അധ്യായം 4. സൂറത്തുന്നിസാഅ് (Ayath 122-127) ഒന്നിനു പത്ത് - ഈമാന്‍, ഇസ്‍ലാം, ഇഹ്സാന്‍

കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്, പിശാചിന്‍റെ കുതന്ത്രങ്ങള്‍ കരുതിയിരിക്കണമെന്നാണല്ലോ. അവന്‍ മനുഷ്യന്‍റെ ആജന്മശത്രുവും മഹാ വഞ്ചകനുമാണ്. അവനെ അനുസരിക്കുന്നവരുടെ സങ്കേതം നരകവുമാണ്.

 

പിശാചിനെ അംഗീകരിക്കാതെ, അല്ലാഹുവിനെ മാത്രം അംഗീകരിച്ച് സത്യവിശ്വാസവും സല്‍ക്കര്‍മവും സ്വീകരിക്കുന്നവരുടെ നേട്ടങ്ങള്‍ വിവരിക്കുകയാണിനി. ശാശ്വതവും സുഖസമ്പൂര്‍ണവുമായ സ്വര്‍ഗീയ ജീവിതമാണവര്‍ക്ക് ലഭിക്കുക.

 

പിശാചിനെ രക്ഷാകര്‍ത്താവായി സ്വീകരിച്ചവര്‍ക്ക് അവന്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം കളവും പൊള്ളയുമായിരുന്നെങ്കില്‍, ഇവര്‍ രക്ഷാധികാരിയായി സ്വീകരിച്ച അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളെല്ലാം തികച്ചും സത്യമായി പുലര്‍ന്നുകാണുന്നതായിരിക്കും.

 

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ وَعْدَ اللَّهِ حَقًّا ۚ وَمَنْ أَصْدَقُ مِنَ اللَّهِ قِيلًا (122)

സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവരെ താഴ്ഭാഗത്തുകൂടി നദികളൊഴുകുന്ന സ്വര്‍ഗങ്ങളില്‍ നാം പ്രവേശിപ്പിക്കുന്നതാണ്. അവരതില്‍ ശാശ്വതനിവാസികളായിരിക്കും. അല്ലാഹുവിങ്കല്‍ നിന്നുള്ള സത്യസന്ധമായ വാഗ്ദാനമാണിത്. അല്ലാഹുവിനേക്കാള്‍ സത്യഭാഷിയായി ആരുണ്ട്?

 

അടുത്ത ആയത്തുകള്‍ 123, 124

വളരെ മൗലിക പ്രധാന്യമുള്ളൊരു കാര്യമാണിനി പറയുന്നത്. നിരര്‍ത്ഥകമായ അഭിലാഷങ്ങള്‍ വെച്ചു പുലര്‍ത്തി പാരത്രിക വിജയം വ്യാമോഹിക്കുന്നവര്‍ക്കു മറുപടി പറയുകയാണ്. അല്ലാഹു സ്വര്‍ഗം തരാം എന്നുപറഞ്ഞ വാഗ്ദാനം വെറും വ്യാമോഹങ്ങള്‍ വെച്ചുപുലര്‍ത്തുന്നതു കൊണ്ട് നേടിയെടുക്കാന്‍ കഴിയിയില്ലെന്ന് മുസ്‌ലിംകളെയും വേദക്കാരെയും മറ്റും തെര്യപ്പെടുത്തുകയാണ്.

തൊട്ടുമുമ്പുള്ള ആയത്തില്‍ പറഞ്ഞപോലെയുള്ള വിജയവും മോക്ഷവും ഒരു സമുദായത്തിന്‍റെയോ വിഭാഗത്തിന്‍റെയോ കുത്തകാവകാശമല്ല; മോഹം കൊണ്ടോ വാദം കൊണ്ടോ ലഭിക്കുന്നതുമല്ല. ഇസ്രാഈല്‍ വര്‍ഗത്തില്‍ ജനിച്ചത് കൊണ്ടോ ഇസ്മാഈല്‍ വര്‍ഗത്തില്‍ ജനിച്ചതു കൊണ്ടോ മാത്രം സ്വര്‍ഗം നേടനാകില്ല. മറ്റു വര്‍ഗക്കാരുടെ അവസ്ഥയും അങ്ങനെ തന്നെ.

