്നോണമാണ് കോഴിക്കളിയാട്ടത്തിന്റെ ഭാഗമായി മമ്പുറം മഖാമിന്റെ സമീപത്ത് ഉത്സവാഘോഷങ്ങൾക്ക് തുടക്കമിടുന്നത്.

ഇത്തരം അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഒരുപാട് ആചാരങ്ങളും അനുഷ്ഠാനങ്ങളും വിത്യസ്ത ദർഗകളുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. രോഗശമനത്തിനും പ്രശ്നപരിഹാരങ്ങൾക്കുമെല്ലാം ഇതര മത വിശ്വാസികൾ പ്രത്യേകിച്ചും അധസ്ഥിത വിഭാഗങ്ങൾ ദർഗകൾ സന്ദർശിക്കുന്നത് കേവലം മതേതരത്വത്തിന്റെയോ മതസൗഹാർദത്തിന്റെയോ പ്രകടനമെന്ന നിലക്കല്ല, മറിച്ച് ദർഗകളിൽ അന്തിയുറങ്ങുന്ന സൂഫി പണ്ഡിതരോടുള്ള അവരുടെ വിശ്വാസത്തിന്റെ തന്നെ ഭാഗമായി മാറിയ ആഴത്തിലുള്ള ബഹുമാനമാണ്. സാമൂഹിക കെട്ടുറപ്പിനെ കാത്ത് സൂക്ഷിക്കുന്നതിൽ ദർഗകൾ കേന്ദ്രീകരിച്ചു വന്ന സംസ്കാരം വഹിച്ച പങ്കാണ് സാമൂഹികവിഭാഗീയ ശ്രമങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നതിന് സഹായകമായത് എന്ന് പറയാതെ വയ്യ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter