സൂറത്ത് ലുഖ്മാൻ: ഒരു പിതാവിന്റെ നന്മ പാഠങ്ങൾ
ജനങ്ങൾക്ക് മാർഗദർശിയായി അല്ലാഹു ഇറക്കിയ വിശുദ്ധ ഖുർആനിൽ ധാരാളം തത്വങ്ങളും വിജ്ഞാനങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഓരോ മാതാപിതാക്കളുടെയും ആഗ്രഹമാണ് മക്കളെ നല്ല നിലയിൽ വളർത്തുക എന്നത്. അവിടെയാണ്, ഓ പൊന്നു മോനെ എന്ന് അഭിസംബോധന ചെയ്യുന്ന ഒരു ഉപ്പയുടെയും മകന്റെയും കഥ പറയുന്ന സൂറത്തു ലുഖ്മാൻ പ്രസക്തമാവുന്നത്. വിശുദ്ധ ഖുർആനിലെ സൂറത്തുകളുടെ ക്രമപ്രകാരം 31-ാമത്തെ അധ്യായമാണ് സൂറത്ത് ലുഖ്മാൻ. 34 ആയത്തുകളുള്ള ഈ സൂറത്ത് മക്കയിൽ അവതരിച്ചതാണ്. അല്ലാഹുവിന്റെ ഏകത്വം, പ്രവാചകത്വം, ഖബ്ർ ജീവിതം, പുനരുദ്ധാനം എന്നീ മുഖ്യപ്രമേയങ്ങൾക്ക് പുറമേ 12 മുതൽ 19 വരെയുള്ള ആയത്തുകളിലാണ് ലുഖ്മാൻ എന്നവർ തന്റെ മകന് നൽകിയ സാരോപദേശങ്ങൾ ഖുർആൻ അവതരിപ്പിക്കുന്നത്.
ആരാണ് ലുഖ്മാനുൽ ഹക്കീം (റ)
അബ്സീനയിലെ നീഗ്രോ യുവാവായ ബാഹൂറിന്റെ മകനായാണ് മഹാനവർകൾ ജനിക്കുന്നത്. മഹാനായ അയ്യൂബ് നബിയുടെ സഹോദരി പുത്രനായ അദ്ദേഹം. ദാവൂദ് നബിയുടെ കാലം വരെ ജീവിച്ചിട്ടുണ്ട്. അദ്ദേഹം അല്ലാഹുവിന്റെ വലിയ്യാണെന്നാണ് പ്രബലാഭിപ്രായം. തച്ചുപണിക്കാരനായ ഒരു അടിമയായിരുന്ന അദ്ദേഹം വളർന്ന ശേഷമാണ് മോചിതനായത്. അതിനെ പ്രബലപ്പെടുത്തുന്ന ഒരു സംഭവ ചരിത്രം ഇപ്രകാരമാണ്.
ലുഖ്മാനുൽ ഹക്കീം(റ) അടിമയായിരിക്കെ തന്റെ യജമാനൻ ഒരാടിനെ അറുത്ത് അതിന്റെ ഏറ്റവും നല്ല ഭാഗം വേവിച്ച് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതിന്റെ നാവെടുത്ത് വേവിച്ച് യജമാനന് നൽകി. പോഷക സമൃദ്ധമായ മറ്റു പല ഭാഗങ്ങളുമുണ്ടായിട്ടും എല്ലാവരും വെറുക്കുന്ന നാവ് വേവിച്ചത് കണ്ട യജമാനൻ ദേഷ്യപ്പെട്ട് അദ്ദേഹത്തെ ചീത്ത വിളിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്തു.
മാസങ്ങൾ കഴിഞ്ഞ ശേഷം യജമാനൻ അദ്ദേഹത്തെ വിളിച്ച് മറ്റൊരാടിനെ നൽകി. അന്ന് അയാൾ പറഞ്ഞത് എനിക്ക് ഈ ആടിന്റെ ഏറ്റവും വൃത്തികെട്ട ഭാഗമാണ് വേണ്ടത് എന്നായിരുന്നു. അന്നും ലുഖ്മാൻ(റ) അതിന്റെ നാവ് തന്നെയാണ് കൊണ്ടുവന്നത്. കൗതുകത്തോടെ യജമാനൻ ചോദിച്ചു, അന്നൊരിക്കൽ ഞാൻ ഏറ്റവും നല്ല അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു. ഇന്ന് ഏറ്റവും ചീത്ത അവയവം കൊണ്ട് വരാൻ കൽപ്പിച്ചപ്പോഴും നീ നാവ് കൊണ്ട് വന്നു. എന്താണ് കാരണം?
ലുഖ്മാൻ(റ) പറഞ്ഞു: നല്ലതെങ്കിൽ ഏറ്റവും നല്ല അവയവം നാവാണ്. ചീത്തയായാലോ, ആ നാവിനേക്കാൾ വൃത്തികെട്ട മറ്റൊരവയവുമില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്.
ഇതോടെ അയാള്‍ അദ്ദേഹത്തെ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കുകയുണ്ടായി.
ഒരു പിതാവ് ഏത് രീതിയിലാണോ തന്റെ മകനെ ഉപദേശിക്കേണ്ടത് ആ രീതിയിലുള്ള ഉപദേശത്തിന്റെ സൗമ്യതയും കൃത്യതയുമാണ് ലുഖ്മാൻ(റ)ലൂടെ ഖുര്‍ആന്‍ നമുക്ക് കാണിച്ചുതന്നത്. ഈ ഉപദേശങ്ങൾ എക്കാലത്തെയും ഉൾക്കൊള്ളിച്ചുള്ളതും പ്രായോഗികവുമാണ്. അതോടൊപ്പം ഒരു നല്ല പിതാവിന്റെ ഹൃദയംഗമമായ ഈ വഴികാട്ടൽ ഇന്ന് ഓരോ കുടുംബത്തിനും ദിശാബോധം നൽകുന്നതുമാണ്.
തെളിഞ്ഞ ചിന്തയും ചിന്തോദ്ദീപകമായ വാക്കുകളും ഉന്നത മൂല്യങ്ങളും ജീവിതത്തിൽ പുലർത്തുന്ന ലുഖ്മാൻ(റ), ന്യൂനത കടന്നുവരാത്ത ജീവതത്തിനുടമയായതുകൊണ്ടായിരിക്കണം, അന്ത്യനാൾ വരേക്കും നിലനിൽക്കുന്ന വിശുദ്ധ ഖുർആനിൽ പേരുകൊണ്ടും കാഴ്ചപ്പാടുകൊണ്ടും ഇടം നേടിയത്.
ലുഖ്മാൻ(റ)ന്റെ ദാർശനിക പാഠങ്ങൾ
സ്വന്തം മകൻ നല്ലവനായിത്തീരുക എന്നത് ഏതു പിതാവിന്റെയും മനസ്സിന്റെ നിഷ്‌ക്കളങ്കമായ ആഗ്രഹമാണ്. അതിനുവേണ്ടി നൽകുന്ന ഉപദേശങ്ങൾ അതുകൊണ്ടുതന്നെ പ്രത്യേകം പരിഗണിക്കേണ്ട അത്ര മൂല്യവത്തായിരിക്കും. ഈ അർഥത്തിൽ അദ്ദേഹം സ്വന്തം മകന് നൽകുന്ന ഉപദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇത്. മകൻ സാറാനാണ് ഈ ഉപദേശങ്ങള്‍ നല്കുന്നത്.
ഉപദേശം തുടങ്ങുന്നത് ഏറ്റവും പ്രധാന വിഷയത്തിൽ നിന്നാണെന്നതും പേര് വിളിക്കുന്നതിന് പകരം അവനുമായുള്ള രക്തബന്ധത്തിന് ഊന്നൽ നൽകി സ്‌നേഹത്തോടെ ‘കുഞ്ഞിമോനേ’ എന്ന് വിളിക്കുന്നതും അതിലൂടെ താൻ പറയാനുദ്ദേശിക്കുന്ന വിഷയം ശ്രദ്ധയോടെ കേൾക്കാനുള്ള പ്രചോദനം അവനിൽ ഉണ്ടാക്കുകയെന്നതും ശ്രദ്ധേയമാണ്.
അദ്ദേഹം മകന് നൽകിയ ഉപദേശങ്ങൾ പരിശോധിക്കാം.
ലുഖ്മാൻ(റ) തന്റെ മകന് നൽകിയ പത്ത് ഉപദേശങ്ങളാണ് അല്ലാഹു വിശുദ്ധ ഖു4ആനിൽ എടുത്ത് പറയുന്നത്.
- ആരേയും അല്ലാഹുവിനോട് പങ്കുചേർക്കരുത്.
- ഒരു സംഗതി അത് കടുകുമണിയോളമേയുള്ളൂവെങ്കിൽ പോലും, അതുതന്നെ വല്ല പാറക്കെട്ടിലോ വാനലോകത്തോ ഭൂമിയിലോ എവിടെയെങ്കിലും ഒളിഞ്ഞുകിടന്നാലും അല്ലാഹു അതിനെ ഹാജരാക്കും..
- നമസ്‌കാരം നിലനിർത്തുക.
- സദാചാരം (നൻമ) കൽപ്പിക്കുക.
- ദുരാചാരത്തിൽ നിന്ന് (തിൻമ) തടയുക.
- ക്ഷമ കൈകൊള്ളുക..
- (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് മുഖം തിരിക്കാതിരിക്കുക.
- ഭൂമിയിലൂടെ പൊങ്ങച്ചത്തോടെ നടക്കാതിരിക്കുക.
- നടത്തത്തിൽ മിതത്വം പാലിക്കുക.