ഞങ്ങളാണ് നിങ്ങളെക്കാള്‍ മോക്ഷത്തിനും വിജയത്തിനും അവകാശപ്പെട്ടവര്‍ എന്ന് മുസ്‌ലിംകളും വേദക്കാരും തമ്മില്‍ തര്‍ക്കം നടന്നെന്നും  അപ്പോഴാണ് ഈ വചനങ്ങള്‍ അവതരിച്ചതെന്നും ചില റിപ്പോര്‍ട്ടുകളിലുണ്ട്.

അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങളും റസൂലുകളുടെ അദ്ധ്യാപനങ്ങളും അനുസരിച്ചുള്ള സത്യവിശ്വാസവും സല്‍ക്കര്‍മവും കൊണ്ടുമാത്രമേ സ്വര്‍ഗം നേടാനാകൂ. ആണും പെണ്ണുമെന്ന വ്യത്യാസം അതിലില്ല. ആര് നന്മ ചെയ്തു, ആര് തിന്മ ചെയ്തു എന്നതാണ് കാര്യം.

തിന്മ ആര് ചെയ്താലും തിക്തഫലം അനുഭവിക്കുകതന്നെ ചെയ്യും. അത് തടയാന്‍ ആര്‍ക്കും കഴിയില്ല. ചെയ്യുന്ന നന്മകള്‍ക്കെല്ലാം ഒട്ടും കുറവില്ലാതെ പ്രതിഫലവും ലഭിക്കും. സത്യവിശ്വാസത്തോടുകൂടി ചെയ്യുന്ന നന്മകള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ എന്നുമാത്രം.

 لَيْسَ بِأَمَانِيِّكُمْ وَلَا أَمَانِيِّ أَهْلِ الْكِتَابِ ۗ مَنْ يَعْمَلْ سُوءًا يُجْزَ بِهِ وَلَا يَجِدْ لَهُ مِنْ دُونِ اللَّهِ وَلِيًّا وَلَا نَصِيرًا (123)

ഈ വാഗ്ദത്ത സ്വര്‍ഗം നിങ്ങളുടെ വ്യാമോഹംകൊണ്ട് കിട്ടുകയില്ല; വേദക്കാര്‍ പൂതി വെച്ചു നടന്നതുകൊണ്ടും ലഭ്യമാകില്ല. ആരൊരാള്‍ തിന്മപ്രവര്‍ത്തിച്ചുവോ അതിനവന്‍ പ്രതിഫലം നല്‍കപ്പെടും. അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവനു കിട്ടില്ല.

ദേഹേച്ഛകള്‍ക്കനുസരിച്ച് ജീവിക്കുന്നതോടൊപ്പംതന്നെ സ്വര്‍ഗം നേടാമെന്ന് വ്യാമോഹിക്കുന്നവന്‍ മഹാവിഡ്ഢിയാണെന്ന് തിരുനബി (صلى الله عليه وسلم) പറഞ്ഞതും ഇവിടെ ചേര്‍ത്തുമനസ്സിലാക്കുക. (തുര്‍മുദി).

ഇമാം ഹസനുല്‍ ബസ്വ്‌രി (رحمه الله) പറയുന്നു: ആഗ്രഹാഭിലാഷങ്ങളിലോ വേഷഭൂഷാദികളിലോ അല്ല ഈമാന്‍; ഹൃദയത്തിലാണത് കുടികൊള്ളുക; കര്‍മങ്ങള്‍ അതിനെ ശരി വെക്കുകയും ചെയ്യും. എന്നാല്‍, ചിലയാളുകളെ അഭിലാഷങ്ങള്‍ വ്യാപൃതരാക്കുന്നതും സല്‍ക്കര്‍മങ്ങള്‍ യാതൊന്നുമില്ലാതെ അവര്‍ അന്തരിക്കുന്നതുമാണ്. അല്ലാഹുവിനെക്കുറിച്ച് ഞങ്ങള്‍ക്ക് ശുഭപ്രതീക്ഷയാണുള്ളത് എന്നാണവര്‍ തട്ടിവിട്ടിരുന്നത്! യഥാര്‍ത്ഥത്തില്‍ അവര്‍ പറഞ്ഞിരുന്നത് നുണയാണ്. തങ്ങളുടെ നാഥനില്‍ ശുഭപ്രതീക്ഷവെച്ചു പുലര്‍ത്തിയിരുന്നുവെങ്കില്‍ അവര്‍ സര്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുമായിരുന്നു.

 

وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ فَأُولَٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ نَقِيرًا (124)

സത്യവിശ്വാസിയായി കൊണ്ട് ആണോ പെണ്ണോ ആയ ഒരാള്‍ സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. കടുകിട അവരോട് അക്രമം പ്രവര്‍ത്തിക്കപ്പെടില്ല.

നഖീര്‍ എന്നാല്‍ ഈത്തപ്പഴക്കുരുവിന്‍റെ മുകളിലുള്ള കുഴിയാണ്. ഫതീല്‍ എന്നത് ആ കുഴിയിലും കുരുവിലുള്ള കീറില്‍ നൂല്‍പോലെകാണുന്ന തിരിയും. ഇതുമായി ബന്ധപ്പെട്ട മറ്റൊരു പദമാണ് ഖിഥ്മീര്‍. കുരുവിന്‍മേല്‍ പറ്റിനില്‍ക്കുന്ന നേരിയ തൊലിയാണത്. ഈ മൂന്നു വാക്കുകളും ഖുര്‍ആനിലുണ്ട്. ഒട്ടും, അശേഷം, അല്‍പംപോലും എന്നീ അര്‍ത്ഥങ്ങള്‍ക്കാണ് അതുപയോഗിച്ചിട്ടുള്ളത്.

وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ

സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ സല്‍ക്കര്‍മങ്ങള്‍  സ്വീകാര്യമല്ലെന്ന് പലപ്പോഴും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാണ്. ആണായാലും പെണ്ണായാലും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്ന് പറയാതെ وَهُوَ مُؤْمِنٌ എന്ന നിബന്ധനയോടെ ഇവിടെയും അക്കാര്യം വ്യക്തമാക്കുകയാണ്.

മാത്രമല്ല, വിശ്വസിക്കുന്നതിനുപുറമെ, റബ്ബിന്‍റെ പ്രീതിയും പ്രതിഫലവും ഉദ്ദേശിച്ച് ചെയ്യുന്ന സല്‍ക്കര്‍മങ്ങള്‍ക്ക് മാത്രമേ പരലോകത്ത് പ്രതിഫലമുണ്ടാകൂ; ഐഹികമായ ലക്ഷ്യംവെച്ച് ചെയ്യുന്ന കര്‍മങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കില്ല. അതുകൊണ്ടാണല്ലോ രിയാഅ് പാടില്ലെന്ന് പറയുന്നത്. മറ്റുള്ളവരുടെ അടുത്തുനിന്ന് ഇവിടെ നിന്നുതന്നെ കൂലി വാങ്ങലാണ് രിയാഅ്.

وَمَنْ يَعْمَلْ مِنَ الصَّالِحَاتِ مِنْ ذَكَرٍ أَوْ أُنْثَىٰ وَهُوَ مُؤْمِنٌ

നന്മകള്‍ക്ക് പത്തിരട്ടി മിനിമവും ഒരു തിന്മക്ക് ഒന്നുമാത്രവുമാണ് രേഖപ്പെടുത്തപ്പെടുക (സൂറത്തുല്‍ അന്‍ആം 160 നോക്കുക.)

വല്ലാത്ത ഓഫറാണിതല്ലേ...  ഒന്നിന് പത്ത്.  പത്ത് മാത്രമല്ല, ചിലപ്പോള്‍ എത്രയോ ഏറെയും കിട്ടും. ഒരു തെറ്റിന് ഒരൊറ്റ ദോഷഫല മാത്രം.

ഇത്രയും നല്ല ഓഫര്‍ മിസ്സാക്കരുതല്ലോ. പ്രത്യേകിച്ചൊരു മെനക്കെടുമില്ല, ഏത് ചെറിയ നന്മയും ഒഴിവാക്കാതിരിക്കാന്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി. ഇവിടെയല്ലേ ശരിക്കും നമ്മള്‍ Smart ആകേണ്ടത്.

ഒരു തെറ്റിന് ഒരു ദോഷഫലം ന്യായമല്ലേ, മിനിമം അതെങ്കിലും കൊടുക്കാതിരുന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടുമോ?! അതുതന്നെ ശരിയായ ഇസ്തിഗ്ഫാറും തൌബയും ചെയ്താല്‍ പൊറുത്തുകൊടുക്കുകയും ചെയ്യും.

ചെയ്യാത്ത കുറ്റത്തിന്‌ ആരെയും ശിക്ഷിക്കില്ല. ചെയ്‌ത നന്മയുടെ പ്രതിഫലം തികച്ചും നല്‍കാതെ പിശുക്ക് കാണിക്കുകയും ഇല്ല; ആണായാലും പെണ്ണായാലും.

നല്ലൊരു കാര്യം ചെയ്യുന്നതിനുമുമ്പേ പ്രതിഫലം രേഖപ്പെടുത്തും നമ്മുടെ റബ്ബ്. നന്മ ചെയ്യാന്‍ തീരുമാനിച്ചാല്‍ മതി, ഉടനെത്തന്നെ നന്മ രേഖപ്പെടുത്തും. ഇനിയത് ചെയ്യാന്‍ കഴിയാതെവന്നാല്‍ പോലും നേരത്തെ എഴുതിയ പുണ്യം നഷ്‌ടപ്പെടുകയില്ല. എത്ര കാരുണ്യവാനാണ് നമ്മുടെ റബ്ബ്!

ഒരു മുഅ്മിനിനെ സംബന്ധിച്ച് എല്ലാം നന്മകളാമാക്കി മാറ്റാം. എല്ലാം ഇബാദത്തുകളായി മാറ്റാം. നല്ല നിയ്യത്തുണ്ടായാല്‍ മതി. അത് ശീലമാക്കണം.

നന്മകള്‍ സ്വീകരിക്കപ്പെട്ടു എന്നതിന്‍റെ തെളിവ് ഒരു മുടക്കവുമില്ലാതെ അത് വീണ്ടും ചെയ്യാന്‍ കഴിയുക എന്നതാണ്. റമളാനിലോ സ്പെഷ്യല്‍ സമയങ്ങളിലോ മാത്രമല്ല; നിരന്തരം.

അടുത്ത ആയത്ത് 125

സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മം ചെയ്യണം എന്ന് കഴിഞ്ഞ വചനത്തില്‍ പറഞ്ഞല്ലോ. അതിന്‍റെ പ്രായോഗികമായ രൂപവും വിശദീകരണവുമാണ് ഇനിയുള്ളത്. എങ്ങനയാണത് സാധ്യമാവുക?

അല്ലാഹുവിന്‍റെ നിര്‍ദ്ദേശങ്ങളനുസരിച്ച് അവനെ മാത്രം ആരാധിച്ച്, പരിപൂര്‍ണമായി അവന് വിധേയപ്പെട്ട്, വിശ്വാസനടപടികള്‍ നിഷ്‌ക്കളങ്കമാക്കി, തിരുനബി (صلى الله عليه وسلم) കാണിച്ചുതന്ന രൂപത്തിലാക്കുക.

സത്യത്തില്‍ ഉറച്ചുനിന്ന്, ആ സത്യത്തിന്‍റെ വിജയത്തിനായി നിസ്തുലമായ ത്യാഗം വരിച്ച ഇബ്രാഹീം നബി عليه السلام യുടെ അതേ മാര്‍ഗം പിന്തുടരുക. ഇതിലേറെ നല്ലൊരു മാര്‍ഗം വേറെയില്ല. അതാണ് പരിശുദ്ധ ഇസ്‍ലാം. ഈ മാര്‍ഗം ആര് സ്വീകരിക്കുന്നുവോ അവനാണ് യഥാര്‍ഥ മുസ്‍ലിം.

മുസ്‌ലിംകളും മുശ്‌രിക്കുകളുമടക്കമുള്ള അറബികളും, യഹൂദികളും ക്രിസ്ത്യാനികളും ഉള്‍പ്പെടുന്ന വേദക്കാരും വംശപിതാവെന്ന നിലക്കും, പ്രവാചക കുടുംബത്തിലെ പ്രത്യേക സ്ഥാനമുള്ളയാള്‍ എന്ന നിലക്കും സാഭിമാനം ആദരിച്ചുപോരുന്ന ആളാണ് മഹാനായ ഇബ്‌റാഹീം നബി (عليه السلام). തങ്ങളാണ് ഇബ്‌റാഹീം നബി (عليه السلام)യുടെ മാര്‍ഗം പിന്‍പറ്റുന്നവരെന്ന് ഓരോരുത്തരും വാദിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മഹാനവര്‍കള്‍ സ്വീകരിച്ച മാര്‍ഗം ഇന്നതാണെന്ന് സൂചിപ്പിച്ച്, അത് പിന്‍പറ്റിയവരാണ് ഏറ്റവും നല്ല മാര്‍ഗം സ്വീകരിച്ചവരെന്ന് പറയുന്നത്.

എല്ലാവരും അംഗീകരിക്കുന്ന മഹാവ്യക്തിത്വമാണെന്നു മാത്രമല്ല, അല്ലാഹു ഖലീലായി (ചങ്ങാതി) സ്വീകരിച്ച ആളുകൂടിയാണ് ഇബ്റാഹീം عليه السلام. അല്ലാഹുവിനോട് അതിയായ സ്‌നേഹം വെച്ചുപുലര്‍ത്തിയതുകൊണ്ടും അവന്‍റെ മാര്‍ഗത്തില്‍ അതുല്യമായ ത്യാഗങ്ങള്‍ വരിച്ചതുകൊണ്ടുമാണ് അങ്ങനെ ആത്മമിത്രമാക്കിയത്.  

അതുകൊണ്ട്, മഹാനവര്‍കളുടെ മാര്‍ഗത്തിലാണെന്ന് വെറും വീരവാദം പറഞ്ഞുനടക്കുകയല്ല ചെയ്യേണ്ടത്. ഇബ്രാഹീം നബി عليه السلامയുടെ മാര്‍ഗത്തിലാണ് തങ്ങളെന്ന് വാദിക്കുന്ന വേദക്കാര്‍, ആത്മാര്‍ത്ഥമായാണ് അങ്ങനെ പറയുന്നതെങ്കില്‍, ഇസ്‌ലാം സ്വീകരിക്കുകയും തിരുനബി (صلى الله عليه وسلم) യെ അംഗീകരിക്കുകയുമാണവര്‍ ചെയ്യേണ്ടത്.

 

وَمَنْ أَحْسَنُ دِينًا مِمَّنْ أَسْلَمَ وَجْهَهُ لِلَّهِ وَهُوَ مُحْسِنٌ وَاتَّبَعَ مِلَّةَ إِبْرَاهِيمَ حَنِيفًا ۗ وَاتَّخَذَ اللَّهُ إِبْرَاهِيمَ خَلِيلًا (125)

സദ്‌വൃത്തനായി സ്വന്തത്തെ അല്ലാഹുവിന് കീഴ്‌പ്പെടുത്തുകയും ഋജുമാനസനായി ഇബ്രാഹീം നബിയുടെ മാര്‍ഗം പിന്‍പറ്റുകയും  ചെയ്തവനെക്കാള്‍ ഉത്തമമതസ്ഥനായി മറ്റാരുണ്ട്? ഇബ്രാഹീം നബിയെ അല്ലാഹു ആത്മമിത്രമായി സ്വീകരിച്ചിരിക്കുന്നു.

أَسْلَمَ وَجْهَهُ لِلَّهِ

സ്വന്തത്തെ അല്ലാഹുവിനു സമര്‍പ്പിക്കുക എന്നതിന്‍റെ ഉദ്ദേശ്യം അവന്‍റെ ആജ്ഞകള്‍ സ്വീകരിച്ചും നിരോധങ്ങള്‍ വര്‍ജിച്ചും പൂര്‍ണ അടിമത്തവും വിധേയത്ത്വവും ജീവിതത്തില്‍ പുലര്‍ത്തുക എന്നാണ്.

وَهُوَ مُحْسِنٌ

തിരുനബി (صلى الله عليه وسلم) നിര്‍ദ്ദേശിച്ച രൂപത്തില്‍, നമ്മളങ്ങോട്ട് കാണുന്നില്ലെങ്കിലും അല്ലാഹു നമ്മെയിങ്ങോട്ട് കാണുന്നുവെന്ന ചിന്തയോടെ (ഇഹ്‍സാന്‍) ചെയ്യുക എന്നര്‍ത്ഥം.

സല്‍കര്‍മങ്ങള്‍ വെറും കാട്ടിക്കൂട്ടലുകളോ വഴിപാടുകളോ ആകാതെ നല്ല രൂപത്തിലാക്കുക. അതിനെ ബ്യൂട്ടിഫൈ ചെയ്യുക. അമലുകള്‍ക്ക് മനോഹാരിതയുടെ മേക്കപ്പിട്ട് കൊടുക്കുക. അങ്ങനെയായാല്‍, അതനുഷ്ഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ്സിന് ഹരം ലഭിക്കും. മാധുര്യം അനുഭവപ്പെടും.  അതാണല്ലോ ഇഹ്‍സാനിന്‍റെ താല്‍പര്യം.

ഇബാദത്തുകളിലെ പൂര്‍ണ്ണത കൈവരുന്നത് ഇഖ്ലാസും നിഷ്കളങ്കതയും അല്ലാഹുവോടുള്ള ഭയഭക്തിയും കൂടിച്ചേരുമ്പോഴാണ്. ഇത് ലഭ്യമാകുന്നത്, അല്ലാഹു നമ്മെ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന ഉത്തമ ബോധ്യമുണ്ടാവുമ്പോഴുമാണ്.

