ദി വോയിസ് ഓഫ് ഹിന്ദ് റജബ്: യുദ്ധഭീതിയുടെ അദൃശ്യ ഭാവങ്ങൾ
"അവർ ലോകത്തെ വിസ്മയിപ്പിച്ചു..
കൈകളിൽ വെറും കല്ലുകൾ മാത്രമായിരിക്കെ!
മൺചിരാതുകളെപ്പോലെ അവർ തെളിഞ്ഞുനിന്നു,
ഒരു ശുഭവാർത്തയുമായവർ ആഗതരായി.
അവർ ചെറുത്തുനിന്നു..
അഗ്നിപർവ്വതങ്ങളെപ്പോലെ പൊട്ടിത്തെറിച്ചു..
ഒടുവിൽ രക്തസാക്ഷിത്വത്തിന്റെ പുണ്യം പുൽകി..."
യുദ്ധക്കെടുതികൾക്കിടയിൽ ശിഥിലമാകുന്ന ബാല്യങ്ങളെ സ്മരിച്ചുകൊണ്ട് പ്രശസ്ത സിറിയൻ കവി നിസാർ ഖബ്ബാനി കുറിച്ച വരികളാണിവ. ജീവിതത്തിന്റെ വർണ്ണങ്ങൾ തൊട്ടറിയും മുമ്പേ, യുദ്ധഭീതിയുടെ അഗാധമായ മുറിവുകൾ പേറേണ്ടി വരുന്ന കുരുന്നുകളുടെ ചിത്രങ്ങൾ ദിവസവും തീരാത്ത നൊമ്പരമായി നമ്മുടെ മുന്നിലെത്താറുണ്ട്. യുദ്ധമുഖങ്ങളിൽ കണ്ണ് തുറക്കേണ്ടി വരുന്ന ഇത്തരം ബാല്യങ്ങളുടെ അനുഭവങ്ങളും കഥകളും അങ്ങേയറ്റത്തെ വിഷമത്തോടെ മാത്രമേ നമുക്ക് വായിച്ചുതീർക്കാനാകൂ.
2025 നവംബർ 26-ന് പുറത്തിറങ്ങിയ 'ദി വോയിസ് ഓഫ് ഹിന്ദ് റജബ്' (The Voice of Hind Rajab) എന്ന ചിത്രം ഫലസ്തീൻ ബാല്യങ്ങളുടെ ഉള്ളിലെ അദൃശ്യമായ ഭയത്തെയും അതിജീവനത്തെയും ആഴത്തിൽ അനാവരണം ചെയ്യുന്നതാണ്. ആറ് വയസ്സുകാരിയായ ഹിന്ദ് റജബ് എന്ന പെൺകുട്ടി ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിടെ ഒറ്റപ്പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൂടെയുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെടുമ്പോഴും, ഒരു നൂൽപ്പാലത്തിലെന്നപോലെ പ്രതീക്ഷ കൈവിടാതെ അവൾ 'ഫലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി'യുടെ സഹായം അഭ്യർത്ഥിക്കുന്നതിലൂടെയാണ് ചിത്രം തുടങ്ങുന്നത്.
കേവലം ഒരു ചലച്ചിത്രം എന്നതിലുപരി, ഹൃദയഭേദകമായ ഒരു യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാകുമ്പോൾ കാഴ്ചക്കാരെ ഇത് മറ്റൊരു അനുഭവതലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. റെഡ് ക്രസന്റ് പ്രവർത്തകരുമായി ആ കുഞ്ഞു പെൺകുട്ടി നടത്തുന്ന സംഭാഷണങ്ങളും മണിക്കൂറുകൾ നീളുന്ന രക്ഷാദൗത്യവുമാണ് സിനിമയുടെ കാതൽ.
ഫലസ്തീനിലെ ദുസ്സഹമായ ജീവിതസാഹചര്യങ്ങൾക്കൊപ്പം തന്നെ, അവിടുത്തെ സന്നദ്ധപ്രവർത്തകരുടെ മാനസിക സംഘർഷങ്ങളെയും ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. "അവർ ഞങ്ങളെ ആക്രമിക്കുന്നു, ഞങ്ങളെ രക്ഷിക്കൂ" എന്ന ഹിന്ദിന്റെ നിസ്സഹായത നിറഞ്ഞ നിലവിളികള്‍ ഏതൊരു പ്രേക്ഷകനെയും അസ്വസ്ഥനാക്കും. നിശ്ചലമായിപ്പോയ ഗസ്സയുടെ തെരുവുകളിലേക്ക് കടന്നുചെല്ലാൻ അനുമതിക്കായി കാത്തിരിക്കുന്ന രക്ഷാപ്രവർത്തകരും, സമനില തെറ്റുന്ന സാഹചര്യങ്ങളിലും ധൈര്യം കൈവിടാതെ കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരും ചിത്രത്തിന്റെ ഗതിനിർണ്ണയിക്കുന്ന ഘടകങ്ങളാണ്. റെഡ് ക്രസന്റ് ഓഫീസിനുള്ളിലെ പരിമിതമായ പശ്ചാത്തലത്തിൽ ഒതുങ്ങിനിൽക്കുന്ന സിനിമയാണെങ്കിൽ പോലും, പുറത്തെ യുദ്ധത്തിന്റെ ഭയാനകത പ്രേക്ഷകരിലെത്തിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ടുണീഷ്യൻ സംവിധായിക കൗസർ ബിൻ ഹനിയയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 2025 സെപ്റ്റംബർ 3-ന് നടന്ന 82-ാമത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം 'ഗ്രാൻഡ് ജൂറി പ്രൈസ്' ഉൾപ്പെടെ ആറോളം പുരസ്കാരങ്ങൾ കരസ്ഥമാക്കി. തുടർന്ന് ടുണീഷ്യയിലും ഫ്രാൻസിലും പ്രദർശനത്തിനെത്തിയ ചിത്രം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 98-ാമത് ഓസ്കാര്‍ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ടുണീഷ്യയുടെ ഔദ്യോഗിക എൻട്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടതിനൊപ്പം 83-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡിലും മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള പട്ടികയിൽ ഈ സിനിമ ഇടംപിടിച്ചിട്ടുണ്ട്.
ഗസ്സയുടെയും അവിടത്തെ നിഷ്കളങ്കരായ ബാല്യങ്ങളുടെയും യഥാര്‍ത്ഥ ചിത്രങ്ങള്‍ ലോകത്തിന് മുന്നിലെത്തിക്കുന്ന ഇത്തരം നീക്കങ്ങള്‍ പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.



Leave A Comment