- ശബ്ദം ഒതുക്കി സംസാരിക്കുക.
ഇവക്ക് പുറമെ, വേറെയും പല ദർശനങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. 4000 നബിമാർക്ക് സേവനം ചെയ്ത മഹാനാണ് ലുഖ്മാൻ(റ) എന്നും അവരിൽ നിന്ന് പഠിച്ച പ്രധാന എട്ടു കാര്യങ്ങൾ മകന് ഉപദേശമായി നൽകിയതും ചരിത്രത്തില്‍ കാണാം. അവ ഇങ്ങനെയാണ്.
- നീ നിസ്കാരത്തിൽ നിന്റെ ഹൃദയത്തെ സൂക്ഷിക്കണം
- ഭക്ഷണം കഴിക്കുകയാണെങ്കിൽ നിന്റെ തൊണ്ടയെ സൂക്ഷിക്കണം.
- മറ്റുള്ളവരുടെ വീട്ടിലാണെങ്കിൽ നിന്റെ കണ്ണിനെ സൂക്ഷിക്കണം.
- ജനങ്ങൾക്കിടയിൽ ആവുമ്പോൾ നിന്റെ നാവിനെ സൂക്ഷിക്കുക.
ഇനിയുള്ള നാല് കാര്യങ്ങളിൽ രണ്ടെണ്ണം എപ്പോഴും ഓർക്കേണ്ടതും രണ്ടെണ്ണം മറന്നു കളയേണ്ടതുമാണ്.
- അല്ലാഹുവിനെ ഓര്‍ക്കുക,
- മരണത്തെ സദാ ഓര്‍ക്കുക.
- മറ്റുള്ളവർക്ക് ചെയ്ത നന്മ അതോടെ മറന്ന് കളയുക.
- നിന്നോട് ആരെങ്കിലും മോശമായി വല്ലതും ചെയ്താല്‍ അതും അതോടെ മറന്ന് കളയുക.
ലുഖ്മാൻ(റ) നോട് ഒരിക്കൽ ജനങ്ങൾ ചോദിച്ചുവത്രെ, ഇത്രയും നല്ല അച്ചടക്കം താങ്കൾ എവിടെനിന്നാണ് അഭ്യസിച്ചത്. അദ്ദേഹം പറഞ്ഞു, അച്ചടക്കം ഇല്ലാത്തവരിൽ നിന്ന്. ആളുകൾക്ക് ആശ്ചര്യമായി, തുടർന്ന് പറഞ്ഞു എനിക്കിഷ്ടമില്ലാത്ത വല്ലതും അവരിൽ കണ്ടാൽ അക്കാര്യം പിന്നീട് ഒരിക്കലും ഞാൻ ചെയ്യില്ല ഇതായിരുന്നു ഞാൻ അവരിൽ നിന്ന് പഠിച്ചത്.
ലുഖ്മാനുൽ ഹക്കീം (റ) ഒരിക്കൽ തൻ്റെ മകനോട് ഏത് സാധാരണക്കാരനും ആഡംബരമായി ജീവിക്കാൻ കഴിയുന്ന മൂന്ന് കാര്യങ്ങളെപ്പറ്റി പറയുന്നുണ്ട്. ഏറ്റവും നല്ല ഭക്ഷണം, ഏറ്റവും സുഖപ്രദമായ കിടപ്പറ, ആഡംബരമായ വീട് എന്നീ മൂന്ന് കാര്യങ്ങളാണവ. സാധാരണക്കാർക്ക് ഇത് എങ്ങനെ നേടാനാകും എന്ന് മകൻ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇതാണ്:
ഏറ്റവും നല്ല ഭക്ഷണം: ഏറ്റവും വിശക്കുന്ന സമയത്ത് ഭക്ഷണം കഴിക്കുക. ആ സമയത്ത് കഴിക്കുന്ന ഭക്ഷണം നിനക്ക് ഏറ്റവും മികച്ചതായി തോന്നും. വളരെ ക്ഷീണിതനായിരിക്കുന്ന സമയത്ത് ഉറങ്ങാൻ കിടക്കുക. ആ സമയത്തെ കിടപ്പറയാണ് ഏറ്റവും സുഖപ്രദമായത്. ജനങ്ങളോട് വളരെ സ്നേഹത്തോടുകൂടി പെരുമാറുക. ആ സമയത്ത് നിനക്ക് ജനങ്ങളുടെ ഹൃദയത്തിൽ കൊട്ടാരം പണിയാൻ കഴിയും. അതാണ് നിനക്ക് ആഡംബരമായി കഴിയാവുന്ന ഏറ്റവും നല്ല വീട്.
ഇന്നത്തെ ഫലസ്തീൻ പ്രവിശയിലാണ് മഹാനവര്‍കളുടെ ഖബ്റ് സ്ഥിതിചെയ്യുന്നത്.



Leave A Comment