ആറ് ഈമാന്‍ കാര്യങ്ങളും അഞ്ച് ഇസ്‍ലാം കാര്യങ്ങളും ഇഹ്സാനും അടങ്ങിയതാണ് വിശുദ്ധ ഇസ്‍ലാം. ഹദീസു ജിബ്‍രീല്‍ عليه السلام എന്നറിയപ്പെടുന്ന പ്രസിദ്ധമായ ഹദീസ് അതാണല്ലോ മനസ്സിലാക്കിത്തരുന്നത്.

തിരുനബി صلى الله عليه وسلمയുടെ അടുത്തൊരിക്കല്‍ തൂവെള്ള വസ്ത്രം ധരിച്ച കറുത്ത മുടിയുള്ള ഒരപരിചിതന്‍ കടന്നുവന്നു. ആരാണെന്ന് ആര്‍ക്കും മനസ്സിലായില്ല. നേരെ വന്ന് തിരുനബിصلى الله عليه وسلم യുടെ മുമ്പില്‍ ഇരുന്നിട്ട് ചോദിച്ചു: എന്താണ് ഈമാന്‍?' ഈമാന്‍ കാര്യങ്ങള്‍ തിരുനബി (صلى الله عليه وسلم) വിശദീകരിച്ചു. പറഞ്ഞത് സത്യമാണെന്ന് അപരിചിതന്‍ സമ്മതിച്ചു. 

സ്വഹാബികള്‍ അമ്പരന്നുപോയി. ഏതോ ഒരാള്‍ വന്ന് തിരുനബിയെ صلى الله عليه وسلم ചോദ്യം ചെയ്യുന്നു, എന്നിട്ട് ഉത്തരം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു!

അപരിചിതന്‍ പിന്നീട് ഇസ്‍ലാമിനെക്കുറിച്ചും ഇഹ്സാനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും ചോദിച്ചു. തിരുനബി (صلى الله عليه وسلم) മറുപടി പറയുകയും ചെയ്തു. പിന്നെ അപരിചിതന്‍ എഴുന്നേറ്റുപോയി. 

തിരുനബി صلى الله عليه وسلم സ്വഹാബത്തിന് അയാളെ പരിചയപ്പെടുത്തിക്കൊടുത്തു: അത് മലക്ക് ജിബ്‌രീല്‍ عليه السلام ആണ്. നിങ്ങളുടെ മതം പഠിപ്പിക്കാന്‍ വന്നതാണ്.

ഇക്കാര്യങ്ങളാണ് ഇസ്‍ലാം മതത്തിന്‍റെ  അടിസ്ഥാനമെന്ന്  ഈ ഹദീസില്‍ നിന്ന് മനസ്സിലായല്ലോ. ഇഹ്സാന്‍ സഹിതം കാര്യങ്ങളെല്ലാം ചെയ്യാന്‍ അല്ലാഹു നമ്മയെല്ലാവരെയും സഹായിക്കട്ടെ-ആമീന്‍.

അടുത്ത ആയത്ത് 126

എല്ലാവരും അല്ലാഹുവിന് പരിപൂര്‍ണമായി വിധേയപ്പെടണമെന്ന് കല്‍പിക്കാനുള്ള അടിസ്ഥാന കാരണമെന്താണെന്നാണിനി പറയുന്നത്. അതെ, ആകാശഭൂമികളിലുള്ളത് മുഴുവനും അവന്‍റേതാണ്. എല്ലാം അവന്‍റെ സൃഷ്ടിയും അവന്‍റെ ഉടമസ്ഥതയിലും അവന്‍റെ അടിമകളുമാണ്. എല്ലാ കാര്യങ്ങളെക്കുറിച്ചും പൂര്‍ണമായും സൂക്ഷ്മമായും അറിയുന്നവനുമാണവന്‍.

 وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ وَكَانَ اللَّهُ بِكُلِّ شَيْءٍ مُحِيطًا (126)

ഭുവന-വാനങ്ങളിലുള്ളതെല്ലാം അല്ലാഹുവിന്‍റേതാണ്. സമസ്ത കാര്യങ്ങളെ സംബന്ധിച്ചും സൂക്ഷ്മജ്ഞനാണ് അല്ലാഹു.

അടുത്ത ആയത്ത് 127

അനാഥകളെയും സ്ത്രീകളെയും സംബന്ധിക്കുന്ന കാര്യങ്ങളായിരുന്നല്ലോ സൂറത്തിന്‍റെ ആദ്യവചനങ്ങളിലെ ചര്‍ച്ചാവിഷയം. പിന്നീട് പല വിഷയങ്ങളെക്കുറിച്ചും പറഞ്ഞു. ഇനി ആദ്യവിഷയത്തിലേക്കുതന്നെ തിരിച്ചുവരികയാണ്.

സ്ത്രികളോട് വളരെ ക്രൂരമായാണ് അറബികള്‍ പെരുമാറിയിരുന്നത്. ഇതിനെതിരെ വിശുദ്ധ ഖുര്‍ആന്‍ രംഗത്തുവന്നപ്പോള്‍ സ്ത്രീകളെ സംബന്ധിച്ച് കൂടുതല്‍ വിധികള്‍ അറിയാന്‍ സ്വാഭാവികമായും അവര്‍ക്ക് താല്പര്യമുണ്ടാവുകയും തിരുനബി(صلى الله عليه السلام)യോട് ചോദിക്കുകയും ചെയ്തു. അത്തരമൊരു ചോദ്യത്തിനുള്ള മറുപടിയാണിനി പറയുന്നത്.

സ്ത്രീകളുടെ വിഷയത്തില്‍ സ്വഹാബികള്‍ തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് മതവിധി തേടിയിരുന്നുവെന്നുമാത്രമേ അല്ലാഹു ഇവിടെ പറയുന്നുളളൂ. ചോദ്യങ്ങളും ഉത്തരങ്ങളും എന്തായിരുന്നുവെന്ന് പിന്നീടുള്ള ആയത്തുകളിലുണ്ട്. മറുപടി നല്‍കുന്നതിന് മുമ്പ്, സുപ്രധാനമായ ചില തത്വങ്ങളടങ്ങിയ ഒരു മുഖവുര എന്ന നിലക്കാണ് അടുത്ത ആയത്ത്.

സ്ത്രീകളെ സംബന്ധിച്ച് ചില നിയമങ്ങള്‍ താഴെ വരുന്നുണ്ട്. സ്വത്തവകാശം, മഹ്ര്‍ മുതലായവയെ സംബന്ധിച്ച് ഈ സൂറത്തില്‍ തന്നെ മുമ്പ് പറഞ്ഞിരുന്നല്ലോ. അനാഥകളായ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ ചെയ്യേണ്ടതെന്താണെന്നും ഈ സൂറത്തിലെ മൂന്നാം വാക്യത്തില്‍ പറഞ്ഞിരുന്നു.

സ്ത്രീകളോടെന്ന പോലെ കുട്ടികളോടും അറബികള്‍ മോശമായായിരുന്നു പെരുമാറിയിരുന്നത്. അവര്‍ക്ക് സ്വത്തവകാശം അനുവദിക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് സ്ത്രീകളുടെ കൂട്ടത്തില്‍ കുട്ടികളുടെ കാര്യവുംകൂടി എടുത്തു പറയുന്നത്. മുമ്പ് സ്വത്തവകാശം വിവരിച്ച ആയത്തുകളില്‍ കുട്ടികളും വലിയവരെ പോലെ തന്നെയാണെന്നു പറഞ്ഞത് സാന്ദര്‍ഭികമായി ഓര്‍ക്കുക.

ദുര്‍ബലരും പ്രായപൂര്‍ത്തിയെത്തി സ്വന്തമായി കൈകാര്യം ചെയ്യാനായിട്ടുമില്ലാത്ത കുട്ടികളോട് നീതീപാലിക്കണം. അവര്‍ക്കവകാശപ്പെട്ട അനന്തര സ്വത്തുക്കളും മറ്റും മുറപോലെ കൊടുക്കണം. വിശദമായി ഈ സൂറയുടെ ആദ്യഭാഗത്ത് പറഞ്ഞ ഇക്കാര്യം ഒന്നുകൂടി ഓര്‍മപ്പെടുത്തുകയാണ്.

അനാഥക്കുട്ടികള്‍ കൂടുതല്‍ അവശത അനുഭവിക്കുന്നവരായതു കൊണ്ടാണ് അവരെ പ്രത്യേകം എടത്തുപറയുന്നത്. ജാഹിലിയ്യ യുഗത്തില്‍ യുദ്ധങ്ങളും ഏറ്റുമുട്ടലുകളും ധാരാളമുണ്ടായിരുന്നതിനാല്‍ പിതാക്കന്മാര്‍ മരിച്ച് അനാഥകളുടെ എണ്ണം പെരുകിയിരുന്നു. ഇങ്ങനെയുള്ള അനാഥര്‍ തങ്ങളുടെ സംരക്ഷകരില്‍ നിന്നു ഒട്ടേറെ അനീതികളും അതിക്രമങ്ങളും നേരിട്ടിരുന്നു.

