ഇമാം ശഅ്റാനിയും അൽമീസാനുൽകുബ്റയും

പതിനാറാം നൂറ്റാണ്ടിൽ  ഈജിപ്തിൽ ജീവിച്ചിരുന്ന കർമ്മശാസ്ത്ര പണ്ഡിതനും വലിയ സൂഫിയുമായിരുന്നു അബുൽമവാഹിബ് അബ്ദുൽവഹാബ് ഇബ്നു അഹമ്മദ് അശ്ശഅ്റാനി എന്ന "ഇമാം ശഅ്റാനി". ശാഫിഈ പണ്ഡിതനായ അദ്ദേഹത്തിന് നാല് മദ്ഹബുകളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ശൈഖുൽ ഇസ്‌ലാം സക്കരിയ്യല്‍ അൻസാരിയും ഇമാം ജലാലുദ്ദീൻ സുയൂഥിയും അദ്ദേഹത്തിന്റെ പ്രധാന ഗുരുവര്യരായിരുന്നു.

ക്രിസ്ത്വബ്ദം 1491 (ഹി. 898) ഈജിപ്തിലെ ഖൽഖ്ശന്തയിലാണ് ഇമാം ശഅ്റാനി ജനിക്കുന്നത്. പിന്നീട് കുടുംബത്തോടൊപ്പം പിതാവിന്റെ നാടായ സാഖിയത്തു അബീശഅ്റയിലേക്ക് (ساقية أبي شعرة) താമസം മാറി. ഈ സ്ഥലത്തേക്ക് ചേർത്തിയട്ടാണ് ഇമാം ശഅ്റാനി എന്ന് പേരുവന്നത്. കുട്ടിക്കാലത്തു തന്നെ ഇമാം ശഅ്റാനിക്ക് തന്റെ പ്രിയപ്പെട്ട മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു. ശേഷം സഹോദരൻ അബ്ദുൽ ഖാഹിറാണ് ഇമാം ശഅ്റാനിയെ പരിപാലിച്ചിരുന്നത്. തന്റെ എട്ടാം വയസ്സിൽ തന്നെ ഇമാം ശഅ്റാനി വിശുദ്ധ ഖുർആൻ മനഃപ്പാഠമാക്കിയിരുന്നു.

പ്രാഥമിക പഠനങ്ങൾക്ക് ശേഷം തന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ തുടർ പഠനങ്ങൾക്കായി അദ്ദേഹം കൈയ്റോയിലേക്ക് യാത്ര തിരിച്ചു. കൈറോയിലെ പഠനം ജാമിഅ അബുൽ അബ്ബാസ് അൽഗംരിയിൽ (جامعة ابو العباس الغمري) വെച്ചുകൊണ്ടാണ് ഇമാം  ശഅ്റാനി ആരംഭിക്കുന്നത്. പിന്നീട് അൽ അസ്ഹറിലും, മദ്രസത്തു ഉമ്മു ഖുനീദിലും (مدرسة ام خوند) പഠനം നടത്തി. ജാമിഅതുൽ ഗംരിയിൽ പഠനത്തോടൊപ്പം തന്നെ ഇബാദത്തിന്റെ കാര്യങ്ങളിലും അങ്ങയേറ്റം പരിഗണന നൽകികൊണ്ടായിരുന്നു ഇമാം ശഅ്റാനിയുടെ ജീവിതം മുന്നോട്ട് പോയിരുന്നത്. അവിടെ ഇശാഇന് ശേഷം പ്രേത്യകമായ സ്വലാത് മജ്ലിസുകൾ ഇമാം ശഅ്റാനിയുടെ നേതൃത്വത്തിൽ നടന്നിരുന്നു . ഇശാഅ് മുതൽ സുബ്ഹ് വരെ നീണ്ടു നിൽക്കുന്നതായിരുന്നു ആ സ്വലാത് മജ്ലിസുകൾ. മദ്രസത്തു ഉമ്മുഖുനീദിൽ ഇമാം ശഅ്റാനിക്ക് പ്രത്യകമായ ഒരു സാവിയ (زاوية) തന്നെ ഉണ്ടായിരുന്നു. അവിടെ അദ്ദേഹം മറ്റുള്ളവർക്ക് ദീനീ വിജ്ഞാനങ്ങള്‍ പകർന്നു കൊടുക്കുകയും ജനങ്ങളെ ദീനീ രംഗത്തേക്ക് കൊണ്ടുവരികയും ചെയ്തു.

പിന്നീട് ഈ സാവിയ (زاوية) സാമൂഹികമായ ഒരു തലം കൈവരിക്കുകയും ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും ശരീരങ്ങളെ സംസ്ക്കരിക്കുയും മറ്റു പല സാമൂഹിക വിഷയങ്ങളിലും ഇടപെടുകയും ചെയ്യുന്ന കേന്ദ്രമായി മാറി. അതുപോലെ തന്നെ വ്യത്യസ്ത മുസ്‍ലിം നാടുകളിൽ ഈ സാവിയകൾ വ്യാപകമായി. ഇത്തരത്തിൽ പഠനത്തോടൊപ്പം തന്നെ ഇമാം ശഅ്റാനി മറ്റു ദീനി കാര്യങ്ങളിലും സജീവമായിരുന്നു. അങ്ങനെ പതിനേഴ് വർഷത്തോളം നീണ്ടു നിന്ന തന്റെ പഠന സപര്യയിൽ ഇമാം ശഅ്റാനി ഹദീസ്, തഫ്‌സീർ, ഫിഖ്ഹ്, അഖീദ, ഭാഷ എന്നീ മേഖലകളിലെല്ലാം ആഴത്തിൽ പാണ്ഡ‌ിത്യം നേടുകയും ചെയ്തു. എന്നിരുന്നാലും കർമശാസ്ത്ര മേഖലയിലായിരുന്നു ഇമാം ശഅ്റാനി കൂടുതൽ പഠനങ്ങൾ നടത്തുകയും രചനകൾ നിർവഹിക്കുകയും ചെയ്തിരുന്നത്. പ്രത്യേകിച്ച് നാല് മദ്ഹബുകളിലെയും ഗ്രന്ഥങ്ങളെ ആഴത്തിൽ പഠിക്കുകയും, നിരവധി ഗ്രന്ഥങ്ങൾ കർമ്മശാസ്ത്ര മേഖലയിൽ രചിക്കുകയും ചെയ്തു.

പഠിക്കുന്ന ഗ്രന്ഥങ്ങൾ മനഃപാഠമാക്കുന്നതിൽ ഇമാം ശഅ്റാനിക്ക് പ്രേത്യേക കഴിവ് ഉണ്ടായിരുന്നു. ഇമാം നവവിയുടെ മിൻഹാജ്, അതുപോലെ ജമ്ഉൽ ജവാമിഅ്, തൽഖീസുൽ മിഫ്താഹ്, അല്ഫിയതുബ്നി മാലിക് തുടങ്ങിയ ഗ്രന്ഥങ്ങൾ പഠനകാലത്ത് തന്നെ അദ്ദേഹം മനഃപ്പാഠമാക്കിയിരുന്നു. ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നീ ശാഖകൾക്കിടയിൽ നിരവധി തർക്കങ്ങളും സംഘട്ടനങ്ങളും നടന്നിരുന്ന കാലത്താണ് അവയെല്ലാം ഏകോപിപ്പിക്കുകയും തെറ്റിദ്ധാരണകളെ തിരുത്തുകയും ചെയ്ത് കൊണ്ട് ഈ ശാഖകളെല്ലാം പരസ്പ‌ര പൂരകങ്ങളെണെന്ന് ഇമാം ശഅ്റാനി സമർത്ഥിച്ചത്.

പതിനേഴ് വർഷം നീണ്ട പഠനത്തിനുശേഷം ഇമാം ശഅ്റാനി തസവ്വുഫിന്റെ മേഖലയിലേക്ക് തിരിയുകയും ഭൗതികമായ എല്ലാബന്ധങ്ങളും വിച്ഛേദിച്ചുകൊണ്ട് തന്റെ ശൈഖായ അലിയ്യുൽഖവാസ്സിന്റെ കൂടെ ജീവിക്കുകയും ശാദുലീ ത്വരീഖത്ത് സ്വീകരിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് അദ്ദേഹം കിതാബുകൾ രചിക്കാൻ തുടങ്ങുന്നത്. ഏകദേശം മുന്നൂറോളം കിതാബുകൾ വിവിധ വിജ്ഞാനശാഖകളിലായി അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

ഇമാം ശഅ്റാനിയുടെ പ്രധാന രചനകൾ


1) അൽമീസാനുൽ കുബ്റ 
2) ത്വബഖാതുൽ കുബ്റ 
3) അൽ മിനനുൽ കുബ്റ 
4) അൽ ബദ്റുൽ മുനീർ 
5) അൽഅൻവാറുൽ ഖുദ്സിയ്യഫീ ബയാനി ആദാബിൽ  ഉബൂദിയ്യ .

അൽമീസാനുൽ കുബ്റാ 

ഇമാം ശഅ്റാനിയുടെ രചനകളിൽ ഏറെ പ്രശസ്തമായ കർമ്മശാസ്ത്രത്തിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് "അൽമീസാനുൽ കുബ്റ". നാല് മദ്ഹബുകളിലെയും മസ്അലകളെ ചർച്ച ചെയ്യുകയും മദ്ഹബുകൾക്കിടയിലുള്ള  യോജിപ്പുകളെയും വിയോജിപ്പുകളെയും വ്യക്തമായി പരാമർശിക്കുകയും ചെയ്യുന്ന മഹത്തായ കൃതിയാണ് ഇത്.

മദ്ഹബുകൾക്കിടയിൽ ഭിന്നാഭിപ്രായമുള്ള മസ്അലകളെ കൃത്യമായ തെളിവുകളിലൂടെ ഏകോപിപ്പിക്കുകയും അവസാനം മർതബത്തുൽമീസാൻ (مرتبة الميزان ) എന്ന പ്രത്യേകമായ ഒരു രീതിയിലേക്ക് മസ്അലകളെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു രീതിയാണ് ഇമാം ശഅ്റാനി ഈ ഗ്രന്ഥത്തിൽ സ്വീകരിച്ചിരിക്കുന്നത്. ഈ ഗ്രന്ഥത്തെ വേറിട്ട് നിർത്തുന്ന മറ്റൊരു പ്രത്യേകത, ഇമാമുമാരുടെ അഭിപ്രായങ്ങൾക്കിടയിലുള്ള 
ഏകോപനത്തെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രൂപത്തിലുള്ള പ്രത്യേകമായ ഡയഗ്രാമുകളും തശ്ജീറുകളും മറ്റുപല ചിത്രീകരണങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ്.

ഇത്തരത്തിൽ വിവിധ മേഖലകളിൽ ഗ്രന്ഥരചന നടത്തിയ ഇമാം ശഅ്റാനി മഹത്തായ സംഭാവനകളാണ് ഇസ്‌ലാമിക ലോകത്തിന് സമർപ്പിച്ചിട്ടുളളത്. ക്രി. 1565 (973 ഹി) കൈയ്റോയിലാണ് ആ മഹദ് ജീവിതം അവസാനിക്കുന്നത്.

അവലംബങ്ങൾ:

1) അൽ മീസാനുൽ കുബ്റ
2) അൽ മിനനുൽ കുബ്റ
3) മനാഖിബുൽ ഖുതുബി റബ്ബാനി സയ്യിദീ അബ്ദുൽ വഹാബ് അശ്ശഅ്റാനി, മുഹമ്മദ് മുഹ്‌യിദ്ധീൻ അൽ മലീജി.
4)അബ്ദുൽ വഹാബ് അശ്ശഅ്റാനി ഇമാമുൽ ഖർനിൽ ആശിർ, അബ്ദുൽ ഹഫീള്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter