തഫ്സീറുൽ കശ്ശാഫ്: പണ്ഡിതര്‍ എന്ത് പറയുന്നു?
പ്രപഞ്ച സാഷ്ടാവായ അല്ലാഹുവിന്റെ കലാമാണ് ഖുർആൻ. സർവ്വ വിജ്ഞാനത്തിന്റെയും ഉറവിടം കൂടിയാണിത്. ഖുർആൻ വ്യാഖ്യാങ്ങളെയാണ് തഫ്സീർ എന്ന് വിളിക്കുന്നത്. ജനങ്ങൾക്ക് ഖുർആനിക സൂക്തങ്ങൾ യഥാവിധി ഗ്രഹിക്കാനും അതില്‍ പിഴവ് സംഭവിക്കാതിരിക്കാനുമാണ് തഫ്സീറുകൾ രചിക്കപ്പെട്ടിട്ടുള്ളത്. സ്വഹാബികളുടെ കാലം മുതൽ ഇന്ന് വരെ വിവിധ രീതിയിൽ ഖുർആൻ വായിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിലൊരു മുഅ്തസിലി വായനയാണ് ഇമാം സമഖ്ശരി തന്റെ തഫ്സീറുൽകശ്ശാഫിലൂടെ പങ്കുവെക്കുന്നത്.
രചയിതാവ്
ഇമാം സമഖ്ശരിയാണ് തഫ്സീറുൽ കശ്ശാഫിന്റെ രചയിതാവ്. അബുൽഖാസിം മഹ്മൂദ്ബ്നു ഉമർബ്നു മുഹമ്മദ്ബ്നു ഉമർ അൽഖവാരിസ്മി അസമഖ്ശരി എന്നാണ് പൂർണ്ണ നാമം. ഹി 467ൽ റജബ് മാസം ഇരുപത്തിയേഴ് ബുധനാഴ്ച സമഖ്ശറെന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. എഴുപത്തിയൊന്ന് വർഷം ജീവിച്ച അദ്ദേഹം ഹിജ്‌റ വർഷം അഞ്ഞൂറ്റി മുപ്പത്തി ഏഴിൽ ഒരു അറഫാരാത്രിയിലാണ് വഫാത്തായത്.
പ്രാഥമിക പാഠങ്ങൾ പിതാവിൽ നിന്നും നേടിയ അദ്ദേഹം പിന്നീട് വിജ്ഞാന സമ്പാദനം ലക്ഷ്യമിട്ട് അനേകം യാത്രകൾ നടത്തിയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ വിശുദ്ധ ഖുർആൻ മനഃപാഠമാക്കി. തുടർന്ന് ഭാഷ, സാഹിത്യം, കർമശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അമ്പതോളം കിതാബുകളുടെ രചയിതാവാണ് ഇമാമെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തഫ്സീറുൽ കശ്ശാഫ്, അസാസുൽ ബലാഗ പോലുള്ള ഗ്രന്ഥങ്ങൾ പ്രസിദ്ധമാണ്.
ഭാഷ,സാഹിത്യം തുടങ്ങിയവയിൽ പ്രസിദ്ധി നേടിയ ഇമാം പലപ്പോഴും രാജാക്കന്മാർക്കു വേണ്ടി മദ്ഹുകളും രചിച്ചിട്ടുണ്ട്. കാവ്യലോകത്ത് പ്രസിദ്ധിയാർജ്ജിച്ച അദ്ദേഹത്തിന് ഒരു കവിതാ സമാഹാരം തന്നെയുണ്ട്. മുഅത്ത്‌സിലി ആശയം വ്യാപിപ്പിക്കുന്നതിനായും അനേകം സംഭാവനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
തഫ്സീറുൽ കശ്ശാഫ്
ഇമാം സമഖ്ശരിയാണ് രചയിതാവെന്ന് മുമ്പേ സൂചിപ്പിച്ചുവല്ലോ. എതാനും ആയത്തുകളുടെ വിശദീകരണം അന്വേഷിച്ച് തന്നെ സമീപിച്ച ചിലർക്ക് വ്യഖ്യാന പാഠങ്ങൾ പകരാൻ സാധിച്ചതാണ് ഇത്തരമൊരു ഗ്രന്ഥരചനയിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.
ഖുർആനിക ഭാഷാസൗന്ദര്യ വിശദീകരണം ഇതര തഫ്സീറുകളിൽ കശ്ശാഫിനോളം പ്രകടമായിട്ടില്ല. അറബി ഭാഷയുടെ അർത്ഥ വ്യാപ്തിയും മറ്റും തെളിവുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കാൻ ഗ്രന്ഥകാരന്‍ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. ഖുർആനിക ഭാഷയുടെ വിശദ പഠനങ്ങൾക്ക് തഫ്സീറുൽ കശ്ശാഫിനോളം മറ്റൊന്നുമില്ലെന്ന് വരെ അഭിപ്രായപ്പെട്ട പണ്ഡിതരുണ്ട്. എങ്കിലും, മുഅ്തസിലി പക്ഷക്കാരനായ അദ്ദേഹത്തിന്റെ ആശയങ്ങൾ വ്യാഖ്യാനങ്ങളിൽ കടന്നുകൂടിയതായി കാണാം. ഉദാഹരണമായി സൂറത്തുതൗബയിലെ നാൽപ്പത്തി മൂന്നാം സൂക്തത്തിന്റെ തഫ്സീറിലൂടെ പ്രവാചകരുടെ പാപസുരക്ഷിതത്വത്തിന് കളങ്കം വരുത്തുന്ന മുഅ്തസിലി ആശയമാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്. സൂറത്തുൽഖിയാമയിലെ ഇരുപത്തി മൂന്നാം ആയത്ത് അടിസ്ഥാനമാക്കി വിശ്വാസികൾ നാഥനെ ദർശിക്കില്ലെന്ന വാദവും അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്.
സ്വീകാര്യത
മുഅ്തസിലി ആശയങ്ങളൊഴിച്ചാൽ കശ്ശാഫ് സ്വീകാര്യ യോഗമാണെന്നാണ് പണ്ഡിത പക്ഷം. എന്നാൽ, ബഹുഭൂരിഭാഗം ആയത്തുകളുടെ തഫ്സീറിലും ഇഅത്തിസാലാത്ത് ഉൾക്കൊള്ളിക്കപ്പെട്ടിട്ടുണ്ട്. ഖുർആൻ സൃഷ്‌ടി വാദം, പ്രവാചകന്മാരുടെ പാപസുരക്ഷ ചോദ്യംചെയ്യൽ, പ്രസിദ്ധമായ ഖിറാഅത്തിനു പകരം മറ്റു പാരായണ ശൈലി കൊണ്ടുവരൽ തുടങ്ങിയ അനേകം പിഴവുകൾ ഇതില്‍ കാണാം. ഇമാം ദഹബി, ഇമാം അബൂഹയ്യാൻ തുടങ്ങിയ പണ്ഡിതർ കശ്ശാഫിൽ ബിദ്അത്ത് കൂടികലർന്നിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം നസഫിയും (മദാരിക്കു തൻസീൽ വ ഹഖാഇഖു തഅവീല്‍) ഇമാം ബൈളാവിയും തങ്ങളുടെ തഫ്‌സീറുകളില്‍ തഫ്സീറുൽ കശ്ശാഫിനെ അവലംബമായി സ്വീകരിച്ചതും കാണാം.
മുഅ്തസിലീ ആശയങ്ങൾ ചേര്‍ത്ത് രചിക്കപ്പെട്ടതിനാല്‍, കശ്ശാഫ് പഠന വിധേയമാക്കുന്നത് വിശ്വാസപരമായ ദൗർബല്യങ്ങളിലേക്ക് നയിക്കുമെങ്കിൽ അത് അനുവദനീയമല്ല എന്നാണ് പണ്ഡിത മതം. എന്നാൽ, ഉറച്ച വിശ്വാസിക്ക് ഖുർആനിക ഭാഷാ സൗന്ദര്യ പഠനം ലക്ഷ്യമിട്ട് കശ്ശാഫ് നോക്കാവുന്നതാണ്. പ്രസ്തുത കാരണം മുന്നിൽ കണ്ടാണ് പണ്ഡിത മഹത്തുക്കൾ തഫ്സീറുൽ കശ്ശാഫ് അവലംബമാക്കി രചനകൾ നടത്തിയതും.
ചുരുക്കത്തിൽ ഒമ്പതോ പത്തോ നൂറ്റാണ്ടിൽ രചിക്കപ്പെട്ട തഫ്സീറുൽ കശ്ശാഫ് ഖുർആനിക ഭാഷയുടെ അത്ഭുതങ്ങൾ അക്കമിട്ട് നിരത്തുന്നു അപൂര്‍വ്വം കൃതിയാണ്. എന്നാല്‍, രചയിതാവിന് പറ്റിയ ആശയവ്യതിയാനങ്ങളാല്‍ അതിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല എന്നതാണ് വസ്തുത.
Leave A Comment