ഒരു സംരക്ഷകന്‍ തന്‍റെ കീഴിലുള്ള ഒരനാഥപ്പെണ്‍കുട്ടിയുടെ മീതെ ഒരു വസ്ത്രമിട്ട് ആവരണം ചെയ്തുകഴിഞ്ഞാല്‍ പിന്നീടവളെ മറ്റാര്‍ക്കും വിവാഹം ചെയ്യാന്‍ പാടില്ല എന്നായിരുന്നു കീഴ്‌വഴക്കനിയമം. ചിലപ്പോള്‍ അയാളവളെ വിവാഹം ചെയ്‌തേക്കാം, അല്ലെങ്കില്‍ മരണം വരെ വിവാഹം നിഷിദ്ധമായി അവള്‍ കഴിയും; മരിച്ചാല്‍ അവകാശി അയാളായിരിക്കും. പിതാവില്‍ നിന്നു പെണ്‍കുട്ടിക്ക് അനന്തരാവകാശമായി ലഭിച്ച സ്വത്ത് അന്യാധീനപ്പെട്ടുപോകാതെ, സ്വന്തമായി പിടുങ്ങുക എന്നതായിരുന്നു ഇത്തരം പല നടപടികളിലും അവരുടെ ലക്ഷ്യം.

രണ്ടാണെങ്കിലും-വിവാഹം ചെയ്യുകയാണെങ്കിലും അല്ലെങ്കിലും ശരി, അവരോടു നീതി പാലിക്കണം. അവരുടെ നിയമപ്രകാരമുളള, നിശ്ചയിക്കപ്പെട്ട മഹ്ര്‍ മുതലായ എല്ലാ അവകാശങ്ങളും അവള്‍ക്ക് കൊടുക്കുക തന്നെ വേണം – ഇതാണ് അല്ലാഹു കല്‍പിക്കുന്നത്.

 

 وَيَسْتَفْتُونَكَ فِي النِّسَاءِ ۖ قُلِ اللَّهُ يُفْتِيكُمْ فِيهِنَّ وَمَا يُتْلَىٰ عَلَيْكُمْ فِي الْكِتَابِ فِي يَتَامَى النِّسَاءِ اللَّاتِي لَا تُؤْتُونَهُنَّ مَا كُتِبَ لَهُنَّ وَتَرْغَبُونَ أَنْ تَنْكِحُوهُنَّ وَالْمُسْتَضْعَفِينَ مِنَ الْوِلْدَانِ وَأَنْ تَقُومُوا لِلْيَتَامَىٰ بِالْقِسْطِ ۚ وَمَا تَفْعَلُوا مِنْ خَيْرٍ فَإِنَّ اللَّهَ كَانَ بِهِ عَلِيمًا (127)

 

വനിതകളുടെ കാര്യത്തില്‍ താങ്കളോടവര്‍ മതവിധി ചോദിക്കുന്നു. പറയുക: അവരുടെ കാര്യത്തില്‍ അല്ലാഹു ഇതാ നിങ്ങള്‍ക്ക് മതവിധി നല്‍കുന്നു. നിര്‍ണയിക്കപ്പെട്ട അവകാശങ്ങള്‍ നിങ്ങള്‍ കൊടുക്കാതിരിക്കുകയും എന്നാല്‍ നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന അനാഥ സ്ത്രീകളുടെ കാര്യത്തിലും ദുര്‍ബലരായ കുട്ടികളുടെ കാര്യത്തിലും ഈ ഗ്രന്ഥത്തില്‍ നേരത്തെ നിങ്ങള്‍ക്ക് പാരായണം ചെയ്യപ്പെട്ടുകഴിഞ്ഞ വിധികളും ഗ്രഹിക്കുക. അനാഥകളോട് നീതിപൂര്‍വം വര്‍ത്തിക്കണമെന്ന നിയമവും ഓര്‍ക്കണം. നിങ്ങളനുവര്‍ത്തിക്കുന്ന ഏതു നന്മയും അല്ലാഹു നന്നായറിയും.

 

സ്ത്രീകളെ സംബന്ധിക്കുന്ന കൂടുതല്‍ വിഷയങ്ങള്‍ അടുത്ത ആയത്തുകളില്‍ വരുന്നുണ്ട്. അവിടെ പഠിക്കാം – إن شاء الله.

--------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter