അബൂ സൈദ് അൽ ബൽഖിയുടെ മനശാസ്ത്ര ലോകം

വൈഞ്ജാനിക ലോകത്ത് വിശിഷ്യാ മുസ്ലിം ലോകത്ത് വളരെ പുതിയതായ മനശാസ്ത്ര ശാഖക്ക് ഇസ്ലാമിന്റെ സുവർണ്ണ കാലത്ത് അസ്ഥിവാരമിട്ട ഏറ്റവും പ്രഗല്ഭനായ പണ്ഡിതനായിരുന്നു ഇമാം അബൂ സൈദ് അഹമദ് ബിൻ സഹൽ അൽ ബൽഖി. മനസ്സ്, ശരീരം, ആത്മാവ് എന്നീ ത്രയങ്ങളുടെ വ്യവഹാരങ്ങളും പ്രവർത്തനങ്ങളും വ്യത്യസ്തമായ സമീപനത്തിലൂടെ മനസ്സിലാക്കുകയും  അവയിൽ ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുണ്ട് ഇമാം ബൽഖി. മാനസികാരോഗ്യം അധികം ചര്ച്ച ചെയ്യാത്ത ഒരു കാലത്ത് സൈക്കോസിസും ന്യൂറോസിസും വേർത്തിരിച്ച് വിശദീകരിക്കുകയും മാനസിക രോഗങ്ങള്ക്ക് ചികിൽസ നിർദേശിക്കുകയും ചെയ്ത ആദ്യ മുസ്ലിം വൈദ്യനാണ് അദ്ദേഹം. 

ഹിജ്റ 235 (എ. ഡി 849) ആം വര്ഷം പേർഷ്യയിലെ ബൽഖ് (നിലവിലെ അഫ്ഗാനിസ്ഥാനിൽ) എന്ന ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽ പിതാവിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി എന്നും പൊതു സ്വഭാവത്തിൽ അദ്ദേഹം ഒരു അന്തർമുഖൻ (Introvert) ആയിരുന്നുവെന്നും ജീവചരിത്രകാരനായ യാഖൂത്തുൽ ഹംനാവി രേഖപ്പെടുത്തിയിട്ടുണ്ട്. അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സംഭാവനകളിൽ വളരെ വിരളമായ എഴുത്തുകൾ മാത്രമേ സൂക്ഷിക്കപ്പെട്ടിട്ടുള്ളൂ. അതില് സുപ്രധാനമാണ് മസാലിഹുൽ അബ്ദാനി വൽ അൻഫുസ് (Sustenance for Bodies and Souls). പ്രസ്തുത ഗ്രന്ഥം നിലവിൽ തുർക്കിയിലെ അയാ സോഫിയ മ്യൂസിയത്തിൽ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ശരീരം , ആത്മാവ് എന്നീ ഉണ്മകളെ വ്യത്യസ്തമായ രണ്ട് അധ്യായങ്ങളിലായി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം ഇസ്‍ലാമിക മനശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന മാലിക് ബദരി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 
മാനസിക രോഗങ്ങളെ യാഥാർത്യബോധത്തോടെ സമീപിക്കണമെന്നും രോഗങ്ങൾ അനുഭവിക്കുന്നവർക്ക് കൃത്യമായ ഇടപെടലിലൂടെ ചികിൽസ നല്കണമെന്നും ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം വായനക്കാരെ ബോധവൽക്കരിക്കുന്നുണ്ട്. 

മനസ്സും ശരീരവും തമ്മിലുള്ള സഹവർതിത്വവും ശാരീരിക പ്രവർത്തനങ്ങളിലെ മാനസികാവസ്ഥയുടെ സ്വാധീനവും അദ്ദേഹം നിർവ്വചിക്കുന്നുണ്ട്. ആത്മാവിന്നുണ്ടാവുന്ന വേദനകൾ ശാരീരികമായ അനന്ദങ്ങളെ ബാധിക്കുമെന്നും ശാരീരിക വേദനകൾ മാനസിക അസ്വാസ്ഥ്യങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ശരീരവും മനസ്സും തമ്മിലുള്ള പരസ്പരാശ്രയത്വത്തെയും (Dynamic Interplay)  അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. ശാരീരികമായ പരിക്കുകൾക്ക് പ്രഥമ ശുശ്രൂഷ കരുതും പോലെ മനസികാരോഗ്യത്തിനും പ്രഥമ ശുശ്രൂഷ അനിവാര്യമാണെന്ന് അദ്ദേഹം പറയുന്നു. 

കൊഗ്നിറ്റീവ് തെറാപ്പികളിലും അദ്ദേഹത്തിന്റെ സംഭാവനകളുണ്ട്. നെഗറ്റീവായ ചിന്തകളെ പോസിറ്റീവ് ചിന്തകൾ കൊണ്ട് പരിഹരിക്കാനും കീഴടക്കാനും രോഗികളെ സഹായിക്കുന്ന രീതിക്ക് അദ്ദേഹം തുടക്കമിട്ടിരുന്നു. പോസിറ്റീവായ ചിന്തകൾ രൂപപ്പെടുത്തുക വഴി വ്യക്തിയുടെ ജീവിതത്തിന് കൂടുതല്‍ പ്രതീക്ഷകൾ രൂപപ്പെടുത്തുകയും ജീവിതം നിയന്ത്രണ വിധേയമാക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇതിനോട് താദാത്മ്യം പുലർത്തുന്ന രീതിയിലാണ് ഇരുപതാം നൂറ്റാണ്ടിൽ വികസിച്ചു വന്ന Rational Emotive  Behaviour Therapy (REBT) രൂപപ്പെട്ടത്. 

ദൈവ വിശ്വാസം കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം തെറാപ്പി രൂപപ്പെടുത്തിയത്. ഇഹലോകം സുഖവാസ കേന്ദ്രമല്ലെന്ന ബോധ്യം വികസിപ്പിക്കുക വഴി ആളുകളുടെ വേദനകളും നിരാശകളും നിയന്ത്രിക്കാനും വൈകാരിക രോഗങ്ങളെ അതുവഴി പരിഹരിക്കാനും അദ്ദേഹത്തിന്റെ തിയറി സഹായകമായിരുന്നു. 

OCD എന്ന മാനസിക രോഗത്തെ അദ്ദേഹം വിവരിക്കുന്നത് കാണുക: “യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത അലോസരപ്പെടുത്തുന്ന ചിന്തകൾ, ഈ ചിന്തകൾ ജീവിതം ആസ്വദിക്കുന്നതിനും ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനും തടസ്സമാകുന്നു. അവ ഏകാഗ്രതയെ ബാധിക്കുകയും വ്യത്യസ്തമായ  ജോലികൾ ചെയ്യാനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാരണം ദുരിതമനുഭവിക്കുന്ന വ്യക്തികൾ ഭയാനകമായ ചിന്തകളിൽ മുഴുകുകയും ഏത് സമയത്തും ഈ സംഭവങ്ങൾ പ്രതീക്ഷിക്കുകയും ചെയ്യുന്നു.” 

ഇതേ രോഗാവസ്ഥയെ Diagnostic and Statistical Manual of Mental Disorders (DSM-5) വിവരിക്കുന്നതും സമാനമായ രീതിയിലാണ്. “നിരന്തരമായി ഉണ്ടാവുന്ന ചിന്തകൾ, നിയന്ത്രിക്കാനാവാത്ത പ്രേരണകൾ, അനാവശ്യമായ തോന്നലുകൾ തുടങ്ങി മിക്കയാളുകളിലും ഉൽകണ്ഠയിലേക്കും (Anxiety) മാനസിക ദുരിതത്തിലേക്കും (Distress ) നയിക്കുന്ന രോഗാവസ്ഥ.” ഈയൊരാവസ്ഥയിൽ സമൂഹ്യമായ ചുറ്റുപാടുകളോട് സക്രിയമായി ഇടപെടാനോ ജീവിതത്തിലെ സന്തോഷങ്ങൾ അസ്വദിക്കാനോ സാധിക്കാത്ത വിധം മനസ്സ് അനാവശ്യ ചിന്തകളിൽ മുഴുകിയിരിക്കുമെന്നും വരാൻ പോകുന്ന ദുരന്ത ചിന്തകളിൽ മുഴുകിയിരിക്കുമെന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. 

ആത്മീയ തലങ്ങളെയും ഭൗതിക ആരോഗ്യത്തെയും തുല്യമായി പരിഗണിച്ച് കൊണ്ടാണ് അബൂസൈദ് അൽബൽഖി തന്റെ മനശാസ്ത്ര ചിന്തകൾ അവതരിപ്പിക്കുന്നത്. ഏഹിക തലങ്ങൾക്കപ്പുറത്തേക്ക് ആത്മാവിന് കൂടി പ്രാധാന്യം കൽപ്പിക്കുന്ന രീതിയിലാണ് ഇദ്ദേഹം മനശാസ്ത്ര തത്ത്വങ്ങൾ വികസിപ്പിക്കുന്നത്. ഇസ്‍ലാമിക മൂല്യങ്ങള്‍ക്കും വിശ്വാസത്തിനും കൂടി പരിഗണന കൽപ്പിച്ച് വളർന്നു വരുന്ന ഇസ്‍സാമിക മനശാസ്ത്ര മേഖലയ്ക്ക് ഇദ്ദേഹം നല്കിയ സംഭാവനകൾ വില മതിക്കാനാവാത്തതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter